ഹിഗ്വിറ്റ
‘പെനല്‍ററി കിക്ക് കാത്തുനില്‍ക്കുന്ന ഗോളിയുടെ ഏകാന്തത’ എന്ന ജര്‍മന്‍ നോവലിനെ കുറിച്ച് ഇറ്റലിയില്‍ നിന്നെത്തിയ സാഹിത്യസ്നേഹിയായ ഫാദര്‍ കപ്രിയറ്റി ഗീവര്‍ഗീസച്ചനോട് ഒരിക്കല്‍, ഏറിയാല്‍ രണ്ടുതവണ, പറഞ്ഞിരിക്കണം. നോവലിന്‍റെ പേര് കേട്ടപ്പോള്‍തന്നെ ഗീവര്‍ഗീസച്ചന് അത് വായിച്ചപോലെ തോന്നി ഒരു തവണയല്ല, പലതവണ.
എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട്, രണ്ടുകൈകളും വിടര്‍ത്തി ഗോളി പെനല്‍ററി കിക്ക് കാത്തുനില്‍ക്കുന്നു. ഗാലറികളില്‍ അന്‍പതിനായിരം തുപ്പല്‍ പറ്റിയ തൊണ്ടകള്‍ അപ്പോള്‍ നിശ്ശബ്ദരായിരിക്കും. ഒരു കാണി മാത്രം ഇടയ്ക്ക് മൂന്നുതവണ കൂവും.
ഇങ്ങനെ പല കഥകളിലൂടെ ഗോളിയുടെ ജന്മപരമ്പരകള്‍ ഗീവര്‍ഗീസച്ചന്‍ മനസ്സില്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ആ ജര്‍മന്‍ നോവല്‍ വായിക്കണം എന്ന് അച്ചന് തോന്നിയതേ ഇല്ല. അതോടെ ഗോളിയുടെ ജാതകകഥകള്‍ അവസാനിക്കും. പിന്നെ, നോവലില്‍ എഴുതിയത് മാത്രമായി അവന്‍റെ കഥ ചുരുങ്ങുന്നു.
ആദ്യത്തെ കുറച്ചു ദിവസം ഗോളി മാറ്റമില്ലാതെ യേശുക്രിസ്തു ആയിരുന്നു. ഒന്നാംനമ്പര്‍ ജഴ്സി അണിഞ്ഞ് കര്‍ത്താവ് പല പന്തുകളും തട്ടിമാറ്റി.
കുറച്ചുനാളുകള്‍ക്കുശേഷം പെട്ടെന്ന് ഗോളി ഗോളിയത്തായി. ഒന്ന് മുറു മുറുക്കുവാന്‍ ഇരുചെവിപോലും ഇല്ലാതെ ആകാശം മുട്ടിനില്‍ക്കൂന്ന ഏകാന്തതയില്‍ കവണിയില്‍ നിന്ന് തൊടുത്തുവിട്ട പെനല്‍ററി കിക്ക് കാത്ത് ഗോളി നിന്നു. ബഹുരൂപിയായ ഗോളിയുടെ സാധ്യതകള്‍ ദിവസംപ്രതി വര്‍ദ്ധിച്ചു കൊണ്ടേ ഇരുന്നു.
ഗീവര്‍ഗീസച്ചന്‍റെ. ഇടവക തെക്കന്‍ ദില്ലിയായിരുന്നു. കുറച്ച് മലയാളികള്‍, ബീഹാറില്‍ നിന്നെത്തിയ വീട്ടുവേലക്കാരികളായ ഏതാനും ആദിവാസി പെണ്‍കുട്ടികള്‍ വിശ്വാസികളായി അത്രയും പേരേ ഉണ്ടായിരുന്നുള്ളു. ആഴ്ചയില്‍ ഒരിക്കല്‍ അച്ചന്‍ ബിഷപ്പിനെ കാണുവാന്‍ പോകും, വല്ലപ്പോഴും സാഹിത്യം ചര്‍ച്ചചെയ്യുവാന്‍ ഫാദര്‍ കപ്രിയറ്റി എത്തിച്ചേരും. അടുത്ത കാലത്ത്, കുറച്ച് ആഴ്ചകളായി, കുര്‍ബാന കഴിഞ്ഞ് പുറേത്തക്കിറങ്ങുമ്പോള്‍ ആദിവാസി പെണ്‍കുട്ടി ലൂസി മരണ്ടി അച്ചനെ കാത്തു നില്‍ക്കാറുണ്ടായിരുന്നു.
"ഫാദര്‍, അയാള്‍ പിന്നെയും വന്നു." കഴിഞ്ഞതവണ കണ്ടപ്പോള്‍ ലൂസി പറഞ്ഞു.
"ആര് ലൂസി?"
"കഴിഞ്ഞ ഞായറാഴ്ച ഞാന്‍ പറഞ്ഞില്ലെ, അതേ ആള്‍."
"ങും. അയാളുടെ പേരെന്താണെന്നാണ് നീ പറഞ്ഞത്?"
"ജബ്ബാര്‍."
"അതെ, ജബ്ബാര്‍, ഞാനോര്‍ക്കുന്നു. അയാളെന്തിനാണ് വന്നത്?"
"കഴിഞ്ഞ ആഴ്ച പറഞ്ഞ അതേ കാര്യത്തിന്."
ഗീവര്‍ഗീസച്ചന്‍ ദുര്‍ബലമായി മൂളി.
"പിന്നെയും അയാള്‍ എന്നോട് കൂടെ ചെല്ലാന്‍ പറഞ്ഞു."
ഓര്‍മകള്‍ പെട്ടെന്ന് അച്ചന്‍റെ മനസ്സില്‍ ഉല്‍ക്കകളായി പെയ്തു. ആദിവാസികളില്‍ നിന്ന് കോഴിയും മഹൂവയും കോറത്തുണിയും വാങ്ങി പുറത്തു വിറ്റിരുന്ന ഒരു ഇടനിലക്കാരനായിരുന്നു ജബ്ബാര്‍. കുറച്ച് കഴിഞ്ഞപ്പോള്‍, പ്രത്യേകിച്ചും പഞ്ഞമാസങ്ങളില്‍, ആദിവാസി പെണ്‍കുട്ടികളെ ജോലി വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞ് ജബ്ബാര്‍ പുറേത്തക്ക് കൊണ്ടുപോകുവാന്‍ തുടങ്ങി.
അങ്ങനെയാണ് റാഞ്ചിയില്‍നിന്ന് തീവണ്ടികയറി, കടുകെണ്ണ മണക്കുന്ന സ്റ്റേഷനുകള്‍ പിന്നിട്ട്, ലൂസി ദില്ലിയിലെത്തിയത്.
വാക്ക് തെറ്റിക്കാതെ ജബ്ബാര്‍ ലൂസിക്ക് ഒരു വീട്ടില്‍ ജോലി ശരിപ്പെടുത്തി. മാസാമാസം ജബ്ബാര്‍ അവളെ കാണുവാന്‍ എത്തിയിരുന്നു. ആദ്യം അയാള്‍ പൈസ ചോദിക്കുമോ എന്ന് ലൂസി പേടിച്ചു. എന്നാല്‍ ജബ്ബാറാകട്ടെ, എല്ലാ തവണയും ലൂസിക്ക് സമ്മാനമായി എന്തെങ്കിലും കൊണ്ടുചെല്ലും. നെറ്റിയില്‍ ഒട്ടിച്ചുവയ്ക്കാവുന്ന പൊട്ടുകള്‍, ചന്ദനം മണക്കുന്ന പൗഡര്‍, ലൂസിയൂടെ ആദ്യത്തെ അസ്സല്‍ ബ്രേസിയേഴ്സ്. അതും കറുത്ത നിറമുള്ളത്.
ഒരുദിവസം ജബ്ബാര്‍ ലൂസിയോട് പറഞ്ഞു: "പണി നിര്‍ത്തി നീ എന്‍റെ കൂടെ വാ."
ലൂസി നിസ്സംശയം അതുതന്നെ ചെയ്തു. അന്നു വൈകുന്നേരം ജബ്ബാര്‍ അവള്‍ക്ക് മഞ്ഞയില്‍ ചുവന്ന പുള്ളികള്‍ ഉള്ള റെഡിമെയ്ഡ് സാല്‍വാറും കമ്മീസും കൊണ്ടുവന്നുകൊടുത്തു. ചുവന്ന നൈലക്സിന്‍റെ ദുപ്പട്ടകൊണ്ട് തലമൂടി, കറുത്ത കാപ്പിരിച്ചുണ്ടുകളില്‍ തിളങ്ങുന്ന കറുത്ത ലിപ്സ്റ്റിക് അണിഞ്ഞ് കൂടെ ചെല്ലുവാന്‍ ലൂസിയെ ജബ്ബാര്‍ നിര്‍ബന്ധിച്ചു.
അഴകിയ ലൂസിയും ജബ്ബാറും ചെന്നെത്തിയത് ഒരു ഹോട്ടല്‍മുറിയുടെ മുന്നിലായിരുന്നു. മുറിയില്‍ കയറുംമുമ്പ് ജബ്ബാര്‍ പറഞ്ഞു:
"ഞാന്‍ വരുന്നില്ല. മുറിക്കുള്ളിലെ സേട്ട് നല്ല മനുഷ്യനാ. അയാളുടെ വെപ്രാളം കണ്ടിട്ട് ആദ്യത്തെ തവണയാണെന്ന് തോന്നുന്നു. നിന്‍റെ ഭാഗ്യം. മുറിയില്‍ കയറിയാല്‍ ഉടനെ എഴുനൂറ്റി അമ്പത് രൂപ അയാള്‍ തരും. അത് പുറത്തെത്തിക്കണം. പിന്നെ കാര്യം തീരുമ്പോള്‍ നിന്‍റെ മിടുക്കനുസരിച്ച് ബക്ഷീസും. ബക്ഷീസ് നിനക്കുള്ളതു മാത്രമാണ്."
ലൂസി ഹോട്ടല്‍ ലോബിയിലൂടെ തിരിച്ചോടി. ജബ്ബാര്‍ പുറകിലും. യാത്ര തീര്‍ന്നേപ്പാള്‍ ലൂസി ജബ്ബാറിന്‍റെ വീട്ടില്‍ താഴിട്ട മുറിക്കുള്ളില്‍ ആയിരുന്നു.
"ഞാന്‍ നിന്നെ കല്യാണം കഴിക്കാന്‍ പോകുന്നു," അവളുടെ തലമുടി പകുത്തതിന്‍റെ നടുവില്‍ ജബ്ബാര്‍ കത്തുന്ന സിഗററ്റ് കൊണ്ട് സിന്ദൂരം തൊടുവിച്ചു. പിന്നെ ലൂസിക്ക് കല്യാണപ്രായമായിട്ടില്ലെന്നും, അവള്‍ കൊച്ചു കുട്ടിയാണെന്നും പറഞ്ഞ് അതേ സിഗററ്റു കൊണ്ട് തന്നെ അവളുടെ ഉള്ളം കാലിന്‍റെ വെള്ളയില്‍ ഇക്കിളിപ്പെടുത്തി.
അപ്പോഴെല്ലാം ഏതോ ഹിന്ദി സിനിമയിലെ വില്ലനെപ്പോലെയാണു ജബ്ബാര്‍ സംസാരിച്ചിരുന്നതെന്ന് ലൂസി പറഞ്ഞു.
എങ്ങനെയാണ് ലൂസി അവിടെനിന്ന് രക്ഷപ്പെട്ടതെന്ന് അച്ചന് ഓര്‍മ്മ വന്നില്ല. കാരണം കഥ അവിടെ എത്തിയപ്പോഴേക്കും മനസ്സിന്‍റെ ഗാലറികള്‍ നിറഞ്ഞുകഴിഞ്ഞിരുന്നു. അശ്രദ്ധനായ ഗോളി പെനല്‍റ്റി കിക്കുകള്‍ എല്ലാം പിടിച്ചുവെങ്കിലും ഒന്നിന് പുറകെ ഒന്നായി എല്ലാ പന്തുകളും അയാളുടെ കൈയില്‍ നിന്ന് വഴുതി വീണു. വിത്തുകള്‍ മണ്ണില്‍ വീഴ്ത്തി പാഴാക്കിയ യൂദായുടെ മകന്‍ ഒനാനായിരുന്നു അന്നത്തെ ഗോളി.
ലൂസിക്ക് തെക്കന്‍ ജില്ലയില്‍ ഒരു വീട്ടില്‍ പിന്നെയും ജോലി കിട്ടി. ജബ്ബാര്‍ അറിയാതെ. "പക്ഷേ, അവളെ കണ്ടെത്തുവാന്‍ പത്ത് ദിവസത്തിലധികം ജബ്ബാറിന് വേണ്ടി വന്നില്ല.
"എന്നിട്ട് ജബ്ബാറിനോട് നീ എന്തു പറഞ്ഞു?"
"വരാന്‍ പറ്റില്ലെന്ന്."
"അതു നന്നായി."
"പക്ഷേ, ജബ്ബാര്‍..."
"നീ പോലീസില്‍ പരാതി കൊടുക്കൂ," അച്ചന്‍ ഉപദേശിച്ചു.
"പോലീസിനെ എനിക്ക് ജബ്ബാറിനേക്കാള്‍ പേടിയാ."
"അങ്ങനെ പറഞ്ഞാല്‍ എന്താണ് പോംവഴി?"
"ഫാദര്‍ എന്‍റെ കൂടെ..."
"നീ പേടിക്കേണ്ട. ഞാന്‍ പോകട്ടെ."
അച്ചന്‍ മുറിയിലെത്തി. മൈതാനം ഒഴിഞ്ഞുകിടന്നിരുന്നു. പോപ്പ്കോണ്‍ പൊതികളും ഐസ്ക്രീം കപ്പുകളും ഓര്‍മ്മക്കുറിപ്പുകള്‍ പോലെ ചിതറിക്കിടന്നിരുന്നു. ഗോളികള്‍ വിശ്രമിക്കുകയായിരിക്കും.
അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നപ്പോള്‍ അച്ചന് ഉറക്കം വന്നില്ല. ഇറ്റലിയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച് പെട്ടെന്നാണ് ഓര്‍മ്മ വന്നത്. ചെറിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി. തുറന്ന് അച്ചന്‍ അതിന്‍റെ മുമ്പിലിരുന്നു.
പി. ടി. മാഷിന്‍റെ മകനായതുകൊണ്ടാണ് ഗീവര്‍ഗീസിനെ ഫുട്ബോള്‍ ടീമിലെടുത്തതെന്ന് തലമുറകളുടെ മൂത്രം ഘനീഭവിച്ച സ്കൂളിന്‍റെ വടക്കെ മതിലില്‍ ഏതോ കുട്ടി കരി കൊണ്ടെഴുതിയെങ്കിലും ഒല്ലൂര്‍ എച്ച്. എസ്സിന്‍റെ ഗോള്‍ പോസ്റ്റില്‍ മഴവില്ലുപോലെ വളഞ്ഞുവന്നു വീണ കോര്‍ണര്‍ കിക്കോടെ ഗീവര്‍ഗീസിനെ സ്കൂളില്‍ എല്ലാവരും അറിഞ്ഞുതുടങ്ങി. എണ്ണിയാല്‍ തീരുന്ന പുല്‍മുളകളുള്ള ചെങ്കല്‍പ്പരപ്പുകളില്‍ മുള കെട്ടിയുണ്ടാക്കിയ ഗോള്‍ പോസ്റ്റുകള്‍ പിടിപ്പിച്ച മൈതാനങ്ങളില്‍ വെറും കാലിലാണ് അവര്‍ ഫുട്ബോള്‍ കളിച്ചിരുന്നത്.
ജില്ലാ ചാംപ്യന്‍ഷിപ്പിലെ ആദ്യത്തെ കളിയില്‍ ഒല്ലൂര്‍ എച്ച്. എസ്സിനെ തോല്പിച്ചതിനുശേഷം അവര്‍ കുന്നംകുളത്തേക്ക് പോയി. ബസ്സില്‍ കുട്ടികള്‍ നിശ്ശബ്ദരായിരുന്നു. സ്റ്റേറ്റ് ടീമിലേക്ക് തെരഞ്ഞെടുത്ത കാലന്‍ റപ്പായി എന്നു പേരുള്ള റപ്പായിയായിരുന്നു കുന്നംകുളം സ്കൂളിന്‍റെ ക്യാപ്റ്റന്‍. അപ്പന്‍ മാത്രം സംസാരിച്ചുകൊണ്ടിരുന്നു: "പന്ത് കാലില്‍ കിട്ടിയാല്‍ ഉടനെ കണ്ണ് ഠപ്പേന്ന് പോകണം. നമ്മുടെ കൂട്ടത്തില്‍ ആരെങ്കിലും മാര്‍ക്ക് ചെയ്യാതെ നില്‍ക്കുന്നുണ്ടോ എന്ന് നോക്കാന്‍."
അപ്പന്‍ സ്കൂള്‍ ഫണ്ടില്‍നിന്ന് വാങ്ങിക്കൊടുത്ത നേന്ത്രപ്പഴവും പരിപ്പുവടയും തിന്ന്, കുന്നംകുളത്തുകാരുടെ കൂകലും കേട്ട്, കളി ജയിച്ച കുട്ടികള്‍ ആളൊഴിഞ്ഞ രാത്രി ബസ്സില്‍ തിരിച്ചുവരുമ്പോള്‍ താളമടിച്ച് പാടി.
"അയ്യോ പോയ്യെ കുന്നംകുളം പോയെ
അയ്യയ്യോ പോയ്യെ റപ്പായി പോയെ."
"നീ പാടിക്കോടാ." നിശ്ശബ്ദനായ ഗീവര്‍ഗീസിന്‍റെ നേരെ കണ്ണുയര്‍ത്തി അപ്പന്‍ വാല്‍സല്യത്തോടെ പറഞ്ഞു. "പേടിക്കണ്ട, ഞാനിപ്പോ നിന്‍റെ അപ്പനല്ല. പി. ടി. മാഷാ."
അടുത്ത കളി സ്വന്തം ഗ്രൗണ്ടില്‍വച്ചായിരുന്നു. ക്യാപ്റ്റന്‍ ഗോപിനാഥ് തൊടുത്തുവിട്ട പന്ത് നെഞ്ചിലെടുത്ത് പുറകിലോട്ട് കത്രികകട്ടിലൂടെ ഗോളടിച്ചതോടെ ഗീവര്‍ഗീസിനെത്തേടി മലബാറില്‍നിന്ന് ആളുകള്‍ എത്തിത്തുടങ്ങി - ഒരു കളിക്ക് പത്തും പതിനഞ്ചും രൂപ കരാര്‍ പറഞ്ഞ്. അവന് സെവന്‍സ് ടൂര്‍ണമെന്‍റ് കളിക്കാന്‍ ക്ഷണവും ആയി.
കൊയ്ത്ത് കഴിഞ്ഞ വയലുകളില്‍ പന്തയക്കാരുടെ ആര്‍പ്പുവിളിയില്‍ ഗീവര്‍ഗീസ് സെവന്‍സ് കളിച്ചിരുന്നത് അപ്പന് ഇഷ്ടമില്ലായിരുന്നു. ഒരിക്കല്‍ അതിനെക്കുറിച്ച് അപ്പന്‍ പറഞ്ഞു:
"മോനേ, ഫുട്ബോള്‍ എന്‍റെ വിശ്വാസമാണ്. സെവന്‍സ് അതിന്‍റെ അന്തിക്രിസ്തുവും."
പക്ഷേ, ഗീവര്‍ഗീസിനാകട്ടെ സെവന്‍സ് കളിക്കാതിരിക്കാന്‍ പറ്റില്ല എന്നായി, അപ്പന്‍ അവനോട് ഫുട്ബോളിനെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തി.
അപ്പന്‍ മരിച്ച കൊല്ലം തന്നെയാണ് ഗീവര്‍ഗീസ് ബി.എ.യ്ക്ക് തോറ്റത്. ആ കൊല്ലം തന്നെ അപ്പനോടുള്ള പിഴയൊടുക്കിക്കൊണ്ട് കളി നിര്‍ത്തിയതും. പിന്നെ കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ദൈവവിളി കിട്ടി.
ടി. വി. യില്‍ വേള്‍ഡ് കപ്പ് കണ്ടുകൊണ്ടിരിക്കുമ്പോഴും പെനല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന പലതരം ഗോളികള്‍ അച്ചന്‍റെ മനസ്സില്‍നിന്ന് വിട്ടുപോയിരുന്നില്ല. അച്ചന്‍ കളി കണ്ടിരുന്നില്ല; ഗോളികളെ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളു.
മറ്റൊരു ദിവസം കുര്‍ബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ലൂസി പിന്നെയും അച്ചന്‍റെ അടുത്തെത്തി.
"ഫാദര്‍!"
"ങും?"
"ജബ്ബാര്‍."
"ജബ്ബാര്‍?"
"ജബ്ബാര്‍ അവന്‍റെ് കൂടെ ഉടന്‍ ചെല്ലാന്‍ പറഞ്ഞു."
"നീ ഒരിക്കലും പോകരുത്."
"ഞാന്‍ നില്‍ക്കുന്ന വീട്ടില്‍ ആളൊഴിഞ്ഞ സമയംപോലും അവന് അറിയാം. അല്ലെങ്കില്‍ എങ്ങനെയാണ് അപ്പോഴെല്ലാം അവന്‍ കൃത്യമായി എന്നെ ഫോണില്‍ വിളിക്കുന്നത്? എനിക്ക് പേടിയാകുന്നു."
"എല്ലാം ശരിയാകും, ലൂസി." അച്ചന്‍ പിന്‍വാങ്ങി.
പെനല്‍റ്റി കിക്കുകള്‍ തന്നെയാണ് ഗോളികളെക്കുറിച്ച് പഠിക്കാന്‍ പറ്റിയ മാധ്യമം. ഗീവര്‍ഗീസച്ചന്‍ മുറിയിലേക്ക് മടങ്ങുമ്പോള്‍ ഉള്ളില്‍ പറഞ്ഞു. അച്ചന്‍ മറ്റൊരു കാര്യം കൂടി കണ്ടെത്തിയിരുന്നു: പെനല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന ഗോളി ഏകാന്തനല്ല. മറിച്ച്, ആളുകള്‍ കൂട്ടം കൂടി തന്‍റെ ഏകാന്തത നഷ്ടപ്പെടുത്തുന്നതാണ് ഗോളിയെ കൂടുതല്‍ വിഷമിപ്പിക്കുന്നത്.
ഗീവര്‍ഗീസച്ചന്‍ ലൂസിയെ പിന്നീട് കണ്ടത് സ്കൂട്ടറി ല്‍ പോകുമ്പോഴായിരുന്നു. ഐ.എന്‍.എ. മാര്‍ക്കറ്റിന്‍റെി അടുത്തുവച്ച് ഓട്ടോറിക്ഷയില്‍
പോയിരുന്ന ലൂസി അച്ചനെയും കണ്ടു. ഓട്ടോറിക്ഷക്കാരന്‍റെ പുറത്തുതട്ടി വണ്ടി നിര്‍ത്തുവാന്‍ ലൂസി പറയുമ്പോഴേക്കും അച്ചന്‍ സ്കൂട്ടറിന്‍റെച ഗിയര്‍ മാറ്റി വേഗത്തില്‍ ഓടിച്ചുപോയി.
ഗോളികളെക്കുറിച്ചുള്ള ഗീവര്‍ഗീസച്ചന്‍റെ പഠനത്തിലെ ഒരു ചെറിയ അടിക്കുറിപ്പായിട്ടാണ് ടി.വി.യില്‍ കൊളമ്പിയയുടെ ഗോളിയായ ഹിഗ്വിറ്റ പ്രത്യക്ഷപ്പെട്ടത്. താണ്ഡവത്തിനു മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുളന്‍മുടിയും കറുത്ത കരിങ്കല്‍ മുഖവും നേരിയ മീശയുമായി ഹിഗ്വിറ്റ ഗോളികള്‍ക്കൊരു അപവാദമായിരുന്നു. ഗോളികളുടെ സ്ഥായിയായ ധര്‍മം ദൃക്സാക്ഷിത്വമാണ്. പെനല്‍റ്റി കിക്ക് നേരിടുമ്പോള്‍ അത് അയാള്‍ക്ക് നഷ്ടപ്പെടുന്നു. പകരം കിട്ടുന്നതോ അല്‍പം സഭാകമ്പം. പക്ഷേ, ഹിഗ്വിറ്റ യാതൊരു കൂസലും കൂടാതെ സംഭവങ്ങളിലേക്ക് നടന്നുകയറുന്നു. പുതിയ അക്ഷാംശങ്ങള്‍ കണ്ടെത്തുന്ന കപ്പിത്താനെ പ്പോലെ, ഗോളികള്‍ ഇന്നുവരെ കാണാത്ത മൈതാനത്തിന്‍റെ മധ്യത്തിലേക്ക് പന്ത് ഇടംവലം പാളിച്ച് അയാള്‍ മുന്നോട്ടു നീങ്ങും.
ഗീവര്‍ഗീസച്ചന്‍ മറ്റു ഗോളികളെ ത്യജിച്ച് ഹിഗ്വിറ്റയെ മാത്രമായി ശ്രദ്ധിക്കുവാന്‍ തുടങ്ങിയത് അയാല്‍ പെനല്‍റ്റി കിക്ക് നേരിടുന്നത് ആദ്യമായി കണ്ടപ്പോഴാണ്. രണ്ട് കൈകളും വായുവില്‍ വീശി, ഒരു ഓര്‍ക്കസ്ട്രയുടെ കണ്ടക്ടറെപ്പോലെ, ചന്ദ്രക്കല പോലെ വളഞ്ഞുകിടക്കുന്ന സ്റ്റേഡിയത്തിലെ കാണികള്‍ക്കായി അശ്രാവ്യമായ സംഗീതത്തിന്‍റെ ഉച്ചസ്ഥായികള്‍ ഹിഗ്വിറ്റ തീര്‍ത്തു. പന്തടിക്കുവാന്‍ നില്‍ക്കുന്ന കളിക്കാരനാകട്ടെ, അയാളുടെ വാദ്യവൃന്ദത്തിലെ ഒന്നാം വയലിന്‍കാരന്‍റെ പ്രാമുഖ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അവസാനം ഒരു നാള്‍ അത് സംഭവിച്ചു. മുന്നോട്ടു കയറിയ ഹിഗ്വിറ്റ യുടെ കാലില്‍നിന്ന് എതിരാളി പന്ത് തട്ടിയെടുത്ത് ഒഴിഞ്ഞ പോസ്റ്റില്‍ ഗോളടിച്ച് കൊളമ്പിയയെ ലോകകപ്പില്‍നിന്ന് പുറത്താക്കി. പക്ഷേ, ഹിഗ്വിറ്റ ഈ സംഭവത്തിന്‍റെ സൃഷ്ടിയിലും താന്‍ വഹിച്ച പങ്കോര്‍ത്ത് മൃദുവായി ചിരിക്കുന്നത് ഗീവര്‍ഗീസച്ചന്‍ മാത്രം കണ്ടു.
കുര്‍ബാന കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ അന്നും അച്ചന്‍ ലൂസി കാത്തുനില്‍ക്കുന്നതു കണ്ടു. അവളെനോക്കി തലയാട്ടി, സംസാരിക്കുവാന്‍ നില്‍ക്കാതെ അച്ചന്‍ മുറിയിലേക്ക് മടങ്ങി.
മൈതാനത്തിന്‍റെ നടുവില്‍ വച്ച് കൂട്ടുകാരന് പന്ത് പാസ് ചെയ്തതിനുശേഷം തിരിച്ചു വരുന്ന ഹിഗ്വിറ്റയെ കാണുവാനായിരുന്നു അച്ചന് ഏറ്റവും ഇഷ്ടം. ഗോള്‍പോസ്റ്റിന്‍റെ പൊരുന്നചൂട് അനുഭവിക്കുവാന്‍ വെറളി പിടിച് തിരിച്ചെത്തുന്ന മറ്റു ഗോളികളില്‍ നിന്ന് വ്യത്യസ്തനായി ഹിഗ്വിറ്റ ഗോള്‍ പോസ്റ്റിലേക്ക് മടങ്ങുന്നു. ശാന്തനായി യാതൊരു ഗൃഹാതുരത്വവും കൂടാതെ.
"ഫാദര്‍," ലൂസി വിളിച്ചു.
അച്ചന്‍ നിന്നു.
"ഫാദര്‍, ഞാന്‍ ജബ്ബാറിന്‍റെ അടുത്തേക്ക് പോകുകയാണ്." അവളുടെ പ്രതിരോധം തകര്‍ന്നുതുടങ്ങിയിരിക്കുന്നു.
"പോകുവാന്‍ നിനക്ക് ഇഷ്ടമാണോ?"
"ഇഷ്ടമാണോ എന്ന് ചോദിച്ചാല്‍....."
"പിന്നെ?"
"ഇന്ന് വൈകുന്നേരത്തിനകം അവന്‍റെ. വീട്ടില്‍ ഞാന്‍ എത്തിയില്ലെങ്കില്‍ എന്‍റെ മുഖത്ത് ആസിഡ് ബള്‍ബ് എറിയും എന്ന് അവന്‍ പറഞ്ഞു."
"നീ പോകുവന്‍ ഇഷ്ടപ്പെടുന്നോ?"
"ഒരു പക്ഷെ, തിരിച്ചു ചെന്നാല്‍ അയാളെന്നെ കെട്ടുമായിരിക്കും." ലൂസി അവിശ്വാസത്തോടെ പറഞ്ഞു.
"നിനക്ക് പോകുവാന്‍ പൂര്‍ണ്ണ സമ്മതമാണൊ?"
"അയാളെന്‍റെ മുഖത്ത് ആസിഡ് ബള്‍ബ് എറിയും."
"നീ വാ," അച്ചന്‍ അവളെ കൂടെ നടക്കുവാന്‍ ക്ഷണിച്ചു. ലൂസിയെ പുറത്തു നിര്‍ത്തി, മുറിക്കുള്ളില്‍ കയറി പാന്‍റിന്‍റേയും ഷര്‍ട്ടിന്‍റേയും മേല്‍ ധരിച്ച ളോഹയും, ജപമാലയും ഊരി വച്ചു. എന്നിട്ട് ലൂസിയെയും കൂട്ടി സ്കൂട്ടറിന്‍റെ അടുത്തേക്ക് നടന്നു.
"നീ കയറ്," സ്കൂട്ടര്‍ സ്റ്റാര്‍ട്ടുചെയ്തുകൊണ്ട് അച്ചന്‍ പറഞ്ഞു.
"എവിടെയാണ് ജബ്ബാറിന്‍റെ വീട്?"
"ഷക്കൂര്‍പുര്‍ ബസ്തിയുടെ അടുത്താണ്."
അച്ചന്‍ തന്‍റെ സ്കൂട്ടര്‍ കാറുകളുടെയും സ്കൂട്ടറുകളുടെയും വരികള്‍ക്കിടയിലൂടെ ഇടംവലം പാളിച്ച് വേഗത്തില്‍ ഓടിച്ചു.
മുട്ടിയപ്പോള്‍ത്തന്നെ ജബ്ബാര്‍ വാതില്‍ തുറന്നു. ചുരുണ്ട മുടിയും കൂട്ടു പുരികവും അഞ്ചരയടിയോളം പൊക്കവുമുള്ള ജബ്ബാറിന്‍റെ മുഖത്തില്‍ മീശ കറുത്തു തുടങ്ങിയിരുന്നില്ല. എന്നിട്ടും അയാളുടെ മുടി അല്പം നരച്ചു തുടങ്ങിയിരുന്നു. ആകപ്പാടെ നിര്‍ണയിക്കുവാന്‍ പറ്റാത്ത പ്രായം. ജബ്ബാര്‍ ചോദിച്ചു:
"നീ വന്നോ?"
ജബ്ബാറിന്‍റെവ മൃദുവായ ശബ്ദം അച്ചനെ അദ്ഭുതപ്പെടുത്തി. പ്രത്യേകിച്ചും ആ ശബ്ദം പുറപ്പെടുവിച്ച മാംസപേശികനത്ത കാളക്കഴുത്ത് അച്ചന്‍ കണ്ടപ്പോള്‍.
"നീ അകത്തു കയറ്," ജബ്ബാര്‍ ശബ്ദം ഒന്നുകൂടി പതുക്കെയാക്കി.
"ഇല്ല", ഗീവര്‍ഗീസച്ചന്‍ പറഞ്ഞു. അപ്പോഴും ജബ്ബാര്‍ ലൂസിയെ മാത്രമേ നോക്കിയിരുന്നുള്ളൂ. അയാളുടെ കണ്ണുകള്‍ അച്ചനെ രേഖപ്പെടുത്തുവാന്‍ വിസമ്മതിച്ചു.
"നീ അകത്തു കയറുന്നുണ്ടോ?"
"ഇല്ല", അച്ചന്‍ പിന്നെയും പറഞ്ഞു.
ജബ്ബാര്‍ അപ്പോഴും അച്ചനെ നോക്കിയില്ല. വികാരരഹിതമായ ശബ്ദത്തില്‍ അയാള്‍ ലൂസിയോട് സ്വകാര്യം പറയുന്ന അടുപ്പത്തില്‍ പറഞ്ഞു: "ലൂസീ, ഇദ്ദേഹം ഇവിടുന്ന് പോകുന്നതല്ലേ നമുക്കെല്ലാം നല്ലത്?"
"അല്ല." ലൂസി പറഞ്ഞു.
അപ്പോള്‍ ജബ്ബാറിന്‍റെ കയ്യുയര്‍ന്നതും ലൂസി ഒരു ചുവട് പിറകോട്ടു വെച്ചതും തലശ്ശേരിക്കടുത്ത് ഒരു വയലില്‍ സെവന്‍സ് കാണാനെത്തിയവര്‍ "ഗീവറീതേ", ഗീവറീതേ" എന്നാര്‍ത്തതും ഒരുമിച്ചായിരുന്നു.
പഴയ ഫോട്ടോഗ്രഫുകളുടെ മഞ്ഞനിറമുള്ള ഒരു ഓര്‍മ്മയില്‍ പി. ടി. മാഷ് ദൂരെ ഒരു കവുങ്ങും ചാരി നില്ക്കുന്നത് കണ്ണിന്‍റെ സീമകളില്‍ പാട പറ്റിക്കിടക്കുമ്പോള്‍ത്തന്നെ ഗീവര്‍ഗീസ് കാലുയര്‍ത്തി അടിച്ചു. വിരിനെഞ്ചില്‍ പന്തെടുത്ത് തലകൊണ്ടടിച്ചു. അടുത്ത അടി കാലുപൊക്കിയായിരുന്നു. പിന്നെയും പിന്നെയും. പിന്നെ സ്ലോമോഷനില്‍ ആ അടി ആവര്‍ത്തിച്ചു. നിലത്തുവീണ ജബ്ബാറിന്‍റെ മൂക്കില്‍നിന്ന് ചോര പടര്‍ന്നു. വലിയ അക്ഷരത്തില്‍ ഒക്ലഹാമോ എന്നെഴുതിയ ബനിയന്‍ കൂട്ടിപ്പിടിച്ച് എഴുന്നേല്പിച്ച് ഗീവര്‍ഗീസച്ചന്‍ പറഞ്ഞു:
"നാളെ സൂര്യോദയം എന്നൊന്നുണ്ടെങ്കില്‍ നിന്നെ ദില്ലിയില്‍ കണ്ടു പോകരുത്."
അച്ചന്‍ കൈവിട്ടപ്പോള്‍ ജബ്ബാര്‍ കാലുകുഴഞ്ഞു നിലത്തുവീണു.
ലൂസിയെ അവള്‍ നിന്നിരുന്ന വീട്ടിന്‍റെ മുന്‍പില്‍ ഇറക്കിവിട്ടിട്ട് അച്ചന്‍ തന്‍റെ മുറിയിലേക്ക് മടങ്ങി. ശാന്തനായി യാതൊരു ഗൃഹാതുരത്വവും കൂടാതെ.