എന്‍റെ മകൾ ഒരു സ്ത്രീ
ന
ി
ലത്തുകിടന്നു കമല ഉമ്മറവാതിലിന്‍റെ അടിയിലെ നീളന്‍വിടവിലൂടെ ഫ്‌ളാറ്റിന്‍റെ മുമ്പിലുള്ള ഇടനാഴിയില്‍ക്കൂടി നീങ്ങിയിരുന്ന അസംഖ്യം കാല്‍പ്പാദങ്ങളെ വീക്ഷിച്ചു. അവൾ അറിയാതെ പൊങ്ങിക്കിടന്നിരുന്ന അരപ്പാവാടയ്ക്കകത്തു സ്ഥാനം തെറ്റിയിരുന്ന ജട്ടി അവളുടെ കുഞ്ഞു ചന്തിയിൽ സ്‌കൂളിലെ മരബെഞ്ചുകളുടെ നിമ്‌നോന്നതങ്ങൾ ഇട്ടുപോയ തഴമ്പുകളുടെ പലതരം കറുപ്പുനിറങ്ങൾ കാണിച്ചു. തുടര്‍ച്ചയായി നോക്കുന്നതുകൊണ്ട് അവൾ ബോധവതിയായി പാവാട വലിച്ചിട്ട്, ആ ദൃശ്യത്തിന്‍റെ നിഷ്‌കളങ്കത അവസാനിപ്പിച്ചാലോ എന്നു പേടിച്ച് ഞാന്‍ കണ്ണ് പിന്‍വലിച്ചു.
ഞാന്‍ കമലയ്ക്കു കൂട്ടിരിക്കുവാന്‍ തുടങ്ങിയിട്ട് കുറച്ചു നേരമായി. തൊട്ടടുത്ത ഫ്‌ളാറ്റിലെ കമലയുടെ കൂട്ടുകാരി പ്രീതിയുടെ അച്ഛന്‍ തലേന്നു പെട്ടെന്നു മരിച്ചു. സുഭദ്ര അവിടേക്കു പോകുവാന്‍ ഒരുമ്പെടുമ്പോൾ അമ്മയുടെ കൂടെ വരണം എന്നു പറഞ്ഞു കമല ശഠിച്ചെങ്കിലും സുഭദ്ര അതു സമ്മതിച്ചില്ല.
“വേണ്ട. നീ ഇവിടെ നിന്നാൽ മതി.” ഫ്‌ളാറ്റില്‍നിന്ന് പുറത്തിറങ്ങുമ്പോൾ സുഭദ്ര പറഞ്ഞു.
“അവള്‍ക്കു വയസ്സ് പത്തായില്ലേ? എത്ര കാലമാണെന്നുവെച്ചാ ഇതിൽ നിന്നൊക്കെ മാറ്റി നിര്‍ത്ത്വാ?” ഞാന്‍ ചോദിച്ചു.
“വേണ്ട. അവൾ വരാറായിട്ടില്ല. ബോഡി കൊണ്ടുപോയിട്ടു വന്നാൽ മതി.” സുഭദ്രയുടെ വാക്കുകളിൽ അവളുടെതന്നെ പ്രാകൃതമായ ഭയങ്ങൾ സ്ഫുരിക്കുന്നുണ്ടായിരുന്നു.
എന്നിട്ടും ആശ നശിക്കാതെ കമല കിണുങ്ങിച്ചെന്നു സുഭദ്രയുടെ കൈ പിടിച്ചു.
“അവള് വന്നോട്ടെ സുഭദ്രേ. ഇന്നത്തെ കുട്ടികൾ ടി. വി. യിൽ കാണാത്ത വല്ലതും ഉണ്ടോ?” ഞാന്‍ ചോദിച്ചു.
“വേണ്ടാന്നല്ലെ പറഞ്ഞത്?” കമലയുടെ കൈ തട്ടിമാറ്റിക്കൊണ്ട് സുഭദ്ര പറഞ്ഞു.“അവൾ ഇനിയും പലതും കാണാന്‍ ബാക്കിയുണ്ട്. മോളേ, നീ മഴവില്ല് കണ്ടിട്ടുണ്ടോ?”
“ഇല്ല.” കുറ്റബോധത്തോടെ കമല പറഞ്ഞു.
“നീ ഈ വിവരം അച്ഛനു പറഞ്ഞുകൊട്.” പുറത്തിറങ്ങുവാന്‍ സുഭദ്ര വാതിൽ തുറന്നപ്പോൾ ഇടനാഴിയിലൂടെ പുഷ്പചക്രങ്ങളും പൂക്കളുമായി സന്ദര്‍ശകർ പ്രവേശിക്കുന്നതു കമല ഉറ്റുനോക്കി.
“സമയമാകുമ്പോൾ ഞാന്‍ ആളെ അയയ്ക്കാം. മോള്‍ക്ക് പാലു കൊടുക്കുവാന്‍ മറക്കരുതെ.” വാതിലടയ്ക്കുന്നതിനുമുമ്പ് സുഭദ്ര പറഞ്ഞു.
സുഭദ്ര പോയതിനുശേഷവും കുറേനേരം പ്രതിഷേധത്തിന്‍റെ ചൊറുചൊറുക്കോടെ കമല ഉമ്മറവാതിലിനെ ചുറ്റിപ്പറ്റി നിന്നു. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചതിന്‍റെ ക്ഷീണത്തിൽ ഞാന്‍ കിടക്കയിൽ ചെന്നുകിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ കമലയും എന്‍റെ അടുത്തുവന്നു കിടന്ന് എന്‍റെ പുറത്തുള്ള ഒരു വലിയ അരിമ്പാറ വിരലുകൊണ്ട് ഞെരടിക്കൊണ്ടിരുന്നു. ഇത്തരം അവസരങ്ങളിൽ ഇങ്ങനെയാണ് അവൾ സുരക്ഷിതത്വം തേടാറുള്ളത്. അവൾ ചോദിച്ചു:
“അച്ഛന്‍ ഒരുപാടു മഴവില്ലുകൾ കണ്ടിട്ടുണ്ടോ?”
“കുട്ടിക്കാലത്ത് കുറേ കണ്ടിട്ടുണ്ട്. ഇപ്പോൾ കുറച്ചുകാലമായി, ഒരെണ്ണം പോലും കണ്ടിട്ട്.”
“അതെന്താ അങ്ങനെ? മഴവില്ലെല്ലാം തീര്‍ന്നുപോയോ?”
“ചുറ്റും വലിയ കെട്ടിടങ്ങളല്ലേ? കൂടാതെ ഈ പൊടിയും പുകയും. ആകാശംപോലും ശരിക്കു കാണുവാന്‍ പറ്റുന്നില്ല. പിന്നല്ലെ മഴവില്ല്?”
“അച്ഛനെന്നാ ആദ്യമായി മഴവില്ലു കാണുന്നത്?”
“ശരിക്കും ഓര്‍ക്കുന്നില്ല മോളെ.”
ഒരിക്കൽ തീവണ്ടിയിൽ പോകുമ്പോൾ കണ്ട മഴവില്ലുകളെപ്പറ്റി ഞാന്‍ ഇപ്പോഴും ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. പഴനിയില്‍നിന്നു പാസഞ്ചർ വണ്ടിയിൽ അച്ഛന്‍റെ കൂടെ തിരിച്ചുവരുമ്പോൾ, വാളയാറിലെ കാടുകൾ തീര്‍ന്നപ്പോൾ, ഉറക്കം തൂങ്ങിയിരുന്ന എന്നെ തട്ടിയുണര്‍ത്തി അച്ഛന്‍ ജനലിൽക്കൂടി നോക്കുവാന്‍ പറഞ്ഞു. അച്ഛന്‍ എന്നെ അപൂർവ്വമായേ തൊട്ടിരുന്നൂള്ളൂ. ആകാശത്തിൽ ഒന്നല്ല, രണ്ടു മഴവില്ലുകൾ ഞാന്‍ കണ്ടു. ഇരട്ട മഴവില്ലുകൾ കണ്ടതിന്‍റെ ഹരത്തിൽ അത്ഭുതപ്പെട്ട് ഞാന്‍ കണ്ണുവിടര്‍ത്തി നില്‍ക്കുമ്പോൾ മൂന്നാമത്തെ മഴവില്ലുപോലെ അച്ഛന്‍റെ കൈ എന്‍റെ ചുമലുവഴി കഴുത്തിനെ വളഞ്ഞു.
കമല എഴുന്നേറ്റ് അവളുടെ മുറിയിലേക്കു പോയി. കുറച്ചുനേരം അവളുടെ ഒച്ചയനക്കം ഇല്ലായിരുന്നു. ഞാന്‍ എഴുന്നേറ്റുചെന്ന് നോക്കിയപ്പോൾ അവൾ ഉമ്മറവാതിലിന്‍റെ മുമ്പിൽ ഇടനാഴിയിലൂടെ പ്രവേശിക്കുന്ന കാലുകളെ നോക്കിക്കൊണ്ട് നിലംപറ്റിക്കിടക്കുന്നതു കണ്ടു.
സുഭദ്ര അയച്ച ആൾ വാതിലിൽ മുട്ടിയപ്പോൾ ഞാന്‍ ഷര്‍ട്ടിട്ടു പുറത്തേക്കിറങ്ങി. തുറന്ന വാതിലിലൂടെ പ്രീതിയുടെ വീട്ടിലേക്കുള്ള ആള്‍ക്കൂട്ടം ഇടനാഴിയിലെ കുട്ടികളുടെ കളിസ്ഥലങ്ങൾ വരെ അപഹരിച്ചുകൊണ്ടു വളര്‍ന്നു വലുതായതു കണ്ടു. സന്ദര്‍ശകർ അടക്കംപറച്ചിൽ നിര്‍ത്തിയിരുന്നെങ്കിലും അതിന്‍റെ മാറ്റൊലി ഇടനാഴിക്കുമേൽ വിങ്ങിപ്പൊട്ടി നിന്നിരുന്നു.
“മോള് വാതിലടച്ച് ഇരുന്നോ, അമ്മെ ഇപ്പോള്‍ത്തന്നെ തിരിച്ചയയ്ക്കാം.” പുറത്തിറങ്ങുമ്പോൾ ഞാന്‍ പറഞ്ഞു.
പ്രീതിയുടെ അച്ഛന്‍റെ മരണശേഷവും അവളും അവളുടെ അമ്മയും ഞങ്ങളുടെ അയല്‍ക്കാരായി തുടര്‍ന്നു. പ്രീതിയുടെ അച്ഛന്‍റെ ഓഫീസിൽത്തന്നെ ജോലി ചെയ്തിരുന്ന അവളുടെ അമ്മ പലപ്പോഴും ആസ്ത്മ കാരണം ലീവെടുത്തു വീട്ടില്‍ത്തന്നെ ഇരുന്നു. പ്രീതി പെട്ടെന്നു വലിയ കുട്ടിയാകും എന്നു ഞങ്ങള്‍ക്കു തോന്നി.
“ഈ കുട്ടികള്‍ക്ക് അവർ എങ്ങോട്ടാണ് വളരുന്നതെന്ന് അറിയില്ല.” നടുവേദന കാരണം കിടക്കയിൽ കിടന്നുകൊണ്ട് ഒരുദിവസം സുഭദ്ര പറഞ്ഞു.
“എന്നു പറഞ്ഞാൽ?”
“ഇന്നു ഞാന്‍ പ്രീതിയും മോളും കളിക്കുന്നതു ശ്രദ്ധിച്ചു. ഒന്നുരണ്ടു കൊല്ലം കഴിഞ്ഞാൽ അവർ ചെറിയ കുട്ടികളാകുമെന്നും അപ്പോൾ പാലു മുലക്കുപ്പിയില്‍നിന്നു കുടിക്കും എന്നും മറ്റുമായിരുന്നു കളി.”
എനിക്ക് ഓഫീസിൽ പോകുവാന്‍ വൈകിത്തുടങ്ങി. “ഇങ്ങനെ കിടന്നാൽ മതിയോ? നീ പോയി വേഗം ചപ്പാത്തിയും ബൂജിയയും ഉണ്ടാക്കി ചോറ്റുപാത്രത്തിൽ വയ്ക്ക്.”
കുട്ടികളുടെ വര്‍ത്തമാനകാലത്തിനോടുള്ള ഈ വൈമുഖ്യത്തിനോടൊപ്പം തന്നെ അവർ മനുഷ്യരാശിയിൽ നിന്നും അകലുകയാണെന്ന് എനിക്കു തോന്നിത്തുടങ്ങിയിരുന്നു.
“അവർ ഇപ്പോൾ പാവകളെ വെച്ചു കളിക്കാറില്ല.” ഞാന്‍ അടുക്കളയിൽ ചെന്നു സുഭദ്രയോടു പറഞ്ഞു. സുഭദ്ര ഒന്നും മിണ്ടാതെ ഉരുളന്‍കിഴങ്ങ് തൊലി കളഞ്ഞുകൊണ്ടു നിന്നു.
“പാവകളെവെച്ചു കളിച്ചാൽ മാത്രമേ അവര്‍ക്കു വലുതാകുമ്പോൾ മനുഷ്യരുമായി ഇടപഴകുവാന്‍ പ്രയാസമില്ലാതെ ആകുള്ളു.”
“ങും,” സുഭദ്ര മൂളി.
“ഇയ്യിടെ പ്രീതിയും മോളും സദാസമയം തോക്കുകളും ട്രക്കുകളുമായിട്ടാണ് കളി. യന്ത്രങ്ങളോടാണ് അവര്‍ക്കു കൂടുതൽ അടുപ്പം.”
സുഭദ്ര തലപൊക്കാതെ ചപ്പാത്തിമാവ് കുഴയ്ക്കുവാന്‍ തുടങ്ങി.
“അതു കഷ്ടമല്ലേ? ഒരുദിവസം ഞാന്‍തന്നെ മുന്‍കൈയെടുത്ത് അവരെ വീടുവെച്ചു കളിക്കുവാന്‍ ക്ഷണിച്ചു.”
“ഞാനതു കേട്ടു. താഴെ ഗ്രൗണ്ടിൽ ബാഡ്മിന്‍ടന്‍ കളിക്കുവാന്‍ പോകണമെന്നു പറഞ്ഞ് അവർ ഇറങ്ങിപ്പോകുന്നതും ഞാന്‍ കണ്ടു.” സുഭദ്ര തലയുയര്‍ത്തി പറഞ്ഞു.
ഞാന്‍ ഒന്നും മിണ്ടിയില്ല. കുട്ടികളാൽ ത്യജിക്കപ്പെടുന്നത് അത്ര സുഖകരമായ ഒരു അനുഭവമല്ല. പെട്ടെന്ന് സുഭദ്ര പണി ചെയ്യുന്നതു നിര്‍ത്തി തലയുയര്‍ത്തി ചോദിച്ചു: “നിങ്ങള്‍ക്കു വീടുവെച്ചു കളിക്കുവാന്‍ ഇത്ര ഇഷ്ടമാണെങ്കിൽ ദാ, അടുക്കള. ഇവിടെ ചപ്പാത്തിയും ബൂജിയയും ഉണ്ടാക്കി കളിച്ചൂടെ? എനിക്ക് അല്‍പം റസ്റ്റ് കിട്ടിയേനേ.” സുഭദ്രയുടെ കണ്ണുനിറഞ്ഞു. ഞാന്‍ അടുക്കളയില്‍നിന്നു പിന്‍വാങ്ങി.
വാവടുത്തപ്പോൾ പ്രീതിയുടെ അമ്മയുടെ ആസ്ത്മ കൂടി. അവരെ ആശുപത്രിയിലാക്കി. കമലയെ കൂട്ടി ഞാന്‍ അവരെ കാണുവാന്‍ പോയി. ജനറൽ വാര്‍ഡിന്‍റെ നീണ്ട ഹാളിൽ അവസാനത്തെ കട്ടിലിൽ പ്രീതിയുടെ അമ്മ കിടന്നിരുന്നു. കാല്‍ക്കൽ പ്രീതി ഒരു ചിത്രകഥ വായിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.
കൈയിലുണ്ടായിരുന്ന അരഡസന്‍ നാരങ്ങ വെളുത്ത ചായമിട്ട ഇരുമ്പുമേശയുടെമേൽ ഞാന്‍ വെച്ചു. മൂക്കിൽ ഓക്‌സിജന്‍റെ റബ്ബര്‍കുഴൽ പിടിപ്പിച്ചിരുന്ന പ്രീതിയുടെ അമ്മഎന്നെ നോക്കി ചിരിക്കുവാന്‍ ശ്രമിച്ചു.
പ്രീതിയെ കൂട്ടി കമല ആശുപത്രിയുടെ വരാന്തയിലേക്കു നീങ്ങി. നിന്നു കാലുകഴച്ചപ്പോൾ ഞാന്‍ പ്രീതിയുടെ അമ്മയോട് യാത്ര പറഞ്ഞു വീട്ടിലേക്കു തിരിച്ചു.
“പ്രീതി എന്തു പറഞ്ഞു?” ഞാന്‍ ചോദിച്ചു.
“പലതവണ താങ്ക്‌സ് പറഞ്ഞു.”
“എന്തിന്?”
“വന്നതിന്.”
“അതിനു സുഭദ്ര ദിവസവും കാലത്തും വൈകുന്നേരവും വരുന്നില്ലേ?”
“അമ്മയും കഞ്ഞികൊണ്ടുവരുന്ന കുട്ടിയും അല്ലാതെ വേറെ ആരും വരാറില്ലെന്ന്”.
“നമുക്കു നാളെയും വരാം.” ഞാന്‍ പറഞ്ഞു. പെട്ടെന്നു കമല എന്‍റെ കൈപ്പത്തി ഉയര്‍ത്തി ഉമ്മവെച്ചു. വീട്ടിൽ തിരിച്ചെത്തി ഉറങ്ങുവാന്‍ കിടന്നു കഴിഞ്ഞപ്പോഴാണ് ആരോ വന്നു പ്രീതിയുടെ അമ്മ മരിച്ചുവെന്ന് അറിയിച്ചത്.
ഇത്തവണ സുഭദ്ര കമലയെ പ്രീതിയുടെ വീട്ടിൽ കൊണ്ടുപോകുന്നതിന് എതിരുപറഞ്ഞില്ല. വെളുത്ത സല്‍വാറും കമ്മീസും ഇട്ട് കമല സുഭദ്രയുടെ ഒപ്പം പടിയിറങ്ങുമ്പോഴാണ് സുഭദ്രയുടെ തോളുവരെ കമല പൊക്കം വെച്ചുവെന്ന് ഞാന്‍ ശ്രദ്ധിച്ചത്. അവളുടെ വയറ്റിൽ ഒരു ചെറിയ ഗര്‍ഭപാത്രം വിടരുവാന്‍ കാത്തിരിക്കുകയാണെന്നും ഞാന്‍ പെട്ടെന്നോര്‍ത്തു.
രാത്രി മുഴുവന്‍ മരണവീട്ടിൽ സുഭദ്രയ്ക്കും കമലയ്ക്കും പുറമെ അടുത്ത ഫ്‌ളാറ്റിലെ കുറച്ചു സ്ത്രീകളും കൂടി ഉറക്കമൊഴിച്ചിരുന്നു. ദൂരെ ഏതോ സ്ഥലത്തുനിന്ന് പ്രീതിയുടെ അമ്മയുടെ ചേട്ടന്‍ വരുവാന്‍ എല്ലാവരും കാത്തുനില്‍ക്കുകയായിരുന്നു. കാലത്തായപ്പോൾ പ്രീതിയുടെ അമ്മയുടെ ഓഫീസില്‍നിന്ന് പത്തിരുപതുപേര്‍കൂടി എത്തി.
ഇടനാഴി മിക്കവാറും വിജനമായിരുന്നു. അതിന്‍റെ ഒരു മൂലയ്ക്ക് കെട്ടിടത്തിലെ കുട്ടികൾ ശബ്ദമുണ്ടാക്കാതെ കൊത്താംകല്ലു കളിക്കുന്നുണ്ടായിരുന്നു.
പ്രീതിയുടെ അമ്മയുടെ ചേട്ടനും മറ്റു കുറച്ചു ബന്ധുക്കളും പ്രീതിയുടെ അമ്മയുടെ വൃദ്ധനായ പി. എ. യും ഓഫീസില്‍നിന്നു കുറച്ചു പേരും ഞാനും കൂടി വൈദ്യുതി ശ്മശാനത്തില്‍നിന്നു തിരിച്ചെത്തിയപ്പോൾ രാത്രിയായിരുന്നു.
കമല നിശ്ശബ്ദയായി ഊണുമുറിയിലെ മേശയുടെ മുമ്പിൽ ഒരു ഗ്ലാസ്സ് പാലുമായി ഇരുന്നു. പുറകില്‍നിന്നു സുഭദ്ര അവളുടെ നീണ്ടതലമുടി ചീകി പിന്നിയിട്ടുകൊണ്ടിരുന്നു. ഞാന്‍ കത്തുകയറി ചാരുകസേരയിൽ കിടന്ന് അന്നത്തെ പത്രങ്ങൾ ആദ്യമായി തുറന്നു.
“അമ്മേ” ഊണുമുറിയില്‍നിന്നു കമല വിളിച്ചപ്പോൾ ചെവിയോര്‍ത്തു: “അമ്മേ, നമ്മള് - ഞാനും അമ്മയും പ്രീതിയുമൊക്കെ മരിക്കുമ്പോൾ ഇങ്ങനെ ആയിരിക്കുമോ?”
“എങ്ങനെ?” സുഭദ്ര ചോദിച്ചു.
“ഇങ്ങനെ. അധികമാരും വരാതെ. അന്നു പ്രീതിയുടെ അച്ഛന്‍ മരിച്ചപ്പോൾ എത്ര കാലുകളാണ് ഞാന്‍ എണ്ണിയത്!”
സുഭദ്ര ഒന്നും മിണ്ടിയില്ല. കുട്ടികൾ ജന്മനാ സോഷ്യലിസ്റ്റുകളാണ്. അസമത്വം അവരെ ദുഃഖിപ്പിക്കുന്നു. സുഭദ്ര കിടപ്പുമുറിയിൽ കയറി നിശാവസ്ത്രങ്ങൾ ധരിച്ചു പുറത്തേക്കിറങ്ങി.
“ഞാന്‍ പ്രീതിക്കു കൂട്ടുകിടക്കുവാന്‍ പോകുന്നു,” സുഭദ്ര കമലയെ ഉമ്മവെച്ചുകൊണ്ടു പറഞ്ഞു: “മോള് ഇന്ന് അച്ഛന്‍റെ കൂടെ കിടന്നോ.”
ഞാന്‍ പത്രം നുണഞ്ഞുകൊണ്ടു കുറച്ചുനേരംകൂടി ഇരുന്നു. കമല പാലു കുടിച്ചതു മതിയാക്കി ഊണുമുറിയുടെ ലൈറ്റണച്ച് ഞങ്ങളുടെ കട്ടിലിൽ ചെന്നുകിടന്നു. കുറച്ചുകഴിഞ്ഞു പത്രം ശബ്ദത്തോടെ നിലത്തിട്ട് അന്നത്തെ ദിവസത്തിനെ പുറകോട്ടാക്കി ഞാനും ഉറങ്ങുവാന്‍ തയ്യാറെടുത്തു. കിടപ്പുമുറിയിൽ ചെന്നപ്പോൾ കട്ടിലിന്‍റെ ഓരംചേര്‍ന്നു ഞാന്‍ കമലയെ നോക്കിക്കൊണ്ടുനിന്നു. ഞങ്ങളുടെ പഴഞ്ചന്‍ ഫ്രിഡ്ജ് ഇടയ്ക്കിടെ ഞെട്ടിയുണര്‍ന്നു പിച്ചും പേയും പറയുന്നതൊഴിച്ചാൽ വീട്ടിൽ മൗനമായിരുന്നു.
പെട്ടെന്നു വര്‍ഷങ്ങള്‍ക്കുമുമ്പേ എന്‍റെ തോളിലൂടെ വളഞ്ഞുകിടന്ന അച്ഛന്‍റെ കൈകളുടെ പാരമ്പര്യം എന്നിൽ ഉണര്‍ന്നു. എനിക്കു കമലയെ തൊടണം. മാസങ്ങളുടെ ഘടികാരമാകുവാന്‍ പോകുന്ന അവളുടെ വയറ് സ്രവിക്കുവാന്‍ പോകുന്ന, എന്നിൽ ഒഴുകുന്ന അതെ ബി പോസിറ്റീവ് രക്തത്തിന്റേയും വാശി അതായിരുന്നു - കമലയെ തൊടണം. കിടക്കയെ ചൂടുപിടിപ്പിക്കുവാന്‍ തുടങ്ങിയ അവളുമായി സന്ധിസ്ഥാപിക്കുവാന്‍ ഇരട്ടമഴവില്ലുകൾ കണ്ടുനിന്ന കുട്ടിയുടെ പൈതൃകം എന്നെ മുന്നോട്ടു നീക്കി. എന്നെ തന്നെ ഞാന്‍ ഒരു കോണ്‍വെക്‌സ് കണ്ണാടിയിൽ ചെറുതായ രൂപത്തിൽ ആവര്‍ത്തിപ്പിച്ചു കിടത്തിയിരിക്കുന്ന എന്‍റെ മകളുമായി ബന്ധം സ്ഥാപിക്കുവാന്‍ എന്‍റെ കൈ നീണ്ടു.
കണ്ണു തുറക്കാതെ, ഇപ്പോഴും മൂന്നാം നമ്പർ ഷൂസില്‍നിന്നു വളരാത്ത ചെറിയ കാലുകള്‍കൊണ്ട്, കമല എന്നെ അടുക്കാന്‍ അനുവദിക്കാതെ നെഞ്ചിൽ ചവിട്ടി നീക്കി.