വിലാപങ്ങൾ
അയ്യോ, ജനപൂര്‍ണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ?..... സംസ്ഥാനങ്ങളുടെ നായകിയായിരുന്നവൾ ഊഴിയവേലക്കാരത്തിയായതെങ്ങനെ?
വിലാപങ്ങൾ (1:1)
ഒരു നൂറ്റാണ്ട് പഴക്കമുള്ള തന്‍റെ കൃഷ്ണമണികളിൽ പതിയുന്ന തിളക്കം കടലാണെന്ന് ഊഹിക്കാതെ തന്നെ പെരുമാളിന് അറിയാമായിരുന്നു. കൊട്ടാരത്തിന്‍റെ മുകളിലത്തെ നിലയിലെ മുറിയുടെ ജനലിന്‍റെ മുമ്പിൽ, സൈക്കിൾ ചക്രങ്ങൾ പിടിപ്പിച്ച കസേരയിലിരുന്ന്, കുറച്ചുനേരം കണ്ണടച്ച്, പെരുമാൾ കടലിന്‍റെ ഇരമ്പൽ കേള്‍ക്കാനായി കാതോര്‍ത്തു. പെരുമാൾ ഭരിച്ചിരുന്ന മുസൂറിയിലെ ജനങ്ങൾ അടുത്തകാലംവരെ കടലിന്‍റെ ഒച്ചകേട്ടിരുന്നില്ല. രാജ്യം നിറച്ചും കടല്‍ക്കാക്കകളായിരുന്നു. അവ തിന്നും കാഷ്ഠിച്ചും ഇണചേര്‍ന്നും മുട്ട വിരിയിച്ചും കടല്‍ത്തിരകളേക്കാൾ ഉറക്കെ ചിലച്ചുകൊണ്ടിരുന്നു.
പെരുമാൾ തൊണ്ടയനക്കി. കഫക്കൂറുള്ള ആ ശബ്ദം കേട്ടപാതി പെരുമാളിന്‍റെ സില്‍ബന്തി മമ്മത് പെരുമാളിന്‍റെ മുമ്പിൽ ചെന്നു നിന്നു.
“നീ ആ കണ്ണടയെട്”, പെരുമാൾ പറഞ്ഞു. മമ്മതിന്‍റെ മുമ്പില്‍വച്ചു മാത്രമേ പെരുമാൾ കണ്ണട വച്ചിരുന്നുള്ളൂ. അതിന്‍റെ കട്ടിച്ചില്ല്, തന്‍റെ കണ്ണുകളെ വലുതാക്കി, മുഖത്തിന്‍റെ അനുപാതം തെറ്റിച്ച്, അതിനൊരു കോമാളി രൂപം നല്‍കിയിരുന്നത് പെരുമാളിന് ഇഷ്ടമായിരുന്നില്ല.
“ങും തള്ള്.” പെരുമാൾ മമ്മതിനെ നോക്കി പറഞ്ഞു. അന്‍പതു വര്‍ഷം കൂടെ നിന്നിട്ടും, ഇപ്പോഴും യജമാനന്‍റെ ഉള്ളിലിരുപ്പ് പിടികിട്ടാത്തതുകൊണ്ട് മമ്മത് ചോദിച്ചു: ’ ഹജ്ജൂർ, ഉന്തുവണ്ടി എങ്ങൊട്ടാ?”
“ഉന്തുവണ്ടി നിന്‍റെ ബാപ്പെടെ. ഇത് ഉന്തുസിംഹാസനം.”
“ഹജ്ജൂർ, മാപ്പ്. ഉന്തുസിംഹാസനം എങ്ങൊട്ടെക്കാണാവോ?”
“മട്ടുപ്പാവ്.”
മുസൂറിയിലെ കടല്‍ത്തീരത്തിലൂടെ കടല്‍കാക്കകളെ തേടി പെരുമാൾ കണ്ണോടിക്കുന്നത് മമ്മത് കണ്ടു. കടല്‍കാക്കകളെ കാണാഞ്ഞിട്ടും കൂസലില്ലാതെ പെരുമാൾ ഇടത്തോട്ട് മുഖം തിരിച്ച് മുസൂറിയിലെ മതിലുകളില്ലാത്ത വീടുകളെ നോക്കി. ‘ഉണ്ടപക്കീരി തുലയട്ടെ’ എന്നൊരു ചുമരെഴുത്ത് നാലഞ്ചു വര്‍ഷംമുമ്പ് പ്രത്യക്ഷപ്പെട്ടപ്പോൾ, തലമുറകൾ കൈമാറി തനിക്ക് കിട്ടിയ പൊക്കക്കുറവാണ് അത് സൂചിപ്പിക്കുന്നതെന്ന് ആരും പറഞ്ഞു കൊടുക്കാതെ തന്നെ പെരുമാൾ മനസ്സിലാക്കി. അടുത്ത തവണ ദര്‍ബാർ കൂടിയപ്പോൾ പെരുമാൾ ചിരിച്ചുകൊണ്ട് ചോദിച്ചു: “ചുമരുണ്ടെങ്കിലല്ലെ...”
അന്നുതന്നെ ബുള്‍ഡോസറുകൾ മതിലുകൾ ഇടിച്ചു വീഴ്ത്തി. മുസുറിയിലെ വീടുകൾ നഗ്നമായി.
“എല്ലാവരും പോയി, അല്ലെ?” പെരുമാൾ ആളൊഴിഞ്ഞ കവലകൾ നോക്കി ചോദിച്ചു.
“ഇല്ല. ഗുമസ്തന്മാരും ഉദ്യോഗസ്ഥന്മാരും പോയെങ്കിലും കൊട്ടാരത്തിലെ വേലക്കാർ ഹജ്ജൂറിനെ വിട്ട് പോയിട്ടില്ല.” മമ്മത് പറഞ്ഞു.
“അവറ്റകള് ഖജനാവ് കാലിയാക്കിയിട്ടേ പോകുന്നുണ്ടാവുള്ളു. പിന്നെ ആരൊക്കെ ബാക്കിയുണ്ട്?”
“നമ്മുടെ ആളുകൾ പോയിട്ടില്ല.”
“പക്കീരികൾ എവിടെ പോവാന്‍?”
മമ്മത് ഒന്നും മിണ്ടിയില്ല. പക്കീരികള്‍ക്ക് ഒരു നാട് ഉണ്ടാക്കിക്കൊടുത്ത ആളാണ് നെട്ടൂർ ഹാജി മൂസ്സ പെരുമാൾ. ഓണക്കാലത്ത് കോവിലകങ്ങളിലും, നായർ തറവാടുകളിലും തപ്പുകൊട്ടി, ചുവടുകള്‍വച്ച് പാടി കിട്ടുന്ന അരിയും കായും പപ്പടവും കൊണ്ട് അഞ്ചു തവണ നിസ്‌കരിച്ച്, പവിത്രമായി ജീവിച്ചിരുന്ന പക്കീരികളെ ആദ്യം പത്തേമാരികളിലും, പിന്നെ അന്തസ്സായി ആവിക്കപ്പലിലും പെരുമാൾ കുടിയേറ്റി.
“പക്കീരികൾ ഇപ്പോൾ എന്തെടുക്കുന്നു?”
“ഉള്‍ക്കായലിൽ മീന്‍ പിടിക്കാന്‍ പോവും. അത്രതന്നെ.”
“ആരൊക്കെ പോയാലും എന്‍റെ വാര്യരുണ്ടെങ്കിൽ ഞാന്‍ ഇനിയും
നൂറുകൊല്ലം ജീവിക്കും. ഞാന്‍ ഇരുന്നൂറ് തികയ്ക്കും, നീ നോക്കിക്കോ.”
പെരുമാളിന്‍റെ മകന്‍ കാദിർ മാത്രം പെരുമാൾ നശ്വരനാണെന്ന് ഒരിക്കൽ സംശയിച്ചു. അന്ന് പെരുമാളിന് തൊണ്ണൂറ്റിയേഴ് വയസ്സ് പ്രായമായിരുന്നു. പെരുമാളിനെ മുഖം കാണിച്ച് കൊട്ടാരംചാരന്‍ മുറിവിട്ട് പുറത്തിറങ്ങിയ മുതൽ അകത്തുനിന്ന് പെരുമാൾ മൂളുന്ന ശബ്ദം മമ്മത് കേട്ടു. തന്‍റെ നാടിന്‍റെ എല്ലാ ചരിത്രസന്ധികളിലും മമ്മത് ഈ മൂളിപ്പാട്ട് കേട്ടിട്ടുണ്ട്. മുസൂറിയെ സാമന്തരാജ്യമാക്കുവാന്‍ വന്‍ശക്തികൾ നടത്തിയ ശ്രമങ്ങൾ തകര്‍ക്കുന്നതിനു മുന്നോടിയായി പെരുമാൾ ദിവസങ്ങളോളം മൂളിയിരുന്നു. അകത്തു നിന്ന് പെരുമാളിന്‍റെ ശബ്ദം മുഴങ്ങി: “മമ്മതേ, കാദീരിനെ വിളി.”
മമ്മത് കാദിരിനെ വിളിക്കുവാന്‍ പോയില്ല. പകരം, പെരുമാളിന്‍റെ അനുവാദം കൂടാതെ ആദ്യമായി അയാൾ മുറിക്കുള്ളിൽ കയറി. മമ്മത് ചോദിച്ചു: ’ ഹജ്ജൂർ, ഇളയ പെരുമാൾ ചെയ്ത കുറ്റമെന്താണ്?”
ഒരു നിമിഷം പെരുമാൾ മമ്മതിനെ പകച്ചു നോക്കി. എന്നിട്ട് കാര്യമാത്രപ്രസക്തമായി പറഞ്ഞു: “മമ്മതെ, അവന് രണ്ടു തെറ്റുപറ്റി. ഒന്നാമത്തെത് അവന്‍ അവന്‍റെ ചപ്രാസിയോട് ചോദിക്കാന്‍ പാടില്ലാത്തത് ചോദിച്ചു. ഇനി എത്രകാലം കൂടി ഞാന്‍ ജീവിക്കുമെന്ന്.”
കാദീരിന്‍റെ രണ്ടാമത്തെ തെറ്റ് പെരുമാൾ പറയാതെ തന്നെ മമ്മതിന് അറിയാമായിരുന്നു. കാദീരിന്‍റെ ചപ്രാസി കൊട്ടാരംചാരനായിരുന്നു. ഇത്ര കാലമായിട്ടും ഇളയപെരുമാളിന് അത് അറിയുവാനുള്ള ബുദ്ധിയുണ്ടായില്ല.
“മമ്മതെ, നീ ബേജാറാവണ്ട.” പെരുമാൾ ശാന്തമായി തുടര്‍ന്നു: “നീ കാദീരിനെ വിളിക്കണ്ട. ഞാനൊന്നും ചെയ്യാന്‍ പോകുന്നില്ല. അവന്‍ കുട്ടിയല്ലെ?” പെരുമാളിന്‍റെ കണ്ണുകൾ ഒരു നിമിഷം വെട്ടിത്തിളങ്ങുന്നത് മമ്മത് കണ്ടു.
പിറ്റേദിവസം പ്രാതലിന്‍റെ സമയത്ത് കാദീരിനോട് പെരുമാൾ പറഞ്ഞു: “മോനെ, കാദീരെ, ബാപ്പയ്ക്ക് വയസ്സ് ഒരുപാടായി. ആ വലിയ മുറിയിൽ ഒറ്റയ്ക്ക് കിടക്കാന്‍ ഒരു അങ്കലാപ്പ്. ഇന്നുമുതൽ നീ എന്‍റെ മുറിയിൽ നിലത്തു കിടന്നോ.”
കാദീരിന് ഒരു വയസ്സുള്ളപ്പോൾ അവന്‍റെ ഉമ്മ മരിച്ചു. അതിനുശേഷം മമ്മതാണ് അവനെ വളര്‍ത്തിയത്. മുലപ്പാലിലും വലിയ ബന്ധം ചന്തികഴുകിക്കുന്നതാണെന്ന വിശ്വാസത്തിൽ മമ്മത്, കിടപ്പുമുറിയുടെ മുമ്പിൽ ഉറങ്ങാതെ കുത്തിയിരുന്നു.
ഒരു ദിവസം കിടപ്പുമുറിയിൽ നിന്ന് പെരുമാളിന്‍റെ ശബ്ദം മമ്മത് കേട്ടു: “കാദീരെ നിനക്ക് നാല്‍പ്പത് വയസ്സായില്ലെ? നിനക്ക് കെട്ടണ്ടെ?”
“ബാപ്പെടെ ഇഷ്ടം,” കാദീർ പറഞ്ഞു.
വിവാഹത്തിന്‍റെ തലേന്നാൾ ദിവാന്‍ പെരുമാളിനോട് ചോദിച്ചു: ഹജ്ജൂർ, ഇളയ പെരുമാളിന് ഏതു കൊട്ടാരമാണാവോ കണ്ടുവച്ചിട്ടുള്ളത്? നാളെയല്ലെ നിക്കാഹ്?”
“അവന് ഒരു കൊട്ടാരവും വേണ്ട. അവന്‍ കുട്ടിയല്ലെ? എന്‍റെ മുറിയിൽ ഒരു പായ കൂടി വിരി.”
ആദ്യരാത്രിയിൽ വിളക്കണച്ച് കുറച്ചുനേരം കഴിഞ്ഞപ്പോൾ മമ്മത് കേള്‍ക്കത്തക്ക ഒച്ചയിൽ പെരുമാൾ ചോദിച്ചു: “മോനെ കാദിരേ, എന്താ ഒരു സൗണ്ട്?”
“ഒരു സൗണ്ടുമില്ല, ബാപ്പെ.”
“ങും.”
രാച്ചെന്നപ്പോൾ പെരുമാൾ പിന്നെയും ചോദിച്ചു:
“കാദിരേ എന്തു സൗണ്ടാ ഞാനീ കേക്കണത്?”
“ഒരു സൗണ്ടുമില്ല ബാപ്പെ, ഞങ്ങൾ അനങ്ങാതെ കിടക്കാ.”
രാത്രി പലതവണ ഇത് ആവര്‍ത്തിച്ചു. തുടര്‍ന്നുള്ള രാത്രികളിലും. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കാദീരിന്‍റെ കന്യകയായ ബീവിക്ക് ബാധയിളകി. അന്ന് വൈകുന്നേരം, പഠാണി തലക്കെട്ടും കെട്ടി, ഒരു വെള്ളിക്കിണ്ണത്തിൽ തപ്പു കൊട്ടി, ‘ഓണത്തപ്പാ ദമ്മവീലിത, ഓണം നാലും തിരുവോണം’ എന്ന പക്കീരികളുടെ ഓണപ്പാട്ടും പാടി കാദീർ മുറ്റത്ത് ഓടിനടന്നു. താമസിയാതെ കാദീരിനെ കൊട്ടാരത്തിലെ ഒരു മുറിയിലിട്ട് പൂട്ടി.
മട്ടുപ്പാവിൽ കടല്‍ക്കാറ്റ് പുളഞ്ഞപ്പോൾ അകത്തേക്ക് കസേര ഉരുട്ടുവാന്‍ പെരുമാൾ പറഞ്ഞു. അകത്തെ മുറിയിലെത്തിയപ്പോൾ, കണ്ണട ഊരിമമ്മതിന് കൊടുത്തിട്ട് പെരുമാൾ പറഞ്ഞു: ‘വാര്യർ.”
രണ്ടു പാറാവുകാർ വാര്യരെ കൊണ്ടുവന്ന് പെരുമാളിന്‍റെ മുമ്പിൽ നിര്‍ത്തി.
മുസുറി വിട്ട് ആളുകൾ പോകുന്നതിന്‍റെ ഊക്കം കൂടിയപ്പോൾ ഒരു നാൾ പെരുമാൾ ദിവാനോട് ചോദിച്ചു: “നമ്മുടെ വാര്യർ പോകുമോ?”
“പോണം എന്ന് പറഞ്ഞ് നില്‍ക്കാ.”
“പൂട്ടിയിട്.”
പെരുമാളിനെ താങ്ങി മമ്മത് തിരുമ്മുപായയിൽ ഇരുത്തി. പഠാണി ഉടുപ്പും, കൈലിയും ഊരിമാറ്റി, അരയിൽ കൊടുങ്ങല്ലൂർ പള്ളിയിലെ മണ്ണ് നിറച്ച ചളുങ്ങിയ വെള്ളി ഏലസ് കോര്‍ത്ത നരച്ച കറുത്ത ചരട് മാത്രം ധരിച്ചുകൊണ്ടാണ് പെരുമാൾ കിടന്നത്.
ഉള്ളംകാലിൽ ഞവരക്കിഴിയുടെ ചൂട് പകര്‍ന്നുകൊണ്ട് ഈശ്വരവാര്യർ ചികിത്സ തുടങ്ങി. അസനവില്വാദി എണ്ണ കൈയിലെടുത്ത് തിരുമ്മി ചൂടാക്കി വൈദ്യന്‍ പെരുമാളിന്‍റെ പുറത്ത് പുരട്ടി മാംസപേശികൾ ബലമായി കുലുക്കുവാന്‍ തുടങ്ങിയപ്പോൾ കുട്ടിക്കാലത്ത്, കൊച്ചിയില്‍നിന്ന് മഡഗാസ്‌കറിലേക്കുള്ള, പത്തേമാരിയാത്ര മുഴുവന്‍ നീണ്ടുനിന്ന ചാഞ്ചാട്ടം പെരുമാളിന് ഓർമ്മ വന്നു. നടുവേദന കുറയ്ക്കുവാന്‍ വാര്യർ കൊടുത്തിരുന്ന കറുപ്പു ലേഹ്യം പെരുമാളിന്‍റെ ഓര്‍കളിൽ ഒരു തുള വീഴ്ത്തിയിരുന്നു. തുള വലുതാകുംതോറും പെരുമാളിന് തന്‍റെ ജീവിതത്തിന്‍റെ മദ്ധ്യകാലം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. വളരെ വ്യക്തമായി, പത്തേമാരിക്ക് ഉള്ളിൽ തെറിച്ചു വീണ പറക്കുന്ന മത്സ്യങ്ങളുടെ പിടച്ചിൽ പെരുമാളിന് അനുഭവപ്പെട്ടു. അറബികളുടെ കൂടെ ഒരു അരിക്കേന്‍ വിളക്കിന്‍റെ ചുറ്റും കൂടിയിരുന്ന് ജീരകം വറുത്തിട്ട ഗോസായിച്ചോറു തിന്നത് കണ്‍മുമ്പിൽ കാണാന്‍ തുടങ്ങി. ജീവിതത്തിന്‍റെ നടുവിലെ തുള വലുതാകുംതോറും അതിന്‍റെ അതിരുകളിൽ കിടക്കുന്ന ബാല്യം സ്പഷ്ടമാകുന്നു.
മൂന്നു പകലും രണ്ടു രാത്രിയും നീണ്ടുനിന്ന കൊടുങ്കാറ്റിനു ശേഷം പത്തേമാരി ഒരു തുരുത്തിന്‍റെ തീരത്ത് തകര്‍ന്നടിഞ്ഞപ്പോൾ അതിൽ പക്കീരി കുട്ടി മൂസ്സയും നനഞ്ഞുകുളിച്ച ഒരു കടല്‍ക്കാക്കയും മാത്രമേ ഉണ്ടായിരുന്നുള്ളു. കാക്കയുടെ വയറ്റിൽ മുട്ടകൾ ഉണ്ടായിരുന്നു. അവ വിരിഞ്ഞു കടല്‍ക്കാക്കകൾ പെരുകി. തുരുത്തിന്‍റെ നടുവിലെ ശുദ്ധജല തടാകത്തിലെ വെള്ളം കുടിച്ചും കായ്കനികൾ തിന്നും പക്കീരികുട്ടി ജീവിച്ചു. ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോൾ തുരുത്താകെ കടല്‍ക്കാക്കകളെ കൊണ്ടു നിറഞ്ഞു. കടല്‍ക്കാക്കകൾ കക്ക ഇറച്ചിയും ഞണ്ടുകളെയുംതിന്ന് രാപകൽ വിസർജ്ജിച്ചുകൊണ്ടിരുന്നു. കടലില്‍നിന്ന് പാറുന്ന മീനുകളെ റാഞ്ചിത്തിന്ന് അവ പിന്നെയും കാഷ്ഠിച്ചു. കപ്പല്‍ചാലിലൂടെ കടന്നുപോയ കപ്പലുകളിലെ കുശിനിക്കാർ വലിച്ചെറിഞ്ഞ എച്ചിൽ തിന്ന് അവ തുരുത്തിൽ വന്ന് കാഷ്ഠിച്ചു.
മൂസ്സ അയച്ച സന്ദേശങ്ങൾ കിട്ടിയ പക്കീരികൾ അഞ്ചും ആറുമായി തുരുത്തിലേക്ക് വന്നു തുടങ്ങി. ഒന്നാം ലോക മഹായുദ്ധകാലത്ത് ഉള്‍ക്കായലില്‍നിന്ന് കുടിവെള്ളം എടുക്കുവാന്‍ അടുത്ത ഒരു ബ്രിട്ടീഷ് യുദ്ധക്കപ്പലിന്‍റെ കപ്പിത്താന്‍ കാഷ്ഠത്തിൽ സമൃദ്ധമായ ഫോസ്‌ഫെറ്റ് കയറ്റുമതി ചെയ്യാമെന്ന് ഉപദേശിച്ചു. ആ കപ്പിത്താന്‍ തന്നെ ഒരു പഴയ ഭൂപടം നോക്കി മുസൂറി എന്നാണ് തുരുത്തിന്‍റെ പേരെന്ന് പക്കീരികള്‍ക്ക് പറഞ്ഞുകൊടുത്തു. മൂസ്സയ്ക്ക് അന്ന് ഇരുപത്തേഴ് വയസ്സ് പ്രായമായിരുന്നു. പക്കീരികൾ അയാളെ മുസൂറിയിലെ ആദ്യത്തെ പെരൂമാളായി വാഴിച്ചു. കപ്പിത്താന്‍ ലണ്ടനിൽ ചെന്ന് സ്ഥാപിച്ച കമ്പനിക്ക് കാഷ്ഠം ഖനനം ചെയ്യുവാനുള്ള കുത്തക പെരുമാൾ അനുവദിച്ചു. പക്ഷികളുടെ ആമാശയങ്ങളിൽ മുസൂറിയുടെ സമ്പദ്‌വ്യവസ്ഥ കൊഴുത്തു. പക്കീരികള്‍ക്ക് പിറകിലായി ചാവക്കാടുകാരും വര്‍ക്കലക്കാരും കുറച്ചു പാലസ്തീനികളും മുസൂറിയിൽ എത്തി. കാഷ്ഠം ദേശസാത്കരിച്ചപ്പോൾ പെരുമാളിന് വയസ്സ് എണ്‍പതായിരുന്നു. ദിവാന്‍ കേരളത്തിൽ ചെന്ന് വൈദ്യന്‍ ഈശ്വരവാര്യരെ കൂട്ടിക്കൊണ്ടു വന്നതിനു ശേഷം പെരുമാൾ മുസൂറിയിലേക്കുള്ള കുടിയേറ്റം നിര്‍ത്തലാക്കി.
കാഞ്ഞ വെള്ളത്തിൽ മുക്കിയ തോര്‍ത്തുകൊണ്ട് പെരുമാളിന്‍റെ ദേഹത്തെ മെഴുക്ക് തുടച്ചു മാറ്റിയതിന് ശേഷം വാര്യർ എഴുന്നേറ്റു. പെരുമാളിന്‍റെ നടുവിലെ വളവ് അല്‍പമെങ്കിലും കുറഞ്ഞിട്ടുണ്ടോ എന്ന് മമ്മത് സൂക്ഷ്മമായി നോക്കി. ഒരുവശത്തേക്ക് ചെരിഞ്ഞ്, കാലുമടക്കി, കൈകൾ മുന്നോട്ടാക്കിയുള്ള പെരുമാളിന്‍റെ കിടപ്പ് കണ്ടപ്പോൾ പക്കീരികളുടെ രാജാവിന്‍റെ മയ്യത്ത് ‘ഗ’ രൂപത്തിലാകുമോ എന്ന് ആധിയോടെ മമ്മത് സംശയിച്ചു. മമ്മത് ഉടുപ്പിടീച്ച്, പെരുമാളിനെ ഉരുട്ടുന്ന കസേരയിൽ താങ്ങി ഇരുത്തി.
“എല്ലാവര്‍ക്കും സുഖം തന്നെയല്ലെ?” കൊട്ടാരത്തിന്‍റെ ഉള്ളില്‍നിന്ന് കാദീർ ഉറക്കെ വിളിച്ചു പറയുന്നത് പെരുമാൾ കേട്ടു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം കാദീർ പിന്നെയും ഒച്ചയിട്ടു: “ജയ് മഹാരാജ്.”
കാദീരിന്‍റെ ഓർമ്മകളിലും തുളവീണ്, ജീവിതം ഇപ്പോൾ ബാല്യം മാത്രമായി ചുരുങ്ങിയിരിക്കുമെന്ന് പെരുമാൾ വിചാരിച്ചു. കുട്ടിക്കാലത്ത് അവന് പെരുമാൾ പറഞ്ഞുകൊടുത്ത കഥകളാണ് കാദീർ വിളിച്ചു പറയുന്നത്. കുന്നിന്മേൽ കൊട്ടാരത്തിൽ ചെന്ന് കൊച്ചി തമ്പുരാനെ മുഖം കാണിക്കുവാന്‍ ഓണക്കാലത്ത് നെട്ടൂരില്‍നിന്ന് തങ്ങളോടൊത്ത് കുട്ടിയായിരുന്ന പെരുമാൾ വഞ്ചിയിൽ പോയ കഥ എത്ര തവണ കേട്ടാലും കാദീരിന് മതിയായിരുന്നില്ല. കൊട്ടാരത്തിന്‍റെ പടിപ്പുറത്ത് ചെമ്പിലെ അരയനും കരിങ്ങാച്ചിറ പള്ളിയിലെ അച്ചനും നെട്ടൂർ തങ്ങളെ കാത്തു നില്‍ക്കും. അവർ മൂന്നു പേരും ഓണപ്പുടവ വാങ്ങി പിന്‍വാങ്ങുമ്പോഴേക്കും പക്കീരികൾ ഓടി കൊട്ടാരത്തിന്‍റെ പടി കയറും. മൂത്ത പക്കീരി ഉറക്കെ ചോദിക്കും “എല്ലാ വര്‍ക്കും സുഖം തന്നെയല്ലെ?” മറ്റു പക്കീരികള്‍വിളിച്ചു പറയും: “ജയ് മഹാരാജ്.” പക്കീരികൾ തോളിലെ തുണിക്കെട്ടുകളില്‍നിന്ന് തപ്പുകളെടുത്ത് പൂക്കളത്തിന് ചുറ്റും ചുവടു വയ്ക്കുവാന്‍ തുടങ്ങും.
“ഓണത്തപ്പദമ്മവീലിത,
ഓണം നാലും തിരുവോണം”.
പൂക്കളത്തിന്‍റെ ചുറ്റും പക്കീരിക്കാലുകൾ വട്ടം കറങ്ങുന്നതിന്റ വേഗം കൂടിയപ്പോൾ പെരുമാളിന് ഇരുപ്പുറച്ചില്ല. പെരുമാൾ പറഞ്ഞു: “മമ്മതെ അമാലന്മാരെ വിളി.”
പല്ലക്ക് ചുമക്കുന്നത് ഇല്ലാതായതിനു ശേഷം കുറെക്കാലം അമാലന്മാര്‍ക്ക് പണിയില്ലായിരുന്നു. ഇപ്പോൾ പെരുമാളിന്‍റെ കസേര ഉന്തുക എന്നതാണ് അവരുടെ ജോലി. മമ്മത് പെരുമാളിനെ ലിഫ്റ്റ് വഴി താഴത്തെ നിലയിൽ എത്തിച്ചു. തോട്ടത്തിൽ അമാലന്മാർ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വട്ടത്തിലുള്ള നടപ്പാതയിലൂടെ കസേര ഉന്തിത്തുടങ്ങിയപ്പോൾ പെരുമാൾ അലറി: “വേഗത്തിൽ, ഇനിയും വേഗത്തിൽ, കഴുവേറികളെ.” തലച്ചോറിലെ തപ്പ് നിലച്ചിരുന്നില്ല.
തന്‍റെ ഹെലികോപ്റ്റർ ഉണ്ടായിരുന്നെങ്കിൽ ആകാശത്തിൽ ഇപ്പോൾ വട്ടം ചുറ്റുമായിരുന്നു എന്ന് പെരുമാൾ ആശിച്ചു. നൂറാം പിറന്നാൾ സമ്മാനമായി പെരുമാൾ സ്വയം നല്‍കിയതാണ് ചുവന്ന ഹെലികോപ്റ്റർ. ആദ്യമായി ഹെലികോപ്റ്ററിന്‍റെ ഉള്ളിൽ ഇരുന്ന് ബെല്‍റ്റ് മുറുക്കിയപ്പോൾ പെരുമാളിന്‍റെ ഉള്ളിൽ തപ്പുകൊട്ട് മുറുകി. “വേഗത്തിൽ, വേഗത്തിൽ,” പെരുമാൾ പൈലറ്റിനോടു പറഞ്ഞു. ഒന്നുരണ്ടുമാസംകൂടിക്കഴിഞ്ഞപ്പോൾ പെരുമാൾ ഉള്‍ക്കായലിന്‍റെ നടുവിലെ തുരുത്തിലെ പള്ളിയിൽ നിസ്‌കാരത്തിന് മാത്രമേ ഭൂമിയിൽ ഇറങ്ങുകയുള്ളൂ എന്ന സ്ഥിതിയായി.
ഭരണകൂടം ആകാശക്കാഴ്ച്ചകളിൽ അധിഷ്ഠിതമാകുവാന്‍ അധികനേരം എടുത്തില്ല. ഒരു ദിവസം പെരുമാൾ ദിവാനോടു പറഞ്ഞു: “മുകളിൽ നിന്ന് നോക്കിയാൽ നമ്മുടെ റോഡുകൾക്ക് ഒരു ഭംഗിയും ഇല്ല. വളഞ്ഞും പുളഞ്ഞും കൊക്രിച്ചും. ചീഫ് എന്‍ജിനീയർ വഴികൾ നേര്‍വരകളാക്കുവാന്‍ കെട്ടിടങ്ങൾ ഇടിച്ചു വീഴ്ത്തി.
ഹെലികോപ്റ്റർ ഇറങ്ങുമ്പോഴും പൊങ്ങുമ്പോഴും ഉണ്ടാകുന്ന കൊച്ചു ചുഴലിക്കാറ്റുകളടിച്ച് പക്ഷികൾ പരിഭ്രമിച്ചു. ചിലപ്പോൾ ഹെലികോപ്റ്ററിന്‍റെ നീണ്ട വിശറിച്ചിറകുകളിൽ ചോരയുടെ പാടും പപ്പും പൂടയും കണ്ടിരുന്നു. താമസിയാതെ പക്ഷികള്‍ക്കു മടുത്തു. അവ മുസൂറി വിട്ട് പോകാന്‍ തുടങ്ങി. കാഷ്ഠത്തിന്‍റെ അടരുകൾ നേര്‍ത്ത് കടല്‍ത്തീരത്തെ മണല്‍ത്തരികൾ കാണുവാന്‍ തുടങ്ങി.
ഓണത്തിന്‍റെ ദിവസം പെരുമാൾ കാലത്തു തന്നെ ഹെലികോപ്റ്ററിൽ കയറി. “ഇന്ന് ഏറ്റവും ഉയരത്തിലേക്കെടുത്തോ പയലറ്റെ,” പെരുമാൾ പറഞ്ഞു.
ഹെലികോപ്റ്ററില്‍നിന്നു നോക്കിയപ്പോൾ മുസൂറി വട്ടത്തിൽ കിടക്കുന്നത് പെരുമാൾ കണ്ടു. കടല്‍നുരകളുടെ നന്ത്യാര്‍വട്ടം ദ്വീപിന് അതിരിട്ടു. അതുകഴിഞ്ഞ്, അരളിപ്പൂക്കളുടെ നിറത്തിൽ, ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാഷ്ഠത്തിന്‍റെ വൃത്തം. വീടുകളുടെയും റോഡുകളുടെയും പൂപ്പട്ടകൾ. ഉൾക്കായലിന്‍റെ കോളാമ്പിപ്പൂവട്ടം. അതിന്‍റെ നടുവിലെ തുരുത്തിൽ മിനാറുകൾ പടര്‍ത്തി നില്‍ക്കുന്ന പള്ളിയുടെ മുക്കുറ്റിപ്പൂവ്. പള്ളിയുടെ താഴികക്കുടത്തിന്‍റെന്മേൽ പിടിപ്പിച്ചിട്ടുള്ള ചെമ്പുകൊണ്ടുണ്ടാക്കിയ ചന്ദ്രതാര പരാഗം പോലെ മഞ്ഞച്ചു കിടന്നു. താഴത്തെ പൂക്കളം കണ്ടപ്പോൾ പെരുമാൾ ഉറക്കെ പാടി:
“ഓണം നാലും ദമ്മവീലിത,
കാശിക്ക് പോണം ദമ്മവീലിത.”
“ജയ് മഹാരാജ്”, പക്കീരികൾ ഓടിക്കയറി വലിയതമ്പുരാന്‍റെ മുമ്പിൽ നിന്നു. പഠാണി തലക്കെട്ടുകൾ ഒരംഗുലം സ്ഥാനം തെറ്റാതെ അവർ തപ്പു കൊട്ടി നൃത്തംചെയ്തു.
“കൊച്ചു പക്കീരിക്ക് കൊച്ചുമുണ്ട്,” കൊച്ചീരാജാവിന്‍റെ കയ്യില്‍നിന്ന് ഓണപ്പുടവ വാങ്ങിയത് ഓർമ്മവന്നപ്പോൾ മൂസ്സ പക്കീരിക്ക് ഹരം കയറി.
“ഹജ്ജൂർ, എണ്ണ തീര്‍ന്നുതുടങ്ങി,” പൈലറ്റ് അറിയിച്ചു.
“മിണ്ടാതെ വട്ടംകറക്കെടാ പയലേ”, പെരുമാൾ ദേഷ്യപ്പെട്ടു.
“ഹജ്ജൂർ, എണ്ണ അശേഷം ഇല്ല”, പൈലറ്റ് പെരുമാളിന്‍റെ സമ്മതം കൂടാതെ ഹെലികോപ്റ്റർ താഴോട്ട് ഇറക്കുവാന്‍ തുടങ്ങി. നിയന്ത്രണംവിട്ട് ഹെലികോപ്റ്റർ തകര്‍ന്നുവീണത് ഒരു മൈതാനത്തിലായിരുന്നു. എണ്ണ കുറവായിരുന്നതുകൊണ്ട് കത്തിപ്പിടിച്ചില്ല. ആളുകൾ കൂട്ടംകൂട്ടമായി ദൂരെ മാറി നിന്നു. തകര്‍ന്ന ഹെലികോപ്റ്ററിന്‍റെ അടിയില്‍നിന്ന് ചോര പടരുവാന്‍ തുടങ്ങിയപ്പോൾ അവർ അടിവച്ച് മുന്നോട്ടു നീങ്ങി. ജനങ്ങളുടെ തൊണ്ടയിൽ വിജയാരവം കുരുന്നെടുക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവശിഷ്ടങ്ങളുടെ ഇടയില്‍നിന്ന്, എഴുന്നേറ്റു നില്‍ക്കുവാന്‍ പാടുപെട്ടുകൊണ്ട് പെരുമാൾ പ്രത്യക്ഷനായി. താന്‍ ജീവിച്ചിരിക്കുന്നതാണ് എല്ലാവരോടുമുള്ള പ്രതികാരം എന്ന് വിശ്വസിച്ചിരുന്ന പെരുമാൾ പറഞ്ഞു: “നോക്കി നില്‍ക്കാതെ വീട്ടിൽ പോടാ, ഞാനും എന്‍റെ വാര്യരും ഉണ്ടെങ്കിൽ ഇനിയും ഞാന്‍ നൂറുകൊല്ലം ജീവിക്കും.”
അടുത്ത തവണ ദര്‍ബാർ കൂടിയപ്പോൾ എല്ലാവരും ഉരുളുന്ന കസേരകളിലായിരുന്നു. പെരുമാളിന്‍റെ കസേരയിൽ മാത്രം രത്‌നം പതിച്ചിരുന്നു.
ദിവാന്‍ മുഖവുരയില്ലാതെ പറഞ്ഞു: “ഹജ്ജൂർ, ഒറ്റ പക്ഷിയില്ല.”
“അവറ്റകൾ തിരിച്ചുവരും”, പെരുമാൾ പറഞ്ഞു.
“കാട്ടം മുഴുവന്‍ തീര്‍ന്നു.”
“ങും.”
“ഹജ്ജൂർ, ആളുകൾ മുസൂറി വിട്ട് പോകാന്‍ തുടങ്ങി,” ദിവാന്‍ അറിയിച്ചു. പെരുമാൾ ഒന്നും മിണ്ടിയില്ല. അടുത്ത ദര്‍ബാറിനു മുമ്പ് ദിവാനും നാടുവിടുമെന്ന് പെരുമാളിന് അറിയാമായിരുന്നു.
ആദ്യമാദ്യം രഹസ്യമായിട്ടാണ് ആളുകൾ പത്തേമാരിയിൽ കയറി മുസൂറി വിട്ടു പോയിരുന്നത്. പട്ടാളക്കാരും പോലീസുകാരും നാടുവിട്ടു തുടങ്ങിയപ്പോൾ പലായനത്തിന് കൂസലില്ലാതെയായി. രാത്രിയിൽ കടല്‍പ്പരപ്പിനു മീതെ അരിക്കേന്‍ വിളക്കുകൾ ചാഞ്ചാടുന്നത് മട്ടുപ്പാവില്‍നിന്ന് പെരുമാൾ നോക്കി. നൂറുകണക്കിലുള്ള നക്ഷത്രാസ്തമയങ്ങളാണ് താന്‍ കാണുന്നതെന്ന് പെരുമാളിനു തോന്നി.
തോട്ടത്തിലെ കുളവാഴകളും അശോകവൃക്ഷങ്ങളുടെ നിരകളും പിറകിലോട്ട് ഓടിച്ചുകൊണ്ട് ഉരുളുന്ന കസേര പാഞ്ഞുകൊണ്ടിരുന്നു. ഒരു അമാലന്‍ തളര്‍ന്ന് പുല്‍ത്തകിടിയിൽ വീഴുമ്പോൾ മറ്റൊരാൾ കസേര ഏറ്റെടുത്തു. പെട്ടെന്ന് പെരുമാൾ പറഞ്ഞു: “നിര്‍ത്തൂ.”
മമ്മത് അടുത്തെത്തിയപ്പോൾ പെരുമാൾ ചോദിച്ചു: “ഇന്ന് വെള്ളിയാഴ്ചയല്ലേ? എനിക്ക് കായലിലെ പള്ളിയിൽ നിസ്‌കരിക്കണം.”
“ഹജ്ജൂർ, ബോട്ട് ഏര്‍പ്പാട് ചെയ്യട്ടെ?”
“ബോട്ടിന് സ്പീഡ് പോരാ, ബിസ്മാര്‍ക്ക് ചുണ്ടനെ ഇറക്ക്.”
പെരുമാൾ ജെട്ടിയിലെത്തിയപ്പോഴേക്കും ചുണ്ടന്‍വള്ളത്തിൽ തുഴക്കാർ തയ്യാറായിരുന്നു. ഒരു കസേരയിൽ ഇരുത്തി പെരുമാളിനെ ചുണ്ടന്‍ വള്ളത്തിലേക്ക് ഇറക്കിവച്ചു. തുഴകൾ ചലിക്കുവാന്‍ തുടങ്ങിയപ്പോൾ, ഒന്ന് ഉലഞ്ഞാടി, പിന്നെ നേരെയായി, ബിസ്മാര്‍ക്ക് ചുണ്ടന്‍ മുന്നോട്ടു കുതിച്ചു. പാട്ടുകാർ ഉരലിലടിച്ചു പാടിത്തുടങ്ങിയപ്പോഴേക്കും പെരുമാൾ തപ്പുകൊട്ട് കേട്ടു തുടങ്ങി. പെരുമാൾ ഉറക്കെ പറഞ്ഞു: “ജയ് മഹാരാജ്,”
“തിത്തിത്തൈ തിത്തൊ,” തുഴക്കാർ മറുപടി പറഞ്ഞു.
“ഓണത്തപ്പ ദമ്മവീലിത.”
“ഓ തകതക തിത്തിത്തൊ.”
കായലിന്‍റെ പല ഭാഗങ്ങളിൽ പരന്നു കിടന്ന് കൊച്ചു വള്ളങ്ങളിൽ ചൂണ്ടയിട്ടിരുന്ന പക്കീരികൾ ചുണ്ടനെ അവഗണിച്ചു. ഒരു കൊച്ചു വള്ളം ബിസ്മാര്‍ക്കിന്‍റെ മുമ്പില്‍പ്പെട്ടപ്പോൾ തുഴക്കാർ ചുണ്ടനെ പതുക്കെയാക്കി. അത് ഇഷ്ടപ്പെടാതെ പെരുമാൾ അലറി: “ഒന്നും നോക്കാതെ മുമ്പോട്ടു പിടി.” ചുണ്ടന്‍ ഇടിച്ച് കൊച്ചുവള്ളം മറിഞ്ഞപ്പോൾ പക്കീരി കായലിൽ മുങ്ങി. ജലപ്പരപ്പിൽ നീര്‍പ്പൊത്തുകളെപ്പോലെ നീന്തിത്തുടിച്ച വലിയ കുമിളകളെ ചുണ്ടന്‍റെ പങ്കായങ്ങൾ തകര്‍ത്തു. തുഴക്കാർ വായ്ത്താരി തുടര്‍ന്നു.
കായലിൽ ചൂണ്ടയിട്ടിരുന്ന പക്കീരികളും പാടുവാന്‍ തുടങ്ങി: “കാശിക്ക് പോണം ദമ്മവീലിത. ‘’ ഓണക്കളത്തിനു ചുറ്റും വട്ടം കറങ്ങി പാടുന്ന ചടുലമായ രാഗത്തിലല്ല അവർ പാടിയത്, ഏതോ ദുഃഖത്തിൽ ഇഴഞ്ഞിഴഞ്ഞു പാടിക്കൊണ്ട് അവർ കൊച്ചു വള്ളങ്ങൾ വെട്ടിത്തിരിച്ച് ചുണ്ടനെ ലാക്കാക്കി തുഴഞ്ഞു.
ആകാശത്തുനിന്ന് താഴോട്ടു നോക്കി നല്ല ശീലമുണ്ടായിരുന്ന പെരുമാൾ പരന്നു കിടക്കുന്ന മേശപ്പുറത്ത് കട്ടുറുമ്പുകളെപ്പോലെ ഒന്നും രണ്ടുമായി നീങ്ങുന്ന കൊച്ചു വള്ളങ്ങളെ വിഹഗ ദൃശ്യമായി കണ്ടു. പിന്നെ ഒത്തൊരുമിച്ച് അവർ ഒരു ശരമുനപോലെയാകുന്നതും. ശരമുന മുന്നോട്ടു നീങ്ങുമ്പോൾ, എതിര്‍വശത്തുനിന്ന് ചുണ്ടന്‍ ഒരു ചാട്ടുളിപോലെ കുതിച്ചു.
കൂട്ടിമുട്ടലിന്‍റെ നിമിഷത്തിൽ കൊച്ചുവള്ളങ്ങൾ തട്ടി ചുണ്ടന്‍ മറിഞ്ഞു. പക്കീരികളുടെ പങ്കായങ്ങൾ ചുണ്ടനിലെ തുഴക്കാരുടെമേൽ വീണു. വെള്ളത്തിൽ കൈകാലിട്ടടിക്കാതെ, ഇരിക്കുന്ന സ്വരൂപത്തിൽ, പെരുമാൾ കായലിന്‍റെ അടിയിലേക്കു താണു. മൂന്നു തവണ മുങ്ങിപ്പൊങ്ങുമ്പോൾ പെരുമാളിന്‍റെ കണ്ണിന്‍റെ മുമ്പിൽ മുസൂറിയുടെ ചരിത്രം ഫാസ്റ്റ് ഫോര്‍വര്‍ഡിൽ, മിന്നിമറയുകയാണെന്ന് കണ്ടുനിന്നവർ ഊഹിച്ചു. എന്നാൽ പെരുമാൾ അതൊന്നുമല്ല ചിന്തിച്ചിരുന്നത്. നാല്‍പതു വര്‍ഷം മുമ്പ്, കാദീരിന്‍റെ ഉമ്മ മരിച്ചതിനു ശേഷം ഒരു സ്ത്രീയെയും താന്‍ പ്രാപിച്ചിട്ടില്ലല്ലോ എന്ന് പെരുമാൾ പെട്ടെന്ന് ഓര്‍ത്തു. താന്‍ അറിയാത്ത സ്ത്രീകൾ ഉളവാക്കിയ ദുര്‍ബലമായ ഒരു ലൈംഗികോത്തേജനത്തിൽ പെരുമാൾ മരിച്ചു.
പക്കീരികള്‍ക്ക് പെരുമാളിന്‍റെ ശവം തൊടുവാന്‍ പേടിയായിരുന്നു. ഒടുവിൽ, മുസൂറിയിലെ കുറച്ചു മൂന്നാം തലമുറക്കാർ ഒരു കഴുക്കോലുകൊണ്ട് ശവത്തെ പൊക്കിയെടുത്ത്, ഒരു വഞ്ചിയിൽ കിടത്തി കരയ്ക്കടുപ്പിച്ചു.
“ഇത് ഇവിടെ കിടത്താന്‍ പറ്റില്ല,” ഒരു പക്കീരി പറഞ്ഞു. അവർ ശവത്തിനെ ഒരു കാറിന്‍റെ ഉള്ളിലിട്ട് കടല്‍ത്തീരത്തെത്തിച്ചു. അവിടെ ഒരു സ്പീഡ് ബോട്ടിൽ ശവം ഇറക്കിക്കിടത്തി.
“വച്ചുകളിക്കണ്ട. വേഗം സ്റ്റാര്‍ട്ടാക്ക്. ആ ഈശ്വരവാര്യർ ഇപ്പോ വരും. പണ്ടാരം ഇനിയും നൂറുകൊല്ലം ജീവിക്കും,” ഒരു പക്കീരി പറഞ്ഞു.
സ്പീഡ് ബോട്ട് സ്റ്റാര്‍ട്ടാക്കുവാന്‍ ഒരു ചെറുപ്പക്കാരന്‍ ചരടു വലിച്ചു. ബോട്ട് വേഗംപിടിക്കുന്നതിനുമുമ്പുതന്നെ അയാൾ കരയിലേക്കു ചാടി. ദൂരെ, കടലിന്‍റെ പൊന്തി നില്‍ക്കുന്ന പൂഞ്ഞ താണ്ടി ബോട്ട് കണ്ണില്‍നിന്ന് മറഞ്ഞു.
പത്തു ദിവസം കഴിഞ്ഞപ്പോൾ പെരുമാളിന്‍റെ ശവം കരയ്ക്കടിഞ്ഞു. ആകാശത്തിൽ പ്രത്യക്ഷപ്പെട്ട ഒരു സൂചിമുന, വലുതായി, വലുതായി, ചിറകുകൾ വച്ച്, ഒരു കടല്‍ക്കാക്കയായി അതിന്‍റെ നെഞ്ചിനെ ലാക്കാക്കി ഊളിയിട്ടു.