അന്ന് വെയിൽ ഏഴു മണിക്കേ മറഞ്ഞുള്ളു
പത്തോ പതിനൊന്നോ കൊല്ലം മുമ്പു കഴിഞ്ഞതാണെങ്കിലും, ആ ദിവസം അവർക്ക് പെട്ടെന്ന് ഓര്‍മ്മ വന്നു. ഒരുപക്ഷേ, കുട്ടിയെ കുളിപ്പിച്ചു നിർത്തുമ്പോൾ, മുഖം അല്പം ചരിച്ച് അവൻ ചിരിച്ചതുകൊണ്ടാവണം അവൻ ജനിക്കുന്നതിന് എത്രയോ കാലം മുമ്പുതന്നെ തനിക്ക് പരിചയമുള്ള ആ വികൃതിച്ചിരി അന്നു കണ്ടപ്പോൾ അവൾക്ക് കരയണമെന്നു തോന്നി. ആ ചെറിയ ചുമലുകളിൽ തലവെച്ച് കരയണമെന്ന്. വ്യസനം വികൃതമായ ഒന്നാണ്. അവളെ അപ്പോൾ കരയാൻ തോന്നിച്ച വികാരം വികൃതമായിരുന്നില്ല. പക്ഷേ, അതിനു പേരില്ല.
"അമ്മ എന്തിനാണ് കരയുന്നത്?"
അവൾ ഒന്നും പറഞ്ഞില്ല. തലയാട്ടുക മാത്രം ചെയ്തു. നീല ഷർട്ടും വെള്ള പൈജാമയും ചന്ദനസോപ്പിന്‍റെ മണവും തുടുത്ത കവിളുകളുമായി കുട്ടി അടുത്ത മുറിയിലേക്ക് പഠിക്കുവാൻ പോയി. അവിടെനിന്നും മാസ്റ്റരുടേയും തന്‍റെ മൂത്ത മക്കളുടേയും സ്വരങ്ങൾ കേട്ടുകൊണ്ടിരുന്നു:
“ഈജിപ്തിലെ വലിയ നദി ഏതാണ്?"
"എനിക്ക് ഓര്‍മ്മയില്ല."
"വായിച്ചില്ല അല്ലേ? ആർക്കുവേണ്ടി...."
അവൾ മെല്ലെ ചിരിച്ചുകൊണ്ട് ജനലിന്‍റെ അടുത്തുചെന്ന് പുറത്തേക്കു നോക്കി. ചെടികളും മണ്ണും പുല്ലും എല്ലാം തുടുത്ത ഒരു മൂടലിൽ മുങ്ങിക്കിടന്നിരുന്നു. ഏഴുമണിയായിട്ടും വെയിൽ തീരെ മറഞ്ഞിട്ടില്ല. അന്നും ഇങ്ങനെയായിരുന്നു. അവൾ ഓര്‍ത്തു..."
വെയിലിന്‍റെ ഇളം ചൂടുള്ള പുല്ലിൽ താനും ചന്ദ്രനും മലർന്നു കിടക്കുകയാണ്. ആ കുന്നിൻചെരിവ് ഇറങ്ങിയിറങ്ങി ഒരു പഴയ കരിങ്കൽ മതിലിന്‍റെ അടുത്തെത്തി അവസാനിക്കുന്നു. അവിടന്ന് അങ്ങോട്ട് സമുദ്രമാണ്. വേലിയേറ്റമുള്ളപ്പോൾ മാത്രമേ കടൽ ആ മതിലിന്‍റെ അടുത്തേക്ക് എത്തുകയുള്ളു. അല്ലാത്തപ്പോൾ, വളരെ ദൂരം വരെ, ഒരു ജാതി പരുക്കൻ ഇത്തിളുകൾ പതിഞ്ഞ് പുറ്റുപിടിച്ച കറുത്ത പാറക്കല്ലുകൾ മാത്രം കാണാം; കാലുവെച്ചാൽ പൂഴ്ന്നുപോവുന്ന വെളുത്ത മണലും. മതിലിന്‍റെ എത്രയോ ദൂരെ, ആ കുന്നിൻചെരിവിൽ കിടക്കുമ്പോഴും താൻ ആ കടൽ കണ്ടുകൊണ്ടിരുന്നു, ആ കറുത്ത പക്ഷികൾ ധൃതിയിൽ വടക്കോട്ട് പറക്കുന്നതും, സൂര്യൻ മുങ്ങാറായ ആ സമയത്തു കടലിന്‍റെ നിറം മാറുന്നതും ആ കറുത്ത പാറകൾ നിഴലിൽ മുങ്ങുന്നതും മറ്റും മറ്റും.
"എന്താണ് ഇത്ര ആലോചന?" ചന്ദ്രൻ കൈയിൽ താടിയൂന്നി കിടക്കുകയാണ്. കറുത്ത വസൂരിക്കലകളുള്ള മുഖമുള്ള ചെക്കൻ ഉറക്കെ വിളിച്ചുനടന്നു വിറ്റ വൈകുന്നേരത്തെ വർത്തമാനക്കടലാസ്, ആ പുല്ലിൽ കാറ്റടിക്കുമ്പോഴൊക്കെ ഉയരാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
"എത്ര മണിയായി?"
"ഏഴ്."
“ഇത്രയായിട്ടും വെയിൽ മറഞ്ഞിട്ടില്ല!"
ചന്ദ്രൻ എഴുന്നേറ്റുനിന്ന് തന്‍റെ കാലുറകളിൽനിന്ന്, മുള്ളുള്ള ചില പുല്ലുകൾ പെറുക്കിക്കളഞ്ഞു.
"എന്താ പോവണ്ടേ?"
അവിടെനിന്ന് രണ്ടുമൂന്നു വാര ദൂരെ കറുത്തു തടിച്ച എരുമകൾ പുല്ലിൽ തല മുട്ടിച്ചു മുട്ടിച്ചുകൊണ്ട് അലഞ്ഞു നടക്കുന്നുണ്ടായിരുന്നു. ആ രംഗം താനും ചന്ദ്രനും ഇരുട്ടു കയറുന്ന ആ കുന്നിൻചെരിവും ആ എരുമകളുടെ നിഴലുകളും ശബ്ദിക്കാൻ തുടങ്ങുന്ന കടലും എല്ലാം ഒന്നിച്ചു ചേർന്ന് ഒരു മായാത്ത ചിത്രമായി. ഇനി എത്ര മോഹിച്ചാലും ഈ രംഗം തനിക്ക് കാണാൻ സാധിക്കുകയില്ല എന്ന് അന്നേ അവൾക്കു തോന്നിയതാണ്. മറക്കാൻ സമ്മതിക്കാതിരിക്കുവാനുള്ള കഴിവ് ആ രംഗത്തിലെ ഒന്നിനും ഉണ്ടായിരുന്നില്ല. എരുമകളിലോ, കാറ്റിലോ എന്നും കാണുന്ന സന്ധ്യയിലോ ഒന്നിലുമായിരുന്നില്ല ആ ശക്തി. അതെല്ലാം തന്നെ ഒരു പശ്ചാത്തലമായിരുന്നു. അവളുടെ വിചാരങ്ങൾ, ഭംഗിയുള്ള സമാധാനം അവരുടെ പരസ്പരസ്നേഹത്തിലുള്ള ആ പുതിയ വിശ്വാസം, അതെല്ലാമായിരുന്നു ശരിക്കും മറക്കാൻ കഴിയാത്ത വസ്തുതകൾ. പക്ഷേ, വിചാരങ്ങൾക്കു രൂപമില്ല. രൂപവും നിറവും മണവുമുള്ള പശ്ചാത്തലത്തിൽ ചാരിവെച്ചാലേ അവ ഓര്‍മ്മിക്കപ്പെടുന്നുള്ളു. അന്ന് അവർക്കു തോന്നി, ഈ രംഗം താൻ എന്നും മറക്കുകയില്ല, ഇതു മറക്കാതെ വയ്ക്കണം എന്ന്. വാസ്തവത്തിൽ ആ വിചാരത്തിന് കാരണമുണ്ടായിരുന്നില്ല. താൻ “അന്നുതന്നെ മധുവിധുക്കാരിയൊന്നുമായിരുന്നില്ല. വിവാഹത്തിനു ശേഷം ആറു കൊല്ലമോ മറ്റോ കഴിഞ്ഞിരിക്കുന്നു. പിന്നെയും എത്രയോ കാലം അവർക്ക് ഒന്നിച്ചു ജീവിക്കുവാൻ കഴിഞ്ഞു. അവർ ഒന്നിച്ചു ചിരിച്ച് ഉരുണ്ടിട്ടുണ്ട്, വ്യസനത്തിൽ അന്യോന്യം സമാധാനിപ്പിച്ചിട്ടുണ്ട്, പെട്ടെന്ന് കിട്ടിയ ഉദ്യോഗക്കയറ്റത്തിൽ അഭിമാനിച്ചിട്ടുണ്ട്, സ്നേഹിക്കുന്നവർക്ക് പതിവായുണ്ടാവുന്ന തർക്കങ്ങളും കരച്ചിലുകളും നടത്തിയിട്ടുണ്ട്, കുട്ടികളുടെ ചെറിയ കൈവിരലുകളും പിടിച്ച് ഒന്നിച്ചു നടക്കാൻ പോയിട്ടുണ്ട്. എന്നാലും കാരണമില്ലാതെ ലീവെടുത്ത ആ ദിവസം മാത്രം അവൾ മറന്നില്ല. എന്തിനാണ് അന്ന് അവർ രണ്ടാളും കുട്ടികളെ വീട്ടിലാക്കി, പുറത്തേക്ക് പോയത്? എന്തിനാണ് മധുവിധുക്കാരെപ്പോലെ ഒന്നിച്ചിരുന്ന് ഉച്ച സിനിമ കണ്ടത്. എന്തിനാണ് വൈകുന്നേരം കുട്ടികളെപ്പോലെ നിലക്കടല വാങ്ങിത്തിന്നത്, പുല്ലിൽ കണ്ണടച്ച് കിടന്നത്. ഒന്നിനും ഉത്തരമില്ല. ഒരുപക്ഷേ, അന്ന്..."
"എന്താ ഞാൻ വൈകിയോ?" അവളുടെ ഭർത്താവ് ചിരിച്ചുകൊണ്ടു വന്നു. അയാളുടെ ഷർട്ടിന്‍റെ മുൻഭാഗം നനഞ്ഞ് ഒട്ടിയിരുന്നു. വിയർപ്പിന്‍റെയും സിഗരറ്റുപുകയുടെയും മണം അയാളുടെ ആ ഒന്നിച്ച് ആ മുറിയിലേക്കെത്തി. അയാൾ കട്ടിലിന്മേലിരുന്നു ഷൂസ് അഴിച്ചുവച്ചു, പാപ്പാസുകൾ ഊരി, ഒന്നു മണത്തു നോക്കി ഷൂസുകളിൽ തിരുകി, കോട്ട് ഊരി അവളുടെ കൈയിൽ കൊടുത്ത് മലർന്നു കിടന്നു.
"വയ്യ ഈ ജോലി. എത്ര ചെയ്തിട്ടും മേത്തയ്ക്ക് ഒരു തൃപ്തിയുമില്ല. ഇത് ഉപേക്ഷിച്ചു വേറെ വല്ലതും നോക്കിയാലോ എന്നു തോന്നുന്നു."
അവൾ ഉത്തരം പറഞ്ഞില്ല. അയാൾ ഇടയ്ക്കിടയ്ക്ക് പറയാറുള്ളതാണ് ഇതൊക്കെ. അവൾ അയാളുടെ മുഖം സാരിത്തലപ്പുകൊണ്ടു തുടച്ചു. തലമുടിയിൽ കൈയോടിച്ചുകൊണ്ട് നിന്നു. അയാൾ എപ്പോഴും ജോലി എടുക്കും. രാത്രി, വീട്ടിൽവന്നാലും, എല്ലാവരും ഉറങ്ങിക്കഴിഞ്ഞാൽ മേശയ്ക്കരികെ വിളക്കുകത്തിച്ച്, കടലാസുകൾ നിവർത്തി അയാളിരിക്കും. ഇടയ്ക്ക് അവൾ എഴുന്നേറ്റുചെന്ന് ആ മുറിയിൽ ഒരു പായിട്ട് കിടക്കും. ഇടയ്ക്കിടയ്ക്ക് അയാൾ കണ്ണുയർത്തി അവളെ നോക്കി ചിരിക്കും. രാവിലെ നേരത്തേ എഴുന്നേറ്റ് വീണ്ടും അയാൾ മേശയുടെ അടുത്തേക്കു ചെല്ലും. ഉച്ചയ്ക്ക് ഊണു കഴിക്കാൻ വന്നാലും ധിറുതിയാണ്, ഓഫീസിലേക്കു മടങ്ങിയെത്താൻ. പാവം, അവളോർത്തു, ഞങ്ങൾക്കുവേണ്ടി എത്ര കഷ്ടപ്പെടുന്നു! അവൾ, ആ പരുത്ത തലമുടി കൈവിരലുകൾകൊണ്ട് ഒതുക്കാൻ ശ്രമിച്ചു.
“നിന്നെ കിട്ടിയത് എന്‍റെ ഭാഗ്യമാണ്. ഒരു വിധത്തിൽ ചന്ദ്രൻ എന്നെ സഹായിക്കുകയാണുണ്ടായത്." അയാൾ ചിരിച്ചു. അവൾ എഴുന്നേറ്റു. ഒന്നും പറഞ്ഞില്ല. അതേ, ചന്ദ്രൻ മരിച്ചതുകൊണ്ടാണ്." താൻ വീണ്ടും വിവാഹം ചെയ്തത്. അനുരാഗംകൊണ്ടൊന്നുമല്ല. മൂന്ന് കുട്ടികളെയും തന്നെയും രക്ഷിക്കുവാൻ ഒരാൾ വേണം. പറയത്തക്ക സൗന്ദര്യമോ മറ്റു ഗുണങ്ങളോ ഒന്നുമില്ലാത്ത തന്നെ വിവാഹം ചെയ്തതിൽ അവൾക്ക് അയാളോട് എന്നും നന്ദിയുണ്ട്, സ്നേഹവുമുണ്ട്.
"എന്താ, മുഷിഞ്ഞു പോവുകയാണോ?"
"അല്ല, ഞാൻ സൂപ്പു കൊണ്ടുവരട്ടെ."
അടുക്കളയിൽ, തക്കാളിനീരിൽ പാലൊഴിച്ച് അടുപ്പത്തു വച്ച് ഇളക്കിക്കൊണ്ടിരിക്കുമ്പോൾ അവൾക്ക് കിടപ്പുമുറിയിലെ സംസാരങ്ങൾ കേൾക്കാമായിരുന്നു. കുട്ടികൾ പഠിപ്പു കഴിഞ്ഞ്, അവളുടെ ഭർത്താവിന്‍റെ അടുത്തുകൂടിയിരിക്കുകയാണ്.
"അല്ലല്ല, അമ്മാവാ, ഞാൻ പറഞ്ഞുതരാം."
"അമ്മാമാ, ഞാൻ പറഞ്ഞത്..."
അമ്മാമാ, അമ്മാമാ! എത്രതവണ താൻ പറഞ്ഞാലും, അവർ അച്ഛൻ എന്ന് അയാളെ വിളിക്കാൻ സമ്മതിച്ചില്ല. വാസ്തവത്തിൽ ചന്ദ്രനേക്കാളും അച്ഛനാവാൻ അർഹത അയാൾക്കാണ്. ചന്ദ്രനു കുട്ടികളോട് അധികം അടുപ്പമുണ്ടായിരുന്നില്ല. ജോലി കഴിഞ്ഞു നേർത്തേ എത്തുമെങ്കിൽക്കൂടി ചന്ദ്രൻ അവരുമായി കളിക്കില്ല. സത്കാരമുറിയിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കും. തന്നോടുപോലും അധികം സംസാരിക്കില്ല. എന്നാലും, ഇടയ്ക്ക് തല ചെരിച്ചു ചിരിക്കും. തലതാഴ്ത്തി എങ്ങോട്ടും നോക്കാതെ കടന്നുപോവും. സിഗരറ്റു കത്തിക്കഴിയുമ്പോൾ നിലത്തിട്ട് ചെരിപ്പുകൊണ്ട് ചവിട്ടിക്കെടുത്തും. തലമുടി പിന്നോക്കം ചീന്തും.
"അമ്മേ, അമ്മാമൻ വിളിക്കുന്നു." അവൾ സൂപ്പിന്‍റെ മുകളിൽ അല്പം കുരുമുളകുപൊടി വിതറി ആ ഗ്ലാസ് ഒരു തട്ടിൽവച്ച് അടുക്കളയിൽ നിന്നു പോന്നു.
കിടപ്പുമുറിയിൽ കോലാഹലമാണ്. ഭർത്താവ് കുളിക്കാൻ ഒരുങ്ങി നിൽക്കുന്നു. കുട്ടികൾ അയാളുടെ തടിച്ച ദേഹത്തിൽനിന്ന് ഷർട്ട് ഊരി എടുക്കുന്നു. കാലുറ ഊരി എടുക്കുന്നു. അയാൾ പൊട്ടിച്ചിരിക്കുന്നു. സന്തോഷം അതാണ്, അവൾക്കു തോന്നി. താൻ ഭാഗ്യവതിയാണ്.
"കേട്ടില്ലേ വർത്തമാനം? ഉണ്ണിയെ മാസ്റ്റർ ചീത്ത പറഞ്ഞപ്പോൾ ഉണ്ണി മാസ്റ്ററുടെ ചെവി പിടിച്ചുവത്രെ." ഉണ്ണി അയാളുടെ ചുമലിൽ തൂങ്ങിക്കൊണ്ട് അവളെ നോക്കി ചിരിച്ചു. തല ചെരിച്ചുകൊണ്ടുള്ള വികൃതിച്ചിരി.
"ഇനി എല്ലാവരും പോയി ഊണുകഴിക്കാനിരിക്കൂ. അമ്മാമൻ കുളിച്ചു വരട്ടെ." അയാൾ എഴുന്നേറ്റു കുട്ടികളെ പറഞ്ഞയച്ച് അവളുടെ അടുത്തു വന്ന് ചുമലിൽ തൊട്ടു: "എന്താണ് ഇന്ന് ഇത്ര ആലോചന?"
അവൾ ജനലിന്‍റെ നേരിയ തിരശ്ശീല മാറ്റി, അതു കേൾക്കാത്ത മട്ടിൽ പറഞ്ഞു: "ഇന്ന് വെയിൽ ഏഴുമണിയായിട്ടും മാഞ്ഞിരുന്നില്ല."
അയാൾ അവളുടെ തലയുടെ മുകളിൽ ചുണ്ടുകൾ അമർത്തി ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് കുളിക്കാൻ പോയി. ജനലിനു പുറത്ത് ഇരുട്ടു തിരക്കുകൂട്ടുകയാണ്. അവിടെനിന്ന് അര നാഴിക ദൂരെ (അവൾ ഓർത്തു) ആ കടൽവക്കത്ത് ഇപ്പോൾ തിരകൾ ആ കറുത്ത പാറക്കല്ലുകളെ കുളിപ്പിക്കുന്നുണ്ടാവണം. എരുമകൾ തളർന്ന കാൽവെപ്പുകളോടെ ആ കുന്നിൻചെരിവിലൂടെ തൊഴുത്തുകളിലേക്കു മടങ്ങുന്നുണ്ടാവണം.
(1955)