മതിലുകൾ
രാവിലെ ജോലിക്കു പോവാൻ കാറിൽ കയറിയിരിക്കുമ്പോൾ അയാൾ തിരിഞ്ഞുനോക്കി പറഞ്ഞു: "ഇന്ന് ഓഹരിക്കാരുടെ ഒരു മീറ്റിങ്ങുണ്ട്. ഞാൻ മടങ്ങാൻ കുറച്ചു വൈകും!"
അത് ആരും ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നുമില്ല. വെറുതെ പറഞ്ഞുവെന്നുമാത്രം. ഒരു ശീലം.
കാറിൽ കയറിയിരുന്ന് അയാൾ വീണ്ടും തന്‍റെ കുടുംബത്തെ നോക്കി. ഭാര്യ മകളുടെ ചെറിയ കുട്ടിയുടെ കൈനഖങ്ങൾ മുറിക്കുന്നു. മകൾ തോട്ടക്കാരനെ ശകാരിക്കുന്നു. മൂത്തമകന്‍റെ ഭാര്യ തന്‍റെ നേർത്ത കൈവിരലുകൾകൊണ്ട് മേശമേൽ കിടക്കുന്ന ഒരു സിനിമാ മാസികയുടെ ഏടുകൾ മറിക്കുന്നു. രണ്ടാമത്തെ മകൻ റേഡിയോവിലെ ക്രിക്കറ്റ് മത്സരവിവരണം ശ്രദ്ധിക്കുന്നു....
കാറു പുറപ്പെട്ടു, രണ്ടുഭാഗത്തും ഗോളവിളക്കുകൾ പിടിപ്പിച്ച പടിവാതിൽ കടന്ന്, റോഡിലേക്ക് തിരിഞ്ഞു. “എത്ര തവണയായി ഞാൻ പറയുന്നു, ഈ വെള്ളറോസിന്‍റെ തലപ്പ് വെട്ടണമെന്ന്! എത്ര പറഞ്ഞാലും..."
"നൗ കംസ് മൻകാഡ്..."
അയാൾ ഒരു സിഗരറ്റു കൊളുത്തി, സീറ്റിൽ ചാഞ്ഞുകിടന്ന്, തന്‍റെ കുടുംബത്തെപ്പറ്റി ആലോചിച്ചു. തനിക്ക് എന്താണ് അവരോരോരുത്തരുമായി കാരണമില്ലാത്ത ഈ അകൽച്ച തോന്നുവാൻ? പലപ്പോഴും അവരുടെയിടയിൽ ഇരിക്കുമ്പോഴാവും തനിക്കു തോന്നുന്നത്: ഞാനെന്തിനാണ് ഇവരുടെയിടയിൽ ഇരിക്കുന്നത്? എങ്ങോ വഴിതെറ്റിച്ചെന്നെത്തിയപോലെ, ചെവിക്കു മുകളിൽ നരച്ചുതുടങ്ങിയ ആ തടിച്ച സ്ത്രീ ചോദിക്കുകയാവും: "തയിരിനു പുളി പാകമല്ലേ?"
പരുക്കൻ സ്വരമുള്ള ആ ചെറുപ്പക്കാരി വെപ്പുകാരനെ ശകാരിക്കുന്നുണ്ടാവും: "ഞാൻ എത്ര തവണയായി പറയുന്നു, മാംസക്കറിയിൽ വെള്ളുള്ളി ഇടരുതെന്ന്! എത്ര പറഞ്ഞാലും..." മേശയുടെ കാല്ക്കൽ ഇരിക്കുന്ന, തലമുടി ചുരുണ്ട, സ്ത്രീത്വം തോന്നിക്കുന്ന, ചെറുപ്പക്കാരൻ വിളിച്ചു പറയുന്നു: "രാമാ, വെള്ളം."
ഇടത്തുഭാഗത്ത് ഇരിക്കുന്ന വിളർത്തു മെലിഞ്ഞ ചെറുപ്പക്കാരി നഖച്ചായമിട്ട കൈവിരലുകൾകൊണ്ട് ചോറു നുള്ളിത്തിന്നുകയാവും...
അയാൾക്ക് പെട്ടെന്ന് വീണ്ടും ആ ഏകാന്തത അനുഭവപ്പെടും. താനെന്തിന് ഇവരുടെയിടയിൽ മേശയുടെ തലയ്ക്കൽ ഇരിക്കുന്നു? എന്തോ ശ്വാസംമുട്ടിക്കുന്ന സ്വരച്ചേർച്ചയില്ലായ്മ. പിക്കാസോവിന്‍റെ കഠിനങ്ങളായ വരകളും കോണുകളും നിറഞ്ഞ ഒരു പശ്ചാത്തലത്തിനെതിരെ പഴയ രവിവർമ്മയുടെ ഒരു സുന്ദരസൃഷ്ടിയെ കൊണ്ടുനിർത്തിയിരിക്കയാണ്. ഇടത്തുഭാഗത്തിരിക്കുന്ന മദ്ധ്യവയസ്ക പിന്നെയും ചോദിക്കുന്നു: "തയിരിന് പുളി പാകത്തിനല്ലേ ഉള്ളൂ?"
"ഉം."
മിണ്ടാതിരുന്നാൽ പോരല്ലോ. ഇതു തന്‍റെ കുടുംബമാണ്, തന്‍റെ ജീവിതത്തിന്‍റെ നേട്ടം. കൊല്ലങ്ങൾ ചെല്ലുന്തോറും മുഴപ്പുകൾ തട്ടി നീക്കി, മിനുപ്പു വരുത്തി, പുതുക്കി, പരിഷ്കരിച്ചു. പണ്ടത്തേതെന്നു തിരിച്ചറിയാൻ വയ്യാതാക്കിയ കുടുംബം. ഈ മാറ്റങ്ങളിൽ താൻ അഭിമാനിക്കേണ്ടതായിരിക്കാം. കുറെയൊക്കെ അഭിമാനിച്ചിട്ടുമുണ്ട്. പക്ഷേ, ഇപ്പോൾ എന്താണ് ആ അഭിമാനം പെട്ടെന്ന് നിറം മങ്ങിപ്പോവുന്നത്.
അഭിമാനമില്ലെങ്കിലും, ഇതു തന്‍റെ കുടുംബമാണ്. വെണ്ണസില്ക്കു സാരിയുടുത്ത്, കാതിൽ വൈരക്കമ്മലിട്ട്, തന്‍റെ മക്കളോടും പേരക്കുട്ടിയോടും ഇടയ്ക്കിടയ്ക്ക് അന്യഭാഷകളിൽ സംസാരിക്കുന്ന മദ്ധ്യവയസ്കയായ ഈ സ്ത്രീ കുറഞ്ഞ മുപ്പതു കൊല്ലത്തിനുള്ളിലും പുറത്തു മാറിക്കഴിഞ്ഞിരിക്കുന്നുവെങ്കിലും, താൻ കല്യാണം കഴിച്ച് ആദ്യമായി വണ്ടിയിൽ കയറ്റിയ മാധവിക്കുട്ടിയാണ്. താനെന്തുകൊണ്ട് ഇപ്പോൾ അത് ഓർക്കുന്നില്ല? അന്നു കഴിഞ്ഞ ഓരോ ചെറിയ ദിവസങ്ങളും ഓരോ ചെറിയ വാക്കുകളും...ഉയരാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെയും ഭാര്യയുടെയും അറ്റമില്ലാത്ത പ്രതീക്ഷകൾ.
"നോക്കൂ, നമുക്ക് ഇവന് ഭാസ്കരൻ എന്നു പേരിട്ടാലോ? എന്താ, പിടിക്യോ?" തട്ടിന്മേലുള്ള പിച്ചളക്കണ്ണിമേൽ തൂക്കിയ തുണിത്തൊട്ടിൽ പതുക്കെ ആട്ടിക്കൊണ്ട് ചെറുപ്പക്കാരിയായ മാധവിക്കുട്ടി ചോദിക്കുകയാണ്.
"ഛേ; അതൊന്നും അവനു വേണ്ട. മനോഹർ എന്നാണ് പേരിടാൻ നിശ്ചയിച്ചിരിക്കുന്നത്."
"എന്ത്ന്നാ?"
"മനോഹർ."
"ആ, അതും നല്ല പേരാ."
അതൊക്കെ നടന്നത് ഇരുപത്തെട്ടു കൊല്ലം മുമ്പാണ്. ഇന്നലെയെന്നു തോന്നുന്നുവെങ്കിലും.
"ലില്ലീ, മനോഹർ വന്നില്ലേ? എട്ടരമണിയായല്ലോ.”
"ഇല്ല."
"വൈകുമെന്നു പറഞ്ഞിട്ടുണ്ടോ?"
"ഇല്ല."
"ഉം."
മനോഹർ ആഴ്ചയിൽ നാലു ദിവസമെങ്കിലും വൈകിയേ വരുന്നുള്ളു ഈയിടെയായി; പ്രത്യേകിച്ചും വില്പനവകുപ്പിന്‍റെ മാനേജരായി ഈ കൊല്ലം ഉദ്യോഗക്കയറ്റും കിട്ടിയതുമുതല്ക്ക്, മനോഹറിന്‍റെ ആഫീസിൽ മോട്ടോർകാർ വ്യവസായത്തിന്‍റെ ഉലച്ചിൽ കാരണം കൊല്ലത്തിന്‍റെ തുടക്കത്തിൽ വളരെ ആളുകളെ പിരിച്ചയയ്‌ക്കേണ്ടിവന്നു. അവർക്ക് ഗ്രാറ്റ്‌വിറ്റിയായും മറ്റും പണം കൊടുത്തുകഴിഞ്ഞപ്പോൾ അവശേഷിച്ച ഉദ്യോഗസ്ഥന്മാർക്ക് ശമ്പളങ്ങൾ ചുരുക്കേണ്ടതായിവന്നു. തൊഴിലാളികളെ വല്ലാതെ ലാളിച്ചു തുടങ്ങിയിരിക്കുന്നു ഇന്ത്യയിൽ എന്ന് മനോഹർ പറഞ്ഞു. താനും അങ്ങനെതന്നെ വിശ്വസിക്കുന്നു. പക്ഷേ, ഇത്ര ചെറുപ്പക്കാരനായ മനോഹറിന്‍റെ വായിൽനിന്ന് അത് വന്നപ്പോൾ തനിക്ക് വ്യസനം തോന്നി. ഈ മുതലാളിത്തമനഃസ്ഥിതി ഇത്ര ചെറുപ്പത്തിലേ അവനു വരേണ്ടിയിരുന്നില്ല. പ്രായമായ മുതലാളിത്തമനഃസ്ഥിതിക്കാരെ ക്ഷമിക്കാം. അവർ മായുന്ന ഒരു വർഗ്ഗമാണല്ലോ. പക്ഷേ, ഭാവിയിൽ മനോഹറിനെ ഈ രാജ്യം എങ്ങനെ സഹിക്കും? ഒരുപക്ഷേ...
കാറു നിന്നു. മഴ പെയ്യുന്നുവെന്ന് അപ്പോഴാണ് അയാൾ അറിഞ്ഞത്. ശിപായി കുടയും കൊണ്ടുവന്നു. താൻ മുപ്പതു കൊല്ലത്തിലധികം ജോലിയെടുത്ത ആ ഊക്കൻ കെട്ടിടത്തിലേക്ക് അയാൾ തലകുനിച്ച് നടന്നു പോയി.
അകത്ത്, ഹാളിൽ ആരും എത്തിയിട്ടില്ല. ക്ളാർക്ക് പിള്ള മാത്രം തലകുനിച്ച് ഇരുന്ന് എന്തോ എഴുതുന്നു. പിള്ള തനിക്കുശേഷം അധികം കൊല്ലങ്ങൾ ഈ ബാങ്കിൽ ജോലിയെടുത്ത ആളാണ്. ഒരിക്കൽ ഏതാണ്ട് ഒരേ സ്ഥിതിയിൽ. അപ്പുറത്തും ഇപ്പുറത്തും കിടക്കുന്ന മേശകളിൽ ഇരുന്ന് രണ്ടാളും ജോലിയെടുത്തിട്ടുണ്ട്. അന്നെല്ലാം താൻ പിള്ളച്ചേട്ടൻ എന്നാണ് അയാളെ വിളിച്ചിരുന്നത്. പതുക്കെപ്പതുക്കെ താൻ ഹാൾ വിട്ട് അകത്തേക്കു നീങ്ങി. പിള്ളച്ചേട്ടൻ എന്ന വിളിയും പോയി. ഓരോ പടിയായി, ശ്രമംകൊണ്ടും കുറെയൊക്കെ ഭാഗ്യംകൊണ്ടും താൻ ഈ ബാങ്കിന്‍റെ മാനേജരായി. ഉറുപ്പികയ്ക്ക് പതിനൊന്നണ ആദായ നികുതി കൊടുക്കുമ്പോഴും, പിള്ള തന്‍റെ തടിക്കാത്ത ശമ്പളലക്കോട്ടും കീശയിലിട്ടു വീട്ടിലേക്കു മടങ്ങും. അയാളുടെ കുനിഞ്ഞ ആ കഷണ്ടിത്തലയും അലക്കിയലക്കി തേഞ്ഞുതുടങ്ങിയ ഖദർസൂട്ടും കാണുമ്പോൾ പലപ്പോഴും തനിക്ക് തോന്നാറുണ്ട്, പിള്ളയ്ക്ക് വല്ല ഗുണവും ചെയ്യണമെന്ന്. പക്ഷേ, ധൈര്യമില്ല. പിള്ളയുടെ ജോലി എന്നും മൂന്നാംതരമാണ്. അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ ഇരുമ്പുവളയത്തിൽക്കൂടി ഓടിച്ചാടുന്ന സർക്കസ്സ് നായപോലെ മാറ്റമില്ലാതെ, മടുപ്പില്ലാതെ, നന്നാവാൻ ശ്രമിക്കാതെ, പിള്ള ബാങ്കിന്‍റെ ഹാളിൽ തന്‍റെ പഴയ മേശയ്ക്കരികിൽ ഇരിക്കുന്നു. മിടുക്കന്മാരായ ചെറുപ്പക്കാർ പൊന്തിവന്ന്, പിള്ളയെ കവച്ചുവച്ച് അസിസ്റ്റന്‍റ് മാനേജരും മറ്റുമാവുന്നു. താനെങ്ങനെയാണ് പിള്ളയെ സഹായിക്കുക? മലയാളിയായതുകൊണ്ടും പണ്ട് താൻ പിള്ളച്ചേട്ടൻ എന്നു വിളിച്ചിരുന്നതുകൊണ്ടും മാത്രം?
അയാൾ മുറിയിൽ കടന്നു കോട്ടെടുത്ത് ചുമരിൽ തൂക്കി. മേശപ്പുറത്ത് അന്നത്തെ വർത്തമാനക്കടലാസുകൾ അടുക്കിവെച്ചിരിക്കുന്നു. പ്രധാന വർത്തമാനങ്ങൾ–പ്രത്യേകിച്ചും ബാങ്കുകളെപ്പറ്റി–ചുവന്ന പെൻസിൽ കൊണ്ട് അടയാളപ്പെടുത്തിവച്ചിരിക്കുന്നു. അസിസ്റ്റന്‍റ് മാനേജർ രാമചന്ദ്രന്‍റെ ജോലിയാണ് അത്. രാമചന്ദ്രൻ ഈയിടെയാണ് ഉയർന്നത് ഉദ്യോഗത്തിൽ. ഇത്ര ചെറുപ്പത്തിൽ അത് ഒരു അത്ഭുതമാവേണ്ടതാണ്. പക്ഷേ, രാമചന്ദ്രൻ തികച്ചും അത് അർഹിക്കുന്നു. കഠിനമായ അദ്ധ്വാനം, വേണ്ടിടത്തൊക്കെ പുറത്തിറക്കുന്ന ആ പുഞ്ചിരി, സദാ ശാന്തനായുള്ള സ്വഭാവം... രാമചന്ദ്രൻ വാസ്തവത്തിൽ ബാങ്കിന്‍റെ ആശാകേന്ദ്രമായിക്കഴിഞ്ഞിരുന്നു. എങ്കിലും ആ മൃദുശബ്ദമുള്ള ചെറുപ്പക്കാരൻ മുറിയിലേക്കു വരുമ്പോഴും, അയാളുടെ ചുറ്റും ഒഴുകുന്ന ആത്മവിശ്വാസം കാണുമ്പോഴും തനിക്ക് ഒരസുഖം തോന്നാറുണ്ട്... ജനലുകളിന്മേൽ മഴ ഊക്കോടെ വന്നടിച്ചു. അയാൾ അവ തുറന്നിട്ട് കസാലയിൽ വന്നിരുന്നു. പുറത്തു കടുംപച്ചയിലകളിൽ കനമുള്ള മഴത്തുള്ളികൾ തുള്ളുന്നു. അയാളുടെ മനസ്സ് പെട്ടെന്നു കൊല്ലങ്ങൾ ചാടിക്കടന്ന് പാലക്കാട്ടുള്ള ഒരു ചെറിയ ഗ്രാമത്തിലേക്കെത്തി. ഓലയിട്ട ഒരു വീടിന്‍റെ തട്ട് ചോർന്നൊലിക്കുകയാണ്. തെക്കിനിയിൽ പാത്രങ്ങൾ നിറഞ്ഞു. ഓരോന്നിലും മഴത്തുള്ളികൾ വീണ് നനുത്ത സ്വരങ്ങളുണ്ടാക്കി.
"നാരായണൻകുട്ടി എന്താ മിഴിച്ചുനോക്കുന്നത്? ഇവിടെ വന്നിരുന്ന് പാഠം ചൊല്ല്."
"നാരായണൻകുട്ടീ," അതൊരു പഴയ വിളിയാണ്. ആ വെള്ളമൊലിച്ചു വീണിരുന്ന ഓലപ്പുരയുടെയും മഴയിൽ തലയിട്ടടിച്ചിരുന്ന മാവിൻ തയ്യുകളുടെയും ആദ്യത്തെ ഇംഗ്ലീഷ് പാഠപുസ്തകത്തിന്‍റെയും കാലത്തിൽനിന്നു വന്ന ഒരു വിളി. അത് ഇന്ന് എവിടെപ്പോയാലും കേൾക്കില്ല. തലമുടി ചെരിച്ചു കെട്ടിവച്ചു മെലിഞ്ഞ് ഇരുനിറമുള്ള ഒരു അമ്മ അവരുടെ മകനെ വിളിക്കുകയായിരുന്നു. ഇനി...പെട്ടെന്ന് വാതിൽ തുറന്ന് രാമചന്ദ്രൻ അകത്തേക്കു വന്നു: "ക്ഷമിക്കണം, പക്ഷേ, എനിക്ക് ഒന്നു രണ്ടു കാര്യങ്ങൾ പറയാനുണ്ട്."
രാമചന്ദ്രൻ ജനലുകൾ വീണ്ടും അടച്ച് നിലത്തുവീണുകിടക്കുന്ന വെള്ളം നോക്കി ശിപായിയെപ്പറ്റി പിറുപിറുത്തു.
"ഞാൻ തുറന്നിട്ടതാണ്, ഉം–? എന്താണ് പറയാനുള്ളത്? ഇന്നത്തെ മീറ്റിങ്ങിനെപ്പറ്റിയാണോ?"
രാമചന്ദ്രനു പറയാനുള്ളത് മീറ്റിങ്ങിനെക്കുറിച്ചുതന്നെയായിരുന്നു. കഴിഞ്ഞ ആഴ്ച കടംചോദിച്ച ഇരുമ്പുകമ്പനി എങ്ങാണ്ടോ രണ്ടുമൂന്ന് പശ്ചാത്തലമില്ലാത്ത അരപ്പണക്കാർ തുടങ്ങിയ ഒന്നാണ്. മുങ്ങിച്ചാകാറായ ഒരു കമ്പനി. താൻ അന്വേഷിച്ച് വിവരമറിഞ്ഞു. കടം കൊടുക്കുന്നത്, ബുദ്ധിപൂർവ്വം ആലോചിക്കുമ്പോൾ, വേണ്ടെന്നാണ് തന്‍റെ അഭിപ്രായം...
"ഉം–ഞാൻ ഓർമ്മവെക്കാം. ഇനി എന്തെങ്കിലുമുണ്ടോ?" രാമചന്ദ്രന് പിന്നെയും പറയാനുണ്ട്. ഈ കൊല്ലത്തെ ഉദ്യോഗക്കയറ്റത്തിന്‍റെ ലിസ്റ്റ് വായിച്ചു കേൾപ്പിക്കണം. അതിൽ വല്ല മാറ്റങ്ങളും വരുത്തണമെങ്കിൽ... ഉണ്ടാവില്ല. താൻ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്തവരാണ്....
"വായിക്കൂ."
ഇല്ല, പിള്ളയുടെ പേര് ഇക്കുറിയും ഇല്ല.
"പിള്ളയുടെ പേരും എഴുതിക്കോളൂ ഈ കുറി."
“അയ്യോ, ക്ളാർക്ക് കിഴവൻ പിള്ളയോ! അതു തീരെ അനാവശ്യമാണ്. അയാൾ ജോലിയിൽ മഹാമോശം. താൻ എന്നും വിചാരിക്കും, പിള്ളയോട് രാജി വെക്കാൻ പറയാൻകൂടി. അയാൾ തീരെ മോശമാണ്–" അങ്ങനെ പലതും രാമചന്ദ്രനു പറയാനുണ്ടായിരുന്നു.
"അല്ല, പിള്ള തീർച്ചയായും ഈ കുറിയത്തെ ലിസ്റ്റിൽ വരണം."
അങ്ങനെയാണെങ്കിൽ ശരി, പിന്നെ തനിക്കൊന്നും പറയാനില്ല.
രാമചന്ദ്രൻ തലതാഴ്ത്തി മടങ്ങിപ്പോയി. വാതിൽ ശബ്ദമില്ലാതെ അടഞ്ഞു. വീണ്ടും അയാൾ തന്‍റെ ആലോചനകളുടെ ഒന്നിച്ചു തനിച്ചായി. മനശ്ശല്യങ്ങൾ കെട്ടുപിണഞ്ഞുകിടക്കുകയാണ്. ഓഹരിക്കാരുടെ മീറ്റിങ്ങുകൾക്കു മുമ്പു താൻ എന്നും ലാഭനഷ്ടക്കണക്കുകൾ തയ്യാറാക്കാറുള്ളപോലെ, ഇന്നു താനെന്താണ് തന്‍റെ ജീവിതത്തിന്‍റെ കൊല്ലങ്ങളെ ലാഭങ്ങൾക്കും നഷ്ടങ്ങൾക്കുംവേണ്ടി പരിശോധിക്കുന്നത്? എന്തോ! ഒരുപക്ഷേ, തനിക്കു പ്രായമായിത്തുടങ്ങിയിരിക്കണം. കഴിഞ്ഞുപോയ ഏതോ ഒരു നിറമില്ലാത്ത കാലത്തുനിന്നും സന്തോഷം പൊക്കിയെടുക്കാൻ ഈയിടെയായി താൻ ശ്രമം തുടങ്ങിയിരിക്കുന്നു. ഇല്ലെങ്കിൽ തന്‍റെ കുട്ടിക്കാലത്ത് ഇപ്പോഴുള്ളതെക്കാൾ എങ്ങനെയാണ് സന്തോഷം ഉണ്ടായിരിക്കുക? കാലത്തിന്‍റെ ഓട്ടത്തിൽ ദുഃഖങ്ങളുടെ നിറം മങ്ങുന്നു. പക്ഷേ, സുഖങ്ങൾ മാത്രം ഓർമ്മയിൽ നില്ക്കുന്നു. തൂക്കം തെറ്റുന്നു. ചെയ്യാൻ മറന്ന ഗുണങ്ങളും ചെയ്ത കുറ്റങ്ങളും മനസ്സിനെ അലട്ടുന്നു. താനെവിടെയാണ് തെറ്റുകാരൻ? എന്തുകൊണ്ട് പലവിധത്തിലുള്ള നേട്ടങ്ങളും സുഖങ്ങളും ഉണ്ടായിട്ടും തനിക്ക് ഈ കരണ്ടുതിന്നുന്ന അതൃപ്തി തോന്നുന്നു?
മനുഷ്യൻ എന്നും തനിച്ചാണ് നില്ക്കുന്നത്. അവന്‍റേതായ അച്ചുതണ്ടിന്മേൽ അവൻ തനിച്ചു തിരിയുന്നു. താൻ തനിച്ചാണെന്നുള്ള ഈ വിചാരം, ഈ ഏകാന്തത, പ്രായമായിത്തുടങ്ങുന്ന ഈ മനുഷ്യനുമാത്രമല്ല, എല്ലാ മനുഷ്യർക്കും അനുഭവപ്പെടുന്നു. മനുഷ്യർക്കിടയിൽ എന്നുമെന്നും ചെറിയ മതിലുകൾ ഉയർന്നുവരുന്നു. പണത്തിന്‍റെ, നിറവ്യത്യാസത്തിന്‍റെ, അഭിപ്രായവ്യത്യാസത്തിന്‍റെ –അങ്ങനെ നൂറുനൂറു ചെറിയ മതിലുകൾ, അവ നീക്കാനോ, സ്നേഹത്തിന്‍റെ വഴിയിൽ തെറ്റുപറ്റാതെ പോവാനോ, ജീവിതത്തിന്‍റെ ലക്ഷ്യമായ ആനന്ദം നേടാനോ വഴികളുണ്ടായിരിക്കണം. പക്ഷേ, ഓരോരുത്തനും അവനവന്‍റെ പ്രശ്നത്തിൽ അവന്‍റേതായ ഒരു ഉത്തരം കിട്ടാറുണ്ട്. ഒരുപക്ഷേ, അതാവാം ശരിയായ ഉത്തരം.
അന്നു രാത്രി ഉറങ്ങാൻകിടന്നപ്പോൾ അയാൾ പറഞ്ഞു:
"മാധവിക്കുട്ടീ, ഞാൻ ഉദ്യോഗം രാജിവെക്കാൻ ആലോചിക്കുകയാണ്."
"ഉം? വിശേഷിച്ച്?"
"ഒന്നുമില്ല. ഇനി കുറച്ചുകാലം നാട്ടിപ്പോയി താമസിക്കാൻ ഒരു മോഹം. നമുക്ക് രണ്ടാൾക്കും കുറച്ചു പ്രായമായല്ലോ."
ഭാര്യ ഒന്നും മിണ്ടിയില്ല. ജനലുകൾ പെട്ടെന്നു കാറ്റിൽ കൊട്ടിയടഞ്ഞു. പുറത്തു വലിയ ഒരു മഴ പുറപ്പെട്ടുവരുകയാണ്.
(1955)