കൂടുകൾ
മുറിയിൽ വളരെയധികം സംസാരം നടന്നിരുന്നുവെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. ഉച്ച സമയത്ത് അവരെല്ലാം സാധാരണ വിശ്രമിക്കാൻ ഉപയോഗിക്കാറുള്ള ഇരുട്ടുപിടിച്ച തളത്തിലാണ് അവർ ഇരുന്നിരുന്നത്. ആ തളത്തിന്‍റെ വാതിൽ കടന്നാൽ അഴികളിട്ട വരാന്തയായി. വരാന്തയല്ല മുറിതന്നെ. റോഡിൽക്കൂടി പോകുന്നവർക്ക് നല്ലവണ്ണം കാണാൻവേണ്ടിയാണ് ഈ പുറത്തെ മുറികൾ ഇങ്ങനെ കൂടുകളെപ്പോലെയുണ്ടാക്കിയിരിക്കുന്നത്. ചുമരിൽ ആണിയടിച്ച് തറച്ചിട്ടുള്ള നീളൻ വിളക്കുകൾ കത്തിച്ച് ആ വെള്ളനിറമുള്ള പൂത്ത വെളിച്ചത്തിൽ നിന്നാൽ പുറത്തു നടക്കുന്നവർക്കും ട്രാമുകളിലും ബസ്സുകളിലും പോകുന്നവർക്കും എല്ലാം നന്നായി കാണാം. അതിനാണല്ലോ...
"ലക്ഷ്മീ, പെണ്ണേ, എന്താണ് ഇങ്ങനെ ഉറക്കം തൂങ്ങുന്നത്?" അമ്മ ചോദിച്ചു.
"അമ്മ" അവളുടെ അമ്മയല്ല. അവിടെയുള്ള ആരുടെയും അമ്മയല്ല. തടിച്ചു കറുത്ത് ഇടത്തെ കണ്ണിൽ കോങ്കണ്ണും തുരുമ്പുപിടിച്ച ചെറിയ ആണികൾപോലുള്ള പല്ലുകളും ഉള്ള ആ സ്ത്രീക്ക് ഒരു മകനുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. പക്ഷേ, അവൻ പന്ത്രണ്ടു. വയസ്സിൽ അമ്മയെ വിട്ട് ഓടിപ്പോയി. പത്തോ പന്ത്രണ്ടോ കൊല്ലത്തിനുശേഷം അടുത്തെങ്ങാനാണ് അവന്‍റെ കത്തുകൾ വന്നുതുടങ്ങിയത്. വരയിട്ട കടലാസിൽ ഉരുണ്ട കൈയക്ഷരത്തിൽ വൃത്തിയുള്ള കത്തുകൾ. "ലക്ഷ്മീ, ഇതൊന്നു വായിക്ക്." അമ്മ അവളെ വിളിച്ച് കാല്ക്കൽ നിലത്ത് ഇരുത്തി പറയും: "എന്നാണ് അവൻ ഈ മഹാപാപിയായ അവന്‍റെ അമ്മയെ കാണാൻ വരുന്നത് എന്ന് വേഗം വായിച്ചു പറയ്." അവൾ സാവധാനത്തിൽ വായി ക്കും. അപ്പോഴൊക്കെ അവൾക്കു തോന്നും, ഈ കത്ത് തനിക്കു വന്നതാണെങ്കിൽ എത്ര നന്നായിരുന്നു! അവൾക്ക് കത്തെഴുതാൻ ആരുമില്ല. അവളുടെ അമ്മ അവളെ വിറ്റതാണ്. അനുജനെ വില്ക്കാൻ സാധിച്ചില്ല. അവൻ ആണാണല്ലോ. അമ്മയെപ്പറ്റി അവൾ അധികം ആലോചിക്കാറില്ല. അവളെ മേടിച്ച ഈ അമ്മ പറയാറുള്ളത് ശരിയാണ്: “നിന്‍റെ അമ്മ ഞാനാണ്. നിന്നെ സ്നേഹമുണ്ടെങ്കിൽ അവൾ നിന്നെ വില്ക്കില്ലല്ലോ" എന്നു പറഞ്ഞ് ഇടയ്‌ക്കൊക്കെ അവർ തന്‍റെ മുടിയിൽ ഉരുണ്ട വിരലുകൾ ഓടിച്ചുകൊണ്ടിരിക്കും. "നിന്‍റെ മുടി നല്ല മുടിയാണ്. നല്ല നീളമുണ്ട്. ഞാൻ ബ്രഹ്മിയെണ്ണ മാർക്കറ്റിൽനിന്നു വരുത്തിത്തരാം. എന്നാൽ നന്നായി വളരും." അങ്ങനെയൊക്കെ അവർ പറയുമെങ്കിലും, പല വിധത്തിലും സ്നേഹം കാണിക്കുമെങ്കിലും, തനിക്ക് അവരെ സ്നേഹിക്കാൻ കഴിഞ്ഞില്ല. ഈ ജീവിതത്തിൽ ആകെക്കൂടി താൻ സ്നേഹിച്ചിട്ടുള്ളത് സീതയെ ആയിരുന്നു. സീത തന്നെപ്പോലെതന്നെ ചെറുപ്പത്തിൽ ഇവിടെയെത്തിയ ഒരു കുട്ടിയാണ്. അവൾക്ക് അമ്മ പച്ച നിറത്തിലുള്ള ഗുളികകളും മുതിരയിട്ട തിളപ്പിച്ച വെള്ളവും എത്രതവണ കൊടുത്തിട്ടും അവൾ വിളർത്തു മഞ്ഞളിച്ചുകൊണ്ടിരുന്നു. "നിന്നെ ഓന്തു പ്രസവിച്ചതാണ്." അമ്മ പറയാറുണ്ടായിരുന്നു. സീത തല താഴ്ത്തി ചിരിക്കും. സീത നീളൻ പാവാട ഇട്ടു തുടങ്ങിയപ്പോൾ അവൾക്ക് അല്പം ഭംഗി കൂടി. ആ നീണ്ട് മാംസം തീരെയില്ലാത്ത കാലുകളും പച്ചനിറം പിടിച്ച ഉരുളൻമുട്ടുകളും പുറത്തു കാണില്ലല്ലോ. അന്നൊക്കെ സീതയും താനും ഒന്നിച്ചാണ് കിടന്നുറങ്ങിയിരുന്നത്. തങ്ങൾക്ക് രാത്രിയായാൽ ഒന്നും ചെയ്യേണ്ടിയിരുന്നില്ല. അന്നൊക്കെ നല്ല കാലമായിരുന്നു. അന്നൊന്നും ഉച്ചനേരത്ത് ഉറക്കം തൂങ്ങി ക്ഷീണിച്ച് ജാക്കറ്റുകൾ തുന്നിക്കൊണ്ട് തളത്തിൽ ഇരിക്കേണ്ടിവന്നിട്ടില്ല. അന്നൊക്കെ താനും സീതയും അടുത്തുള്ള സ്കൂളിൽ പോയിരുന്നു. വൈകുന്നേരം മടങ്ങിയെത്തിയാൽ അമ്മ തനിക്കും സീതയ്ക്കും പാല് തരാറുണ്ടായിരുന്നു.
"ഒക്കെ കുടിക്ക്. പത്തു പതിനൊന്നു വയസ്സായിട്ട് കോഴിക്കുട്ടികളെപ്പോലുണ്ട്." അമ്മ പറയാറുണ്ടായിരുന്നു.
"ഞാൻ പത്തു വയസ്സിൽ നിങ്ങളുടെ ഇരട്ടിയുണ്ടായിരുന്നു. തടിച്ചു കൊഴുത്ത് അങ്ങനെ. നോക്കാൻ നാലു കണ്ണുവേണമെന്നാണ് ഇൻസ്പെക്ടർ പറഞ്ഞത്: "ശാരദാ, നിന്നെ നോക്കാൻ നാലു കണ്ണു വേണം. നീയൊരു പെണ്ണാണ്?"
സീത ഒരിക്കൽ തനിക്ക് പറഞ്ഞുതന്നു, ഈ ഇൻസ്പെക്ടറായിരുന്നു അമ്മയുടെ മകന്‍റെ അച്ഛൻ എന്ന്. ഇതെല്ലാം വലിയവർ സംസാരിക്കുമ്പോൾ സീത വാതിലിന്‍റെ പിന്നിൽനിന്നു കേൾക്കുന്നതാണ്. സീത മെലിഞ്ഞ കുട്ടിയായതുകൊണ്ട് അവൾക്ക് ഇതൊക്കെ എളുപ്പമായിരുന്നു. ഒരിക്കൽ അവൾ അമ്മയുടെ കട്ടിലിന്‍റെ അടിയിൽ ചെന്നിരുന്നു:
"ലക്ഷ്മീ, എന്താ ഇങ്ങനെ ഉറക്കം തൂങ്ങുന്നത്? എണീറ്റു പൊയ്‌ക്കോ." അമ്മ കലങ്ങിയ ചളിവെള്ളംപോലുള്ള സ്വരത്തിൽ വിളിച്ചു പറഞ്ഞു. ചളിവെള്ളം പോത്തുകൾ കലക്കുമ്പോൾ ഉള്ള ശബ്ദംപോലെയാണ് അമ്മയുടെ ശബ്ദം എന്ന് സീത പറയാറുണ്ടായിരുന്നു. സീത അത് ചെവിയിൽ പറഞ്ഞ് കുലുങ്ങിക്കുലുങ്ങിച്ചിരിക്കും. അപ്പോഴൊക്കെ അവളുടെ വായിൽനിന്ന് പുകയിലയുടെ മണം പുറത്തുവരും. സീത ചെറുപ്പത്തിലേ പുകയില ഉപയോഗിച്ചുതുടങ്ങി. അമ്മയുടെ കട്ടിലിന്‍റെ അടിയിൽ പിച്ചളക്കിണ്ണത്തിൽ പുകയിലപ്പൊടിയുണ്ടായിരിക്കും. അത് എടുത്ത് ചുണ്ണാമ്പു കൂട്ടി കൈയിലിട്ട് വിരലുകൊണ്ട് കുഴച്ച് സീത വായിൽ വയ്ക്കും. തന്നോടും തിന്നാൻ പറയാറുണ്ടെങ്കിലും താൻ ഇതേവരെ അതു ചെയ്തിട്ടില്ല. സീതയുടെ പല്ലുകൾ കേടുള്ളവയായിരുന്നു. ഇത് പുകയില തിന്നിട്ടാണെന്ന് താൻ അവളോടു പറയുമ്പോൾ അവൾ ചാടിക്കയർക്കും. അവളുടെ അഭിപ്രായം കേടുള്ള പല്ലുകൾ കാരണമാണ് അവൾ പുകയില കഴിക്കുന്നത് എന്നാണ്. സീതയ്ക്ക് പല കേടുകളും ഉണ്ടായിരുന്നു. അതാണ് അവൾ മഞ്ഞച്ചുകൊണ്ടിരുന്നത്. അവൾ മരിച്ചപ്പോൾ അതാണ് അമ്മ പറഞ്ഞത്. അവൾ മരിച്ചത് ഏതു കേടു കൊണ്ടാണെന്ന് തനിക്ക് ഓർമ്മയില്ല. പക്ഷേ, അവൾ പായയിൽ കൈയു കുത്തി എഴുന്നേറ്റിരുന്ന് വല്ലാത്ത ഒരു ശബ്ദത്തോടെ ഛർദ്ദിക്കാറുള്ളതും മറ്റും ഓർമ്മവരുന്നു. സീത മരിച്ചതിന്‍റെ തലേദിവസം ഒരിക്കലും തന്‍റെ ഓർമ്മയിൽനിന്നു പോവുന്നില്ല. സന്ധ്യയ്ക്കു കുളി കഴിഞ്ഞ്, പൗഡർഡപ്പി എടുക്കാൻ താൻ അവളുടെ മുറിയിലേക്കു ചെന്നപ്പോൾ മന്ത്രവാദിനിത്തള്ള അവിടെയുണ്ടായിരുന്നു. മന്ത്രവാദിനിത്തള്ള എന്ന് അവരെ വിളിക്കാറില്ല. ആ തള്ള എപ്പോൾ വരുമ്പോഴും അമ്മ അടുത്തിരുത്തി ചായയും പുകയിലയും കൊടുത്തു പറയും: "എന്‍റെ സിന്ധുത്തായി, എത്ര കാലം കൂടുമ്പോഴാ കാണാൻ ഒക്കുന്നത്! എല്ലാ വിശേഷവും പറയൂ." ആ തള്ളയെ എന്നും തനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. സീത പറഞ്ഞു: അവരൊരു മന്ത്രവാദിനിത്തള്ളയാണെന്ന്. ആ തള്ള അവിടെ വന്നതിന്‍റെ പിറ്റേദിവസം ആർക്കെങ്കിലും സുഖക്കേടാവും. അടച്ചിട്ട മുറിയിൽ കിടന്ന് ഒരാളെങ്കിലും ഞെരങ്ങിക്കൊണ്ടിരിക്കും. മൈലാഞ്ചി അരച്ച് ഉരുളയാക്കിയപോലെ ഒരു ഉരുള പിഞ്ഞാണത്തിലിട്ട്, അതും ഒരു കുപ്പി നല്ലെണ്ണയുംകൊണ്ട് ആ തള്ള സീതയുടെ മുറിയിൽ കടക്കുന്നതു കണ്ടപ്പോൾത്തന്നെ ഞാൻ തീർച്ചയാക്കി സീതയ്ക്കു സുഖക്കേട് വർദ്ധിപ്പിക്കുമെന്ന്. പിറ്റേന്നാൾ രാവിലെ താൻ ഉണർന്നപ്പോൾ സീതയുടെ ഞെരക്കവും കരച്ചിലും കേട്ടു. രാവിലെ ആദ്യത്തെ ബസ്സ് ഓടുന്ന ശബ്ദം കേട്ടപ്പോഴാണ് താൻ ഉണർന്നത്. പാൽക്കാരുടെ സൈക്കിളുകളുടെ ഇടയ്ക്കിടയ്ക്കുള്ള മണികിലുക്കവും രണ്ടു കാക്കകളുടെ സംശയിച്ചുകൊണ്ടുള്ള കരച്ചിലും അമ്മയുടെ പരുക്കൻസ്വരവും അടുക്കളയിൽ കത്തുന്ന സ്റ്റൗവിന്‍റെ മങ്ങിയ മൂളലും എല്ലാം കേട്ട് രണ്ടു നിമിഷം താൻ മലർന്നുകിടന്നു. അപ്പോഴാണ് സീതയുടെ കരച്ചിൽ കേട്ടത്. താൻ ചെന്നു നോക്കിയപ്പോൾ സീതയുടെ വാതിൽ അടച്ചിരിക്കുന്നു. അകത്ത് സിന്ധുത്തായിയുടെ സംസാരം കേൾക്കുന്നുണ്ട്. തനിക്ക് അപ്പോൾ തലതരിക്കുന്നപോലെ ഒരു വല്ലായ്മ തോന്നി. അടുക്കളയിലേക്കു ചെന്നപ്പോൾ സുന്ദരിത്തായി കുനിഞ്ഞുനിന്ന് പാല് തിളപ്പിക്കുകയാണ്.
"എന്തിനാണ് സിന്ധുത്തായി രാവിലെ വന്നിരിക്കുന്നത്? തന്നോടു സുന്ദരിത്തായി ഒന്നും പറഞ്ഞില്ല. ഒരുപക്ഷേ, അടുത്ത് തളത്തിലിരുന്ന് ചായ കുടിക്കുന്ന അമ്മ കേട്ടെങ്കിലോ എന്നു പേടിച്ചിട്ടാവണം. അമ്മയെ അവിടെ എല്ലാവർക്കും പേടിയാണ്. പേടിയില്ലാത്ത ഒരാളുണ്ടായിരുന്നു. അത് സുന്ദരിയായ മീറാത്തായിയായിരുന്നു. മീറാത്തായിയുള്ളതു കാരണമാണ് ആരും തന്നെ അന്വേഷിച്ചു വരാത്തത് എന്നു തനിക്കു മനസ്സിലായിരുന്നു. എന്നും വൈകുന്നേരമായാൽ മീറാത്തായിയുടെ മുറിയിലേക്ക് പലരും വന്നുകൊണ്ടിരിക്കും. മീറാത്തായി നല്ല സാരിയുടുക്കണമെന്നൊന്നുമില്ല. താനും മറ്റുള്ളവരും ചെയ്യുന്നതുപോലെ അവൾ കസവു കിരീടം വെക്കുകയോ മുഖത്തു നിറച്ചു ചായമിടുകയോ ചെയ്യാറില്ല. എന്നാലും എല്ലാവർക്കും മീറാത്തായിയെ ആണ് ഇഷ്ടം. അതുകൊണ്ട് അമ്മയ്ക്കും അവളെ വളരെ ഇഷ്ടമായിരുന്നു. അമ്മ അവളോട് എന്നും ഉച്ചയ്ക്ക് ഉറങ്ങാൻ പറയാറുണ്ടായിരുന്നു. രാവിലെ ചായ കുടിക്കാൻ എല്ലാവരെയും പോലെ തളത്തിലേക്ക് മീറാത്തായി വരില്ല. ചൂടുവെള്ളത്തിലേ കുളിക്കുള്ളൂ. ഇതൊക്കെയായാലും മീറാത്തായിക്ക് ഈ വീടു പിടിച്ചില്ല. അതുകൊണ്ടാണ് മീറാത്തായി ഓടിപ്പോയത്. ചുരുണ്ട മീശത്തലപ്പുകളുള്ള ഒരു ചെറുപ്പക്കാരന്‍റെ കൂടെയാണ് മീറാത്തായി പോയത്. അയാളെ എന്നും തനിക്കത്ര പിടിച്ചിട്ടില്ല എന്നും അമ്മ പറയാറുണ്ടായിരുന്നു. മീറാത്തായിയോട് സംസാരിച്ചു കൊണ്ടേയിരിക്കുന്നു അയാൾ എന്ന് അമ്മ ആവലാതിപ്പെട്ടിരുന്നു. മുറികളുടെ ചുമരൊക്കെ കനം കുറഞ്ഞതായതുകൊണ്ട് സംസാരിക്കുന്നതൊക്കെ കേൾക്കാമായിരുന്നു. പക്ഷേ, വാക്കുകൾ മനസ്സിലാവില്ല. "എന്താ അയാൾ ഇങ്ങനെ വർത്തമാനം പറയുന്നത്? എന്തൊക്കെയാണ് പറയുന്നത്?" എന്ന് അമ്മ മീറാത്തായിയോട് ചോദിച്ചാലും അവൾ മിണ്ടാറില്ല. ചിരിച്ചുകൊണ്ട് ഉറങ്ങാൻ പോവുകയേയുള്ളൂ. മീറാത്തായി ഓടിപ്പോയപ്പോൾ അമ്മ ഭ്രാന്തുപിടിച്ചപോലെ ശുണ്ഠിയെടുത്തു. തന്നോടും സീതയോടും എല്ലാവരോടും. ശുണ്ഠി വന്നാൽ അമ്മ വല്ലാത്ത വിരൂപയായിത്തീരും. തുരുമ്പുപിടച്ച ആണികൾപോലുള്ള പല്ലുകളിൽ നിന്ന് ആ ചുണ്ടുകൾ ഉയർത്തിപ്പിടിച്ച്, കണ്ണുകൾ തുറിച്ച്, ഇമവെട്ടാതെ അടുത്തേക്കു വരും. എന്നിട്ട് തലമുടിയിൽ പിടിക്കും. കുപ്പിയിൽനിന്ന് വെള്ളം കുലുക്കിക്കളയുന്ന ശബ്ദത്തിൽ അസഭ്യവാക്കുകൾ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. ചിലപ്പോൾ അടുത്ത വീട്ടിൽനിന്ന് സ്ത്രീകൾ ഓടിവരും. വാതിൽ പൂട്ടിയതുകൊണ്ട് അഴികളുടെ അടുത്തുനിന്ന് ശ്രദ്ധിക്കും. അപ്പോഴൊക്കെ അമ്മ അവരോട് എതിർക്കാൻ ചെല്ലും: "എന്തിനാ ഏട്ടത്തീ, ഇങ്ങനെ തുള്ളുന്നത്? പോയി അല്പം കിടന്നാൽ മനസ്സു തണുക്കും" എന്നൊക്കെ അവർ പറയും. അപ്പോൾ അമ്മയുടെ ദേഷ്യം വർദ്ധിക്കും. "ഉപദേശിക്കാൻ നില്ക്കണ്ട. ഹാ!" എന്നൊക്കെ പറഞ്ഞു തുള്ളിത്തുടങ്ങും. അമ്മയ്ക്ക്, അല്ലെങ്കിലും അവരോടൊക്കെ ദേഷ്യമാണ്, ഈ വീട്ടിലെക്കു വരണ്ട, ഇവിടെയുള്ളവർക്കൊക്കെ രോഗങ്ങളാണ് എന്നൊക്കെ അവർ ആളുകളെ പറഞ്ഞു ധരിപ്പിക്കുകയാണ് എന്ന് അമ്മ പറഞ്ഞു. അതെല്ലാം സിന്ധുത്തായി അമ്മയോടു പറയാറുള്ളതാണ്. സിന്ധുത്തായി വന്നു പോവുമ്പോഴേക്കും വളരെയധികം ശത്രുക്കൾ അമ്മയ്ക്ക് ഉണ്ടായിക്കഴിഞ്ഞിരിക്കും.
"അനിയത്തീ, നിന്‍റെ മനസ്സ് ശുദ്ധമാണ്. അതുകൊണ്ടാണ് നിനക്ക് ഇതൊന്നും മനസ്സിലാവാത്തത്. അവരൊക്കെ പറഞ്ഞുനടക്കുന്നത് കേട്ടാലേ മനസ്സിലാവൂ. ഞാൻ പറഞ്ഞുതരാം. പക്ഷേ, എന്‍റെ പേര് പറയണ്ടാ. വിളിച്ചുചോദിച്ചോളൂ..." അങ്ങനെ അങ്ങനെ, ചായ കുടിക്കുന്നതിന്‍റെയും പുകയിലത്തിരകൾ നൂറിൽ കുഴയ്ക്കുന്നതിന്‍റെയും ഇടയിൽ സിന്ധുത്തായി പറഞ്ഞുകൊണ്ടിരിക്കും. തനിക്ക് അപ്പോഴൊക്കെ ആ തള്ളയെ പിടിച്ച് പുറത്താക്കാൻ തോന്നാറുണ്ട്. പ്രത്യേകിച്ച് സീത മരിച്ചതിനുശേഷം. സീത മരിച്ച വർത്തമാനം തന്നോട് സിന്ധുത്തായിയാണ് പറഞ്ഞത്. സീതയുടെ മുറിയിൽനിന്ന് പുറത്തുവന്ന് സ്വകാര്യം പറയുന്ന മട്ടിൽ അവർ പറഞ്ഞു:
"ലക്ഷ്മീ, അമ്മയെ വിളിക്കൂ. നമ്മുടെ സീത പൊയ്ക്കളഞ്ഞു." താൻ ഉടനെ ആ മുറിയിലേക്കു കടക്കുകയാണുണ്ടായത്. പക്ഷേ, ഇരുട്ടു പിടിച്ച ആ മൂലയിൽ കിടന്ന സീതയെ താൻ കണ്ടില്ല. തുണികളുടെ വെള്ളനിറമോ എന്തോ കണ്ടുവെന്ന് തോന്നുന്നു. എന്തായാലും താൻ മടങ്ങി, അമ്മയെ പോയി വിളിച്ചു. തിരക്കൊഴിഞ്ഞ തളത്തിൽകൂടെ നടന്ന് കൂടുപോലുള്ള വരാന്തയിൽ ചെന്നുനിന്നു താൻ സീതയെപ്പറ്റി ആലോചിച്ചു. പുറത്തുകൂടി അപ്പോൾ നീളം കൂടിയ ഒരു ട്രാം പോയിരുന്നു. ഉച്ചനേരത്തെ വെള്ള ആകാശം തന്‍റെ കണ്ണുകളെ വേദനിപ്പിച്ചു. വെള്ള തേച്ച ഒരു ചമരുപോലെയുണ്ട് ആകാശം എന്ന് ഒരിക്കൽ സീത തന്നോടു പറഞ്ഞത് താനപ്പോൾ ഓർത്തുപോയി. സീതയില്ലാത്ത.....
"പോസ്റ്റ്"തപാൽശിപായി ഒരു കത്ത് അഴികളുടെ ഉള്ളിലൂടെ വലിച്ചെറിഞ്ഞു. അവൾ അതെടുത്ത് അമ്മയുടെ കാൽക്കൽ ചെന്നിരുന്നു.
"ഇനി നിങ്ങളൊക്കെ പോയ്‌ക്കോളിൻ." അമ്മ പറഞ്ഞു: "ലക്ഷ്മീ, നിന്‍റെ ഉറക്കംതൂങ്ങൽ നിർത്തി നീ വായിക്ക്. സാവധാനം വായിക്ക്. എന്നാണ് അവൻ ഈ മഹാപാപിയായ അവന്‍റെ അമ്മയെ കാണാൻ വരുന്നതെന്ന് വേഗം പറ."
"എന്നും ജീവിക്കുന്ന അമ്മ. ഞാൻ അമ്മയുടെ കത്തു വായിച്ച് വളരെ ആലോചിച്ചു കരഞ്ഞു. ഞാൻ അറിവില്ലാതെ എഴുതിയതെല്ലാം ക്ഷമിക്കണം. ദീപാവലിക്ക് ഒഴിവു കിട്ടുമ്പോൾ ഞാൻ അമ്മയെ കാണാൻ വരാം. അമ്മ മഹാപാപിയാണെന്നും എനിക്കു തോന്നുന്നില്ല. ഈ ലോകത്തിൽ എല്ലാവർക്കും ഒരു തൊഴിലാവണമെന്നില്ല. ഈ ഹോട്ടലിൽ ഞാൻ ജോലിയെടുക്കുമ്പോൾ പലതും കാണുന്നു. സിനിമാക്കാരെയും നൃത്തം ചെയ്തും പാട്ടുപാടിയും പണമുണ്ടാക്കുന്നവരെയും സ്കൂളുകളിൽ പഠിപ്പിക്കുന്നവരെയും സ്കൂളിൽ പഠിപ്പിക്കുന്നവരെയും, സുഖക്കേടു മാറ്റുന്നവരെയും കക്കൂസുകൾ കഴുകുന്നവരെയും എല്ലാം ഞാൻ കാണുന്നു. എല്ലാവർക്കും ഒരു തൊഴിലല്ല. പക്ഷേ, എല്ലാവർക്കും ആവശ്യം റൊട്ടിയും കിടക്കാൻ ഒരു സ്ഥലവുമാണ്. എല്ലാവരും മനുഷ്യന്മാരാണ്. ഇതെല്ലാം എനിക്കു മനസ്സിലാക്കിത്തന്നത് ഇതിന്‍റെ ഉടമസ്ഥന്‍റെ മകനാണ്. വളരെ പഠിപ്പും ബുദ്ധിയും ഉള്ള ഒരാളാണ് അദ്ദേഹം. അമ്മയെപ്പറ്റി ആലോചിക്കുമ്പോൾ നാണിക്കുന്നു എന്ന് ഞാൻ എഴുതിപ്പോയി. അതുകൊണ്ട് ഞാനാണ് മഹാപാപി......"
"നോക്കൂ ലക്ഷ്മീ, അവൻ എഴുതിയിരിക്കുന്നതു നോക്കൂ... എന്‍റെ മകൻ..." അമ്മ തടിച്ചു കുലുങ്ങുന്ന നെഞ്ചിൽനിന്ന് സാരിയുയർത്തി മൂക്കുചീറ്റി തുടച്ച് പറഞ്ഞു:
"നോക്കൂ, ലക്ഷ്മീ, അവൻ എത്ര അറിവുള്ളവനായിത്തീർന്നിരിക്കുന്നു." അമ്മയുടെ കണ്ണുകളുടെ മൂലകളിൽനിന്ന് ഒരേ സമയത്ത് രണ്ടു തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു. അവൾ ആ കരയുന്ന മുഖം നോക്കാതെ പുറത്ത് അഴികളുടെ ഇടയിലൂടെ കാണുന്ന തെരുവിലേക്കു നോക്കി. ആകാശത്തിന്‍റെ വെള്ളനിറം അവളുടെ കണ്ണുകളെ വേദനിപ്പിച്ചു.
(1956)