മലഞ്ചെരിവുകളിൽ
അവൾ പെട്ടിയിൽ സാമാനങ്ങൾ അടുക്കിവയ്ക്കുമ്പോളാണ് അയാൾ വന്നത്. ഇലക്ട്രിക് വെളിച്ചം നിറഞ്ഞ ആ മുറിയിൽ ഈ സമയത്ത് അയാൾ വരുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ശബ്ദമുണ്ടാക്കാതെ, പെട്ടെന്ന്, അയാൾ വരികതന്നെ ചെയ്തു.
"എന്താണ് പെട്ടി ഒതുക്കുന്നത്?"
അവൾ ഭയത്തോടെ തലയുയർത്തി നോക്കി. വിളർത്ത ആ മുഖത്തിൽ കണ്ണുകൾ ജ്വലിക്കുകയാണ്. ചില്ലുപോലെയുള്ള ആ ദേഹവും എപ്പോഴും വിയർപ്പു പൊടിയുന്ന ആ നെറ്റിത്തടവും, കനമുള്ള തുണികൊണ്ട് അരയിൽ കെട്ടിയ ആ കെട്ടും ഒന്നുംതന്നെ കാണാതിരിക്കാൻ അവൾ മുഖം തിരിച്ചു. ക്ളോറോഫോമിന്‍റെ തണുത്ത ഗന്ധം ആ മുറിയിൽ പരന്നു.
"എന്നെ വിട്ടുപോവുകയാണോ?"
അപ്പോഴും അവൾ ഒന്നും പറഞ്ഞില്ല. ഭയം അവളുടെ നെഞ്ചിൽ ഒരു പക്ഷിയെപ്പോലെ ചിറകിട്ടടിച്ചു. എട്ടു രാത്രികളോളം തീരെ ഉറക്കവും വിശ്രമവും കിട്ടാതെ അവളുടെ കണ്ണുകൾ വേദനിച്ച്, മരവിച്ച്, തീരെ നിർജ്ജീവങ്ങളായിക്കഴിഞ്ഞിരുന്നു. എത്ര ശ്രമിച്ചിട്ടും അവൾക്ക് കണ്ണുകൾ അടയ്ക്കാൻ സാധിച്ചില്ല.
"പറയൂ, എന്നെ വിട്ടുപോവുകയാണോ?"
അവൾ പെട്ടി അടച്ച്, അതിന്മേൽ തലചായ്ച്ച് കരഞ്ഞു. കണ്ണുനീർത്തുള്ളികൾ അടർന്നു വീണില്ല; ശബ്ദമുണ്ടായില്ല. ക്ഷീണം അവളുടെ മേൽ, കനമുള്ള ഒരു പുതപ്പെന്നപോലെ വീണുകിടന്നു. ക്ലോറോഫോമിന്‍റെ ഗന്ധം അവൾക്ക് വീണ്ടും അനുഭവപ്പെട്ടു.
"നീ പോയാൽ ഞാൻ എന്തുചെയ്യും?"
അവൾ തലയുയർത്തി, അയാളുടെ വിളർത്ത നെറ്റിമേൽ വെള്ളത്തുള്ളികൾ പൊടിഞ്ഞുനിന്നിരുന്നു. ദയയുടെ ഒരല അവളുടെ ഉള്ളിൽ ഉയർന്നു, എന്നിട്ടും അവൾ ഒന്നും പറഞ്ഞില്ല. ചുമരിന്മേൽ തൂങ്ങിയിരുന്ന നാഴികമണിയുടെ പെൻഡുലം ആടുന്നില്ല. അതും മരിച്ചുവോ? –അവൾ ആലോചിച്ചു. ഇതെല്ലാം തന്നെ; അയാളെപ്പോലെ മരിച്ചിരിക്കുന്നുവോ? വെള്ളച്ചുമരുകളുള്ള ഈ ആസ്പ്രതി, ഇടയ്ക്കിടയ്ക്ക് ഈ മുറിയിലേക്ക് ഓടിവരുന്ന നേഴ്സുമാർ, ഈ കൂറ്റൻ നാഴികമണി–എല്ലാം തന്നെ മരിച്ചുവോ? എന്താണ് ഉണ്ടായത്....?
വാതിൽ ആരോ തള്ളിത്തുറന്നു.
"പുറപ്പെട്ടുവോ?"
അവളുടെ ഭർത്താവ് ചിരിച്ചുകൊണ്ട് അകത്തേക്കു വന്നു. അയാളുടെ കനത്ത കൈ അവളുടെ ചുമലുകളിൽ വന്നുവീണു. അവൾ മുറിയുടെ മൂലയിലേക്ക് നോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല. ആശ്വാസത്തോടെ അവൾ ഭർത്താവിനെ കെട്ടിപ്പിടിച്ചു.
"എന്തിനാണ് കരയുന്നത്? ഇവിടെനിന്നു പോയാൽ എല്ലാം സുഖമാവും. ഇത്രദിവസം നിന്നെ ഇവിടെ നിർത്തേണ്ടിയിരുന്നില്ല. ഓപ്പറേഷൻ കഴിഞ്ഞ് പിറ്റേന്നാളോ മറ്റോ കൊണ്ടുപോവാമായിരുന്നു." ഭർത്താവ് അവളെ സമാധാനിപ്പിക്കുമ്പോൾ അവലംബിക്കാറുള്ള മൃദുസ്വരത്തിൽ പറഞ്ഞുപോയി.
അവൾ പിറുപിറുത്തു: "എനിക്ക് പേടിയാവുന്നു."
"എന്താണ് പേടിക്കാനുള്ളത്? നീ വെറുതെ ഓരോന്ന് സങ്കല്പിച്ച് ഭയപ്പെടുകയാണ്. ഞാൻ പറയുന്നത് വിശ്വസിക്കൂ. അങ്ങനെ ഒരാളില്ല ഇവിടെ. പ്രേതങ്ങളിൽ കുട്ടികൾ മാത്രമേ വിശ്വസിക്കൂ. ക്ഷീണംകൊണ്ട് നിനക്ക് ഓരോന്ന് തോന്നുകയാണ്."
"പക്ഷേ..."
"എന്തു പക്ഷേ? ഇതൊക്കെ വീട്ടിലെത്തിയാൽ മാറും. വീണ്ടും നീ പഴയ ആളാവും. നിന്നെ കാണുമ്പോൾ ബേബിക്കുണ്ടാവുന്ന സന്തോഷം ആലോചിച്ചു നോക്കൂ..."
എപ്പോഴും ചിരിക്കുന്ന ബേബി, പച്ച ജനൽത്തിരശ്ശീലകളുള്ള കിടപ്പു മുറി. കാശിത്തുമ്പച്ചെടികൾ വരിവരിയായി വളരുന്ന തോട്ടം. ഭർത്താവും താനും ഒന്നിച്ചു ഭക്ഷണത്തിനിരിക്കുമ്പോൾ വാലാട്ടിക്കൊണ്ടുവരുന്ന നായ്ക്കുട്ടി... ഇതെല്ലാം അവൾ വീണ്ടും കാണാൻ പോവുകയാണ്. വീണ്ടും അവൾ സന്തോഷിക്കാൻ പോവുകയാണ്.
തണുത്തു മരവിച്ച മലഞ്ചെരിവുകളിൽ അലഞ്ഞു നടക്കുന്ന പ്രേതങ്ങളെയും കലർപ്പില്ലാത്ത ദുഃഖത്തെയും എല്ലാം വിട്ട് അവൾ വീണ്ടും പഴയമട്ടിലാവാൻ പോവുകയാണ്.
അവൾ മെല്ലെ ചിരിച്ചു.
"ധൈര്യമായി ഇരിക്കൂ. രണ്ടു മണിക്കൂറിനകത്തു നമുക്ക് വീട്ടിലെത്താം, ഞാൻ ഇപ്പോൾത്തന്നെ..."
അയാളുടെ സംസാരം നേർത്തു നേർത്ത് ഇല്ലാതെയായി. കാരണം, അവളുടെ കാതിൽ വന്നടിക്കുന്നതു വേറൊരു ശബ്ദമാണ്. കൂടിക്കൂടി വരുന്ന ഒരിരമ്പൽ. ഒരു യന്ത്രത്തിന്‍റേതാവാം. അല്ലെങ്കിൽ, കടലിന്‍റെയാവണം. അതു കൂടിക്കൂടി വന്ന് അവളുടെ ചെവികൾ തകർത്ത് വീണ്ടും ഉയരുകയാണ്.
"അയ്യോ!"
ശബ്ദം നിലച്ചു. അവൾ തണുത്ത പൂഴിയുള്ള കടൽവക്കത്തു മലർന്നു കിടക്കുകയാണ്. വല്ലാത്ത ക്ഷീണം. എല്ലുകളൊക്കെ ചതഞ്ഞു തകർന്നപോലെ. കടലിന്‍റെ വെള്ളം മേല്പോട്ട് പതുക്കെ കയറിത്തുടങ്ങിയിരിക്കുന്നു. അവളുടെ തലമുടിയൊക്കെ നനയുന്നുണ്ടായിരുന്നു. എന്നാലും ആകെക്കൂടി ഒരു സുഖം. ആകാശം എത്രയോ ദൂരെ, ലോകം മുഴുവൻ അവളുടേത്. ഇതാണ് വിശ്രമം.
നീലമലകളുടെ ചെരിവുകളിൽക്കൂടി, വിളർത്ത ഒരു രൂപം നടന്നു വരുന്നു. തണുത്ത വിരലുകളുടെ സ്പർശമേറ്റപ്പോൾ അവൾ ചോദിച്ചു: "നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്?"
അവരുടെ ചുറ്റും നിറങ്ങൾ മാറിക്കൊണ്ടിരുന്നു. അടുത്തു നില്ക്കുന്ന മലമുടികളുടെയിടയിൽ കുടുങ്ങിയ മേഘങ്ങൾ പൊന്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. വെള്ളച്ചാട്ടങ്ങൾ മൂടൽമഞ്ഞ് നിറഞ്ഞ ചെരിവുകളിലേക്കു കുതിച്ചുകൊണ്ടിരുന്നു.
"നിനക്ക് എന്തു വിട്ടുപോരാനാണ് ഇത്ര മടി?"
അർത്ഥമില്ലാത്ത നേരമ്പോക്കുകൾ പറഞ്ഞു ചിരിക്കാറുള്ള ചില വൈകുന്നേരങ്ങളിൽ, കിടന്നു കാലുകളിട്ടടിക്കുന്ന ഒരു ചെറിയ കുട്ടി, രാത്രികളിൽ തന്‍റെമേൽ വിശ്രമിക്കുന്ന ഒരു കനത്ത കൈ, സന്തോഷം... എന്താണ് പറയേണ്ടതെന്ന് അവൾക്കറിഞ്ഞുകൂടാ.
"ഇവിടെ എല്ലാം തണുത്തിരിക്കുന്നു, എല്ലാം."
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവൾ വീണ്ടും പറഞ്ഞു: "എനിക്കു ദുഃഖത്തിനെ പേടിയാണ്."
"ദുഃഖംമാത്രം തരാനേ എനിക്കു കഴിവുള്ളൂ. മരിച്ച ഒരു വികാരമാണ് ദുഃഖം. സന്തോഷം മരിക്കുമ്പോഴല്ലേ ദുഃഖം വരുന്നത്? ഞാൻ നിനക്ക്..."
"നിർത്തൂ." അവൾ കണ്ണുകളടയ്ക്കാൻ ശ്രമിച്ചു. ഇതെല്ലാം സ്വപ്നമാണെങ്കിലോ താൻ അമ്മയുടെ അടുത്ത കട്ടിലിന്മേൽ തലയിണ കെട്ടിപ്പിടിച്ച് കിടക്കുകയാവണം. ഉണരുമ്പോൾ കുത്താൻവരുന്ന കാട്ടു പോത്തുകളുമില്ല, കാലിനടിയിലേക്ക് ഇഴയുന്ന പാമ്പുകളുമില്ല, പൊട്ടിച്ചിരിക്കുന്ന ഭ്രാന്തനുമില്ല. ഒന്നുമില്ല. "ഇതൊരു സ്വപ്നമായിരിക്കണം..."
"സ്വപ്നങ്ങളാണ് എന്നും നിലനില്ക്കുന്നത്. മറ്റെല്ലാം നശിച്ചുപോവുമ്പോഴും സ്വപ്നങ്ങൾ നമ്മുടെ കൂടെ നില്ക്കുന്നു. നീ കുട്ടിക്കാലം മുതല്‌ക്കേ കണ്ട സ്വപ്നങ്ങൾ മരണത്തിന്‍റെ ഓരോ കഷണങ്ങളായിരുന്നു..."
"നിർത്തൂ."
വെള്ളിനിറത്തിലുള്ള മേഘങ്ങൾ പഞ്ഞിക്കഷ്ണങ്ങൾപോലെ പൊങ്ങിപ്പറന്നുകൊണ്ടിരുന്നു. അവയുടെ വെളിച്ചത്തിൽ അയാളുടെ മുഖം കൂടുതൽ വിളർത്തു.
അവൾ കണ്ണുകൾ മുറുക്കി അടച്ചു. കണ്ണടച്ചാൽ വെളിച്ചം മുഴുവൻ പുറത്താണല്ലോ, കണ്ണിന്‍റെയുള്ളിൽ കറുത്ത ആകാശമാണ്. വെള്ളിച്ചിറകുകളുള്ള പക്ഷികൾ ഇടയ്ക്കിടയ്ക്കുമാത്രം ആകാശത്തിൽക്കൂടി വേഗത്തിൽ പറന്നുപോവും. ഒരുപക്ഷേ, അത് ആകാശമാവില്ല. കടലാവാം. എങ്കിൽ വേഗത്തിൽ പറക്കുന്ന ആ വെള്ളിക്കഷ്ണങ്ങൾ തോണി കളാവണം...
"ദയവുചെയ്ത് ഇതൊന്നു കുടിക്കൂ, ദയവുചെയ്ത്..."
കണ്ണുകൾ മിഴിച്ചപ്പോൾ, ഒരു കൈയിൽ പൊടിയും മറ്റേ കൈയിൽ വെള്ളവുമായി നില്ക്കുന്ന നേഴ്സിനെയാണ് അവൾ കണ്ടത്. തലയ്ക്കൽ ഇരുന്നിരുന്ന ഭർത്താവ് പറഞ്ഞു: "നിനക്കു തലതിരിഞ്ഞു. സാരമില്ല."
അവൾ മെല്ലെ നെറ്റിത്തടം തൊട്ടുനോക്കി. വേദന.
"വേദന!"
"സാരമില്ല. നമുക്ക് വേഗം വീട്ടിലേക്കു പോവാം."
"ഞാൻ..."
അവൾ നന്ദിയോടെ അയാളുടെ കൈവിരലുകൾ തൊട്ടു: "ഞാൻ ഇനി ഈ ഗുളിക കഴിക്കുന്നില്ല. വെറുതെ ഉറങ്ങിയിട്ടെന്താണ് ഫലം?"
"പക്ഷേ..."
"എനിക്കു ഭ്രാന്തൊന്നുമല്ല ഡോക്ടർ."
"ആരു പറഞ്ഞു, ഭ്രാന്താണെന്ന്?"
"ക്ഷീണംകൊണ്ടാണ് ഇതൊക്കെ. വീട്ടിലെത്തിയാൽ–"
"ഉറക്കം വരുന്നുണ്ടെന്നു തോന്നുന്നു...."
"എന്‍റെ അഭിപ്രായത്തിൽ എന്തോ കണ്ടു പേടിച്ചതാണ്. ഇവിടെ..."
"വിഡ്ഢിത്തം പറയാതിരിക്കൂ, നേഴ്സ്..."
സംസാരങ്ങൾ നേർത്തുനേർത്ത് ഇല്ലാതായി.
ഉറക്കം കഴിഞ്ഞ് ഉണർന്നപ്പോൾ അവൾ പറഞ്ഞു: "ഞാൻ സ്വപ്നം കണ്ടില്ല."
ഭർത്താവ് ചിരിച്ചു.
"വരൂ, നമുക്ക് പോവാം."
കോണിപ്പടിയിറങ്ങുമ്പോൾ നേഴ്സ് അവളുടെ ചെവിയിൽ പറഞ്ഞു: "ഒരു തകിടെഴുതിക്കെട്ടാൻ മറക്കരുത്. നിങ്ങളുടെ നാട്ടുകാർ നല്ല മന്ത്രവാദികളല്ലേ...?"
കാറിൽക്കയറി ചാരിക്കിടന്നുകൊണ്ട് അവൾ പറഞ്ഞു: "എനിക്ക് സ്വപ്നങ്ങൾ ഇഷ്ടമില്ല."
അയാൾ ഒന്നും പറഞ്ഞില്ല. കാറോടിക്കുമ്പോൾ അധികം സംസാരിക്കുക അയാളുടെ പതിവല്ലായിരുന്നു. അതുകൊണ്ട് അവൾ വീണ്ടും പറഞ്ഞു: "ബേബി ഉറക്കത്തിൽ എന്തിനാണ് ചിരിക്കാറുള്ളത്?"
അവൾ ചിരിച്ചു. വരിതെറ്റാത്ത ആ വലിയ പല്ലുകൾ മുമ്പിലുണ്ടായിരുന്ന ചെറിയ കണ്ണാടിയിൽ പ്രതിഫലിച്ചു.
"നമുക്ക് ഇനിയും കുട്ടികൾ വേണം."
"ഉം."
"നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയും."
"ഉം."
കുട്ടികൾ നിറഞ്ഞ ഒരു വീട്ടിൽനിന്ന്, ഇത്രയധികം സ്നേഹത്തിൽ നിന്ന്, ചിരികളും കിക്കിളിപ്പെടുത്തുന്ന ചുംബനങ്ങൾ നിറഞ്ഞ ജീവിതത്തിൽനിന്നു തന്നെ ആർക്കാണ് എടുത്തുകൊണ്ടു പോവാൻ സാധിക്കുക? അവൾ സന്തോഷത്തോടെ ചിരിച്ചു.
"പ്രേതങ്ങളെ ഉപദ്രവിക്കാൻ നമുക്ക് സാധിക്കുമോ അവരെ അടിച്ചോടിക്കുവാൻ സാധിക്കുമോ?"
"ഛേയ്, ഞാൻ പറഞ്ഞില്ലേ, അങ്ങനെയൊന്നും ഇല്ലായെന്ന്."
"ഞാൻ വെറുതെ ചോദിച്ചതാണ്. എനിക്കും അറിയാം ഇല്ലെന്ന്...”
"ക്ഷീണമുണ്ടെങ്കിൽ നീ കണ്ണടച്ച് ഉറങ്ങിക്കൊള്ളൂ. വീടെത്തിയാൽ ഞാൻ ഉണർത്താം."
അവൾ കണ്ണടച്ചു. പുറത്തെ തെരുവുകളിലെ വെളിച്ചങ്ങൾ അവളുടെ കണ്ണുകളിലേക്ക് എന്നിട്ടും കടന്നുകൊണ്ടിരുന്നു. ഉറക്കം ഒരു മൂടൽ പോലെ ഇടയ്ക്കിടയ്ക്ക് വന്നു പരന്നു. കുറേ കൊല്ലങ്ങൾക്കു മുമ്പുണ്ടായ ഒരു ദിവസം അപ്പോൾ അവൾക്ക് ഓർമ്മവന്നു. യാതൊരുവിധ സൗന്ദര്യമോ പ്രത്യേകതയോ ഇല്ലാത്ത ഒരു സാധാരണ ദിവസം. പക്ഷേ, അതിന്‍റെ ഓർമ്മകളെ അവൾ ഒരു പൂവിനെയെന്നപോലെ മണത്തുനോക്കി സന്തോഷിച്ചു... വെയിൽ പരന്ന ഒരു മദ്ധ്യാഹ്നം. ബുദ്ധമതക്കാരുടെ ഒരു ക്ഷേത്രത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന കാറിൽ, മുമ്പിലത്തെ സീറ്റിൽ ഡ്രൈവറുടെ ഇടതുഭാഗത്ത് അവളിരിക്കുകയാണ്. പിന്നിലെ സീറ്റിൽ അമ്മയും അച്ഛനും. ചൂടുകൊണ്ട് പനിപിടിച്ച തെരുവുകൾ. കാറിന്‍റെ ചില്ലുകളിൽ വെള്ളിരേഖകൾ വരയ്ക്കുന്ന വെയിൽ, കണ്ണുകളിൽ കനത്തോടെ വന്നുവീഴുന്ന ഉറക്കം, ഓടിക്കൊണ്ടിരിക്കുന്ന കാറ്... സന്തോഷം അങ്ങനെയാണോ? പേരില്ലാതെ, ഒരറിയിപ്പും തരാതെ, യാതൊരു ഘോഷവും കൂടാതെ വന്നെത്തുന്ന ഒരതിഥി? പെട്ടികളും സാമാനങ്ങളുമായി, പടിവാതിൽ കടന്ന്, തെരുവിലൂടെ മടങ്ങുന്ന രൂപം നോക്കി അയാൾ പറയുന്നു: "അതായിരുന്നു സന്തോഷം.”
"നീ എന്താണ് പറഞ്ഞത്? ഞാൻ കേട്ടില്ല." ഭർത്താവ് ചോദിച്ചു.
"ഞാനോരോന്ന് ആലോചിക്കുകയായിരുന്നു."
"എന്തിനെപ്പറ്റി?"
"ഞാൻ പണ്ടു കണ്ട ഒരമ്പലത്തിനെപ്പറ്റി."
അയാൾ ചിരിച്ചു.
"അവിടേക്കു നീ ഉടുത്തുപോയ സാരിയെപ്പറ്റി, അല്ലേ?" അവളുടെ വിചാരങ്ങൾകൂടി വളരെ എളുപ്പത്തിൽ തനിക്കു മനസ്സിലാവുമെന്ന് അയാൾ പറയാറുള്ളത് അവൾക്ക് ഓർമ്മവന്നു. കണ്ണാടിയിൽ കാണുന്ന ചിരിനോക്കി അവൾ പറഞ്ഞു: "അതെ, നിങ്ങൾക്കെങ്ങനെ മനസ്സിലായി?"
അയാൾ ചിരിച്ചു. കാറ് ഒരു വളവുതിരിഞ്ഞ് വലിയ തെരുവിലേക്കെത്തി, തന്‍റെ വിചാരങ്ങൾ പറഞ്ഞാൽ അയാൾക്കു മനസ്സിലാവുമോ? അവൾ ആലോചിച്ചു. ഇല്ലെങ്കിൽ, പെട്ടിയുടെ അടിയിൽ കിടക്കുന്ന ഒരു ചന്ദനമുരുളയെപ്പോലെ, തന്‍റെ ഓർമ്മകളെ അയാൾക്ക് എടുത്തു കാണിച്ചിട്ട് എന്തു ഫലം? ഇളം ചുവപ്പുനിറത്തിലുള്ള ഒരു അമ്പലം. ചുറ്റുമുള്ള ചവിട്ടുപടികളിന്മേൽ ചിതറിക്കിടക്കുന്ന പല വലിപ്പത്തിലുള്ള ചെരിപ്പുകൾ, നദിയുടെ വക്കത്തുകൂടി ചെരുപ്പുകളിടാത്ത കാലടികളോടെ സാവധാനത്തിൽ നടക്കുന്ന സന്ന്യാസികൾ: പുൽത്തകിടിയിൽ ഇരുന്നു വർത്തമാനം പറയുന്ന അമ്മ, ചിരിക്കുന്ന അച്ഛൻ. ഇവയെല്ലാം കൂട്ടിയാലും, അയാളുടെ കണ്ണിന്‍റെ മുമ്പിൽ ആ ദിവസത്തെ കാഴ്ച വയ്ക്കുവാൻ തനിക്കു കഴിയില്ല. കാരണം, അയാൾ സ്വാഭാവികമായ അക്ഷമയോടെ ചോദിച്ചു: "എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി? ഒന്നുമുണ്ടായില്ല. ചിത്രങ്ങൾ കൂടിക്കൂടി വന്നു. മരിച്ച ദിവസങ്ങൾ ഓരോന്നും ഓർമ്മകളായി അവശേഷിച്ചു. നിറങ്ങൾ, സ്വരങ്ങൾ, ഗന്ധങ്ങൾ എല്ലാംതന്നെ മറഞ്ഞുപോയി. എന്നിട്ടും താൻ ഇടയ്ക്കിടയ്ക്ക് അവയെ ഓർമ്മിക്കുന്നു. അപ്പോൾ മരണം ഒരവസാനിക്കലല്ല.
"മരണം ഒരു തുടക്കവുമല്ല, ഒരവസാനവുമല്ല. ജീവിതത്തിന്‍റെ മുന്നിലേക്കും പിന്നിലേക്കും അതു പരന്നുകിടക്കുന്നു."
വിളർത്ത മുഖമുള്ള ഒരാൾ തന്നോടു പറയുകയാണ്. അന്ന്, ജനലിലൂടെ കടന്ന നിലാവെളിച്ചം തന്‍റെ കിടക്കമേൽ വീണുകിടന്നു. പുറത്തു വരാന്തയിൽ നേഴ്സുമാരുടെ സംസാരം നിലച്ചുകഴിഞ്ഞിരുന്നു. ഭയം കൊണ്ട് താൻ തലയിണയിൽ മുഖമമർത്തി, അപ്പോൾ അയാൾ പറഞ്ഞു: "ഞാൻ നിന്നെ സ്നേഹിക്കുന്നു..."
ഓർമ്മകൾ മാറ്റാൻ ശ്രമിച്ചുകൊണ്ട് അവൾ ഭർത്താവിന്‍റെ നേർക്ക് തിരിഞ്ഞു: "വീട്ടിലെത്തുവാൻ എനിക്കു ധൃതിയായി."
അയാൾ ചിരിച്ചു.
"നിങ്ങളുടെ ഈ ചിരി എനിക്കു വളരെ ഇഷ്ടമാണ്. ശബ്ദമുണ്ടാക്കാതെ, സാവധാനത്തിൽ മുഖത്തു പരന്ന് വേഗത്തിൽ മറയുന്ന ഈ ചിരി."
അത്ര പറഞ്ഞ് അവൾ നിർത്തി. പക്ഷേ, പറയാൻ വളരെയധികം ഉണ്ടായിരുന്നു. പണ്ട് മധുവിധുകാലത്ത് കടൽക്കരയിൽ അടിച്ചലറുന്ന തിരയുടെ മുമ്പിൽ നിന്നുകൊണ്ട് തല പിന്നോക്കമെറിഞ്ഞ് അയാൾ പൊട്ടിച്ചിരിച്ചത്. ഒരു ഒഴിവുദിവസം മൈതാനത്തിൽ പോയി കുട്ടികളെപ്പോലെ അവർ രണ്ടാളും പട്ടം പറപ്പിച്ചു കളിച്ചത്, കാറ്റിൽ അയാളുടെ തലമുടി പറന്നു കണ്ണുകളിൽ വീണത്... എന്തെല്ലാം പറയാനുണ്ടായിരുന്നു. പക്ഷേ, അവൾ പറഞ്ഞു: "ഞാൻ നിങ്ങളെ വളരെ സ്നേഹിച്ചിട്ടുണ്ട്."
"ഇപ്പോഴോ?"
"ഇപ്പോഴും."
അതു പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഇടറി. തലേന്നാൾ...
"ഇതാ വീടെത്താറായി." വീടിന്‍റെ മുമ്പിലുള്ള ചെറിയ തെരുവിലേക്ക് അവർ കടന്നു. വലിയ വിളക്കുകളുള്ള ഒരു ലോറി എതിരേ കുതിച്ചു വരുന്നതു കണ്ട് അവൾ പറഞ്ഞു: "സൂക്ഷിച്ചോളൂ, ഭ്രാന്തന്മാരാണ് ഈ ലോറി ഓടിക്കുന്നവർ."
വെളിച്ചവും ശബ്ദവും അടുത്തടുത്തു വന്നു. കാറ് ഒരു ഭാഗത്തേക്ക് ചെരിക്കുന്ന ഭർത്താവിനോട് അവൾ വീണ്ടും പറഞ്ഞു: "സൂക്ഷിക്കണേ..."
അപ്പോഴാണ് ആ ലോറി ഓടിക്കുന്ന ആളുടെ മുഖം അവൾ കണ്ടത്. വിളർത്ത മുഖത്തിൽ ജ്വലിക്കുന്ന കണ്ണുകൾ, വിയർപ്പുപൊടിയുന്ന നെറ്റിത്തടം...
"അയ്യോ!"
തീജ്ജ്വാലകൾ കെട്ടു ദേഹം കരിയിപ്പിക്കുന്ന ചൂടു നിലച്ചു. അവൾ കണ്ണു തുറന്നു.
ക്ളോറോഫോമിന്‍റെ തണുത്ത മധുരമായ മണം പരക്കുകയാണ്.
"ഞാൻ ആസ്പത്രിയിലാണോ?" അടുത്തിരുന്നിരുന്ന ആൾ ചിരിച്ചു. അയാളുടെ കൈപിടിച്ച് എഴുന്നേറ്റുനിന്നപ്പോൾ അവളും ചിരിച്ചു. കാരണം, ആകാശത്തിൽ വെള്ളിമേഘങ്ങൾ പറക്കുന്നുണ്ട്. വെള്ളച്ചാട്ടങ്ങൾ മൂടൽമഞ്ഞ് തങ്ങിനില്ക്കുന്ന ചെരിവുകളിലേക്കു കുതിച്ചു ചാടുകയാണ്. മരണംപോലെ അവസാനമില്ലാത്ത ഒരു നീലനദി എങ്ങോട്ടോ ഒഴുകിക്കൊണ്ടിരുന്നു...
സന്തോഷം: ഒരർത്ഥമില്ലാത്ത വാക്കാണത്.
(1956)