തരിശുനിലം
എട്ടു കൊല്ലങ്ങൾക്കു ശേഷം അവർ വീണ്ടും തമ്മിൽ കാണുകയായിരുന്നു. സ്നേഹിക്കുന്നവരുടെ നാട്യത്തിലല്ല, പക്ഷേ, ഒരിക്കൽ സ്നേഹിച്ചിരുന്നവരുടെ നാട്യത്തിൽ. അതുകൊണ്ട്, കുറച്ചു നിമിഷങ്ങളോളം യാതൊന്നും പറയാതെ അന്യോന്യം നോക്കിനില്ക്കുവാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അവർ അതിനു ധൈര്യപ്പെടാതെ ആ മൗന ത്തെ ചില്ലറ വാക്കുകൾകൊണ്ട് തകർത്തു.
"ഞാൻ വരാൻ വൈകിയോ?"
"ഇല്ല, ഞാൻ ഇപ്പോൾ എത്തിയിട്ടേയുള്ളു." അവൾ പറഞ്ഞു. അര മണിക്കൂറോ അതിലധികമോ താൻ ആ മൈതാനത്തിൽ അങ്ങോട്ടു മിങ്ങോട്ടും നടന്നു ചെലവഴിച്ചത് അവൾ അയാളെ അറിയിക്കാൻ ഇഷ്ടപ്പെട്ടില്ല. ഇത്ര കൊല്ലങ്ങൾക്കു ശേഷവും താൻ അയാളെ ജീവിതത്തിനെക്കാൾ അധികം സ്നേഹിക്കുന്നുവെന്നു മനസ്സിലായാൽ അയാൾ തന്നെ വെറുത്താലോ? അവർക്ക് തമ്മിലുണ്ടായിരുന്ന സ്നേഹത്തെ വെറും ഒരു കുട്ടിക്കളി എന്നല്ലേ അയാൾ വിളിച്ചത്. ആ കത്ത്...
"നമുക്ക് എവിടെയെങ്കിലും കുറച്ച് ഇരിക്കാം." അയാൾ പറഞ്ഞു. അവൾ തന്‍റെ വിറയ്ക്കുന്ന കൈവിരലുകളെ സാരിത്തലപ്പുകൊണ്ടു മറയ്ക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.
"ഞാൻ നനവില്ലാത്ത ഒരു സ്ഥലം കണ്ടുപിടിക്കാം." അവൾ ചിരിച്ചു. കരച്ചിലിന്‍റെ ഛായയുണ്ടായിരുന്നു അവളുടെ ചിരിക്ക്. അത് അയാൾ കണ്ടുവെങ്കിലും, അയാളുടെ മുഖഭാവം മാറിയില്ല. ഞാൻ നന്നായി അഭിനയിക്കുന്നുണ്ട്. അവൾ തന്നത്താൻ പറഞ്ഞു. എന്‍റെ ഹൃദയത്തിന്‍റെ മൂടുപടങ്ങൾക്കുള്ളിലൂടെ അയാൾക്ക് ഒന്നും കാണാൻ കഴിയില്ല. അതു കൊണ്ട് വീണ്ടും ഒരു കുടുക്കിൽപ്പെടുത്തുവാൻ അവൾ തന്നെ ക്ഷണിച്ചു വരുത്തിയതാണെന്ന് അയാൾക്ക് ഇനി പറയാൻ കഴിയില്ല. ഒരു കാലത്ത് തീരെ അവസാനിക്കാത്തതായി തോന്നിയിരുന്ന അവരുടെ പ്രേമബ ന്ധത്തിൽനിന്നും അയാൾ സ്വതന്ത്രനായി, എന്തുകൊണ്ട് തനിക്കും വിജയിച്ചു കൂടാ? എന്‍റെ ജീവിതംമാത്രമല്ല, നിന്‍റേതുകൂടി നശിപ്പിക്കുവാനാണ് നീ ശ്രമിക്കുന്നത്. അന്ന് ഉണ്ടായതെല്ലാം മറക്കണം. ഇനിയും തമ്മിൽ കാണണമെന്ന് നീ ശഠിക്കുന്നത് തെറ്റാണ്. ഇത്രകാലം ധൈര്യത്തോടെ അനുഷ്ഠിച്ചുവന്ന ഒരു വ്രതം പെട്ടെന്ന് അവസാനിപ്പിക്കണോ?" അയാൾ എഴുതിയിരുന്നു. അവൾ അതിനു മറുപടിയായി എഴുതി: "ഒരു കാമുകനാക്കാനൊന്നുമല്ല ഞാൻ നിങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. വെറുതെ ഒന്നു കാണുവാൻ മാത്രം..."
“ഞാൻ വന്നുവല്ലോ. ഇനി എന്താണ് വേണ്ടത്?" അയാൾ ഒരു ഉറുമാലെടുത്ത് തന്‍റെ മുഖം തുടച്ചു. അയാളുടെ ഇടത്തേ കൈയുടെ ഒരു വിരലിൽ കിടന്നിരുന്ന ഉരുളൻ വിവാഹമോതിരം അവളുടെ കണ്ണിൽപെട്ടു. അവൾ കണ്ണുകൾ താഴ്ത്തി, ചിരിക്കുവാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു: "ഒട്ടും പേടിക്കണ്ട. ഞാൻ കരയാനും ആവലാതിപ്പെടാനും ഭാവമില്ല. അതെല്ലാം ഞാൻ എട്ടു കൊല്ലങ്ങൾക്കുമുമ്പ് നിങ്ങളുടെ കത്ത് വായിച്ച പ്പോൾ കഴിച്ചു. ഇപ്പോൾ അതാലോചിച്ച് എനിക്ക് ചിരിയാണ് വരുന്നത്."
അയാൾ അതു കേട്ടപ്പോൾ ചിരിച്ചില്ല. തന്‍റെ കൈയിലുള്ള ഉറുമാലെടുത്ത് അടുത്തു കണ്ട ഒരു കരിങ്കൽതിണ്ണമേൽ വിരിച്ചുകൊണ്ട് അയാൾ അവളോട് ഇരിക്കുവാൻ പറഞ്ഞു. ആ കല്ലിന്മേൽ ഒരാളുടെ പേരും ചില തീയതികളും കൊത്തിയിട്ടുണ്ടായിരുന്നു. അത് ഒരു ശ്മശാനക്കല്ലാണെന്ന് അറിഞ്ഞിട്ടും അവൾ അതിന്മേൽ ഇരുന്നു; അയാൾ അടുത്തുള്ള മറ്റൊന്നിന്മേലും. അവരുടെ മുമ്പിൽ ഒരു കരിങ്കൽമതിലിനു മപ്പുറത്തായി, കടൽത്തിരകൾ ഇളകുന്നുണ്ടായിരുന്നു. കറുത്ത പാറക്കഷ്ണങ്ങൾക്കിടയിലൂടെ ഇടയ്ക്കിടയ്ക്ക് നുരയും പതയുമായി ഓടിക്കയറുന്ന ചെറിയ തിരകളെ നോക്കിക്കൊണ്ട് അവർ വളരെ നേരം നിശ്ചലരായി ഇരുന്നു. ഒടുവിൽ അയാൾ തന്‍റെ അല്പം പരുത്ത സ്വരത്തിൽ ചോദിച്ചു:
"ഒന്നും പറയാനില്ലേ?"
"ഒന്നു ചോദിക്കണമെന്നുണ്ട്."
"ഊം–?"
"എന്നെ വെറുത്തുതുടങ്ങിയോ?"
"എന്തിന്?"
"ഒരിക്കൽ സ്നേഹിച്ചിരുന്നതുകൊണ്ട്."
അയാൾ അല്പം ക്രൂരതയോടെ പൊട്ടിച്ചിരിച്ചു. എന്നിട്ട് തന്‍റെ കോട്ടിന്‍റെ കീശയിൽനിന്ന് ഒരു സിഗററ്റ് എടുത്ത് കൊളുത്തിക്കൊണ്ട് പറഞ്ഞു: "നിനക്കു ഭ്രാന്താണ്. നീ പറയുന്നതിന്‍റെ അർത്ഥം ആർക്കും മനസ്സിലാവില്ല."
"നിങ്ങൾക്കും മനസ്സിലാവില്ലേ?" അവളുടെ ആത്മാഭിമാനം വീണ്ടും അയാളുടെ മുമ്പിൽ മുട്ടുകുത്തുകയായിരുന്നു. അതെ, അവൾ വിചാരിച്ചു: തനിക്ക് ഭ്രാന്താണ്. താൻ ചെയ്യുന്നതിലും പറയുന്നതിലും എല്ലാം കൃത്രിമത്വമുണ്ട്... അങ്ങനെ ആ പഴയ ആക്ഷേപങ്ങൾ മുഴുവൻ അയാൾ ആവർത്തിച്ചേക്കാം. പക്ഷേ, ഒരപരിചിതയായി കണക്കാക്കുന്ന അയാൾക്ക് ഇനി അവളോടു കോപിക്കുവാൻ കഴിയില്ലായിരിക്കും. അവളെ ഒന്നു ദേഷ്യപ്പെട്ടാൽ, അവളെ നിന്ദിക്കുവാൻവേണ്ടി അയാൾ പണ്ടത്തെപ്പോലെ കാരണങ്ങൾ തിരഞ്ഞുണ്ടാക്കിയാൽ, അവൾ സന്തോഷിക്കുമായിരുന്നു. കാരണം, പണ്ടത്തെ ആ ദിവസങ്ങളുടെ ഒരു ഏക ദേശരൂപമെങ്കിലും ഈ ദിവസത്തിനു വരുത്തുവാൻ അങ്ങനെ അവൾക്കു കഴിയും. അയാളുടെ സ്നേഹം അങ്ങനെയായിരുന്നു: എല്ലായ്പോഴും കുറ്റപ്പെടുത്തിക്കൊണ്ട്, നിന്ദിച്ചുകൊണ്ട്. അവനവനെത്തന്നെ വെറുത്തു ശീലിച്ച അയാൾ അവളെ വെറുക്കുവാൻ കാരണങ്ങൾ തേടിക്കൊണ്ടിരുന്നു. തന്നെ സ്നേഹിച്ചുതുടങ്ങിയതും അവളുടെ ഒരു കുറ്റമായി അയാൾ കണക്കാക്കി. പക്ഷേ, ആ തർക്കങ്ങൾക്കവസാനമായി, ദയ നീയമായി കരഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ കാല്ക്കൽവീണ് അയാൾ ആ കാൽവിരലുകളെ ചുംബിക്കും...
"പറഞ്ഞോളൂ, ഞാൻ ഭ്രാന്തത്തിയാണെന്ന്. അതുകൊണ്ടാണ് ഞാൻ തലമുടി പിന്നോക്കം ചീകുന്നത്, ഇംഗ്ലീഷിൽ സംസാരിക്കുന്നത്, നിങ്ങളെ..."
അയാൾ സിഗററ്റ് വലിച്ചെറിഞ്ഞ്, ചിരിച്ചു.
"എനിക്ക് നിന്നോട് അനുകമ്പമാത്രമേ തോന്നുന്നുള്ളൂ. ഒരു സാധാരണസ്ത്രീയായി ജനിക്കുവാൻകൂടി കഴിഞ്ഞില്ലല്ലോ നിനക്ക്."
അതിന് അവൾ മറുപടി പറഞ്ഞില്ല. അയാൾ വലിച്ചെറിഞ്ഞ സിഗററ്റിന്‍റെ അറ്റത്തുനിന്നു പുക ഉയരുന്നതും നോക്കിക്കൊണ്ട് അവൾ ആലോചിച്ചു: ശരിയാണ്, ആരെയും തോല്പിക്കുന്ന തന്‍റെ നാട്യങ്ങളിൽ ക്കൂടിയും കാണുവാൻ, തന്‍റെ വളർച്ചയെത്താത്ത ആത്മാവിന്‍റെ നഗ്നതയിലേക്ക് കണ്ണോടിക്കുവാൻ, അയാൾക്ക് എന്നും കഴിഞ്ഞിരുന്നു. ഇംഗ്ലീഷ് രീതികളും ആ ഭാഷയിലുള്ള കഴിവും അവൾ തന്‍റെ രാജ്യത്തിനോട് സ്നേഹമില്ലാത്തതുകൊണ്ട് വളർത്തിപ്പോന്നതല്ല എന്നു മറ്റാർക്കാണ് മനസ്സിലായത്. അവൾക്ക് പരിചയമുള്ള സ്ത്രീകളിൽനിന്ന് അല് പം അകന്നു നില്ക്കുന്നത് അവളുടെ ഡംഭുകാരണമല്ല, പക്ഷേ, അവർ തന്‍റെ വ്യത്യസ്തത മനസ്സിലാക്കി തന്നെ വെറുത്തുതുടങ്ങുമെന്ന് ഭയന്നിട്ടാണെന്ന് അയാൾക്കല്ലാതെ ആർക്കാണ് അറിയുക? മറ്റുള്ളവരിൽനിന്നും അകറ്റി അവളെ ഏകയാക്കി നിർത്തിയിരുന്ന ആ സൗന്ദര്യവും ധനസ്ഥിതിയും മനഃസ്ഥിതിയും എല്ലാംതന്നെ അവളുടെ സ്വന്തം കണ്ണുകളിൽ വെറും ശാപങ്ങളായിരുന്നു. സ്നേഹം മൃദുവാക്കുന്ന ചില വാക്കുകൾക്കു വേണ്ടിയുള്ള അവളുടെ ദാഹം, എന്നും തനിച്ചാണെന്നുള്ള ആ വിചാരം... ഇതൊന്നും അവൾ മറ്റാരെയും അറിയിച്ചില്ല. വളർന്നു കഴിഞ്ഞാൽ, ശരീരത്തിന്‍റെ ചില സ്വകാര്യഭാഗങ്ങളെ എല്ലാവരിൽ നിന്നും മറച്ചുവെക്കുന്നതുപോലെതന്നെ അവൾ തന്‍റെ മനസ്സിനെയും മൂടിവച്ചു. ജോലിത്തിരക്കും മനശ്ശല്യങ്ങളുമായി ദിവസങ്ങൾ കഴിച്ചു കൂട്ടിയിരുന്ന അവളുടെ രക്ഷിതാക്കന്മാർ അവളെ മനസ്സിലാക്കുവാൻ ശ്രമിച്ചില്ല. അവൾ എല്ലായ്പോഴും ഭംഗിയുള്ള പല്ലുകൾ കാട്ടി പുഞ്ചിരി തൂകും. അവൾക്ക് മാസത്തിലൊരിക്കൽ ഒരു തലവേദന വരാറുണ്ട്, അവൾക്ക് പാലു കുടിക്കുവാൻ ഇഷ്ടമില്ല, അവൾ തലയിൽ നാളികേരം വെന്ത വെളിച്ചെണ്ണയാണ് തേക്കുക... അങ്ങനെ ചില വിവരങ്ങൾ അവർക്കുണ്ടായിരുന്നു. പക്ഷേ, അവൾ തന്‍റെ വീതി കുറഞ്ഞ കിടക്കമേൽ കിടന്ന്, തനിക്ക് വരാൻപോവുന്ന കല്യാണത്തിനെപ്പറ്റി എന്താണ് ആലോചിച്ചിരുന്നതെന്ന് അവർ ഒരിക്കലും അന്വേഷിച്ചില്ല. വിവാഹിത യായതിനു ശേഷം രാത്രിയിൽ മാത്രം ഭംഗിവാക്കുകൾ ഉപയോഗിച്ചുകൊണ്ട് തന്നോടടുക്കുന്ന ഭർത്താവിനെപ്പറ്റി അവളുടെ അഭിപ്രായമെന്തായിരുന്നു? സ്നേഹത്തിന്‍റെ പരിശുദ്ധി അവൾ അയാളിൽനിന്ന് മനസ്സിലാക്കിയോ? ഉവ്വെന്ന് എല്ലാവരും വിചാരിച്ചിരിക്കണം.
പക്ഷേ, ആരും അവളോടു ചോദിച്ചില്ല, അവൾക്ക് സന്തോഷമുണ്ടോ എന്ന് ആരും അന്വേഷിച്ചില്ല. അകത്തു നട്ടുവളർത്തിയ ഒരു ചെടി പോലെ അവളുടെ ഉള്ളിൽ വളർന്നുനിന്ന ഏകാന്തത പൂവിട്ടു, കായ്ച്ചു. രാത്രികളിൽ അന്യോന്യം മനസ്സിലാക്കുവാൻ മാത്രം കഴിവില്ലാത്തതു കൊണ്ട് ജീവിതത്തിൽ പരാജയപ്പെടുന്ന മനുഷ്യജീവികൾ വീടുകളിലും തെരുവുകളിലും മറ്റും കിടന്ന് ഉറങ്ങുമ്പോൾ, അല്ലെങ്കിൽ ദയനീയമായ ചില്ലറ സുഖങ്ങൾക്കുവേണ്ടി അന്യോന്യം ഉപയോഗപ്പെടുത്തുമ്പോൾ അവൾ തന്‍റെ കിടക്കയിൽ കിടന്ന് സ്വയം പരിശോധിക്കും. പക്ഷഭേദമില്ലാത്തതും അല്പം ക്രൂരത കലർന്നതുമായ അവളുടെ മനസ്സ് ആ ശരീരത്തിൽനിന്ന് എഴുന്നേറ്റ് ഉയർന്ന് അവളുടെ ഭാഗ്യംകെട്ട ഹൃദയത്തിലേക്ക് ഉറ്റുനോക്കും. നനവില്ലാത്ത, പശിമയില്ലാത്ത, തീരെ ഫല പുഷ്ടിയില്ലാത്ത ഒരു തരിശുനിലംപോലെ നഗ്നമായി കിടക്കുകയായിരിക്കും അവളുടെ ഹൃദയം.
"നിനക്കു യാതൊരു മാറ്റവും വന്നിട്ടില്ല. നീ കുറച്ചെങ്കിലും വളർന്നിരിക്കുമെന്ന് ഞാൻ വിചാരിച്ചു."
അയാൾ പറഞ്ഞു. അവൾ അയാളുടെ കണ്ണുകളിൽനിന്നു രക്ഷപ്പെടാൻ വേണ്ടി തലതാഴ്ത്തി. അവരുടെ മുമ്പിൽ മഴവെള്ളം വീണ് വീർത്ത കടൽ കാമവിവശയായ ഒരു സ്ത്രീയെപ്പോലെ നിശ്വസിക്കുകയും കിടന്ന് ഉരുളുകയും പതുക്കെ തേങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ആകാശം ചെറിയ ദ്വാരങ്ങളുള്ള ഒരു പഴയ ശീലക്കുടയായി അവൾക്ക് തോന്നി. മഴത്തുള്ളികൾ വീഴാൻ തുടങ്ങുകയായിരുന്നു.
"നീ കുടയെടുത്തിട്ടില്ല, ഉവ്വോ?" അയാൾ ചോദിച്ചു. അവൾ തലയാട്ടി.
"നീ ഇപ്പോഴും ഇങ്ങനെയാണോ! കുട എടുക്കില്ല, പണമെടുക്കില്ല, ഉറുമാലെടുക്കില്ല... നീ എങ്ങനെയാണ് കഴിഞ്ഞുകൂടാൻപോവുന്നത് എന്ന് എനിക്കറിയില്ല."
അയാൾ അവളുടെ അടുത്തേക്ക് മാറിയിരുന്നുകൊണ്ട് തന്‍റെ ശീലക്കുട നിവർത്തിത്തുറന്നു.
മതിലിന്‍റെ അടുത്തു കെട്ടിയിരുന്ന ചരടുകളിൽ ഉണക്കാൻ തൂക്കി യിരുന്ന മത്സ്യങ്ങളെ എടുത്ത് നീക്കുവാൻ ചില മുക്കുവത്തികൾ അവരുടെ കുടിലുകൾവിട്ട് ഓടിവന്നു. തുറന്നിട്ട ഓലവാതിലിലൂടെ അവരുടെ അടുപ്പുകളിലെ തീ ചുവന്ന പൂക്കളെപ്പോലെ ജ്വലിക്കുന്നത് അവൾ കണ്ടു.
"നോക്കൂ." അവൾ പറഞ്ഞു: "ചുവന്ന പൂക്കൾപോലെയിരിക്കുന്നു."
"അല്ലെങ്കിൽ ചുവന്ന പൂമ്പാറ്റകൾ ചിറകിളക്കുകയാവാം." അയാൾ പറഞ്ഞു. അവർക്കു പ്രിയപ്പെട്ട ആ പഴയ കളി വീണ്ടും തുടങ്ങിയോ? ചന്ദ്രൻ ആകാശത്തിന്‍റെ പൊട്ടാത്ത കണ്ണാണോ? അതോ, ഉപവാസം തുടങ്ങാൻ പോവുന്ന ഒരു തടിച്ചിപ്പെണ്ണാണോ? സ്മരണകൾ അവളെ വേദനിപ്പിച്ചു.
"നിങ്ങൾ എന്തിനാണ് വിവാഹം ചെയ്തത്? നമുക്ക് അങ്ങനെ തമ്മിൽ സ്നേഹിച്ച് കഴിയാമായിരുന്നില്ല?"
അയാൾ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് വീണ്ടും ധൈര്യത്തോടെ അവർ ചോദിച്ചു: "എന്തുമാതിരിക്കാരിയാണ് അവൾ... നിങ്ങളുടെ ഭാര്യ?"
അയാൾ തന്‍റെ കൈവിരലിന്മേൽ കിടന്നിരുന്ന ഉരുളൻമോതിരം പതുക്കെ തിരിച്ചുകൊണ്ട് തലതാഴ്ത്തിയിരുന്നു.
"നിങ്ങൾ വളരെ മാറിയിരിക്കുന്നു." അവൾ പറഞ്ഞു: "തടിച്ചിരിക്കുന്നു, തലമുടിയിൽ പണ്ടു തേച്ചിരുന്ന ക്രീം തേക്കുന്നില്ല. കൈയിന്മേൽ മോതിരമിട്ടിരിക്കുന്നു... നിങ്ങൾ പണ്ട് ഞാൻ അറിഞ്ഞിരുന്ന ആൾ അല്ലാതായിരിക്കുന്നു."
"ഉം."
അയാളുടെ മുഖത്തിന്‍റെ രേഖകൾ ആ ഇരുട്ടിൽ അവ്യക്തങ്ങളായിക്കഴിഞ്ഞിരുന്നു. കടലിന്‍റെ അടുത്ത് പാറക്കഷ്ണങ്ങളുടെ അറ്റങ്ങളിൽ മാത്രം നിലാവ് വെള്ളിരേഖകൾ വരച്ചു. വെള്ളം, ക്ഷീണിച്ച ഒരു മനുഷ്യന്‍റെ മട്ടിൽ കിതയ്ക്കുകയും കരയുകയും ചെയ്യുന്നുണ്ടെന്നവൾക്കു തോന്നി. അവളുടെ മനസ്സ്, ഭൂതകാലത്തിന്‍റെ ചട്ടക്കൂടുകളിൽ ഒതുങ്ങിക്കഴിയുന്ന ചില ദിവസങ്ങളിലേക്ക് ഓടിക്കൊണ്ടിരുന്നു. “നിന്നെ ഞാൻ സ്നേഹിക്കുന്നില്ല, എന്നോ? എന്‍റെ കണ്ണുകളിൽ നോക്കി, അങ്ങനെ ചോദിക്കുവാൻ ധൈര്യപ്പെടുമോ?" അയാളുടെ വാക്കുകൾ, അവളോടു മാത്രം ഉപയോഗിക്കുന്ന ആ പ്രത്യേക ചിരി, അവരെ രണ്ടുപേരേയും ഒരു ഗർഭപാത്രത്തിലെന്നോണം, ലോകത്തിൽനിന്നെല്ലാം ഒളിപ്പിച്ചു വിശ്രമിപ്പിച്ച ആ സന്ധ്യകൾ... അവയെല്ലാം മരിച്ചവയാണോ? അവൾ മറ്റൊരാളുടെയായിക്കഴിഞ്ഞു, അവൾ തന്നത്താൻ പറഞ്ഞുനോക്കി, വിശ്വസിക്കുവാൻ പ്രയാസമുണ്ടായിരിക്കും. പക്ഷേ, ആ വാസ്തവത്തിൽ വിശ്വസിക്കാതിരുന്നാൽ തനിക്ക് ഇതിലും അധികം ദുഃഖിക്കേണ്ടിവരും.
"നിങ്ങൾ ഭാഗ്യവാനാണ്."
"ഉം."
"അതെല്ലാം മറക്കാൻ കഴിഞ്ഞുവല്ലോ?"
അയാൾ തലതിരിച്ച് അവളെ നോക്കി.
"എനിക്ക് മാത്രം ഇതൊന്നും മറക്കാൻ കഴിയാത്തതെന്താണ്?"
അയാൾ എന്തു പറയാനാണ്? അവളുടെ നിസ്സഹായതയെക്കാൾ ഭയാനകമായ തന്‍റെ നിസ്സഹായതയെ മറച്ചുവച്ച് അവളെ സമാധാനിപ്പിക്കുവാൻ അയാൾക്ക് കഴിയുമോ? ആ ദിവസങ്ങൾ താൻ മറന്നിട്ടില്ലെന്ന് പറയാൻ കഴിയുമോ? ആ സ്നേഹത്തെ മറന്നു കഴിഞ്ഞാൽ പിന്നെ തനിക്ക് ഒരു നേട്ടമായി കരുതുവാൻ ഈ ജീവിതത്തിൽ ഒന്നുമില്ലെന്നു പറയുകയോ? അയാൾക്ക് വേണമെങ്കിൽ എല്ലാംതന്നെ അവളോടു തുറന്നു പറയാം. താൻ അവളോടുള്ള സ്നേഹംകൊണ്ടു മാത്രമാണ് അവളുടെ ജീവിതത്തിൽനിന്ന് ഓടിപ്പോയത്. താൻ വിവാഹം ചെയ്ത സ്ത്രീയുടെ മുഖത്തു നോക്കുമ്പോഴും , അവളെ ചുംബിക്കുമ്പോഴും എല്ലാം താൻ പണ്ട് സ്നേഹിച്ച ആ മുഖം മാത്രമേ കാണുന്നുള്ളൂ, തന്‍റെ മതവും ആദർശവും എല്ലാം അവൾ മാത്രമാണ്... അതെല്ലാം തുറന്നു പറയുകയോ?
"എനിക്ക് അത്ര ചെറുപ്പമല്ല, എന്നെ ആ വക ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കരുത്." അയാൾ പറഞ്ഞു: "എനിക്കു സാമാന്യത്തിലധികം പണമില്ല, ബുദ്ധിയില്ല... ഞാൻ ഒരു സാധാരണ മനുഷ്യനാണ്. സ്നേഹിക്കുവാൻകൂടി എനിക്കു ധൈര്യമില്ലാതെയായിരിക്കുന്നു."
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എങ്കിലും ഇടറാത്ത സ്വരത്തിൽ അവൾ പറഞ്ഞു: "ശരിയാണ്, ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വീണ്ടും ഒരു കുടുക്കിൽപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ. എനിക്കു മാപ്പു തരണം."
തന്‍റെ സ്നേഹം അഴികളുള്ള ഒരു കൂടായിട്ടേ അയാൾ എന്നും കണക്കാക്കിയിട്ടുള്ളൂ. അവൾ ആലോചിച്ചു. അവരുടെ രണ്ടുപേരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങളിൽക്കൂടിയും അയാൾ അവളുടെ മടിയിൽ തലചായ്ച്ചുവച്ചുകൊണ്ട് പറഞ്ഞിരുന്നു:
"നീ എന്നെ സ്നേഹിക്കേണ്ടിയിരുന്നില്ല. എന്‍റെ കാലിന്മേൽ ഒരു ചങ്ങലയുള്ളപോലെ എനിക്കു തോന്നുന്നു."
അവൾ അന്നൊക്കെ അതു കേട്ട് ചിരിച്ചിരുന്നു. കുറച്ചു ദിവസങ്ങൾ കൂടി കഴിയുമ്പോഴേക്കും കൂടു തകർത്ത് ആകാശത്തിലേക്ക് ഉയരുന്ന കിളിപോലെ അയാൾ തന്‍റെ സ്നേഹത്തിൽനിന്നും സ്വതന്ത്രനായിപ്പോവുമെന്ന് അവൾ വിചാരിച്ചില്ല. തന്‍റെ ലാളനകൾ അയാളെ ശ്വാസം മുട്ടിക്കുന്നുവെന്ന് അവൾക്കെങ്ങനെ മനസ്സിലാവാൻ? അവളുടെ ഹൃദയം അതിന്‍റേതായ നീരാളിക്കൈയുകൾ വളർത്തി അയാളെ അതിൽ ബന്ധനസ്ഥനാക്കി നിർത്തി. എന്നിട്ടും താൻ ഒരു വളർത്തുമൃഗമാണെന്നു തോന്നിത്തുടങ്ങിയ അയാൾ അവളെ ഉപേക്ഷിച്ചുപോയി.
"ഞാൻ നിങ്ങളെ ചതിക്കുവാൻ ശ്രമിക്കുകയായിരുന്നു." അവൾ പറഞ്ഞു: "നിങ്ങളെ വീണ്ടും കുടുക്കിൽപ്പെടുത്താൻ."
"എന്തു കുടുക്കിൽപ്പെടുത്താൻ?
"എനിക്ക് ഒരു കുട്ടിയുണ്ടാവാൻ മോഹമുണ്ടായിരുന്നു. എന്‍റേതും നിങ്ങളുടേതുമായ ഒരു കുട്ടി... എനിക്കു മാപ്പുതരണം."
അയാൾ തന്‍റെ ഇടത്തേ കൈകൊണ്ട് തന്‍റെ നെറ്റി തുടച്ചു കടലിലേക്കു നോക്കി. വളകൾ ഊരിയെറിയുന്ന ചില പാമ്പുകളെപ്പോലെ നുരയും പതയും നിറഞ്ഞ വെള്ളിത്തിരകൾ പാറകളോടു മുട്ടി ഉരസിക്കൊണ്ട് വീണ്ടും മടങ്ങിപ്പോയി. മഴ അവസാനിച്ചുകഴിഞ്ഞിരുന്നു. അയാൾ കുട മടക്കി, കുടഞ്ഞു. എന്നിട്ട് എഴുന്നേറ്റുനിന്ന്, അവളോട് ഒരു ഉദാസീനസ്വരത്തിൽ പറഞ്ഞു:
"നേരം വളരെ വൈകി. നിന്‍റെ ഭർത്താവ് എന്തു വിചാരിക്കും?" അയാൾ അവളുടെ കൈപിടിച്ചുകൊണ്ട് ചിരിച്ചു. അത് എന്നന്നേക്കുമുള്ള ഒരു യാത്ര ചോദിക്കലാണെന്ന് അവൾക്കു തോന്നി. ഒരു അവസാനിപ്പിക്കൽ! അവർ തമ്മിൽ ഉണ്ടായിരുന്ന സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും എല്ലാറ്റിന്‍റെയും ഒരവസാനിപ്പിക്കൽ. ചിരികളുടെയും വാക്കുകളുടെയും ചുംബനങ്ങളുടെയും സ്മരണകൾ അപ്പോഴും അവളെ ചുറ്റിക്കൊണ്ടിരുന്നു. പക്ഷേ, അവയോരോന്നും പകുതി മരിച്ചുകഴിഞ്ഞ ശരീരങ്ങളാണെന്ന് അവൾക്കു തോന്നി. അവൾ എഴുന്നേറ്റുനിന്നു തന്‍റെ നനഞ്ഞ സാരി കണങ്കാലുകളിൽനിന്ന് വേർപെടുത്തി പിഴിഞ്ഞു. എന്നിട്ടു തന്‍റെ കൈ നീട്ടിക്കൊണ്ട് അയാളോടു പറഞ്ഞു: "എനിക്ക് രണ്ടണ തരൂ. ബസ് ടിക്കറ്റ് വാങ്ങുവാനാണ്."
അയാൾ ചിരിച്ചു. അയാൾ കൊടുത്ത നാണ്യവുംകൊണ്ട്, അവൾ ആ ഇരുട്ടിൽ മറയുന്നതു നോക്കിക്കൊണ്ട് അയാൾ ശബ്ദമുണ്ടാക്കാതെ കരഞ്ഞു. ദർശനം തന്നതിനുശേഷം അപ്രത്യക്ഷയാവുന്ന ഒരു ദൈവത്തെപ്പോലെ അവൾ മറയുകയാണ്. തന്‍റെ ഏകാന്തവും വിദൂരവുമായ മേഖലയിലേക്ക്. ദുഃഖത്തിന്‍റെ മണമുള്ള അവളുടെ കരിങ്കൽക്ഷേത്രത്തിലേക്ക്. അവളെ വിളിച്ചുവരുത്തി പണ്ടത്തെപ്പോലെ ആ കാൽവിരലുകളെ ചുംബിച്ചുംകൊണ്ട് ഒന്നു കരയുവാനെങ്കിലും...
കരിങ്കല്ലുകളും ചെറിയ മണൽത്തിണ്ണകളും നിറഞ്ഞ ആ ശ്മശാനത്തിലൂടെ നടന്ന്, മൈതാനവും കടന്ന്, ചെറിയ മഞ്ഞവിളക്കുകൾ കത്തുന്ന ഒരു അങ്ങാടിക്കടുത്തുള്ള ബസ്സ്റ്റോപ്പിലെത്തിയപ്പോൾ അവൾ ദാഹിക്കുന്ന കണ്ണുകളോടെ പിന്നോക്കം തിരിഞ്ഞുനോക്കി. പക്ഷേ, അകം പൊള്ളയായ ഒരു കൂരിരുട്ടുമാത്രമേ അവൾക്കു കാണാൻ കഴിഞ്ഞുള്ളൂ.
പിന്നീട് ആ മുറിയിൽ വളർന്നുനിന്നിരുന്ന കാട്ടുമരം, വീണ്ടും വളർന്ന് തട്ടിനോളം ഉയർന്നു. അതിന്‍റെ ചില്ലുകൾ ചുമരുകളിന്മേൽ തട്ടിയുരഞ്ഞു വിള്ളലുകളുണ്ടാക്കി. രാത്രിയുടെ വിഷം കലർന്ന വായുവിൽ ഒരു നീരാളിയെപ്പോലെ തന്‍റെ അനേകം കൈകൾ ഇളക്കിക്കൊണ്ടു വീണ്ടും വീണ്ടും വളരുവാൻ ശ്രമിക്കുന്ന ആ മരത്തിന്‍റെ ശ്വാസോച്ഛ്വാസം ശ്രദ്ധിച്ചുകൊണ്ട് അവൾ കിടന്നു. തന്‍റെ സ്വന്തം ഹൃദയത്തിന്‍റെ ഏകാന്തതയിൽനിന്നു രക്ഷപ്പെടാൻ മോഹിച്ചിരുന്ന അവൾക്ക് മരണവും ഒരനുഗ്രഹമായിരുന്നു.
(1960)