പക്ഷിയുടെ മണം
കല്ക്കത്തയിൽ വന്നിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അവൾ ആ പരസ്യം രാവിലെ വർത്തമാനക്കടലാസ്സിൽ കണ്ടത്: "കാഴ്ചയിൽ യോഗ്യതയും ബുദ്ധിസാമർത്ഥ്യവുമുള്ള ഒരു ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്‍റെ ഇൻചാർജ്ജായി ജോലിചെയ്യുവാൻ ആവശ്യമുണ്ട്. തുണികളുടെ നിറങ്ങളെപ്പറ്റിയും പുതിയ ഡിസൈനുകളെപ്പറ്റിയും ഏകദേശ വിവരമുണ്ടായിരിക്കണം. അവനവന്‍റെ കൈയക്ഷരത്തിൽ എഴുതിയ ഹരജിയുമായി നേരിട്ട് ഞങ്ങളുടെ ഓഫീസിലേക്ക് വരിക."
ജനത്തിരക്കുള്ള ഒരു തെരുവിലായിരുന്നു ആ ഓഫീസിന്‍റെ കെട്ടിടം. അവൾ ഇളംമഞ്ഞനിറത്തിലുള്ള ഒരു പട്ടുസാരിയും തന്‍റെ വെളുത്ത കൈസഞ്ചിയും മറ്റുമായി ആ കെട്ടിടത്തിലെത്തിയപ്പോൾ നേരം പതിനൊന്നുമണിയായിരുന്നു. അത് ഏഴു നിലകളും ഇരുനൂറിലധികം മുറികളും വളരെയധികം വരാന്തകളുമുള്ള ഒരു കൂറ്റൻ കെട്ടിടമായിരുന്നു. നാല് ലിഫ്ടുകളും. ഓരോ ലിഫ്ടിന്‍റെയും മുമ്പിൽ ഓരോ ജനക്കൂട്ടവുമുണ്ടായിരുന്നു. തടിച്ച കച്ചവടക്കാരും തോൽസഞ്ചി കൈയിലൊതുക്കിക്കൊണ്ടു. നില്ക്കുന്ന ഉദ്യോഗസ്ഥന്മാരും മറ്റുംമറ്റും. ഒരൊറ്റ സ്ത്രീയെയും അവൾ അവിടെയെങ്ങും കണ്ടില്ല. ധൈര്യം അപ്പോഴേക്കും വളരെ ക്ഷയിച്ചു കഴിഞ്ഞിരുന്നു. തന്‍റെ ഭർത്താവിന്‍റെ അഭിപ്രായം വകവയ്ക്കാതെ ഈ ഉദ്യോഗത്തിന് വരേണ്ടിയിരുന്നില്ലയെന്നും അവൾക്കു തോന്നി. അവൾ അടുത്തു കണ്ട ഒരു ശിപായിയോടു ചോദിച്ചു:
".....ടെക്‌സ്‌റ്റൈൽ ഇൻഡസ്ട്രീസ് ഏതു നിലയിലാണ്?"
"ഒന്നാം നിലയിൽ ആണെന്നു തോന്നുന്നു." അയാൾ പറഞ്ഞു. എല്ലാ കണ്ണുകളും തന്‍റെ മുഖത്തു പതിക്കുന്നു എന്ന് അവൾക്ക് തോന്നി. ഛേയ്, വരേണ്ടിയിരുന്നില്ല. വിയർപ്പിൽ മുങ്ങിക്കൊണ്ടു നില്ക്കുന്ന ഈ ആണുങ്ങളുടെയിടയിൽ താനെന്തിനു വന്നെത്തി? ആയിരം ഉറുപ്പിക കിട്ടുമെങ്കിൽത്തന്നെയും തനിക്ക് ഈ കെട്ടിടത്തിലേക്കു ദിവസേന ജോലി ചെയ്യാൻ വരാൻ വയ്യ... പക്ഷേ, പെട്ടെന്നു. മടങ്ങിപ്പോവാൻ അവൾക്കു കഴിഞ്ഞില്ല.
അവളുടെ ഊഴമായി. ലിഫ്ടിൽ കയറി, അടുത്തുനില്ക്കുന്നവരുടെ ദേഹങ്ങളിൽ തൊടാതിരിക്കുവാൻ ക്ലേശിച്ചുകൊണ്ട് ഒരു മൂലയിൽ ഒതുങ്ങിനിന്നു.
ഒന്നാം നിലയിൽ ഇറങ്ങിയപ്പോൾ അവൾ ചുറ്റും കണ്ണോടിച്ചു. നാലു ഭാഗത്തേക്കും നീണ്ടുകിടക്കുന്ന വരാന്തയിൽനിന്ന് ഓരോ മുറികളിലേക്കായി വലിയ വാതിലുകളുണ്ടായിരുന്നു, വാതിലിന്‍റെ പുറത്ത് ഓരോ ബോർഡും.
"ഇറക്കുമതിയും കയറ്റുമതിയും", "വൈൻ കച്ചവടം." അങ്ങനെ പല ബോർഡുകളും. പക്ഷേ, എത്ര നടന്നിട്ടും എത്ര വാതിലുകൾതന്നെ കടന്നിട്ടും താൻ അന്വേഷിച്ചിറങ്ങുന്ന ബോർഡ് അവൾ കണ്ടെത്തിയില്ല. അപ്പോഴേക്കും അവളുടെ കൈത്തലങ്ങൾ വിയർത്തിരുന്നു. ഒരു മുറിയിൽനിന്ന് പെട്ടെന്ന് പുറത്തു കടന്ന ഒരാളോട് അവൾ ചോദിച്ചു: "...ടൈക് സ്‌റ്റൈൽ കമ്പനി എവിടെയാണ്?"
അയാൾ അവളെ തന്‍റെ ഇടുങ്ങിയ ചുവന്ന കണ്ണുകൾകൊണ്ട് ആപാദചൂഡം പരിശോധിച്ചു. എന്നിട്ടു പറഞ്ഞു: "എനിക്ക് അറിയില്ല. പക്ഷേ, എന്‍റെകൂടെ വന്നാൽ ഞാൻ ശിപായിയോട് അന്വേഷിച്ച് സ്ഥലം മനസ്സിലാക്കിത്തരാം."
അയാൾ ഉയരം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു. ഒരു മദ്ധ്യവയസ്കൻ. അയാളുടെ കൈനഖങ്ങളിൽ ചളിയുണ്ടായിരുന്നു. അതു കണ്ടിട്ടോ എന്തോ, അവൾക്ക് അയാളുടെ കൂടെ പോവാൻ തോന്നിയില്ല. അവൾ പറഞ്ഞു:
"നന്ദി, ഞാൻ ഇവിടെ അന്വേഷിച്ചു മനസ്സിലാക്കിക്കൊള്ളാം."
അവൾ ധൃതിയിൽ നടന്ന് ഒരു മൂലതിരിഞ്ഞു മറ്റൊരു വരാന്തയിലെത്തി. അവിടെയും അടച്ചിട്ട വലിയ വാതിലുകൾ അവൾ കണ്ടു. Dying എന്ന് അവിടെ എഴുതിത്തൂക്കിയിരുന്നു. സ്പെല്ലിങ്ങിന്‍റെ തെറ്റു കണ്ട് അവൾക്ക് ചിരിവന്നു. "തുണിക്കു ചായം കൊടുക്കുന്നതിനുപകരം ഇവിടെ മരണമാണോ നടക്കുന്നത്?" ഏതായാലും അവിടെ ചോദിച്ചുനോക്കാമെന്ന് ഉദ്ദേശിച്ച് അവൾ വാതിൽ തള്ളിത്തുറന്നു. അകത്ത് ഒഴിഞ്ഞുകിടക്കുന്ന ഒരു വലിയ തളമാണ് അവൾ കണ്ടത്. രണ്ടോ മൂന്നോ കസാലകളും ഒരു ചില്ലിട്ട മേശയും. അത്രതന്നെ. ഒരാളുമില്ല അവിടെയെങ്ങും. അവൾ വിളിച്ചു ചോദിച്ചു:
"ഇവിടെ ആരുമില്ലേ?”
അകത്തെ മുറികളിലേക്കുള്ള വാതിലുകളുടെ തിരശ്ശീലകൾ മെല്ലെയൊന്ന് ആടി. അത്രതന്നെ. അവൾ ധൈര്യമവലംബിച്ച്, മുറിക്ക് നടുവിലുള്ള കസാലയിൽപ്പോയി ഇരുന്നു. അല്പം വിശ്രമിക്കാതെ ഇനി ഒരൊറ്റയടി നടക്കുവാൻ കഴിയില്ലെന്ന് അവൾക്കു തോന്നി. മുകളിൽ പങ്ക തിരിഞ്ഞുകൊണ്ടിരുന്നു. ഇതെന്തൊരു ഓഫീസാണ്? അവൾ അത്ഭുതപ്പെട്ടു. വാതിലും തുറന്നുവച്ച്, പങ്കയും ചലിപ്പിച്ച്, ഇവിടെയുള്ളവരെല്ലാവരും എങ്ങോട്ടുപോയി.
തുണിക്കു നിറംകൊടുക്കുന്നവരായതുകൊണ്ട് ഇവർക്ക് താൻ അന്വേഷിക്കുന്ന ഓഫീസ് എവിടെയാണെന്ന് അറിയാതിരിക്കയില്ല. അവൾ കൈസഞ്ചി തുറന്ന്, കണ്ണാടിയെടുത്ത് മുഖം പരിശോധിച്ചു കാണാൻ യോഗ്യത ഉണ്ടെന്നുതന്നെ തീർച്ചയാക്കി. എണ്ണൂറുറുപ്പിക ആവശ്യപ്പെട്ടാലോ? തന്നെപ്പോലെയുള്ള ഒരു ഉദ്യോഗസ്ഥയെ അവർക്കു കിട്ടുന്നതു ഭാഗ്യമായിരിക്കും. പഠിപ്പ് ഉണ്ട്, പദവിയുണ്ട്, പുറംരാജ്യങ്ങളിൽ സഞ്ചരിച്ച് ലോകപരിചയം നേടിയിട്ടുണ്ട്...
അവൾ ഒരു കുപ്പിയുടെ കോർക്ക് വലിച്ചു തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് ഞെട്ടി ഉണർന്നത്. ഛേ, താനെന്തൊരു വിഡ്ഢിയാണ്. ഒട്ടും പരിചയമില്ലാത്ത ഒരു സ്ഥലത്തിരുന്ന് ഉറങ്ങുകയോ? അവൾ കണ്ണുകൾ തിരുമ്മി, ചുറ്റും നോക്കി. അവളുടെ എതിർവശത്ത് ഒരു കസാലമേൽ ഇരുന്നുകൊണ്ട് ഒരു ചെറുപ്പക്കാരൻ സോഡയിൽ വിസ്കി ഒഴിക്കുകയായിരുന്നു. അയാളുടെ ബുഷ് ഷർട്ട് വെണ്ണനിറത്തിലുള്ള ടെറിലിൻ കൊണ്ട് ഉണ്ടാക്കിയതായിരുന്നു. അയാളുടെ കൈവിരലുകളുടെ മുകൾഭാഗത്ത് കനത്ത രോമങ്ങൾ വളർന്നുനിന്നിരുന്നു. ശക്തങ്ങളായ ആ കൈവിരലുകൾ കണ്ട് അവൾ പെട്ടെന്ന് പരിഭ്രമിച്ചു. താനെന്തിനു വന്നു ഈ ചെകുത്താന്‍റെ വീട്ടിൽ.
"അയാൾ തലയുയർത്തി അവളെ നോക്കി. അയാളുടെ മുഖം ഒരു കുതിരയുടേതെന്നപോലെ നീണ്ടതായിരുന്നു. അയാൾ ചോദിച്ചു: "ഉറക്കം സുഖമായോ?"
എന്നിട്ട് അവളുടെ മറുപടി കേൾക്കുവാൻ ശ്രദ്ധിക്കാതെ ഗാസ്സ് ഉയർത്തി, അതിലെ പാനീയം മുഴുവനും കുടിച്ചുതീർത്തു.
"ദാഹിക്കുന്നുണ്ടോ?” അയാൾ ചോദിച്ചു. അവൾ തലയാട്ടി.
"...ടെക്‌സ്‌റ്റൈൽ കമ്പനി എവിടെയാണെന്ന് അറിയുമോ? നിങ്ങൾക്ക് അറിയുമായിരിക്കുമെന്ന് എനിക്ക് തോന്നി. നിങ്ങൾ തുണികൾക്കു നിറം കൊടുക്കുന്നവരാണല്ലോ." അവൾ പറഞ്ഞു. എന്നിട്ട് ഒരു മര്യാദ ച്ചിരി ചിരിച്ചു. അയാൾ ചിരിച്ചില്ല. അയാൾ വീണ്ടും വിസ്കി ഗാസ്സിൽ ഒഴിച്ചു, സോഡകലർത്തി. എത്രയോ സമയം കിടക്കുന്നു, വർത്തമാനങ്ങൾ പറയുവാനും മറ്റും എന്ന നാട്യമായിരുന്നു അയാളുടേത്.
അവൾ ചോദിച്ചു: "നിങ്ങൾ അറിയില്ലേ?" അവൾ അക്ഷമയായിക്കഴിഞ്ഞിരുന്നു. എങ്ങനെയെങ്കിലും അവിടെനിന്നു പുറത്തു കടന്ന്, വീട്ടിലേക്ക് മടങ്ങിയാൽ മതിയെന്നുകൂടി അവൾക്കു തോന്നി.
അയാൾ പെട്ടെന്നു ചിരിച്ചു. വളരെ മെലിഞ്ഞ ചുണ്ടുകളായിരുന്നു അയാളുടേത്. അവ ആ ചിരിയിൽ വൈരൂപ്യം കലർത്തി.
"എന്താണ് തിരക്ക്?" അയാൾ ചോദിച്ചു: "നേരം പതിനൊന്നേ മുക്കാലേ ആയിട്ടുള്ളൂ."
അവൾ വാതില്ക്കലേക്കു നടന്നു.
"നിങ്ങൾക്കറിയുമെന്ന് ഞാൻ ആശിച്ചു." അവൾ പറഞ്ഞു: "നിങ്ങളും തുണിക്കച്ചവടമായിട്ട് ബന്ധമുള്ള ഒരാളാണല്ലോ."
"എന്തു ബന്ധം? ഞങ്ങൾ തുണിയിൽ ചായം ചേർക്കുന്നവരല്ല. ബോർഡ് വായിച്ചില്ലേ Dying എന്ന്."
"അപ്പോൾ...?"
"ആ അർത്ഥംതന്നെ. മരിക്കുക എന്നു കേട്ടിട്ടില്ലേ? സുഖമായി മരിക്കുവാൻ ഏർപ്പെടുത്തിക്കൊടുക്കും ഞങ്ങൾ."
അയാൾ കസാലയിൽ ചാരിക്കിടന്ന് കണ്ണുകളിറുക്കി, അവളെ നോക്കി ചിരിച്ചു. പെട്ടെന്ന് ആ വെളുത്ത പുഞ്ചിരി തന്‍റെകണ്ണുകളിലാകെ വ്യാപിച്ചപോലെ അവൾക്ക് തോന്നി. അവളുടെ കാലുകൾ വിറച്ചു.
അവൾ വാതില്ക്കലേക്ക് ഓടി. പക്ഷേ, വാതിൽ തുറക്കുവാൻ അവളുടെ വിയർത്ത കൈകൾക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു.
"ദയവുചെയ്ത് ഇതൊന്ന് തുറന്നുതരൂ." അവൾ പറഞ്ഞു: "എനിക്ക് വീട്ടിലേക്ക് പോവണം. എന്‍റെകുട്ടികൾ കാത്തിരിക്കുന്നുണ്ടാവും." അയാൾ തന്‍റെവാക്കുകൾ കേട്ട്, ക്രൂരചിന്തകൾ ഉപേക്ഷിച്ച്, തന്നെ സഹായിക്കുവാൻ വരുമെന്ന് അവൾ ആശിച്ചു.
"ദയവുചെയ്ത് തുറക്കൂ." അവൾ വീണ്ടും യാചിച്ചു. അയാൾ വീണ്ടും വീണ്ടും വിസ്കി കുടിച്ചു. വീണ്ടും വീണ്ടും അവളെ നോക്കി ചിരിച്ചു.
അവൾ വാതില്ക്കൽ മുട്ടിത്തുടങ്ങി: "അയ്യോ എന്നെ ചതിക്കുകയാണോ?" അവൾ ഉറക്കെ വിളിച്ചു ചോദിച്ചു: "ഞാനെന്തു കുറ്റമാണ് ചെയ്തിട്ടുള്ളത്?"
അവളുടെ തേങ്ങൽ കുറച്ചുനിമിഷങ്ങൾക്കുശേഷം അവസാനിച്ചു. അവൾ ക്ഷീണിച്ചു തളർന്ന് വാതിലിന്‍റെയടുത്ത് വെറും നിലത്ത് വീണു.
അയാൾ യാതൊരു കാഠിന്യവുമില്ലാത്ത ഒരു മൃദുസ്വരത്തിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവൾ ചില വാക്കുകൾ മാത്രം കേട്ടു:
"...പണ്ട് എന്‍റെകിടപ്പുമുറിയിൽ, തണുപ്പുകാലത്ത് ഒരു പക്ഷി വന്നുപെട്ടു. മഞ്ഞകലർന്ന തവിട്ടുനിറം. നിന്‍റെസാരിയുടെ നിറം. അത് ജനവാതിലിന്‍റെ ചില്ലിന്മേൽ കൊക്കുകൊണ്ട് തട്ടിനോക്കി. ചില്ല് പൊട്ടിക്കുവാൻ ചിറകുകൾകൊണ്ടും തട്ടി, അത് എത്ര ക്ലേശിച്ചു! എന്നിട്ട് എന്തുണ്ടായി? അത് ക്ഷീണിച്ച് നിലത്തു വീണു. ഞാനതിനെ എന്‍റെഷൂസിട്ട കാലുകൊണ്ട് ചവിട്ടിയരച്ചുകളഞ്ഞു."
പിന്നീട് കുറേ നിമിഷങ്ങൾ നീണ്ടുനിന്ന മൗനത്തിനുശേഷം അയാൾ ചോദിച്ചു: "നിനക്കറിയാമോ മരണത്തിന്‍റെമണം എന്താണെന്ന്?"
അവൾ കണ്ണുകൾ ഉയർത്തി അയാളെ നോക്കി. പക്ഷേ, ഒന്നും പറയുവാൻ നാവുയർന്നില്ല. പറയുവാൻ മറുപടി ഇല്ലാഞ്ഞിട്ടല്ല. മരണത്തിന്‍റെമണം, അല്ല, മരണത്തിന്‍റെവിവിധ മണങ്ങൾ തന്നെപ്പോലെ ആർക്കാണ് അറിയുക? പഴുത്ത വ്രണങ്ങളുടെ മണം, പഴത്തോട്ടങ്ങളുടെ മധുരമായ മണം, ചന്ദനത്തിരികളുടെ മണം... ഇരുട്ടുപിടിച്ച ഒരു ചെറിയ മുറിയിൽ വെറും നിലത്തിട്ട കിടക്കയിൽ കിടന്നുകൊണ്ട് അവളുടെ അമ്മ യാതൊരു അന്തസ്സും കലരാത്ത സ്വരത്തിൽ പറഞ്ഞുകൊണ്ടിരുന്നു: "എനിക്ക് വയ്യാ മോളെ...വേദനയൊന്നൂല്യാ... ന്നാലും വയ്യ..."
അമ്മയുടെ കാലിന്മേൽ ഉണ്ടായിരുന്ന വ്രണങ്ങളിൽ വെളുത്തു തടിച്ച പുഴുക്കൾ ഇളകിക്കൊണ്ടിരുന്നു. എന്നിട്ടും അമ്മ പറഞ്ഞു: "വേദനയില്യ..."
പിന്നീട് അച്ഛൻ. പ്രമേഹരോഗിയായ അച്ഛന് പെട്ടെന്ന് തളർച്ച വന്നപ്പോൾ, ആ മുറിയിൽ പഴത്തോട്ടങ്ങളിൽനിന്നുവരുന്ന ഒരു കാറ്റു വന്നെത്തിയെന്ന് അവൾക്ക് തോന്നി. അങ്ങനെ മധുരമായിരുന്നു ആ മുറിയിൽ പരന്ന മണം... അതും മരണമായിരുന്നു...
അതൊക്കെ പറയണമെന്ന് അവൾക്ക് തോന്നി. പക്ഷേ, നാവിന്‍റെശക്തി ക്ഷയിച്ചുകഴിഞ്ഞിരുന്നു.
മുറിയുടെ നടുവിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ അപ്പോഴും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു:
"നിനക്ക് അറിയില്ല, ഉവ്വോ? എന്നാൽ പറഞ്ഞുതരാം. പക്ഷിത്തൂവലുകളുടെ മണമാണ് മരണത്തിന്... നിനക്കത് അറിയാറാവും, അടുത്തു തന്നെ. ഇപ്പോൾതന്നെ വേണമോ? ഏതാണ് നിനക്ക് ഏറ്റവും പ്രിയപ്പെട്ട നേരം? നേരെ മുകളിൽനിന്നു നോക്കുന്ന സൂര്യന്‍റെമുമ്പിൽ ലജ്ജയില്ലാതെ ഈ ലോകം നഗ്നമായി കിടക്കുന്ന സമയമോ? അതോ, സന്ധ്യയോ? നീ എന്തുപോലെയുള്ള സ്ത്രീയാണ്? ധൈര്യമുള്ളവളോ ധൈര്യമില്ലാത്തവളോ..."
അയാൾ കസാലയിൽനിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു. അയാൾക്ക് നല്ല ഉയരമുണ്ടായിരുന്നു. അവൾ പറഞ്ഞു:
"എന്നെ പോവാൻ സമ്മതിക്കണം. ഞാനിങ്ങോട്ട് വരാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല."
"നീ നുണ പറയുകയാണ്. നീ എത്ര തവണ ഉദ്ദേശിച്ചിരിക്കുന്നു ഇവിടെ വന്നെത്തുവാൻ! എത്രയോ സുഖകരമായ ഒരവസാനത്തിനു നീ എത്ര തവണ ആശിച്ചിരിക്കുന്നു. മൃദുലങ്ങളായ തിരമാലകൾ നിറഞ്ഞ, ദീർഘമായി നിശ്വസിക്കുന്ന കടലിൽ ചെന്നു വീഴുവാൻ, ആലസ്യത്തോടെ ചെന്നു ലയിക്കുവാൻ മോഹിക്കുന്ന നദിപോലെയല്ലേ നീ? പറയൂ, ഓമനേ... നീ മോഹിക്കുന്നില്ലേ ആ അവസാനിക്കാത്ത ലാളന അനുഭവിക്കുവാൻ?"
"നിങ്ങൾ ആരാണ്?"
അവൾ എഴുന്നേറ്റിരുന്നു. അയാളുടെ കൈവിരലുകൾക്കു ബീഭത്സമായ ഒരാകർഷണമുണ്ടെന്ന് അവൾക്ക് തോന്നി.
"എന്നെ കണ്ടിട്ടില്ലേ?"
"ഇല്ല."
"ഞാൻ നിന്‍റെഅടുത്ത് പലപ്പോഴും വന്നിട്ടുണ്ട്. ഒരിക്കൽ നീ വെറും പതിനൊന്നു വയസ്സായ ഒരു കുട്ടിയായിരുന്നു. മഞ്ഞക്കാമല പിടിച്ച്, കിടക്കയിൽനിന്ന് തലയുയർത്താൻ വയ്യാതെ കിടന്നിരുന്ന കാലം. അന്ന് നിന്‍റെ അമ്മ ജനവാതിലുകൾ തുറന്നപ്പോൾ നീ പറഞ്ഞു, "അമ്മേ, ഞാൻ മഞ്ഞപ്പൂക്കൾ കാണുന്നു. മഞ്ഞ അലറിപ്പൂക്കൾ കാണുന്നു. എല്ലായിടത്തും മഞ്ഞപ്പൂതന്നെ..." അത് ഓർമ്മിക്കുന്നുണ്ടോ?"
അവൾ തലകുലുക്കി.
"നിന്‍റെ കണ്ണുകൾക്കുമാത്രം കാണാൻ കഴിഞ്ഞ ആ മഞ്ഞപ്പൂക്കളുടെയിടയിൽ ഞാൻ നിന്നിരുന്നു. നിന്‍റെ കൈ പിടിച്ചു നിന്നെ എത്തേണ്ടയിടത്തേക്ക് എത്തിക്കുവാൻ... പക്ഷേ, അന്നു നീ വന്നില്ല. നിനക്ക് എന്‍റെ സ്നേഹത്തെപ്പറ്റി അറിഞ്ഞിരുന്നില്ല. ഞാനാണ് നിന്‍റെയും എല്ലാവരുടെയും മാർഗ്ഗദർശി എന്ന് നീ അറിഞ്ഞിരുന്നില്ല..."
"സ്നേഹമോ, ഇത് സ്നേഹമാണോ?" അവൾ ചോദിച്ചു.
"അതെ, സ്നേഹത്തിന്‍റെ പരിപൂർണ്ണത കാണിച്ചുതരുവാൻ എനിക്കു മാത്രമേ കഴിയുകയുള്ളു, എനിക്ക് നീ ഓരോന്നോരോന്നായി കാഴ്ച വയ്ക്കും... ചുവന്ന ചുണ്ടുകൾ, ചാഞ്ചാടുന്ന കണ്ണുകൾ. അവയവഭംഗിയുള്ള ദേഹം... എല്ലാം... ഓരോ രോമകൂപങ്ങൾകൂടി നീ കാഴ്ചവയ്ക്കും. ഒന്നും നിന്‍റേതല്ലാതാവും, എന്നിട്ട് ഈ ബലിക്കു പ്രതിഫലമായി ഞാൻ നിനക്ക് സ്വാതന്ത്ര്യം തരും. നീ ഒന്നുമല്ലാതെയാവും. പക്ഷേ, എല്ലാമായിത്തീരും, കടലിന്‍റെ ഇരമ്പലിലും നീ ഉണ്ടാവും, മഴക്കാലത്ത് കൂമ്പുകൾ പൊട്ടിമുളയ്ക്കുന്ന പഴയ മരങ്ങളിലും നീ ചലിക്കുന്നുണ്ടാവും. പ്രസവ വേദനയനുഭവിക്കുന്ന വിത്തുകൾ മണ്ണിന്‍റെയടിയിൽ കിടന്നു തേങ്ങുമ്പോൾ, നിന്‍റെ കരച്ചിലും ആ തേങ്ങലോടൊപ്പം ഉയരും. നീ കാറ്റാവും, നീ മഴത്തുള്ളികളാവും, നീ മണ്ണിന്‍റെ തരികളാവും... നീയായിത്തീരും ഈ ലോകത്തിന്‍റെ സൗന്ദര്യം..."
അവൾ എഴുന്നേറ്റുനിന്നു. തന്‍റെ ക്ഷീണം തീരെ മാറിയെന്ന് അവൾക്കു തോന്നി. പുതുതായി കിട്ടിയ ധൈര്യത്തോടെ അവൾ പറഞ്ഞു:
"ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ, നിങ്ങൾക്ക് ആളെ തെറ്റി യിരിക്കുന്നു. എനിക്കു മരിക്കുവാൻ സമയമായിട്ടില്ല. ഞാൻ ഒരു ഇരുപത്തേഴുകാരിയാണ്. വിവാഹിതയാണ്, അമ്മയാണ്. എനിക്കു സമയമായിട്ടില്ല. ഞാൻ ഒരു ഉദ്യോഗം നോക്കി വന്നതാണ്. ഇപ്പോൾ നേരം പന്ത്രണ്ടരയോ മറ്റോ ആയിരിക്കണം. ഞാൻ വീട്ടിലേക്കു മടങ്ങട്ടെ."
അയാൾ ഒന്നും പറഞ്ഞില്ല. വാതിൽ തുറന്ന്, അവൾക്ക് പുറത്തേക്കു പോവാൻ അനുവാദം കൊടുത്തു. അവൾ ധൃതിയിൽ ലിഫ്ട് അന്വേഷിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നു. തന്‍റെകാൽവെപ്പുകൾ അവിടെയെങ്ങും ഭയങ്കരമായി മുഴങ്ങുന്നുണ്ടെന്ന് അവൾക്ക് തോന്നി.
ലിഫ്ടിന്‍റെ അടുത്തെത്തിയപ്പോൾ അവൾ നിന്നു. അവിടെ അതു നടത്തുന്ന ശിപായിയുണ്ടായിരുന്നില്ല. എന്നാലും അതിൽ കയറി വാതിലടച്ച് അവൾ സ്വിച്ച് അമർത്തി. ഒരു തകർച്ചയുടെ ആദ്യസ്വരങ്ങളോടെ അതു പെട്ടെന്ന് ഉയർന്നു. താൻ ആകാശത്തിലാണെന്നും ഇടിമുഴങ്ങുന്നുവെന്നും അവൾക്കു തോന്നി. അപ്പോഴാണ്, അവൾ ലിഫ്ടിന്‍റെ അകത്തു തൂക്കിയിരുന്ന ബോർഡ് കണ്ടത്:
"ലിഫ്ട് കേടുവന്നിരിക്കുന്നു. അപകടം." പിന്നീട് എല്ലായിടത്തും ഇരുട്ടുമാത്രമായി. ശബ്ദിക്കുന്ന, ഗർജ്ജിക്കുന്ന ഒരു ഇരുട്ട്. അവൾക്ക് അതിൽനിന്നും ഒരിക്കലും പിന്നീട് പുറത്തു കടക്കേണ്ടിവന്നില്ല.
(1961 ആഗസ്‌റ്റ്)