നെയ്പ്പായസം
ചുരുങ്ങിയതോതിൽ ശവദഹനം കഴിച്ചുകൂട്ടി, ഓഫീസിലെ സ്നേഹിതന്മാരോട് വേണ്ടപോലെ നന്ദി പ്രകടിപ്പിച്ച്, രാത്രി വീട്ടിലേക്ക് മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛൻ എന്നു വിളിക്കാം. കാരണം, ആ പട്ടണത്തിൽ അയാളുടെ വില അറിയുന്നവർ മൂന്നു കുട്ടികൾ മാത്രമേയുള്ളു. അവർ അയാളെ "അച്ഛാ" എന്നാണു വിളിക്കാറുള്ളത്.
ബസ്സിൽ അപരിചിതരുടെയിടയിൽ ഇരുന്നുകൊണ്ട് അയാൾ ആ ദിവസത്തിനെ ഓരോ നിമിഷങ്ങളും വെവ്വേറെയെടുത്തു പരിശോധിച്ചു.
രാവിലെ എഴുന്നേറ്റതുതന്നെ അവളുടെ ശബ്ദം കേട്ടിട്ടാണ്:
"മൂടിപ്പൊതച്ച് കെടന്നാപ്പറ്റ‍്വോ ഉണ്യേ? ഇന്ന് തിങ്കളാഴ്ചയല്ലേ?” അവൾ മൂത്തമകനെ ഉണർത്തുകയായിരുന്നു. അതിനുശേഷം ഉലഞ്ഞ വെള്ള സാരിയുടുത്ത്, അവൾ അടുക്കളയിൽ ജോലിതുടങ്ങി. തനിക്ക് ഒരു വലിയ കോപ്പയിൽ കാപ്പി കൊണ്ടുവന്നുതന്നു. പിന്നെ, പിന്നെ, എന്തെല്ലാമുണ്ടായി? മറക്കാൻ പാടില്ലാത്ത വല്ല വാക്കുകളും അവൾ പറഞ്ഞുവോ? എത്രതന്നെ ശ്രമിച്ചിട്ടും അവൾ പിന്നീടു പറഞ്ഞതൊന്നും ഓർമ്മ വരുന്നില്ല. "മൂടിപ്പൊതച്ച് കെടന്നാപ്പറ്റ്വോ? ഇന്ന് തിങ്കളാഴ്ചയല്ലേ?” ഈ വാക്യം മാത്രം മായാതെ ഓർമ്മയിൽ കിടക്കുന്നു. അത് ഒരു ഈശ്വര നാമമെന്നപോലെ അയാൾ മന്ത്രിച്ചു. അതു മറന്നുപോയാൽ തന്‍റെ നഷ്ടം പെട്ടെന്ന് അസഹനീയമായിത്തീരുമെന്ന് അയാൾക്കു തോന്നി.
ഓഫീസിലേക്കു പോവുമ്പോൾ കുട്ടികൾ കൂടെയുണ്ടായിരുന്നു. അവർക്കു സ്കൂളിൽവെച്ച് കഴിക്കാനുള്ള പലഹാരങ്ങൾ ചെറിയ അലൂമിനിയപ്പാത്രങ്ങളിലാക്കി അവൾ എടുത്തുകൊണ്ടുവന്നു തന്നു. അവളുടെ വലത്തെ കൈയിൽ കുറച്ചു മഞ്ഞൾപ്പൊടി പറ്റിനിന്നിരുന്നു.
ഓഫീസിൽവച്ച് അവളെപ്പറ്റി ഒരിക്കലെങ്കിലും ഓർക്കുകയുണ്ടായില്ല. ഒന്നു രണ്ടു കൊല്ലങ്ങൾ നീണ്ടുനിന്ന ഒരു അനുരാഗബന്ധത്തിന്‍റെ ഫലമായിട്ടാണ് അവർ വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതത്തോടെയല്ല. എങ്കിലും അതിനെപ്പറ്റി പശ്ചാത്തപിക്കുവാൻ ഒരിക്കലും തോന്നിയില്ല. പണത്തിന്‍റെ ക്ഷാമം, കുട്ടികളുടെ അനാരോഗ്യകാലങ്ങൾ... അങ്ങനെ ചില ബുദ്ധിമുട്ടുകൾ അവരെ തളർത്തിക്കൊണ്ടിരുന്നു. അവൾക്കു വേഷധാരണത്തിൽ ശ്രദ്ധ കുറഞ്ഞു. അയാൾക്ക് പൊട്ടിച്ചിരിക്കുവാനുള്ള കഴിവ് ഏതാണ്ടൊക്കെ നശിച്ചു.
എന്നാലും, അവർ തമ്മിൽ സ്നേഹിച്ചു. അവരുടെ മൂന്നു കുട്ടികൾ അവരെയും സ്നേഹിച്ചു. ആൺകുട്ടികളായിരുന്നു. ഉണ്ണി–പത്തു വയസ്സ്, ബാലൻ –ഏഴു വയസ്സ്, രാജൻ–അഞ്ചു വയസ്സ്. മുഖത്ത് എല്ലായ്പോഴും മെഴുക്കുപറ്റി നില്ക്കുന്ന മൂന്നു കുട്ടികൾ. പറയത്തക്ക സൗന്ദര്യമോ സാമർത്ഥ്യമോ ഒന്നുമില്ലാത്തവർ. പക്ഷേ, അമ്മയും അച്ഛനും അന്യോന്യം പറഞ്ഞു:
"ഉണ്ണിക്ക് എഞ്ചിനീയറിങ്ങിലാ വാസന. അവനെപ്പോഴും ഓരോന്ന് ഉണ്ടാക്കിക്കൊണ്ടിരിക്കും."
"ബാലനെ ഡോക്ടറാക്കണം. അവന്‍റെ നെറ്റി കണ്ട്വോ? അത്ര വല്യ നെറ്റി ബുദ്ധീടെ ലക്ഷണാ."
"രാജന് ഇരുട്ടത്ത് നടക്കാനുംകൂടി പേടില്യ. അവൻ സമർത്ഥനാ. പട്ടാളത്തില് ചേരണ്ട മട്ടാ."
അവർ താമസിച്ചിരുന്നതു പട്ടണത്തിൽ ഇടത്തരക്കാർ താമസിക്കുന്ന ഒരു ചെറിയ തെരുവിലാണ്. ഒന്നാം നിലയിൽ മൂന്നു മുറികളുള്ള ഒരു ഫ്ളാറ്റ്. ഒരു മുറിയുടെ മുമ്പിൽ കഷ്ടിച്ച് രണ്ടാൾക്കു നില്ക്കുവാൻ സ്ഥലമുള്ള ഒരു കൊച്ചു വരാന്തയുമുണ്ട്. അതിൽ അമ്മ നനച്ചുണ്ടാക്കിയ ഒരു പനിനീർച്ചെടി ഒരു പൂച്ചട്ടിയിൽ വളരുന്നു. പക്ഷേ, ഇതേവരെ പൂവുണ്ടായിട്ടില്ല.
അടുക്കളയിൽ ചുമരിന്മേൽ തറച്ചിട്ടുള്ള കൊളുത്തുകളിൽ പിച്ചളച്ചട്ടുകങ്ങളും കരണ്ടികളും തൂങ്ങിക്കിടക്കുന്നു. സ്‌റ്റൗവിന്‍റെ അടുത്ത് അമ്മയിരിക്കാറുള്ള ഒരു തേഞ്ഞ പലകയുമുണ്ട്. അവൾ അവിടെയിരുന്ന് ചപ്പാത്തി ഉണ്ടാക്കുമ്പോഴാണ് സാധാരണയായി അച്ഛൻ ഓഫീസിൽ നിന്നു മടങ്ങിയെത്തുക.
ബസ്സ് നിന്നപ്പോൾ അയാൾ ഇറങ്ങി. കാലിന്‍റെ മുട്ടിനു നേരിയ ഒരു വേദന തോന്നി. വാതമായിരിക്കുമോ? താൻ കിടപ്പിലായാൽ കുട്ടികൾക്ക് ഇനി ആരാണുള്ളത്? പെട്ടെന്ന് അയാളുടെ കണ്ണുകൾ നിറഞ്ഞു. അയാൾ ഒരു മുഷിഞ്ഞ കൈലേസുകൊണ്ടു മുഖം തുടച്ചു ധൃതിയിൽ വീട്ടിലേക്ക് നടന്നു.
കുട്ടികൾ ഉറങ്ങിയിരിക്കുമോ? അവർ വല്ലതും കഴിച്ചുവോ? അതോ, കരഞ്ഞു കരഞ്ഞ് ഉറങ്ങിയോ? കരയാനുള്ള തന്‍റേടവും അവർക്കു വന്നു കഴിഞ്ഞിട്ടില്ല. ഇല്ലെങ്കിൽ താൻ അവളെയെടുത്തു ടാക്സിയിൽ കയറ്റിയപ്പോൾ ഉണ്ണി എന്താണു കരയാതെ വെറുതേ നോക്കിക്കൊണ്ടു നിന്നത്? ചെറിയമകൻ മാത്രം കരഞ്ഞു. പക്ഷേ, അവനു ടാക്സിയിൽ കയറണമെന്ന വാശിയായിരുന്നു. മരണത്തിന്‍റെ അർത്ഥം അവർ അറിഞ്ഞിരുന്നില്ല, തീർച്ച.
താൻ അറിഞ്ഞിരുന്നുവോ? ഇല്ല. എന്നും വീട്ടിൽ കാണുന്ന അവൾ പെട്ടെന്ന് ഒരു വൈകുന്നേരം യാതൊരാളോടും യാത്രപറയാതെ നിലത്ത് ഒരു ചൂലിന്‍റെ അടുത്ത് വീണു മരിക്കുമെന്നു താൻ വിചാരിച്ചിരുന്നുവോ?
ഓഫീസിൽനിന്നു വന്നപ്പോൾ താൻ അടുക്കളയുടെ ജനൽവാതിലിൽ കൂടി അകത്തേക്കു നോക്കി. അവൾ അവിടെ ഉണ്ടായിരുന്നില്ല.
മുറ്റത്ത് കുട്ടികൾ കുളിക്കുന്നതിന്‍റെ ശബ്ദം ഉയർന്നുകൊണ്ടിരുന്നു. ഉണ്ണി വിളിച്ചു പറയുകയാണ്: "ഫസ്‌റ്റ്ക്ളാസ് ഷോട്ട്."
താൻ താക്കോലെടുത്ത് ഉമ്മറത്തെ വാതിൽ തുറന്നു. അപ്പോഴാണ് അവളുടെ കിടപ്പ് കണ്ടത്. വായ അല്പം തുറന്ന്, നിലത്തു ചെരിഞ്ഞു കിടക്കുന്നു. തല തിരിഞ്ഞു വീണതായിരിക്കുമെന്നു വിചാരിച്ചു. പക്ഷേ, ഹോസ്പിറ്റലിൽവച്ചു ഡോക്ടർ പറഞ്ഞു: "ഹൃദയസ്തംഭനമാണ്. മരിച്ചിട്ട് ഒന്നര മണിക്കൂറായി."
പല വികാരങ്ങൾ. അവളോട് അകാരണമായി ഒരു ദേഷ്യം. അവൾ ഇങ്ങനെ താക്കീതുകളൊന്നും കൂടാതെ, എല്ലാ ചുമതലകളും തന്‍റെ തലയിൽ വച്ചുകൊണ്ട്, പോയല്ലോ!
ഇനി ആരാണ് കുട്ടികളെ കുളിപ്പിക്കുക? ആരാണ് അവർക്കു പലഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കുക? ആരാണ് ദീനം പിടിപെടുമ്പോൾ അവരെ ശുശ്രൂഷിക്കുക?
"എന്‍റെ ഭാര്യ മരിച്ചു." അയാൾ തന്നത്താൻ മന്ത്രിച്ചു: “എന്‍റെ ഭാര്യ ഇന്നു പെട്ടെന്നു ഹൃദയസ്തംഭനംമൂലം മരിച്ചതുകൊണ്ട് എനിക്കു രണ്ടു ദിവസത്തെ ലീവുവേണം."
എത്ര നല്ല ഒരു "ലീവ് അഭ്യർത്ഥന"യായിക്കും അത്! ഭാര്യയ്ക്ക് സുഖക്കേടാണെന്നല്ല. ഭാര്യ മരിച്ചുവെന്ന്. മേലുദ്യോഗസ്ഥൻ ഒരുപക്ഷേ, തന്നെ മുറിയിലേക്ക് വിളിച്ചേക്കാം. "ഞാൻ വളരെ വ്യസനിക്കുന്നു." അയാൾ പറയും. ഹഹ! അയാളുടെ വ്യസനം! അയാൾ അവളെ അറിയില്ല. അവളുടെ അറ്റം ചുരുണ്ട തലമുടിയും ക്ഷീണിച്ച പുഞ്ചിരിയും മെല്ലെമെല്ലെയുള്ള നടത്തവും ഒന്നും അയാൾക്കറിയില്ല. അതെല്ലാം തന്‍റെ നഷ്ടങ്ങളാണ്...
വാതിൽ തുറന്നപ്പോൾ ചെറിയ മകൻ കിടപ്പറയിൽനിന്ന് ഓടി വന്നു പറഞ്ഞു: "അമ്മ വന്നിട്ടില്യ."
അവർ ഇത്രവേഗം ഇതെല്ലാം മറന്നുവെന്നോ? ടാക്സിയിലേക്ക് കേറ്റിവച്ച ആ ശരീരം തനിച്ചു മടങ്ങിവരുമെന്ന് അവൻ വിചാരിച്ചുവോ?
അയാൾ അവന്‍റെ കൈപിടിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു.
"ഉണ്ണീ!" അയാൾ വിളിച്ചു.
"എന്താ അച്ഛാ?"
ഉണ്ണി കട്ടിലിന്മേൽനിന്ന് എഴുന്നേറ്റു വന്നു.
"ബാലൻ ഒറങ്ങി."
"ഉം, നിങ്ങളൊക്കെ വല്ലതും കഴിച്ചോ?"
"ഇല്യ."
അയാൾ അടുക്കളയിൽ തിണ്ണന്മേൽ അടച്ചുവച്ചിരുന്ന പാത്രങ്ങളുടെ തട്ടുകൾ നീക്കി പരിശോധിച്ചു. അവൾ തയ്യാറാക്കിവച്ചിരുന്ന ഭക്ഷണം– ചപ്പാത്തി, ചോറ്, ഉരുളക്കിഴങ്ങുകൂട്ടാൻ, ഉപ്പേരി, തൈര്, ഒരു സ്ഫടികപ്പാത്രത്തിൽ കുട്ടികൾക്കു വേണ്ടി ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുള്ള നെയ്പ്പായസവും.
മരണത്തിന്‍റെ സ്പർശം തട്ടിയ ഭക്ഷണസാധനങ്ങൾ! വേണ്ട, അതൊന്നും ഭക്ഷിച്ചുകൂടാ.
"ഞാൻ കുറച്ച് ഉപ്പുമാവ് ഉണ്ടാക്കിത്തരാം. ഇതൊക്കെ തണുത്തിരിക്കുന്നു." അയാൾ പറഞ്ഞു.
"അച്ഛാ!"
ഉണ്ണി വിളിച്ചു.
"ഉം."
"അമ്മ എപ്പഴാ വരാ്? അമ്മയ്ക്ക് മാറീല്യേ?"
സത്യത്തിന് ഒരു ദിവസം കാക്കുവാനുള്ള ക്ഷമയുണ്ടാവട്ടെ–അയാൾ വിചാരിച്ചു. ഇപ്പോൾ ഈ രാത്രിയിൽ കുട്ടിയെ വ്യസനിപ്പിച്ചിട്ടെന്താണു കിട്ടാനുള്ളത്?
"അമ്മ വരും." അയാൾ പറഞ്ഞു.
അയാൾ കിണ്ണങ്ങൾ കഴുകി നിലത്തുവച്ചു. രണ്ടു കിണ്ണങ്ങൾ.
"ബാലനെ വിളിക്കേണ്ട. ഒറങ്ങിക്കോട്ടെ." അയാൾ പറഞ്ഞു.
"അച്ഛാ, നെയ്പ്പായസം." രാജൻ പറഞ്ഞു. ആ പാത്രത്തിൽ തന്‍റെ ചൂണ്ടാണിവിരൽ താഴ്ത്തി.
അയാൾ തന്‍റെ ഭാര്യയിരിക്കാറുള്ള പലകമേൽ ഇരുന്നു.
"ഉണ്ണി വെളമ്പിക്കൊടുക്ക്വോ? അച്ഛനു വയ്യ, തല വേദനിക്കുന്നു."
അവർ കഴിക്കട്ടെ. ഇനി ഒരിക്കലും അവളുണ്ടാക്കിയ ആഹാരം അവർക്കു കിട്ടുകയില്ലല്ലോ.
കുട്ടികൾ പായസം കഴിച്ചുതുടങ്ങി. അയാൾ അതു നോക്കിക്കൊണ്ട് നിശ്ചലനായി ഇരുന്നു. കുറേ നിമിഷങ്ങൾക്കുശേഷം അയാൾ ചോദിച്ചു:
"ചോറു വേണ്ടേ ഉണ്ണീ?"
"വേണ്ട, പായസം മതി. നല്ല സ്വാദ്ണ്ട്."
ഉണ്ണി പറഞ്ഞു.
രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "ശെരിയാ... അമ്മ അസ്സല് നെയ്പ്പായസമാ ഉണ്ടാക്ക്യേത്..."
തന്‍റെ കണ്ണുനീർ കുട്ടികളിൽനിന്നു മറച്ചുവയ്ക്കുവാൻവേണ്ടി അയാൾ പെട്ടെന്ന് എഴുന്നേറ്റു കുളിമുറിയിലേക്കു നടന്നു.
(1962)