നാവികവേഷം ധരിച്ച കുട്ടി
മന്ത്രി തന്‍റെ പ്രൈവറ്റ് സെക്രട്ടറിയെയും അയാളുടെ വധുവിനെയും വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു എന്നറിഞ്ഞപ്പോൾത്തന്നെ അദ്ദേഹത്തിന്‍റെ ധർമ്മപത്നി പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, മന്ത്രി ക്ഷണം പിൻവലിച്ചില്ല.
ഡിന്നറിന്‍റെ ദിവസം, ആ ശപിക്കപ്പെട്ട സന്ധ്യയ്ക്ക് വെളുത്തു മെലിഞ്ഞ്, ഉയരം കുറഞ്ഞ ഒരു മലയാളി പെൺകുട്ടി നനഞ്ഞ ചുരുളൻ മുടിയും അഴിച്ചിട്ട്, നനുത്ത വെള്ളസ്സാരിയും ചുറ്റി തന്‍റെ ശോഭാവഹമായ സൽക്കാരമുറിയിലേക്കു വന്നു കയറിയപ്പോൾ മച്ചിയായ ആ മദ്ധ്യവയസ്കയുടെ ഹൃദയം ഒന്നു പിടഞ്ഞു. രണ്ടാമത്തെ നോട്ടത്തിൽ, ആഗത ഗർഭിണിയാണെന്നുകൂടി മനസ്സിലാക്കിയപ്പോൾ ഗൃഹനായികയ്ക്ക് അവളെ സ്വാഗതം ചെയ്യുവാനായി ഒരു പുഞ്ചിരികൂടി തന്‍റെ മുഖത്ത് വരുത്തുവാൻ കഴിഞ്ഞില്ല. അല്പം ഇടറിയ ഒരു സ്വരത്തിൽ അവർ പറഞ്ഞൊപ്പിച്ചു:
"ഇരിക്കൂ. ഞാൻ അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരാം."
മന്ത്രി കളിക്കുകയായിരുന്നു. ഭാര്യ വാതിൽക്കൽ മുട്ടിക്കൊണ്ട് പറഞ്ഞു:
"അവർ വന്നിട്ടുണ്ട്. ഡിന്നറിനു വിളിച്ചപ്പോൾ കരുതിയിരിക്കും, വൈകുന്നേരത്തെ ചായയുംകൂടി സമ്പാദിച്ചുകളയാമെന്ന്. മണി ഏഴാവുന്നതേയുള്ളു. ഇനി മൂന്നോ നാലോ മണിക്കൂറുകൾ ഞാനിവരോടൊക്കെ എന്തു സംസാരിച്ചുകൊണ്ടിരിക്കണമെന്നാണ് നിങ്ങൾ പറയുന്നത്? നിങ്ങൾക്ക് ഇവരെയൊക്കെ ക്ഷണിക്കുക മാത്രമേ വേണ്ടൂ. ചുമതലകളൊക്കെ ഞാൻതന്നെ വഹിക്കണം."
മന്ത്രി യാതൊരു മറുപടിയും കൊടുത്തില്ല. ഒന്നുരണ്ടു തവണ മൂക്ക് ചീറ്റുകയും തന്‍റെ തുർക്കിട്ടവ്വൽ ശക്തിയായി കുടയുകയും ചെയ്തു. ഭാര്യ പിറുപിറുത്തുകൊണ്ട് അതിഥികളുടെ അടുത്തേക്കുതന്നെ മടങ്ങി. ഇണക്കമല്ലാത്ത പ്രകൃതിയൊന്നുമല്ലായിരുന്നു അവരുടേത്. പക്ഷേ, തുല്യരോട് മാത്രമേ അവർക്ക് മമത തോന്നിയിരുന്നുള്ളു. മറ്റു മന്ത്രിമാരുടെ ഭാര്യമാരോട് സല്ലപിക്കുമ്പോഴും പ്രധാനമന്ത്രിയുടെ മുന്നിൽവച്ചും അവർ സ്നേഹശീലയും ഉത്സാഹവതിയുമായി കാണപ്പെട്ടു. പക്ഷേ, തുച്ഛമായ ശമ്പളം കിട്ടുന്ന ഒരു ചെറുപ്പക്കാരന്‍റെ ഗ്രാമീണയായ ഭാര്യയോട് മറ്റേതോ ഗ്രഹത്തിൽ പാർക്കുന്ന ജീവികളോട് തോന്നിയേക്കാവുന്ന ഒരവിശ്വാസം മാത്രമേ അവർക്ക് തോന്നിയിരുന്നുള്ളു. അതിഥി മുറ പരിശീലിച്ചു തഴകിയ ആ ഗൃഹനായിക ലജ്ജിച്ചു വിവശയായി. ഒരേ സോഫയിൽ ചൂളിയിരുന്നിരുന്ന ആ രണ്ടുപേർക്ക് കുറച്ചു ടൊമാറ്റോനീരു കൊണ്ടുവന്നു കൊടുത്തു. എന്നിട്ട് എതിർവശത്ത് ഇട്ടിരുന്ന ഒരു കസാലയിൽ ഇരുന്നുകൊണ്ട് ഒന്നു മന്ദഹസിച്ചു. ഒരു സ്വർണ്ണപ്പല്ലിന്‍റെ തിളക്കം ആ ചിരിയുടെ കൃത്രിമലാവണ്യത്തിനു മാറ്റുകൂട്ടി.
പെൺകുട്ടി തന്‍റെ ഭർത്താവിന്‍റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങി ഇരുന്നു. അവളുടെ കൈത്തലങ്ങൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.
"എന്താണ് പേര്?" ഗൃഹനായിക ചോദിച്ചു.
"കൊച്ചമ്മിണി."
"എനിക്ക് ആ മദ്രാസിപ്പേര് ശരിയായി ഉച്ചരിക്കുവാൻ കഴിയുമെന്നു തോന്നുന്നില." മന്ത്രിയുടെ ഭാര്യ പറഞ്ഞു: "അതുകൊണ്ട് ഞാൻ നിങ്ങളെ മിസിസ് നായർ എന്നു വിളിക്കാം."
ചെറുപ്പക്കാരൻ അതൊരു ഫലിതമാക്കി കണക്കാക്കാൻ ശ്രമിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു. ചിരിക്കുമ്പോൾ ചുളിഞ്ഞ് വികൃതമായിത്തീരുന്ന ഒരു മുഖമായിരുന്നു അയാളുടേത്. അയാൾ ഓരോ തവണയും ചിരിക്കുമ്പോൾ അയാളുടെ ഭാര്യ ഒരു വല്ലായ്മയോടെ തന്‍റെ മുഖം തിരിച്ചു. മറ്റു സമയത്ത് അവൾ അയാളെ തന്‍റെ വിടർന്ന കണ്ണുകൾകൊണ്ട് ആരാധിച്ചുകൊണ്ടിരുന്നു.
മന്ത്രി കുളി കഴിഞ്ഞ് വന്നെത്തുവാൻ കുറച്ചു വൈകി. അപ്പോഴേക്കും ഗൃഹനായിക തന്‍റെ അതിഥികളുടെ ജന്മസ്ഥലത്തെപ്പറ്റിയും മാതാപിതാക്കളെപ്പറ്റിയും വിദ്യാഭ്യാസസ്ഥിതിയെപ്പറ്റിയും എല്ലാം ചോദിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. എന്നിട്ട് ഒരു ഒടുക്കത്തെ കൈ പ്രയോഗിക്കുന്ന ഭാവത്തോടെ, തന്‍റെ ഭാരിച്ച ഫോട്ടോ ആൽബം അവരുടെ നേർക്കു നീട്ടി.
പെൺകുട്ടി പെട്ടെന്ന് ഉന്മേഷവതിയായി.
മന്ത്രി മുറിയിൽ കടന്നുവന്നപ്പോൾ ഒരു ഫോട്ടോവിൽ കണ്ണുകൾ നട്ട് തല താഴ്ത്തിയിരിക്കുന്ന ആ പെൺകുട്ടിയെയാണ് കണ്ടത്. അദ്ദേഹം നിശ്ശബ്ദനായി വാതിൽക്കൽതന്നെ നിന്നു.
"അത് എന്‍റെ ഭർത്താവിന്‍റെ പടമാണ്. അദ്ദേഹത്തിന് നാലു വയസ്സുള്ളപ്പോൾ മദിരാശിയിൽവച്ച് എടുപ്പിച്ച പടമാണത്രെ. അന്നൊക്കെ ചെറിയ കുട്ടികളെ നാവികവേഷം ധരിപ്പിക്കുക ഒരു പരിഷ്കാരമായിരുന്നു. ഈ ഫോട്ടോ അദ്ദേഹത്തിന്‍റെ അമ്മ കൂട്ടിലിട്ട് തന്‍റെ മുറിയിൽ തൂക്കിയിരുന്നതാണ്. അവർ മരിച്ചപ്പോൾ ഞാനിത് ആൽബത്തിൽ പതിച്ചുവച്ചു." മന്ത്രിയുടെ ഭാര്യ പറഞ്ഞു.
പെൺകുട്ടി ആ പേജ് മറിക്കാതെ ആ ഫോട്ടോതന്നെ നോക്കിക്കൊണ്ട് നിശ്ചലയായി ഇരുന്നു. ഒടുവിൽ അവളുടെ ഭർത്താവ് പറഞ്ഞു:
"പേജ് മറിക്കൂ."
അവൾ എന്നിട്ടും അനങ്ങിയില്ല.
"എന്‍റെ കുട്ടിക്കാലത്തെ ഫോട്ടോ നോക്കുകയാണോ?" വാതിൽക്കൽ നിന്നിരുന്ന മന്ത്രി ചോദിച്ചു: "അറുപത് കൊല്ലം മുമ്പ് എടുത്ത പടമാണ്. പല മാറ്റങ്ങളും ആ മോഡലിനു വന്നുകഴിഞ്ഞിരിക്കുന്നു."
ചെറുപ്പക്കാരൻ എഴുന്നേറ്റ് തൊഴുതു. പക്ഷേ, അയാളുടെ ഭാര്യ ഇരുന്നയിടത്തുനിന്നും എഴുന്നേറ്റില്ല. ആ ഫോട്ടോ തന്‍റെ നേർത്ത വിരലുകൾകൊണ്ട് മറച്ച് അവൾ അമ്പരപ്പോടെ കണ്ണുകൾ ഉയർത്തി.
“എഴുന്നേല്ക്കൂ, കൊച്ചമ്മിണി." അവളുടെ ഭർത്താവ് പിറുപിറുത്തു.
“എഴുന്നേല്ക്കണ്ട മിസിസ് നായർ" മന്ത്രി പറഞ്ഞു: "ഞാൻ നിങ്ങളുടെ അടുത്തിരുന്നിട്ട് എല്ലാ പടങ്ങളുടെയും ചരിത്രം പറഞ്ഞു മനസ്സിലാക്കിത്തരാം."
ചെറുപ്പക്കാരൻ മറ്റൊരു സോഫയിലേക്ക് മാറി ഇരുന്നു. അയാളുടെ മുഖം ഒരു പുഞ്ചരികൊണ്ട് വികൃതമായി.
"ഞാൻ നിങ്ങൾക്കും കുറച്ചു ടൊമാറ്റോനീര് കൊണ്ടുവരട്ടെ?" മന്ത്രിയുടെ ഭാര്യ ചോദിച്ചു.
"വേണ്ട, എനിക്ക് വിസ്കി മതി." മന്ത്രി പറഞ്ഞു: "രണ്ടു സോഡ കൊണ്ടുവരാൻ പറയൂ. നായർ, നിങ്ങളും എന്‍റെകൂടെ കുടിക്കുമല്ലോ!"
"ഇല്ല സർ, ഞാൻ കുടിക്കാറില്ല." ചെറുപ്പക്കാരൻ പറഞ്ഞു.
"അസംബന്ധം!" മന്ത്രി പറഞ്ഞു: "ഇടയ്ക്ക് വല്ലപ്പോഴും ഒരു പെഗ്ഗ് കുടിച്ചാൽ എന്താണ് തകരാറ്? മിസിസ് നായർക്ക് നിങ്ങൾ കുടിക്കുന്നതിൽ വലിയ വിരോധമൊന്നുമുണ്ടാവില്ല എന്ന് എനിക്കു തീർച്ചയുണ്ട്."
"വിരോധമുണ്ട്." ചെറുപ്പക്കാരി പറഞ്ഞു: "എനിക്ക് കുടിക്കുന്ന ശീലത്തോട് വെറുപ്പാണ്."
മന്ത്രി ചിരിച്ചു.
"ശരി. എന്നാൽ ഇന്ന് ഞാനും കുടിക്കുന്നില്ല." അദ്ദേഹം പറഞ്ഞു: "എനിക്കും ടൊമാറ്റോനീര് മതി."
ടൊമാറ്റോനീര് കുടിച്ചുകൊണ്ടിരിക്കുമ്പോൾ മന്ത്രി പറഞ്ഞു:
"എന്‍റെ അമ്മ ജീവിച്ചിരുന്ന കാലത്ത് ഞാനൊരിക്കലും കുടിച്ചിരുന്നില്ല. അമ്മയ്ക്ക് അതൊക്കെ വിരോധമായിരുന്നു."
"അമ്മയെ പേടിച്ചിരുന്നു." മന്ത്രിയുടെ ഭാര്യ പറഞ്ഞു: "ഭാര്യയെ പേടിക്കേണ്ടല്ലോ."
"അമ്മയെ പേടിച്ചിരുന്നുവെന്നല്ല അതിന്‍റെ അർത്ഥം" മന്ത്രി പറഞ്ഞു: "അമ്മയെ വേദനിപ്പിക്കുവാൻ എനിക്ക് ഒരിക്കലും മനസ്സുവന്നില്ല. എന്‍റെ അമ്മ ഒരു പാവമായിരുന്നു. അവരെപ്പറ്റി പറഞ്ഞു മനസ്സിലാക്കാൻ ഞാനൊരു കഥ പറയാം. എന്‍റെ ഭാര്യ ഒരു ദിവസം പഴംവില്പനക്കാരിയായ ഒരു പെണ്ണിനെ മുകളിലേക്കു വിളിച്ചു. അന്ന് ഞങ്ങൾ നാലുനിലയുള്ള ഒരു കെട്ടിടത്തിൽ നാലാം നിലയിലായിരുന്നു താമസിച്ചിരുന്നത്. ആ കച്ചവടക്കാരിക്ക് എട്ടോ ഒൻപതോ മാസം ഗർഭമുണ്ടായിരുന്നു. അവൾ ആ വയറും വച്ച് കോണിപ്പടികൾ കയറിവന്ന് കൊട്ട നിലത്തു വച്ചപ്പോഴേക്കും വിയർത്തുകഴിഞ്ഞിരുന്നു. അവളുമായി വാദിച്ചു തുടങ്ങിയ എന്‍റെ ഭാര്യയ്ക്ക് എന്തോ അവളോട് ദേഷ്യം തോന്നി. അവൾ പറഞ്ഞു: " നീ പൊയ്‌ക്കൊള്ളു. ഞങ്ങൾക്ക് നിന്‍റെ പഴങ്ങൾ ആവശ്യമില്ല. എന്‍റെ അമ്മ അതു കേട്ടുകൊണ്ട് അകത്തുനിന്നും വന്നു. അവർ എന്‍റെ ഭാര്യയെ ശകാരിച്ചു. അവർ ചോദിച്ചു–നീയും അവളെപ്പോലെ ഒരു പെണ്ണല്ലേ? ഈ വയറുംവച്ച് അവൾ കോണിപ്പടികൾ കയറിവന്നില്ലേ? ഇനി വല്ലതും വാങ്ങാതെ അവളെ മടക്കി അയയ്ക്കാൻ ഞാൻ സമ്മതിക്കയില്ല. അങ്ങനെ ആയിരുന്നു എന്‍റെ അമ്മ."
"എല്ലാ അമ്മായിഅമ്മമാരും അങ്ങനെയാണ്." മന്ത്രിയുടെ ഭാര്യ പറഞ്ഞു: "മരുമകൾ ചെയ്യുന്നത് എന്തും തെറ്റാണ്."
“ആകട്ടെ, പേജ് മറിക്ക്." മന്ത്രി പറഞ്ഞു: "ഞാൻ മറ്റു പടങ്ങളെപ്പറ്റി പറഞ്ഞുതരാം."
"ഈ ഫോട്ടോ എനിക്കു തരണം" ചെറുപ്പക്കാരി പറഞ്ഞു.
ചെറുപ്പക്കാരനോട് എന്തോ പറഞ്ഞുകൊണ്ടിരുന്ന ഗൃഹനായിക അവളുടെ വാക്കുകേട്ട് അത്ഭുതസ്തബ്ധയായി.
മന്ത്രി ചിരിച്ചു.
"ഈ ഫോട്ടോവോ?" അദ്ദേഹം ചോദിച്ചു: "നിങ്ങളുടെ ആൽബത്തിലേക്ക് ഒരു ഫോട്ടോ വേണമെങ്കിൽ ഞാൻ കഴിഞ്ഞ കൊല്ലം എടുത്ത ഫോട്ടോവിന്‍റെ ഒരു കോപ്പി തരാം. ഞാനും ഭാര്യയും അമേരിക്കയിലേക്ക് പോവുമ്പോൾ വിമാനത്താവളത്തിൽവച്ച് എടുത്ത ഫോട്ടോ.”
"അതെനിക്ക് വേണ്ട." ആ പെൺകുട്ടി പറഞ്ഞു: "എനിക്ക് ഈ ഫോട്ടോ കിട്ടിയാൽ മതി."
"അതെങ്ങനെയാണ് തരിക മിസിസ് നായർ?" മന്ത്രിയുടെ ഭാര്യ ചോദിച്ചു: "അത് എന്‍റെ ഭർത്താവിന്‍റെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോവായിരുന്നു. അവർ അത് ചില്ലിലിട്ട് തന്‍റെ മുറിയിൽ തൂക്കിയിരുന്നു. എന്നിട്ടും അവരുടെ മരണത്തിനുശേഷം മാത്രമാണ് ഞാൻ അതെടുത്തത്. അത് ഈ കുടുംബത്തിൽനിന്നു പുറത്തു പോവുന്നത് ഭംഗിയല്ല."
മന്ത്രിയുടെ ഭാര്യയുടെ മുഖം അടക്കിവെച്ച ക്രോധത്താൽ ചുവന്നു. തുല്യരോടു മാത്രമേ അടുക്കാവൂ എന്ന് താൻ എത്രതവണ അദ്ദേത്തിനോട് പറഞ്ഞിരിക്കുന്നു! ഓരോരുത്തരെയും അവരുടേതായ സ്ഥാനങ്ങളിൽ ഇരുത്താൻ പഠിക്കണം. അപരിഷ്കൃതയായ ഈ പെണ്ണിനെ പിടിച്ച് ഒരു മരുമകളെയെന്നപോലെ അടുത്തിരുത്തിയതുകൊണ്ടല്ലേ ഇവൾ ഇങ്ങനെ ഔദ്ധത്യം കാണിക്കുന്നത്. ഒരു ഫോട്ടോ വേണം പോലും!
"എന്തിനാണ് നിങ്ങൾക്ക് ഈ ഫോട്ടോ?" മന്ത്രി ചോദിച്ചു.
ചെറുപ്പക്കാരൻ പെട്ടെന്നെഴുന്നേറ്റ് ആ ആൽബം തട്ടിപ്പറിച്ച് ഗൃഹനായികയുടെ കൈയിൽ ഏല്പിക്കുവാൻ ശ്രമിച്ചു, പക്ഷേ ആ ശ്രമം ഫലിച്ചില്ല. "ക്ഷമിക്കണം." അയാൾ പറഞ്ഞു: "അവൾ ചെറിയ കുട്ടികളെപ്പോലെയാണ് ഇടയ്ക്ക് പെരുമാറുക. യാതൊരു വിവേകവുമില്ല. അച്ഛനും അമ്മയ്ക്കും ആകെക്കൂടിയുള്ള ഒരേയൊരു സന്താനമാണ്. അതുകൊണ്ട് ലാളന കൂടിയപ്പോൾ കേടുവന്നുപോയി."
മന്ത്രിയുടെ ഭാര്യ ഒന്നും പറഞ്ഞില്ല. അവർ ഒരു സോഫമേൽ അടുത്തടുത്ത് ഇരിക്കുന്ന ഭർത്താവിനെയും ആ മലയാളിപ്പെൺകുട്ടിയെയും ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു. അവർ അന്യോന്യം നോക്കിക്കൊണ്ട് പ്രതിമകൾപോലെ ഇരിക്കുന്ന കാഴ്ച ആ സ്ത്രീയെ അസ്വാസ്ഥ്യപ്പെടുത്തി.
ചെറുപ്പക്കാരി ആ ഫോട്ടോവിലെ കുട്ടിയുടെ ഉരുണ്ട കവിളുകൾ തന്‍റെ വിരൽത്തുമ്പുകൊണ്ടു തലോടി.
"എനിക്ക് ഇത് എന്നും നോക്കിക്കാണാനാണ്..." അവൾ പറഞ്ഞു.
"കൊച്ചമ്മിണീ, നിനക്ക് ഭ്രാന്തുണ്ടോ?" ചെറുപ്പക്കാരൻ നീരസത്തോടെ ചോദിച്ചു.
"എനിക്ക് ഇതു മാത്രമല്ലേ ആവശ്യമുള്ളു?" പെൺകുട്ടി ചോദിച്ചു. അവളുടെ കണ്ണുകൾ നനയുന്നുണ്ടായിരുന്നു. മന്ത്രി അവളുടെ മുഖത്തു നോക്കിക്കൊണ്ട് ചിന്തയിലാണ്ടു.
"കുട്ടികളുടെ പടങ്ങൾ ഞാനും പണ്ടൊരിക്കൽ ശേഖരിച്ചു വച്ചിരുന്നു." മന്ത്രിയുടെ ഭാര്യ പറഞ്ഞു: "അലമാരി തുറന്ന് ആ വലിപ്പുകളെല്ലാം ഞാനൊന്നു പരിശോധിക്കട്ടെ. അത്തരം പുസ്തകങ്ങൾ അവിടെയുണ്ടെങ്കിൽ ഞാൻ നിങ്ങൾക്കു തരാം."
"എനിക്ക് അതൊന്നും വേണ്ട." പെൺകുട്ടി പറഞ്ഞു. അവളുടെ വിരൽത്തുമ്പ് പടത്തിലെ കുട്ടിയുടെ ഉരുണ്ട കാലുകളെ തൊട്ടു തലോടി. അതു നോക്കിക്കണ്ട മന്ത്രിയുടെ ശരീരത്തിൽ ഒരു രോമാഞ്ചം പടർന്നു.
"എനിക്ക് ഈ ഫോട്ടോ വേണം." അവൾ വീണ്ടും പറഞ്ഞു. അവളുടെ വാക്കുകളിൽ ഒരു തേങ്ങൽ കലർന്നിരുന്നു.
മന്ത്രി ഒന്നും പറഞ്ഞില്ല. അദ്ദേഹം അപ്പോഴും അവളുടെ കണ്ണുകളിൽ എന്തോ തിരഞ്ഞുകൊണ്ടിരുന്നു.
അപമാനകരമായ ആ സംഭവത്തെപ്പറ്റി പിറ്റേദിവസം രാവിലെ നായർ തന്‍റെ ഭാര്യയോട് സംസാരിച്ചതേയില്ല. മന്ത്രി ദയാലുവും വിശാലഹൃദയനുമാണെന്നും ദുഃസ്വാതന്ത്ര്യം കാണിച്ച തന്‍റെ ഭാര്യയ്ക്ക് അദ്ദേഹം മാപ്പു കൊടുക്കുമെന്നും അയാൾക്ക് പൂർണ്ണബോദ്ധ്യമുണ്ടായിരുന്നു. പിന്നെ എന്തിന് അതിനെപ്പറ്റി പറഞ്ഞ് അവളെ വീണ്ടും വീണ്ടും കരയിപ്പിക്കണം?
വാതില്ക്കൽവെച്ചുള്ള ധൃതിപ്പെട്ട ആലിംഗനത്തിനുശേഷം അയാൾ ജോലി സ്ഥലത്തേക്കു പൊയ്ക്കഴിഞ്ഞപ്പോൾ വാതിൽ പൂട്ടുവാനുംകൂടി മിനക്കെടാതെ ആ ചെറുപ്പക്കാരി ഒരു തുണിപ്പാവാടയുടെ ആലസ്യത്തോടെ ഒരു സോഫമേൽ വന്നു വീണു. കാറ്റു വീശുമ്പോഴൊക്കെ മെഴുക്കു പുരണ്ട ആ മുഖത്ത് രണ്ടു മുടിച്ചുരുളുകൾ മെല്ലെ വന്നടിച്ചു കൊണ്ടിരുന്നു.
പടിക്കൽ ഒരു കാറ് വന്നുനില്ക്കുന്ന ശബ്ദം കേട്ടപ്പോഴും വാതിൽ തള്ളിത്തുറന്ന് മന്ത്രി ആ മുറിയിൽ പ്രവേശിച്ചപ്പോഴും അവൾ എഴുന്നേറ്റില്ല. അവളുടെ വിടർന്ന കണ്ണുകളിലേക്കു നോക്കിക്കൊണ്ടു മന്ത്രി പറഞ്ഞു:
"ഞാൻ ഫോട്ടോ കൊണ്ടുവന്നിട്ടുണ്ട്."
"ഉം."
അദ്ദേഹം തന്‍റെ കീശയിൽനിന്ന് ആ ഫോട്ടോ എടുത്ത് അവളുടെ കൈയിൽ വച്ചുകൊടുത്തു. അവളുടെ നേർത്ത വിരലുകൾ പടത്തിലെ കുട്ടിയെ വാത്സല്യത്തോടെ തലോടി.
അദ്ദേഹം സോഫയ്ക്കരികിൽ വെറും നിലത്ത് മുട്ടുകുത്തി.
"എനിക്ക് ഇന്നലെ ആളെ മനസ്സിലായില്ല." അദ്ദേഹം പിറുപിറുത്തു. കുറച്ചു നേരത്തിന് അവൾ അദ്ദേഹത്തിന്‍റെ നരച്ച മുടിയിൽ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു. എന്നിട്ട് തന്‍റെ കാതുകൾക്കുതന്നെ അപരിചിതമായ ഒരു സ്വരത്തിൽ അവൾ പറഞ്ഞു:
"ഇനി എഴുന്നേല്ക്ക്."
(1967)