സ്വയംവരം
താൻ അവന്തിരാജകുമാരിയാണെന്നു വിശ്വസിക്കുന്ന ഭ്രാന്തി അന്നും പതിവുപോലെ ആ പാർക്കിൽ തന്‍റെ സ്വന്തമായ വേപ്പുമരത്തിന്‍റെ ചുവട്ടിൽ വർത്തമാനക്കടലാസ് വിരിച്ച് ഇരുന്നു. അവളുടെ മകന്‍റെ ഭാര്യ കൈയിൽ ഏല്പിച്ചുകൊടുത്ത പൊതിച്ചോറും വെള്ളക്കുപ്പിയും അവൾ തന്‍റെ അടുത്ത് ഒരു പൂച്ചട്ടിയുടെ പിന്നിൽ ഒളിച്ചുവെച്ചു. എന്നിട്ട് മൊളി വീണും ശുഷ്കിച്ചുമിരുന്ന തന്‍റെ കാലുകൾ മുമ്പിലേക്കു നീട്ടി വെച്ച്, ചുമുലിൽ വീണുകിടക്കുന്ന നരച്ച മുടി ഓരോ പിടിയായി എടുത്ത് കൈവിരലിൽ ശൂഷ്കാന്തിയോടെ ചുറ്റിത്തുടങ്ങി. അവൾ ഇടയ്ക്കിടയ്ക്ക് ആകാശത്തിലേക്കു നോക്കി വായിന്‍റെ വലത്തുവശം കോട്ടിക്കൊണ്ട് ഒരു പ്രത്യേക ചിരി ചിരിച്ചുകൊണ്ടിരുന്നു.
മുഷിഞ്ഞ വേഷം ധരിച്ച മൂന്ന് തെമ്മാടികൾ അവളുടെ അടുത്തേക്കു ചെന്നു. അവരിൽ ഒരാൾ ഭ്രാന്തിയെ തൊഴുതുകൊണ്ടു പറഞ്ഞു:
"നമസ്കാരം അവന്തിരാജകുമാരി. നിങ്ങൾക്ക് സുഖംതന്നെയാണെന്നു വിശ്വസിക്കുന്നു."
അയാളുടെ കൂട്ടുകാർ ഉറക്കെ പൊട്ടിച്ചിരിച്ചു.
ഭ്രാന്തിയും ചിരിച്ചു.
"എനിക്ക് സുഖംതന്നെയാണ്." അവൾ പറഞ്ഞു: "പക്ഷേ, ഇന്ന് എന്‍റെ മുടി ചുരുളുന്നില്ല. മുടി ചുരുണ്ടില്ലെങ്കിൽ ഞാനെങ്ങനെ കിരീടം ധരിക്കും?
"അത് വലിയൊരു പ്രശ്നമാണ്." ഒരാൾ പറഞ്ഞു.
"ഇന്നാണല്ലോ നിങ്ങളുടെ സ്വയംവരം? ഇന്ന് കിരീടം ധരിക്കാതേയും വയ്യ."
"ഇന്നാണോ എന്‍റെ സ്വയംവരം?" അവൾ ചോദിച്ചു:
"ഇത് നിങ്ങളോട് ആരു പറഞ്ഞു?"
"ഈ വർത്തമാനം ലോകം മുഴുവൻ കേട്ടുകഴിഞ്ഞിരിക്കുന്നു." അയാൾ പറഞ്ഞു: "ഞങ്ങൾ മൂന്നുപേർ അതിനുവേണ്ടിയാണല്ലോ ഈ പട്ടണത്തിൽ എത്തിയിരിക്കുന്നത്."
"നിങ്ങളെ ഞാൻ ഇതിനുമുമ്പ് കണ്ടിട്ടുണ്ട്." വൃദ്ധ പറഞ്ഞു.
"ഈ കാണുന്നവൻ വംഗരാജ്യത്തിലെ ചക്രവർത്തി. മറ്റേ സ്നേഹിതൻ കേരളചക്രവർത്തി. ഞങ്ങൾ നിങ്ങളെ വിവാഹം ചെയ്യാൻ മോഹിച്ചു വന്നിരിക്കുകയാണ്."
വൃദ്ധയ്ക്കു സന്തോഷമായി. അവരുടെ വായിൽ മുൻവശത്തെ രണ്ട് പല്ലുകൾ വീണുപോയിരുന്നു. ചിരിച്ചപ്പോൾ ആ വലിയ വിടവിലൂടെ അവളുടെ നാവിന്‍റെ ഒരറ്റം വെളിപ്പെട്ടു.
"നിങ്ങളെ പരിചയപ്പെട്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്." അവൾ പറഞ്ഞു. എന്നിട്ട് ലജ്ജയാലെന്നപോലെ തലതാഴ്ത്തി. പക്ഷേ, കുനിഞ്ഞുപോയ ആ മുഖത്തിൽനിന്നും ആ ശൂന്യച്ചിരി മാഞ്ഞിരുന്നില്ല.
"ഞങ്ങൾ ഒരു കാര്യം പറയാനാണ് ഇവിടെ ഇപ്പോൾ വന്നത്." വംഗചക്രവർത്തി പറഞ്ഞു: "ഇന്ന് സന്ധ്യയ്ക്ക് പാർക്ക് പൂട്ടിക്കഴിഞ്ഞാലും നിങ്ങൾ വീട്ടിലേക്കു മടങ്ങരുത്. പുറത്ത് ഞങ്ങൾക്കുവേണ്ടി കാത്തു നിൽക്കണം. ഞങ്ങൾ നിങ്ങളെയെടുത്ത് മതിലും കടന്ന് ഈ മരച്ചുവട്ടിൽ വന്നെത്തും. ഇവിടെവച്ചാവും നമ്മുടെ സ്വയംവരം."
വൃദ്ധ സന്തോഷത്തോടെ കൈകൊട്ടി. അവർ തന്‍റെ മുടി വലിച്ച് മുഖത്തിന് അതുകൊണ്ടൊരു യവനികയുണ്ടാക്കി. അതിനു പിന്നിൽക്കൂടി അവൾ പുഞ്ചിരി പൊഴിച്ചുകൊണ്ടിരുന്നു.
"ഭേഷ്. എന്നാൽ രാത്രി കാണാം." കേരളചക്രവർത്തി പറഞ്ഞു.
"നമസ്കാരം അവന്തിരാജകുമാരി."
അവർ മൂന്നുപേരും അവരെ വന്ദിച്ച് യാത്ര പിരിഞ്ഞു പോവാൻ പുറപ്പെട്ടു.
"ഞാൻ നിങ്ങളെ കലശലായി സ്നേഹിക്കുന്നു." ഒരാൾ പറഞ്ഞു.
"ഞാൻ നിങ്ങളെ കാമിക്കുന്നു." മറ്റൊരുത്തൻ വിളിച്ചുപറഞ്ഞു.
ഭ്രാന്തി ലജ്ജിച്ചു തലതാഴ്ത്തി.
"ഞങ്ങളെ നിരാശപ്പെടുത്തരുത് സുന്ദരീ." വംഗചക്രവർത്തി പറഞ്ഞു.
"നിരാശപ്പെടുത്തില്ല." വൃദ്ധ പറഞ്ഞു.
രാത്രി വിജനമായിത്തീർന്ന ആ പാർക്കിൽ വൃദ്ധയെയും താങ്ങിക്കൊണ്ട് മൂന്നു തെമ്മാടികളും എത്തി.
"ഇതു കരഞ്ഞാലോ?" ഒരാൾ ചോദിച്ചു: "ഇത് ഉച്ചത്തിൽ നിലവിളി കൂട്ടിയാലോ?"
"അതൊന്നുമില്ലാതെ ഞാൻ നോക്കിക്കൊള്ളാം.” കേരളചക്രവർത്തി പറഞ്ഞു.
"ഞങ്ങൾ നിങ്ങളെ കലശലായി കാമിക്കുന്നു." കാശിരാജാവ് പറഞ്ഞു.
"ഞങ്ങളെ കുറച്ചെങ്കിലും ആശ്വസിപ്പിക്കൂ രാജകുമാരീ."
"ഞാനെന്തു ചെയ്യണം രാജാക്കന്മാരേ?" വൃദ്ധ തന്‍റെ വിറയൽ കലർന്ന സ്വരത്തിൽ ചോദിച്ചു.
ആ ചെറുപ്പക്കാർ അവളുടെ കുപ്പായം സാവധാനത്തിൽ ഊരിയെടുത്തു. അവൾ അടിക്കുപ്പായം ധരിച്ചിരുന്നില്ല. ചുക്കിച്ചുളിഞ്ഞ് തൂങ്ങിക്കിടന്നിരുന്ന മുലകൾ നോക്കിക്കൊണ്ട് ഒരുത്തൻ പൊട്ടിച്ചിരിച്ചു.
“എന്നെ വേദനിപ്പിക്കരുത്."
"ഇല്ല സുന്ദരീ, ഞങ്ങൾ നിങ്ങളുടെ ഭർത്താക്കന്മാരാണ്." കാശിരാജാവ് പറഞ്ഞു.
“അയ്യോ നിങ്ങൾ എന്നെ വേദനിപ്പിക്കുന്നു!" ഭ്രാന്തി തേങ്ങിക്കൊണ്ടു വിളിച്ചു പറഞ്ഞു: "അയ്യോ എനിക്കു വേദന സഹിക്കാൻ വയ്യ. എന്നെ കടിച്ചുകൊല്ലരുത്."
അവൾ അവരുടെ പിടിയിൽനിന്നും കുതറി രക്ഷപ്പെടുവാൻ ശ്രമിച്ചു കൊണ്ടിരുന്നു.
"മിണ്ടരുത്." ഒരാൾ പറഞ്ഞു: "മിണ്ടിയാൽ ഞങ്ങൾ കൊല്ലും."
"ഞാൻ അവന്തിരാജകുമാരിയല്ല." വൃദ്ധ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു: "എന്നെ ആരും കല്യാണം കഴിക്കണ്ട."
"മിണ്ടരുത് പട്ടീ! ഒരുത്തൻ കിതച്ചുംകൊണ്ട് ഗർജ്ജിച്ചു. മറ്റൊരുത്തൻ ആ ഭ്രാന്തിയുടെ മൂക്കും വായും കൈകൊണ്ട് പൊത്തിപ്പിടിച്ചു. അവളുടെ ശ്വാസഗതിയെ തടഞ്ഞുനിർത്തി.
"ചത്തുവോ?" ഒരാൾ ചോദിച്ചു. വൃദ്ധയുടെ കാലുകളുടെ ചലനം നിലച്ചിരുന്നു.
"ചത്തുവോ?" അയാൾ വീണ്ടും ചോദിച്ചു.
"ഉം." കാശിരാജാവ് മൂളി.
(1968)