പ്രഭാതത്തിന്‍റെ രഹസ്യം
അവൾ ഊമയും മണ്ടിയുമാണെന്നു മനസ്സിലാക്കുവാൻ എനിക്ക് അധികനേരം വേണ്ടിവന്നില്ല. പക്ഷേ, അവളുടെ മാനസികവൈകല്യങ്ങൾ എനിക്ക് അവളോടു തോന്നിയിരുന്ന വന്യമായ അഭിനിവേശത്തിന്‍റെ മാറ്റു കൂട്ടുകയാണുണ്ടായത്. കൊഴുത്തുമിനുത്ത ആ കൈകാലുകൾ ഞെരിച്ച് വേദനിപ്പിക്കുവാനും എപ്പോഴും നനഞ്ഞുകൊണ്ടിരിക്കുന്ന ആ അധരങ്ങളെ ചുംബിക്കുവാനും ഞാൻ കലശലായി ആഗ്രഹിച്ചു.....
ഒരു ദിവസം അതിരാവിലെ അവളുടെ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് വരാന്തയിലേക്ക് എത്തിനോക്കിയപ്പോൾ നേർത്തുവരുന്ന ഇരുട്ടിൽ ചുവന്ന രോമസ്സാൽവ പുതച്ചുകൊണ്ട് അവൾ നടക്കുവാൻ ഇറങ്ങുന്നതാണ് കണ്ടത്. ഹോട്ടലിൽ മറ്റാരും തന്നെ ഉണർന്നിരുന്നില്ല. എല്ലായിടത്തും ഇരുട്ട്. പ്രതീക്ഷിച്ചിരുന്ന ദിവസവും സന്ദർഭവും വന്നെത്തിയിരിക്കുന്നു എന്ന് എനിക്ക് അപ്പോൾ മനസ്സിലായി...
പടിവാതിൽ കടന്ന്, ചവിട്ടുപടികൾ ഇറങ്ങി, ചുവന്ന പാതയിലെത്തിയപ്പോൾ അവൾ തിരിഞ്ഞുനോക്കി. എന്നെ കണ്ടപ്പോൾ അവൾ തീരെ പരിഭ്രമിച്ചില്ല. എന്‍റെ സാമീപ്യം അവൾ പ്രതീക്ഷിച്ചിരുന്നുവെന്ന് അവളുടെ മുഖഭാവം വെളിപ്പെടുത്തി. തന്നെ പിൻതുടരുവാൻ ആഗ്യം കാണിച്ചു കൊണ്ട് അവൾ ധൃതിയിൽ നടന്നുതുടങ്ങി. പാതയുടെ രണ്ടുവശത്തും മുൾച്ചെടികൾ വളർന്നു നിന്നിരുന്നു. അവൾ പെട്ടെന്ന് കുന്നിന്‍റെ മുകളിലേക്ക് കയറിത്തുടങ്ങി. പാവാട ഉയർത്തിക്കൊണ്ട് ഓരോ അടി വയ്ക്കുമ്പോഴും പളുങ്കുപോലെ തിളങ്ങുന്ന ആ കണങ്കാലുകൾ എനിക്കു വേണ്ടത്ര പ്രോത്സാഹനം തന്നുകൊണ്ടിരുന്നു.
കുന്നിന്‍റെ ശിഖരത്തിൽ എത്തിയപ്പോൾ അവൾ നിന്നു. ഞാൻ അവളെ എന്‍റെ മാറോടണച്ചു ചുംബിച്ചു. അവൾ എന്നെ തട്ടിമാറ്റിക്കൊണ്ട് തലയാട്ടി.
“പിന്നെ എന്ത് ഉദ്ദേശിച്ചാണ് നീ എന്നെ ഇങ്ങോട്ട് വിളിച്ചുകൊണ്ടു വന്നത്?" ഞാൻ കോപം മറയ്ക്കുവാൻ ശ്രമിച്ചുകൊണ്ടു ചോദിച്ചു:
അവൾ ഞങ്ങളുടെ കാൽചുവട്ടിൽ എത്രയോ വാരങ്ങൾക്കപ്പുറത്ത്, മലഞ്ചെരിവിലെ മഞ്ഞിൽനിന്ന് ഉദിച്ചുപൊങ്ങുന്ന സൂര്യനെ എനിക്കു കാട്ടിത്തന്നു. ചുവന്നതും പരിപൂർണ്ണവുമായ ഒരു വൃത്തം.
അവളുടെ കണ്ണുകളുടെ തിളക്കം ഞാൻ ആ നിമിഷത്തിലാണ് ആദ്യമായി കണ്ടത്.
"സൂര്യൻ." ഞാൻ പറഞ്ഞു. അവൾ പുഞ്ചിരിയോടെ തലകുലുക്കി.
ഞാൻ വാത്സല്യത്തോടെ അവളുടെ കൈയെടുത്തുകൊണ്ട് പറഞ്ഞു:
"വരൂ, അനുജത്തീ, ഇനി നമുക്ക് ഹോട്ടലിലേക്കു മടങ്ങാം. നിന്‍റെ അമ്മ നിന്നെ അന്വേഷിക്കുന്നുണ്ടാവും."
(1968)