നപുംസകങ്ങൾ
ബോംബെയിൽ സയോൺ കോളിവാഡ എന്ന ചേരിപ്രദേശത്ത് നപുംസകങ്ങൾമാത്രം താമസിക്കുന്ന ഒരു കോളനിയുണ്ട്. തുത്തനാ കപ്പലകകൾകൊണ്ടു നിർമ്മിച്ച കുടിലുകളും കയറ്റുകട്ടിലുകളും മലക്കറിത്തൊലികൾ ചീഞ്ഞളിഞ്ഞതുകൊണ്ടു ദുർഗന്ധം വമിക്കുന്ന കുപ്പക്കൂമ്പാരങ്ങളും സ്ത്രീവേഷം ധരിച്ചവരെങ്കിലും മുഖക്ഷൗരം ദിവസേന ചെയ്യേണ്ടിവരുന്ന മനുഷ്യജീവകളും നിറഞ്ഞൊഴുകുന്ന ഒരു ഗ്രാമം. ഏതെങ്കിലും വീട്ടിൽ ഉണ്ണി പിറന്നാൽ ചെണ്ടയും ചിലമ്പൊലിയുമായി നപുംസകങ്ങൾ അവിടെ ഓടിയെത്തും. കുട്ടിക്ക് ആയുരാരോഗ്യങ്ങൾ നേരുവാനാണ് അവർ നൃത്തം ചെയ്യുന്നത്. ആ നൃത്തത്തിനു പ്രതിഫലമായി കുടുംബനാഥ ഉടനെ ഗോതമ്പും ശർക്കരയും നാളകേരവും അവർക്കു സമ്മാനിക്കാറുണ്ട്. ആ പദാർത്ഥങ്ങളെല്ലാം നപുംസകങ്ങളുടെ അവകാശമാണ്. കൊടുക്കുന്നതിൽ പിശുക്കു കാണിക്കുന്നവരെ അവർ അസഭ്യവാക്കുകൾകൊണ്ട് എതിർക്കാറുണ്ട്. കണക്കിലേറെ കോപിച്ചാൽ നപുംസകം തന്‍റെ പാവാട പൊക്കി സാധാരണയായി മറച്ചുവയ്ക്കാറുള്ള തന്‍റെ ശാപത്തെ വെളിപ്പെടുത്തും. ആ കാഴ്ച ഭയങ്കരമായ ഒരു ശിക്ഷയായിട്ടാണു മിക്കവരും കരുതുന്നത്. എല്ലാ വെള്ളിയാഴ്ചയും അവർ പുള്ളിപ്പാവാടകളണിഞ്ഞും സാരികൾ ഞൊറിഞ്ഞുടുത്തും ചിലങ്കകളണിഞ്ഞും ചെണ്ടകൾ പേറിയും നഗരത്തിലേക്ക് ഇറങ്ങാറുണ്ട്. ഭയചകിതരായ സ്ത്രീകൾ ധൃതിയിൽ നാണയങ്ങൾ അവരുടെ നേർക്ക് എറിഞ്ഞുകൊണ്ടു നടന്നു കളയും. ആ ഭയം നപുംസകങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നു. അവർ അശ്ലീലവാക്കുകളാൽ ആ മാന്യസ്ത്രീകളുടെ അവയവഭംഗിയെ വർണ്ണിക്കുന്നു... നപുംസകങ്ങൾ ചെറിയ ശിശുക്കളെ മോഷ്ടിച്ചുകൊണ്ടുപോയി അവരുടെ ഗുഹ്യാവയവങ്ങളെ കത്തികൊണ്ടു മുറിച്ചു രൂപാന്തരപ്പെടുത്തുമെന്ന് ബോംബെക്കാർ വിശ്വസിക്കുന്നു. പക്ഷേ, മോഷണത്തിനു ദൃക്സാക്ഷികളില്ല. അഥവാ ദൃക്സാക്ഷികളുണ്ടായാലോ, അവർ അതിനെപ്പറ്റി പറയാൻ ധൈര്യപ്പെടുകയുമില്ല. ശിശുക്കളെ കട്ടെടുക്കുന്നുണ്ടാവണം, അല്ലെങ്കിൽ ആ കുപ്രസിദ്ധമായ ഹിജ്‌ഡാ കോളനിയിൽ വീണ്ടും വീണ്ടും പുതുമുഖങ്ങൾ ആവിർഭവിക്കുന്നതെങ്ങനെ? അവിടം എത്രയോ അനവധി ഹിജ്‌ഡകളുടെ പാർപ്പിടമാണ്. അലസമായി ചെണ്ടമേൽ തട്ടിമുട്ടിക്കൊണ്ടും ചിലങ്കകൾ കിലുക്കിക്കൊണ്ടും കാകസ്വരത്തിൽ പാട്ടുപാടിക്കൊണ്ടും അവർ അവിടെ വിശ്രമിക്കുന്നു പകൽ മുഴുവനും എവിടെയോ–അലഞ്ഞുനടക്കുന്നു –അവിടെയുമുണ്ട് സംഘടിതമായ ഒരു ഭരണകൂടം; ഒരു ഭരണകർത്താവും അത് രാം കിങ്കരി എന്ന നപുംസകമായിരുന്നു. രാമുഭാവു എന്നു വിളിക്കപ്പെടുന്ന കറുത്ത സത്വം. ആറടിയോളം പൊക്കം വരുന്ന രാമുഭാവു എന്നും വെള്ളസാരികളാണ് ധരിച്ചിരുന്നത്. മുറുക്കിച്ചുവപ്പിച്ചുവച്ച ചുണ്ടുകൾക്കിടയിലൂടെ ശ്മശാനക്കല്ലുപോലുള്ള പല്ലുകൾ എല്ലായ്പോഴും കാണാം. അശ്ലീലവാക്കുകളുടെ പണ്ഡിത.
സന്ധ്യാനേരത്ത് രാംകിങ്കരിക്ക് ഒരു എണ്ണതേച്ചുകുളി പതിവാണ്. അതിനു നാലൗൺസ് ബ്രഹ്മിയെണ്ണയും സഹായിയായി തന്‍റെ പ്രിയ സഖി ശക്കുഭായിയും അത്യാവശ്യമാണ്. കയറ്റുകട്ടിലിൽ മലർന്നു കിടന്നുകൊണ്ടാണ് രാം കിങ്കരി ശക്കുഭായിയുടെ പേലവഹസ്തങ്ങളുടെ ലാളന അനുഭവിക്കാറുള്ളത്. എണ്ണ തിരുമ്മിപ്പിടിച്ചുകഴിഞ്ഞാൽ എഴുന്നേറ്റ് അരമണിക്കൂർനേരം പൂനിലാവിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തും ആ ഹിജ്‌ഡാനേതാവ്. ആ ഉലാത്തലിൽ അവിടെയുള്ളവരുടെയൊക്കെ ക്ഷേമവിവരങ്ങൾ അന്വേഷിച്ചു മനസ്സിലാക്കുകയും ചെയ്യും.
ഒരു സന്ധ്യയ്ക്കു കയറ്റുകട്ടിലിൽ കിടക്കുമ്പോഴാണ് ആ വൃദ്ധ അവിടേക്കു വന്നത്. ഗുജറാത്തിരീതിയിൽ സാരിയുടുത്ത സേഠാണി. കഴുത്തിലും കാതിലും ആഭരണങ്ങളില്ല. കണ്ണുകളിൽ അസാമാന്യമായ ഒരു തിളക്കം, രാം കിങ്കരിക്ക് ഉടൻ മനസ്സിലായി അവർ ഒരു ഭ്രാന്തിയാണെന്ന്.
"ഒരു തള്ള വന്നിരിക്കുന്നു," ശക്കു പറഞ്ഞു: "ഒരു ഗുജറാത്തി സേഠാണി.," രാം കിങ്കിരി കിടന്നകിടപ്പിൽനിന്ന് എഴുന്നേല്ക്കാൻ ശ്രമിക്കാതെ തന്‍റെ കർക്കശസ്വരത്തിൽ ചോദിച്ചു:
"എന്താ വേണ്ടതു തള്ളേ? ഇതു ഞങ്ങൾ ഹിജ്‌ഡകളുടെ കോളനിയാണെന്നു നിങ്ങൾക്കറിയില്ലേ? ഇവിടെ നിങ്ങൾക്കാർക്കും പ്രവേശനമില്ല."
വൃദ്ധ മണ്ണിൽ ഇരുന്നു. തന്‍റെ കാലുകൾ നീട്ടിവെച്ചു. "ഞാൻ ഉച്ചയ്ക്കു തുടങ്ങിയതാണ് നടത്തം." അവർ പറഞ്ഞു: "എന്‍റെ സുന്ദരിക്കുട്ടിയെ കണ്ടെത്താതെ ഞാനിനി വീട്ടിലേക്കു മടങ്ങുകയില്ല എന്നു ഞാൻ ശപഥം ചെയ്തുകഴിഞ്ഞു."
"നിങ്ങളുടെ സുന്ദരിക്കുട്ടിയോ?" രാം കിങ്കരി ചോദിച്ചു: "അവളെ നിങ്ങൾ ഇവിടെ വന്ന് അന്വേഷിച്ചിട്ടെന്തു ഫലം? ഇവിടെ നപുംസകങ്ങൾ മാത്രമല്ലേയുള്ളൂ?"
"അവൾ നപുംസകമായിട്ടാണു ജനിച്ചത്." വൃദ്ധ പറഞ്ഞു: "വിവാഹത്തിനുശേഷം പതിനേഴു വർഷങ്ങൾ കാത്ത്, പല നേർച്ചകളും കഴിച്ച് ഉണ്ടായ കുട്ടിയാണ്. ഉദിച്ചുയരുന്ന പൗർണമിച്ചന്ദ്രനെപ്പോലുള്ള മുഖം. ചുണ്ടിനുമേലെ ഓരോ മനമറുകും. അവളെ തൊട്ടിലിൽനിന്നു കട്ടെടുത്തു പോയതു നിങ്ങളുടെ കൂട്ടരാവണം. അവളെ കിട്ടാതെ ഞാൻ മടങ്ങിപ്പോവില്ല....."
"ഞങ്ങൾ കുട്ടികളെ കക്കുന്നവരല്ല തള്ളേ." രാം കിങ്കിരി പറഞ്ഞു: "കുട്ടികളെ കുടുംബക്കാർ ഞങ്ങൾക്കു വിൽക്കാറുണ്ട്. നല്ല സംഖ്യയ്ക്കു വാങ്ങുകയല്ലാതെ കട്ടെടുക്കുന്ന സമ്പ്രദായം ഞങ്ങൾക്കില്ല. നപുംസകങ്ങൾക്ക് നിങ്ങളുടെ കൂട്ടരെക്കാൾ നേരും നെറിയുമുണ്ട്. ഞങ്ങൾ ഭൂമിദേവിയുടെ മക്കളാണ്."
"എന്നാണു നിങ്ങളുടെ കുട്ടിയെ കാണാതായത്?" ശക്കു ചോദിച്ചു.
“ഇനിയത്തെ ദീപാവലിക്കു പത്തൊമ്പതു വർഷം തികയും. ദീപാവലിദിവസമാണ് അവളെ കാണാതായത്. ഞാൻ അതിരാവിലെ കുളിക്കാൻ പോയപ്പോഴാണ് കള്ളൻ വന്ന് അവളെ മോഷ്ടിച്ചത്. ഞാൻ വേലക്കാരിയുടെ മുറിയിലായിരുന്നു കിടന്നിരുന്നത്. എന്‍റെ ഭർത്താവിനും അദ്ദേഹത്തിന്‍റെ അമ്മയ്ക്കും തീരെ രസിച്ചില്ല, ഞാൻ ഒരു നപുംസകത്തെ പ്രസവിച്ചത്. അവർ കുട്ടിയെ കഴുത്തു ഞെരിച്ചു കൊല്ലുവാൻ ഒരുങ്ങിയതാണ്. എന്‍റെ മുറവിളികേട്ട് കുട്ടിയെ ജീവനോടെ വിട്ടതാണ്. പക്ഷേ, കുട്ടിയെ വേലക്കാരിയുടെ മുറിയിൽ സ്വകാര്യമായി വളർത്തണമെന്ന് അവർ എന്നോടു പറഞ്ഞു. ബന്ധുക്കളോടും മിത്രങ്ങളോടും അവർ പറഞ്ഞു, കുട്ടി മരിച്ചുപോയി. അനുസൂയയാവട്ടെ പ്രസവാനന്തര ശുശ്രൂഷയ്ക്കുവേണ്ടി ഡോക്ടറായ സഹോദരന്‍റെ വീട്ടിലേക്കു പോയിരിക്കുന്നു." രാം കിങ്കരി എഴുന്നേറ്റിരുന്നു. വൃദ്ധയുടെ കണ്ണുകൾ ഇരുട്ടിലും പരതിക്കൊണ്ടിരുന്നു.
"അപ്പോൾ നിങ്ങളുടെ കുട്ടിക്ക് ഇപ്പോൾ പതിനെട്ടു വയസ്സു പ്രായമായിരിക്കും." രാം കിങ്കരി പറഞ്ഞു: "പൂർണ്ണച്രന്ദനെപ്പോലെ മുഖമുള്ള സുന്ദരി. ഞങ്ങളുടെയിടയിൽ അത്തരത്തിലൊരുത്തിയില്ലല്ലോ."
"ഞാനെന്‍റെ കുട്ടിയേയുംകൊണ്ടല്ലാതെ വീട്ടിലേക്കു മടങ്ങുകയില്ല." വൃദ്ധ പറഞ്ഞു.
"ഇവിടെ നിങ്ങൾക്കു പ്രവേശനമില്ല. ഇത് ഞങ്ങടെ മാത്രം കോളനിയാണ്." ശക്കു പറഞ്ഞു.
ചെണ്ടകളും പേറിക്കൊണ്ട് ഒരുസംഘം നപുംസകറാണികൾ അപ്പോൾ അവിടെ വന്നെത്തി. അവരിൽ ചിലർ വൃദ്ധയെ നോക്കി. അവരിൽ പല തരക്കാരുമുണ്ടായിരുന്നു. താടിയിൽ കുറ്റിരോമങ്ങളുള്ള പുരുഷമുഖമുള്ളവർ, സൗന്ദര്യവും സ്ത്രൈണചലനങ്ങളുമുള്ളവർ. സാരിയുടുത്തവർ. ചുവന്ന പുള്ളിപ്പാവാടയുടുത്തവർ, നെറ്റിയിലും കൈത്തണ്ടയിലും പച്ചകുത്തിയവർ, വൈരൂപ്യമുള്ളവർ...
"ഇവരാരാണ്? ഒരു നപുംസകം ചോദിച്ചു. രാം കിങ്കരി ചിരിച്ചു: "അവരുടെ സുന്ദരിക്കുട്ടി ഇവിടെയുണ്ടെന്നു പറയുന്നു തള്ള. പത്തൊൻപതു കൊല്ലംമുമ്പു കളവുപോയ കുട്ടി. ചന്ദ്രനെപ്പോലുള്ള മുഖവും ചുണ്ടിനുമേൽ മറുകുമുള്ള കുട്ടി."
"അത് നമ്മുടെ രുഗ്മയാവുമോ? ഒരാൾ ചോദിച്ചു: "അവൾ സുന്ദരിയാണല്ലോ–അവൾക്കു ചുണ്ടിനുമേൽ മറുകുമുണ്ടല്ലോ."
"വിഡ്ഢിത്തം പറയാതിരിക്കൂ." രാമു വിളിച്ചുപറഞ്ഞു.
"ഇവിടെ അത്തരത്തിലാരുമില്ല. രുഗ്മയ്ക്കു മറുകില്ല."
നപുംസകങ്ങൾ നീരസത്തോടെ പിറുപിറുത്തുകൊണ്ടിരുന്നു.
"ഇന്ന് ദാദറിലെ നൃത്തത്തിന് എന്തു പിരിവു കിട്ടി? കുട്ടിയുടെ അമ്മ ശർക്കരയും ഗോതമ്പും തന്നില്ലേ?"
രാം കിങ്കരി അവരുടെ ഭാണ്ഡങ്ങൾ അഴിച്ചു പരിശോധിച്ചു. "ഗാട്ക്കോപ്പറിൽ ഞായറാഴ്ച പിറന്നത് ആൺകുട്ടിയാണ്." ഒരാൾ പറഞ്ഞു: "നമുക്ക് ഇനിയത്തെ തിങ്കളാഴ്ച അവിടെപ്പോയി നൃത്തംചവിട്ടാം. പണക്കാരാണ്. ബിസിനസ്സുകാർ..."
"എണീക്കൂ തളേള, നിങ്ങൾ വേഗം വീട്ടിലേക്കു മടങ്ങിക്കൊള്ളൂ.” ശക്കുഭായി പറഞ്ഞു: "നേരം ഇരുട്ടിയതു കണ്ടില്ലേ! നിങ്ങളെത്തേടി വീട്ടുകാരും പോലീസുകാരും വരുന്നത് ഞങ്ങൾക്കിഷ്ടമില്ല. ഇതു ഞങ്ങൾക്കു മാത്രമുള്ള കോളനിയാണ്."
"എന്‍റെ മകളെക്കൂടാതെ ഞാനിനി വീട്ടിലേക്കു മടങ്ങുകയില്ല." വൃദ്ധ പറഞ്ഞു. അവർ മണ്ണിൽ ചെരിഞ്ഞുകിടന്നു കണ്ണുകളടച്ചു.
"ഉറങ്ങാനാണോ ഭാവം?" രാമു ചോദിച്ചു: "ഞങ്ങൾ നിങ്ങളെ തൂക്കിയെടുത്തു റെയിൽവേസ്‌റ്റഷനിൽ കൊണ്ടുപോയാക്കും. ഇവിടെ നിങ്ങൾക്കു പ്രവേശനമില്ല."
"ഇവിടെ എന്‍റെ മകൾക്കു ജീവിക്കാമെങ്കിൽ എനിക്കും ജീവിക്കാം," വൃദ്ധ പറഞ്ഞു: "ഞാൻ നിങ്ങൾക്കു വേണ്ടി പാചകംചെയ്യാം. നല്ല ‘ധോക്‌ല’യും കാണ്ട്വിയും ഞാനുണ്ടാക്കിത്തരാം. എന്നെ ഇവിടെ നിന്നു മടക്കിഅയയ്ക്കരുത്."
"നിങ്ങൾ വലിയവീട്ടിലെ സേഠാണി." ശക്കു പറഞ്ഞു: "ഞങ്ങൾ പാവങ്ങൾ. ഞങ്ങൾക്കുവേണ്ടി നിങ്ങൾ പലഹാരങ്ങൾ ഉണ്ടാക്കുന്നുവെന്നറിഞ്ഞാൽ നിങ്ങളുടെ വീട്ടുകാർ കോപിക്കും."
"അവർക്കാർക്കും എന്നെ ആവശ്യമില്ല," വൃദ്ധ പറഞ്ഞു: “എന്നെ ഭ്രാന്തിയെന്നാണ് അവരൊക്കെ വിളിക്കുന്നത്. ധൂമകേതുവെന്നും. എന്നെ കണികണ്ടാലുടനെ അമ്മായിയമ്മ വീണ്ടും കുളിക്കാൻ കുളിമുറിയിൽ കടക്കും."
"രാമുഭാവൂ, ഇവരാരാണ്?" ചുവന്ന പാവാടയുടുത്ത ഒരു സൗന്ദര്യ ധാമം വൃദ്ധയെ ചൂണ്ടിക്കൊണ്ടു ചോദിച്ചു: “ഞാനിപ്പോഴാണ് അകത്തു നിന്നു സുലു പറഞ്ഞറിഞ്ഞത്, ഒരു ഗുജറാത്തിസ്ത്രീ ഇവിടെ കിടപ്പുണ്ടെന്ന്.
"രുഗ്മ, നീ അകത്തേക്കു പോവൂ." ഭ രാമു അട്ടഹസിച്ചു: "ഈ നിമിഷത്തിൽ അകത്തേക്കു പോവൂ."
നിലാവിൽ രുഗ്മയുടെ മൂക്കുത്തി വെട്ടിത്തിളങ്ങി. അവളുടെ ചുണ്ടിനുമേൽ ഒരോമനമറുക് വ്യക്തമായി എല്ലാവർക്കും കാണാമായിരുന്നു. വൃദ്ധ അവളെ നോക്കിക്കൊണ്ടിരുന്നു.
"ഞാൻ അഞ്ചുമിനിട്ടുസമയം ഈ നിലാവിൽ വിശ്രമിക്കട്ടെ." രുഗ്മ പറഞ്ഞു: “എന്‍റെ കാലടികൾ നോവുന്നു. എത്ര മണിക്കൂറുകളാണ് ഞാൻ ചൂടുപിടിച്ച കോൺക്രീറ്റ് നിലത്തു നൃത്തം ചെയ്തത്. ഇതുപോലെ വിശ്രമമില്ലാതെ നൃത്തം ചെയ്തുകൊണ്ടിരുന്നാൽ ഞാൻ ഇനിയത്തെ ദീപാവലിക്കുമുമ്പു മരിച്ചുപോവും."
"അശുഭവാക്കുകൾ പറയരുത് ഓമനേ." രാമു പറഞ്ഞു: "നീ മരിച്ചാൽ ഞാനെങ്ങനെ ജീവിക്കും. നീ എന്‍റെ പച്ചക്കിളിയല്ലേ?"
വൃദ്ധ എഴുന്നേറ്റ് കയറ്റുകട്ടിലിനടുത്തു നിന്നു. അവർ രുഗ്മയുടെ മുഖം ഉറ്റുനോക്കിക്കൊണ്ടു ചോദിച്ചു:
“എത്ര വയസ്സായി കുട്ടിക്ക്?"
"അവൾക്ക് ഇരുപത്തിനാലു വയസ്സായി. ശക്കു പറഞ്ഞു: അവൾ മൈസൂർക്കാരിയാണ്. ഇവിടെയെത്തിയിട്ടു നാലു വർഷമേ ആയിട്ടുള്ളൂ. അവൾ നിങ്ങളുടെ സുന്ദരിമകളല്ല."
ആ മറുക്....വൃദ്ധ പിറുപിറുത്തു.
ഹാ, അതു മറുകല്ല, നെറ്റിയിൽ പൊട്ടിടുമ്പോൾ ചാന്തു വീണതാണ്." രാമു പറഞ്ഞു: "രുഗ്മയ്ക്കു മറുകില്ലല്ലോ.
"കാണാൻ വയ്യാത്ത സ്ഥാനത്തു മാത്രമേ എനിക്കു മറുകുള്ളൂ." രുഗ്മ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു: “അല്ലേ രാമുഭാവൂ?"
"സത്യം" രാമു തന്‍റെ അടിവയറ്റിൽ മുറുക്കിപ്പിടിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു: "ഹോ ഹോ ഹോ. ആ ഓമനമറുകു നിങ്ങളെ കാണിക്കാനുള്ളതല്ല തളേള."
കട്ടിലിന്‍റെ വക്കത്തു വലത്തേ കാൽ വിറപ്പിച്ചും കണങ്കാലിന്‍റെ അഴകു വെളിപ്പെടുത്തിയും മഹാരാജ്ഞിയെപ്പോലെ ഇരിക്കുന്ന രുഗ്മയുടെ മുഖം രണ്ടു കൈകൾകൊണ്ടും പൊത്തിക്കൊണ്ട് വൃദ്ധ ചോദിച്ചു:
"പറയൂ മകളേ, നീ എന്‍റെ സുന്ദരിക്കുട്ടിയല്ലേ? എന്‍റെ മുലകുടിച്ച്, എന്‍റെ ശരീരത്തോട് പറ്റിക്കിടന്നുകൊണ്ട് ഉറങ്ങിയിരുന്ന ശിശു നീയായിരുന്നില്ലേ? നിന്‍റെ പെറ്റമ്മ ഞാനല്ലേ?"
"അല്ല," രുഗ്മ തന്‍റെ ചുരുളൻമുടി വാരിക്കെട്ടിക്കൊണ്ട് നീരസത്തോടെ പറഞ്ഞു: "അല്ല, എന്‍റെ അമ്മ ഭൂമിദേവിയാണ്."
അവൾ ധൃതിയിൽ എഴുന്നേറ്റ് തന്‍റെ ചുവന്ന പാവാടയുടെ ചുരുളുകൾ ഇളക്കിക്കൊണ്ട് നൃത്തം ചെയ്തുതുടങ്ങി. അവളുടെ പാവാടയുടെ വക്കത്തുണ്ടായിരുന്ന വെള്ളിക്കസവ് നിലാവിൽ മദിക്കുന്ന തിരമാലകൾ പോലെയാണെന്നു വൃദ്ധയ്ക്കു തോന്നി. അവൾ ഏതോ ആനന്ദദായകമായ രഹസ്യം ഓർക്കുമ്പോളെന്നപോലെ പുഞ്ചിരിതൂകിക്കൊണ്ടിരുന്നു. അവളുടെ കൈത്തലങ്ങൾ ചിറകിട്ടടിക്കുന്ന വെള്ളപ്രാവുകളായി മാറി. അവളുടെ പാദസരങ്ങൾ കിലുങ്ങി.
രാമഭാവു ചെണ്ടയെടുത്തു മടിയിൽ വച്ചു. നേർത്ത തലവേദന പോലെ ആ ചെണ്ടകൊട്ടൽ വൃദ്ധയെ അലട്ടുവാൻ തുടങ്ങി. നിലാവിന്‍റെ നിറം കൂടിക്കൂടി വന്നു. പിച്ചള സ്വർണ്ണമായി, മരച്ചില്ലകളിൽ മരതകപ്പതക്കങ്ങൾ തൂങ്ങുന്നുവെന്ന് അവർക്കുതോന്നി.
"ഓ ഭഗവതീ, യെല്ലമ്മാ, എന്നെ കാക്കൂ..." രുഗ്മ പാടി: “എന്‍റെ ശരീരം ചുട്ടു കത്തുന്നു. എന്‍റെ കാലുകൾക്കിടയിൽ ആരാണു രണ്ടു കല്ലിട്ട് ഒരടുപ്പു കത്തിച്ചത്. എന്‍റെ രക്തത്തിന്‍റെ പുഴകളിൽ ആരാണ് അണക്കെട്ടുകൾ നിർമ്മിച്ചത്...? ഓ ദേവീ, യെല്ലമ്മാ എന്നെ രക്ഷിക്കൂ..."
തുത്തനാകപ്പലകകൊണ്ടു മേഞ്ഞ കുടിലുകളിൽനിന്ന് അനവധി നപുംസകങ്ങൾ കരിനിഴലുകൾപോലെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. അവരിൽ ഒരു വരൾച്ചയുണ്ടായിരുന്നു. കൺമഷികൊണ്ടു കറുപ്പിച്ച ആ കണ്ണുകളിൽനിന്ന് ആ വരൾച്ച ലോകത്തെ ഉറ്റുനോക്കി. നൃത്തം വയ്ക്കുന്ന ആ കാലടികൾക്കു ചുറ്റും ചുവന്ന മൺപൊടി പടലങ്ങളായി ഉയർന്നു. പെട്ടെന്ന് ഒരു മഴ പെയ്തു. ഒന്നോ രണ്ടോ നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ഒരു നേർത്ത മഴ പെയ്തു. ആ മഴയ്ക്ക് എലിയുടെ മൂത്രത്തിന്‍റെ മണമുണ്ടായിരുന്നുവെന്ന് വൃദ്ധയ്ക്കുതോന്നി. അവർ തല കുലുക്കി:
"ശരിയാണ്, നീ എന്‍റെ കുഞ്ഞല്ല. എന്‍റെ കുഞ്ഞ് ഒരു വെളുത്ത കുഞ്ഞായിരുന്നു." അവർ പറഞ്ഞു.
“നിന്‍റെ തൊലിക്കു മണ്ണിന്‍റെ ചുവപ്പാണു നിറം. നീ തീർച്ചയായും ഭൂമിയുടെ മകളാവണം."
ചെണ്ടയുടെ ശബ്ദം കനത്തുതുടങ്ങിയപ്പോൾ വൃദ്ധ ആ കോളനി വിട്ടു തീവണ്ടിസ്‌റ്റേഷനിലേക്കു നടന്നുതുടങ്ങി. ഇരുട്ടിലും സ്‌റ്റേഷന്‍റെ ചുവന്ന വിളക്കുകൾ നല്ലപോലെ അവർക്കു കാണാൻ കഴിഞ്ഞു. നപുംസകങ്ങളുടെ ചെണ്ടമേളം അവരെ പിന്തുടർന്നു.
(1983)