ഒന്ന്
ജീവിതമെന്ന പ്രച്ഛന്നവേഷമത്സരം
ഇന്നലെ ഞാൻ നെയ്യാർ അണക്കെട്ടു കണ്ടു കാറിൽ മടങ്ങി വരികയായിരുന്നു. വഴിയിൽവെച്ച് ദരിദ്രരായ എന്‍റെ സഹജീവികളിൽ പലരെയും ഞാൻ കണ്ടു. ശരീരത്തിലും മുടിയിലും ചെമ്മണ്ണുപുരണ്ടവർ, കത്തുന്ന സൂര്യനിൽ കരിവാളിച്ചവർ. മൃഗങ്ങളിൽനിന്നും ഇവരെ കാര്യമായും വ്യത്യസ്തരാക്കുന്നത് ഇവർ ഗുഹ്യപ്രദേശത്തെ തുണികൊണ്ടു മറച്ചിരിക്കുന്നു എന്ന ഒരേയൊരു സംഗതിയാണ്. ഇവർക്ക് ഇണ ചേരുവാൻ വിജനപ്രദേശം ആവശ്യമാണ്. അതില്ലെങ്കിൽ ഇരുട്ടെങ്കിലും വേണം. മറ്റൊരു വ്യത്യാസംകൂടിയുണ്ട്. കാറിൽ സഞ്ചരിക്കുന്നതായും നല്ല വസ്ത്രങ്ങൾ ധരിക്കുന്നതായും ഇവർ ഇടയ്ക്കു സ്വപ്നം കാണാറുണ്ട്. മൃഗങ്ങൾക്ക് അത്തരം സ്വപ്നങ്ങളുണ്ടാവാറില്ല. ഈ സഹോദരീസഹോദരന്മാരെ ഫോട്ടോയിൽ പകർത്തുവാൻ എന്‍റെ പതിനൊന്നുകാരനായ മകന് ആഗ്രഹമുണ്ട്. ബോംബൈയിൽ താമസിക്കുന്ന പരിഷ്കാരികൾക്ക് ഇത്തരം പടങ്ങൾ ഇഷ്‌ടപ്പെടും. കുട്ടിക്കു ക്യാമറയുണ്ട്. പക്ഷേ, 300 ക വിലയുള്ള ഫ്ളാഷ്കൂടി ഉടൻ വാങ്ങിവയ്ക്കണമെന്ന് അവൻ ശാഠ്യം പിടിക്കുന്നു. ഞാൻ ഒരു ധനികയായി ജനിച്ചില്ലല്ലോ എന്നാണെന്‍റെ പരാതി. അത് ദൈവത്തോടു പറയുവാൻ കുറച്ചൊരു സങ്കോചം എനിക്കുണ്ട്. കാരണം, എന്‍റെ കൈവശം ഇടയ്ക്കിടയ്ക്ക് വന്നുചേരുന്ന പണം ഈ ഗ്രാമങ്ങളിൽ താമസിക്കുന്ന ദരിദ്രർ ഒരിക്കലും ഒന്നായി കണ്ടിരിക്കയില്ല. എന്‍റെ സ്വപ്നം എയർക്കണ്ടീഷനർ ഫിറ്റ് ചെയ്ത കിടപ്പറകളുള്ള ഒരു വലിയ ബംഗ്ലാവാണ്. അവരുടെ സ്വപ്നം വയറു നിറച്ചുള്ള ആഹാരമാണ്. ഞാൻ സ്വാർത്ഥ ശീലയാണെന്ന് ദൈവത്തിന് ഒരുപക്ഷേ, മനസ്സിലാവുമായിരിക്കാം. പക്ഷേ, ആ രഹസ്യം ഞാൻ തന്നെ അദ്ദേഹത്തെ അറിയിക്കേണ്ടതില്ലല്ലോ. മനസ്സിലാവുമ്പോൾ എന്നെ അല്പം ശിക്ഷിക്കുമായിരിക്കാം. ആ ശിക്ഷ അന്ന് ഞാൻ നേരിടാം. ഇന്ന് ഞാൻ ശിവന്‍റെ സ്റ്റുഡിയോവിൽപോയി ഒരു ഫ്ളാഷ് വാങ്ങിച്ചുതരാൻ പറയും. 300 അല്ല 400 തന്നെയായാലും അത് വാങ്ങിച്ചേ പറ്റൂ. മകന്‍റെ ആഹ്ലാദിച്ചിരിക്കാണാതെയും കേൾക്കാതെയും എനിക്ക് ജീവിക്കാൻതന്നെ വയ്യ. ശിവനോട് എന്‍റെ നാലഞ്ചുപടങ്ങൾ എടുക്കുവാനും ഞാൻ അഭ്യർത്ഥിക്കും. കണ്ണുകൾക്കിടയിലെ ചുളുവുകളും മറ്റു വാർദ്ധക്യചിഹ്നങ്ങളും ഒഴിച്ചുനിർത്തി എന്നെ ഒരു യുവതിയാക്കി ചിത്രീകരിക്കുന്ന പടങ്ങൾ. അവയെ കണ്ടാലെങ്കിലും വായനക്കാർ എന്‍റെ ലേഖനങ്ങളും കഥകളും കവിതകളും വായിക്കാനായി മാസികകൾ തുറക്കണം.
ഞാനൊരഹംഭാവിയാണ്. ഒപ്പംതന്നെ വിനയാന്വിതയും. കാരണം, എന്നെ അഹങ്കരിപ്പിക്കുന്ന മുതലുകളുടെയൊപ്പം തന്നെ എന്നെ ലജ്ജിപ്പിക്കുന്നവയും തോളുരുമ്മിക്കൊണ്ട് സ്ഥിതിചെയ്യുന്നു. എന്‍റെ ഭാവി എന്നെ അഭിമാനിയാക്കുന്നു. പക്ഷേ, ഭൂതം എന്നെ അപമാനിക്കുകയും ചെയ്യുന്നു. ഞാൻ പുതിയൊരവതാരമാണെന്ന് മറ്റുള്ളവരെ അറിയിക്കുവാൻ ഞാനെത്ര ശ്രമിച്ചിട്ടും അവർ ചിരിച്ചുകൊണ്ടു പറയുന്നു, നിന്നെ ഞങ്ങൾക്കറിയാംനീ കപടവേഷം ധരിക്കേണ്ടതില്ല
ഈ ജീവിതം ഒരു പ്രച്ഛന്നവേഷമത്സരമാണെന്ന് എനിക്കു തോന്നുന്നു. ഞാൻ ഈ മത്സരത്തിനു യാതൊരു മുഖംമൂടിയുമില്ലാതെ, യാതൊരു കുറിക്കോപ്പുകളും കൂടാതെ വന്നിരിക്കയാണ്, ഞാനായിട്ട്‌. പക്ഷേ, സമ്മാനദാനച്ചടങ്ങിൽ എനിക്കാണ്. ഒന്നാം സമ്മാനം കിട്ടുന്നത്. എന്തു വിചിത്രമായ ഒരു പ്രച്ഛന്നവേഷം എന്ന് കാണികൾ പറയുന്നു. ഇതഴിച്ചു നീക്കിയാൽ അവരെപോലെയുള്ള ഒരാളായിത്തീരും ഞാനെന്ന് അവർ വിശ്വസിക്കുന്നു. ഈ വേഷം എനിക്കു ഊരിവെക്കാൻ സാദ്ധ്യമല്ല. ഈ വേഷംതന്നെയാണ് യഥാർത്ഥത്തിൽ എന്നെ ഞാനാക്കുന്നത് എന്നൊന്നും അവർക്കറിയില്ല. ഈ വസ്ത്രം തയ്യൽക്കാർ തുന്നിത്തന്നതല്ല. എന്‍റെ മാംസത്തെയും എല്ലിനെയും മൂടുന്ന തൊലിയാണ് എന്‍റെ എത്രയും നേർത്തതും നിഷ്പ്രയോജനവുമായ ഏകകവചം. ഞാനെന്‍റെ കാൽ വിരലുകളിൽ ഉരുണ്ട വെള്ളിമോതിരങ്ങൾ ധരിക്കുന്നു. എന്‍റെ കാൽവിരലുകൾ മറ്റുള്ളവരുടെ കാൽവിരലുകളിൽനിന്ന് വ്യത്യസ്തമാക്കുവാൻ വേണ്ടിമാത്രം. വ്യക്തിത്വമെന്ന പദത്തിനോട് എനിക്കു വല്ലാത്ത കമ്പമാണ്. എന്‍റെ സ്വന്തമൊരു വ്യക്തിത്വം വളർത്തിക്കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നു. നിങ്ങളെപ്പോലെയല്ലാതാവാൻ ഞാൻ പരിശ്രമിക്കുന്നു. എന്‍റെ ദിനങ്ങൾകൂടി നിങ്ങൾക്ക് അപരിചിതങ്ങളാവണം. എന്നാൽ മാത്രമേ രോഗശയ്യയിൽ കിടക്കുമ്പോൾ എനിക്കു ചാരിതാർത്ഥ്യം അനുഭവപ്പെടുകയുള്ളൂ. എന്‍റെ കരളിനും നിങ്ങളുടെ കരളിനും പറയത്തക്ക വ്യത്യാസമൊന്നുമില്ലായെന്ന് എനിക്കുമറിയാം. പക്ഷേ, അതിന്‍റെ മിടിപ്പിനും എന്‍റെ കരളിന്‍റെ മിടിവിനും അന്തരമുണ്ടെന്ന് അറിയുമ്പോൾ ഞാൻ അഭിമാനത്താൽ പുളകംകൊള്ളുന്നു. കാരണം ഞാൻ നിങ്ങളെക്കാൾ ശ്രേഷ്ഠയാണെന്ന് ഇടയ്ക്കിടയ്ക്ക് എനിക്കു തോന്നാറുണ്ട്. നിങ്ങൾക്ക് എന്‍റെ മനസ്സിന്‍റെ പക്വതയും പോളിഷും ഇല്ലെന്നു ഞാൻ വിശ്വസിക്കുന്നു. ഞാൻ കവിത എഴുതുന്നവളാണല്ലോ. സമ്മാനങ്ങൾ നേടിയെടുത്തവളുമാണ്. പക്ഷേ, കുളി മുറിയിലെ കമോഡിൽ ഇരിക്കുമ്പോൾ എന്‍റെ കാലുകൾക്കിടയിലൂടെയും മൂത്രം മാത്രമേ ഒഴുകുന്നുള്ളൂ എന്ന് ബോദ്ധ്യപ്പെടുമ്പോൾ ഞാൻ ലജ്ജിതയാവുന്നു. എളിമയോടെ ഞാൻ തല താഴ്ത്തുന്നു. നാമെല്ലാവരും ഒരേ യന്ത്രശാലയിൽ നിർമ്മിച്ചുവിട്ട കളിക്കോപ്പുകളാണ് എന്ന യാഥാർത്ഥ്യം അത്തരം സന്ദർഭങ്ങളിൽ എന്നെ വന്നലട്ടുന്നു. എന്‍റെ വിയർപ്പിന് അത്തറിന്‍റെ മണമുണ്ടാവേണ്ടതായിരുന്നു. എന്‍റെ ഉച്ഛ്വാസത്തിന് മുല്ലപ്പൂവിന്‍റെ സുഗന്ധവും, ഞാൻ കവയിത്രിയാണല്ലോ. പക്ഷേ, ഇതൊന്നും എന്നെ പടച്ചുവിട്ട യന്ത്രശാലക്കാർ അറിഞ്ഞിരുന്നില്ല. വ്യക്തിത്വത്തിനുവേണ്ടി തേങ്ങിക്കരയുന്ന ഒരു പാവക്കുട്ടിയാണ് ഞാനെന്ന് അവർ മനസ്സിലാക്കിയാൽത്തന്നെ എനിക്കെന്ത് പ്രയോജനം? ദിഗന്തങ്ങൾ കുലുങ്ങുമാറ് ആ നിർമ്മാതാക്കൾ പൊട്ടിച്ചിരിച്ചേക്കാം. ആ പരിഹാസച്ചിരി എനിക്കു കേൾക്കുകയേ വേണ്ട. അഭിമാനിയായിത്തന്നെ ഞാൻ ഈ ജന്മം ജീവിച്ചുതീർക്കട്ടെ.