നാല്
ബഹുതന്ത്രീക
ഞാൻ എന്‍റെ ആത്മകഥയുടെ ഒന്നാംഭാഗം മലയാളനാടിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ എന്നെ ബന്ധുക്കളിൽ യാഥാസ്ഥിതികരായവർ കഠിനമായി വെറുത്തുതുടങ്ങി. പ്രത്യേകിച്ച് സ്ത്രീകൾ. സ്വാതന്ത്ര്യം ശീലിച്ചുവളർന്ന എന്‍റെ വ്യക്തിത്വം അവരുടെ അസംതൃപ്തിയെ ആളിക്കത്തിച്ചു. അവരെ പ്രേമിക്കുവാൻ ഒരു കുഷ്ഠരോഗിപോലും ഒരുങ്ങിയിരിക്കില്ല. മോണവീക്കമുള്ള ഒരുത്തന്നെ ചുംബിക്കുമ്പോഴുണ്ടാവുന്ന വൈരസ്യമായിരിക്കും തങ്ങളുടെ അടുക്കളയുടെ കൊട്ടത്തളം തേച്ചുകഴുകുമ്പോൾ അവർക്ക് അനുഭവപ്പെട്ടിരിക്കുക. അവർക്ക് കൈനഖങ്ങൾ നീട്ടിവളർത്തി അവയ്ക്കു ചായം കൊടുക്കാൻ ഒരിക്കലും അവസരം കിട്ടുകയുമില്ല. മുടിയഴിച്ചാൽ ഉള്ളിയുടെയും മീനിന്‍റെയും മണം. ജീവിതത്തിന് അടുക്കളത്തളത്തിന്‍റെ ജീർണ്ണവാസന, ആശ്ചര്യപ്പെടുവാനെന്ത്, അവർക്ക് എന്നോട് അമർഷം തോന്നിയതിൽ? പ്രേമബന്ധത്തെപ്പറ്റി കൊട്ടിഘോഷിച്ചപ്പോഴും മിടുക്കിയായ ഭാര്യ എന്ന് അഭിപ്രായപ്പെട്ട് എന്നെ സ്നേഹിക്കുവാനൊരു ഭർത്താവ് തയ്യാറായിരുന്നു. എന്‍റെ സാഹിത്യരചനയിൽ അഭിമാനം കൊള്ളുന്ന മക്കളും എന്നെ കാണുമ്പോൾ മുളക് അരച്ചു തേച്ച ഒരു പുഞ്ചിരി വിടർത്താൻ അവർ ശ്രമിച്ചു. പലപ്പോഴും അവർ ആ ശ്രമത്തിൽ പരാജയപ്പെട്ടു. തങ്ങളുടെ ഭർത്താക്കന്മാരെയെങ്ങാൻ ഇവൾ റാഞ്ചിക്കൊണ്ടു പോയേക്കാമെന്നു കരുതി അവർ അവരവരുടെ പുരുഷന്മാരോട് കണ്ണുതുറിച്ചു കാണിച്ച് അവരെ ദൂരസ്ഥലങ്ങളായ മുറികളിലേക്കയച്ചു. ആ ശുംഭന്മാരെ കാണുന്നതിൽ എനിക്കും ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പുരുഷത്വം എന്നു പറയുമ്പോൾ ഞാനെപ്പോഴും ധൈര്യം എന്ന സദ്ഗുണത്തെയാണ് ഓർമ്മിക്കുക. അല്ലാതെ, ഭീരുത്വത്തെയല്ല. ഭർത്താക്കന്മാരുടെ ജീവിതത്തില്‍ നിന്ന് നർമ്മബോധത്തെ കുറ്റിചൂലുകൊണ്ട് ഓടിപ്പിച്ച് അവരെ കിടുകിടെ വിറപ്പിച്ച് നപുംസകങ്ങളാക്കുന്ന ഈ പതിവ്രതമാർ എന്നെപ്പറ്റി തമ്മിൽത്തമ്മിൽ കുശുകുശുക്കുകയും വിദ്വേഷത്താൽ തരളിതരാവുകയും ചെയ്തു. ഇവറ്റയ്ക്ക് വേണ്ടിയോ ഞാൻ പൊരുതിയത്. ഞാൻ എന്നോടുതന്നെ പല തവണ ചോദിച്ചു. അച്ഛനെയും അമ്മയെയും വേദനിപ്പി ച്ചുവെന്നതോർത്തപ്പോൾ മാത്രം ഒരപരാധബോധം എന്നെ അലട്ടി. പക്ഷേ, എഴുത്തുകാർക്ക് എന്ത് രക്തബന്ധം? വായനക്കാരായിട്ടുള്ള ബന്ധത്തെ മാത്രമേ ശാശ്വതമായി അവർ കണക്കാക്കുന്നുള്ള. ഈ വസ്തുത ഒരിക്കൽ എന്നോട് പ്രശസ്ത നോവലിസ്റ്റായ ഓബ്രി മേനൻ പറഞ്ഞിരുന്നു. അദ്ദേ ഹത്തിന്‍റെ ആത്മകഥാപരങ്ങളായ ലേഖനങ്ങളിൽ സ്വന്തം കുടുംബാംഗങ്ങളെയും യാതൊരു ദാക്ഷിണ്യവും കൂടാതെ വിമർശിച്ചിരുന്നതു കണ്ട് ഞാൻ അദ്ദേഹത്തോട് എന്‍റെ അഭി പ്രായവ്യത്യാസം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞതാണ് ഈ യഥാർത്ഥ്യം. പിന്നീട് ജീവിതംതന്നെ എന്നെ അതു ബോദ്ധ്യപ്പെടുത്തി. മുലയൂട്ടിയാൽ മാത്രമേ മുലയിൽ പാല് നിറയുകയുള്ളൂ. അതുപോലെയാണ് സാഹിത്യസൃഷ്‌ടിയും വായനക്കാരുടെ ആവശ്യത്തിനനുസരിച്ച് എഴുത്തുകാർ എഴുതിക്കൊടുക്കും. എഴുത്തുകാരൻ ആത്മാവുള്ള ഒരു യന്ത്രമാണ്. അയാളുടെ സൃഷ്‌ടികൾക്കു ഡിമാൻഡുള്ള കാലത്തോളം അയാളുടെ പേന വലിച്ചുകൊണ്ടേയിരിക്കും.
ആത്മകഥയ്ക്കു ശേഷം എനിക്ക് കേരള സന്ദർശനം ഒരു പേടിസ്വപ്നമായി മാറി. ബന്ധക്കളിൽ ആരെല്ലാമാണ് എന്നെ സ്നേഹത്തോടെ വീക്ഷിക്കുക. ആരെല്ലാം എന്നെ വെറുപ്പോടെ എതിരേല്ക്കും എന്ന് ഞാൻ സദാസമയവും ഉൽക്കണ്ഠയോടെ തന്നത്താൻ ചോദിച്ചുകൊണ്ടിരുന്നു.
അവർ ഒരോരുത്തരും ആരുടെയൊപ്പം ശയിച്ചുവെന്നും ആരെത്തേടി രാത്രിയിൽ തളത്തിലും ഉമ്മറത്തും അലഞ്ഞു വെന്നും എനിക്ക് അറിയാമായിരുന്നുപക്ഷേ, പുറത്ത്, സഭയിൽ അവർ സന്ന്യാസികളായിരുന്നു. പൂജാകർമ്മങ്ങളിൽ അതീവതത്പരരായിരുന്നു. പൂജ കഴിഞ്ഞാൽ വേലക്കാരെ മൃഗങ്ങളുടെ പേരുകൾ വിളിച്ചും അധിക്ഷേപിച്ച് ഭ്രാന്തു പിടിപ്പിച്ചും കുട്ടികളെ അടിച്ചും നുള്ളിയും കരയിപ്പിച്ചും അവർ മനഃശാന്തി നേടി. എനിക്ക് മനഃശാന്തി എന്‍റെ എഴു ത്തു മേശ മാത്രമേ സമ്മാനിച്ചതുള്ളൂ. ആദ്യത്തിൽ വിവാഹ ജീവിതത്തിന്‍റെ ചില്ലറ ലഹരികളുണ്ടായിരുന്നു. ഹൃദ്രോഗ ബാധിതയായതിനുശേഷം പരിപാടികൾ തീരെ മാറിപ്പോയി. തളർന്നശരീരത്തിൽ കാമം നിശ്ശേഷം അസ്തമിക്കുന്നു. സ്വതവേ അത് കൈവശം കഷ്‌ടിയായിരുന്ന എനിക്കോ, സ്ഥിതി പറഞ്ഞു മനസ്സിലാക്കയും വേണ്ട എന്‍റെ ഭർത്താവിന് എന്നെ ശുശ്രൂഷിച്ചിരുന്ന ചെറുപ്പക്കാരിയായ നേഴ്സിനോട് ഭ്രമംതോന്നിയതിൽ അത്ഭുതമില്ല. അവൾ കറുത്തു മിനുങ്ങിയ ഒരു പെണ്ണായിരുന്നു. ചുരുണ്ട മുടിയും മൂക്കുകൊണ്ടുള്ള സംസാരവും അവളുടെ പ്രത്യേകതകളായിരുന്നു - എന്നിട്ടും അദ്ദേഹം അവളിൽ ആകൃഷ്ടനായി. ഞാൻ എന്‍റെ രോഗശയ്യയിൽക്കിടന്ന് കുറെ കരഞ്ഞു. കുറെ ബഹളമുണ്ടാക്കി. ഇപ്പോൾ ആ രംഗമോർത്ത് എനിക്കു ചിരിവരികയാണ്. അത്തരത്തിലുള്ള അസൂയ എനിക്ക് ഒരിക്കൽ അനുഭവപ്പെട്ടിരുന്നു എന്ന് വിശ്വസിക്കാൻകൂടി എനിക്ക് പ്രയാസം തോന്നുന്നു. ഇന്നാണെങ്കിൽ ഞാൻ അവരെ തനിച്ചാക്കി നടക്കാനിറങ്ങുമായിരുന്നു. ജീവിക്കുക, ജീവിക്കാനനുവദിക്കുക, അത്രതന്നെ.
ദീനത്തിൽനിന്ന് എഴുന്നേറ്റതിനുശേഷം ഞാൻ അദ്ദേഹത്തിന്‍റെ അനുജത്തിമാത്രമായിത്തീർന്നു. ഒരു ഉപദേഷ്ടാവിന്‍റെ അന്തസ്സ് ഈ പുതിയ നിലപാട് എനിക്കു നേടിത്തന്നു. എന്നോടു ചോദിക്കാതെ യാതൊരു തീരുമാനവും അദ്ദേഹം എടുക്കാതെയായി. എന്‍റെ ശയനമുറി ഒരമ്പലമായിത്തീർന്നു. വിഗ്രഹങ്ങളും കെടാവിളക്കും മറ്റുമലങ്കരിക്കുന്ന ആ മുറിയിൽ ഞാൻ എന്‍റെ കൊച്ചുമകനെ കെട്ടിപ്പിടിച്ചുകൊണ്ട് കിടന്നുറങ്ങി. എല്ലായ്പോഴും എന്‍റെ മുറിയിൽ ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്‍റെയും മണമുണ്ടായിരുന്നു. എന്‍റെ ദീനത്തെപ്പറ്റി അന്വേഷിക്കാൻ ദിവസേന വന്നിരുന്നവർ ഞാൻ സുഖപ്പെട്ട് എഴുന്നേറ്റതിനുശേഷവും നിത്യസന്ദർശകരായിത്തുടർന്നു. എന്‍റെ സത്കാരമുറി ക്രമേണ ഒരു ക്ലബ്ബ് മുറി പോലെയായിമാറി. ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ കവിതകൾ അന്നെല്ലാം തിരഞ്ഞെടുത്തിരുന്നത് ഞാനായിരുന്നു. കവിതകളുമായി നിരവധി യുവതീ-യുവാക്കന്മാർ എന്‍റെ വീട്ടിൽ വന്നു. അവരെക്കൊണ്ട് കവിതാപാരായണം ചെയ്യിക്കുകയും ആ കവിതകളെപ്പറ്റി അഭിപ്രായം പ്രകടിപ്പിക്കുകയും എനിക്ക് ഏറ്റവും പ്രിയപ്പെട്ട തൊഴിലായിത്തീർന്നു. അങ്ങനെ തുടങ്ങിയതാണ് ഇപ്പോൾ മാസത്തിൽ ഒന്നാം ശനിയാഴ്ച എന്‍റെ വീട്ടിൽ നടന്നുവരുന്ന ബഹുതന്ത്രീക എന്ന ഗ്രൂപ്പ്. ഓരോ തവണയും അംഗങ്ങൾ സമ്മേളിക്കുമ്പോൾ കവിതാപാരായണവും ശാസ്ത്രീയസംഗീതവും നൃത്തവും നാടകാവതര ണവും പരിപാടികളായി ഉണ്ടാവാറുണ്ട്. കലാകാരന്മാർ ഏകാ ന്തതയനുഭവിക്കുന്ന വർഗ്ഗമാണെന്ന് എനിക്കറിയാം. മാസ ത്തിലൊരിക്കലെങ്കിലും അവർക്ക് തങ്ങളെപ്പോലുള്ളവരെ കാണാനും പരിചയപ്പെടാനും അവസരം ഈ ബഹുതന്ത്രീക ഉണ്ടാക്കുന്നു. സ്നേഹം വായുപോലെ സർവ്വവ്യാപിയാണെന്നു കാലക്രമേണ ഇത്തരം സമ്മേളനങ്ങൾ എന്നെ പഠിപ്പിച്ചു. ഒരാളെമാത്രം ചിന്തിച്ച് ഒരാൾക്കുവേണ്ടിമാത്രം തപസ്സിരുന്ന ശീലിച്ച ഞാൻ അനവധിപേരെ സ്നേഹിച്ചുതുടങ്ങി. എന്നെ അമ്മയെന്നും ആമിയെന്നും കമലയെന്നും മറ്റും വിളിക്കുന്ന ഈ കലാകാരന്മാരും കലാകാരികളും വാസ്തവത്തിൽ എന്‍റെ കണ്ണിലുണ്ണികളായിത്തീർന്നുവല്ലോ. അവരുടെ വളർത്തമ്മ ഞാനാണ് എന്ന് എനിക്കു വേഗത്തിൽ ബോദ്ധ്യമായി. ആദ്യമാദ്യം വിറയ്ക്കുന്ന കൈകളിൽ കടലാസു പിടിച്ചുകൊണ്ട് കവിത വായിച്ചു.
ഇന്നവർ ആത്മവിശ്വാസമുള്ള കവികളാണ്. നൃത്തം ചെയ്യുമ്പോൾ കാലിടറുകയും കവിളുകൾ വിളർക്കുകയും ചെയ്യുന്നതുകണ്ട് ഒരു നർത്തകിയെ ഞാൻ അടുത്തിരുത്തി സമാശ്വസിപ്പിച്ചു. ഇന്ന് അവൾ പ്രസിദ്ധയാണ്. ഇവരിൽക്കൂടി ഞാനും വളരുന്നു. എന്‍റെ മുടിയിഴകൾ നരച്ചുതുടങ്ങിയിരിക്കുന്നു. അമ്മയായി തിരഞ്ഞെടുക്കപ്പെട്ടവളായതുകൊണ്ട് നരയിൽ അഭിമാനം മാത്രമേ എനിക്ക് അനുഭവപ്പെടുന്നുള്ളൂ.