പത്ത്
കോൺക്രീറ്റു മത്സ്യങ്ങൾ
മഴയുടെ വരവുണ്ട്. ഉച്ചനേരമാണെങ്കിൽക്കൂടി പുറത്താകെ ചാരനിറത്തിലുള്ള ഒരു മൂടൽ കാണാം. കടലിന്‍റെ ചാരനിറം ആകാശത്തിന്‍റെ ചാരത്തിൽ ലയിക്കുന്നയിടം അവ്യക്തമായി കാണാം. കരയോടടുക്കുന്ന തിരകൾക്കു മാത്രമേ വെള്ള നുര കാണാനുള്ളൂ. കേരളാഹൗസിന്‍റെ മുറ്റം ഒരു മരുഭൂമി പോലെയാണ്. ഞാനിരിക്കുന്നത് ചുവട്ടിലെ ഏഴാം നമ്പർ മുറിയിലാണ്. വാതിൽ തുറന്നിട്ടിരിക്കുന്നു. ഇവിടെനിന്ന് കടലും ആകാശവും മാത്രം കാണാം... എഴുന്നേറ്റുനിന്നാൽ കോൺക്രീറ്റുകൊണ്ടുണ്ടാക്കിയതും മത്സ്യത്തിന്‍റെ ചിത്രപ്പണിയുള്ളതുമായ ചെറിയ തടാകം കാണാം. അതിൽ മത്സ്യങ്ങളെ പോറ്റുന്നുണ്ടത്രേ. അവയെ എനിക്ക് ഇതേവരെ കാണാൻ കഴിഞ്ഞിട്ടില്ല. ശരിയായ മത്സ്യത്തെ കാണാൻ കഴിയാത്തവർക്കു വേണ്ടിയാണ് കോൺക്രീറ്റുകൊണ്ടു മത്സ്യ ത്തെയുണ്ടാക്കിവെച്ചിരിക്കുന്നത്. ചുവന്ന ചായം കൊടുത്തിട്ടുമുണ്ട്. പണ്ടൊരിക്കൽ എന്‍റെ വീട്ടിൽ ഗംഗാധരൻ എന്നു പേരുള്ള ഒരു കുട്ടി ചില കവിതകളും പേറിക്കൊണ്ട് വന്നിരുന്നു. കവിതകളെക്കാൾ എനിക്ക് ഇഷ്‌ടപ്പെട്ടത് ആ കുട്ടി എഴുതിയ ഒരു ചെറുകഥയാണ്. അതിൽ കോൺക്രീറ്റുകൊണ്ട് ഒരു മരം ഉണ്ടാക്കി നഗരത്തിൽ സ്ഥാപിച്ചതിനെപ്പറ്റി എഴുതിയിരുന്നു. മരത്തിന്‍റെ വളർച്ചയും കാത്ത് ജീവിക്കുവാൻ ക്ഷമയില്ലാത്ത നാഗരികരുടെ മനോഭാവം ആ കുട്ടി എത്രയോ മനോഹരമായി ചിത്രീകരിച്ചു. പ്രകൃതി ക്ഷമാശീലർക്കു മാത്രമേ ഉപകരിക്കുകയുള്ള. ജീവന് ക്ഷമവേണം പക്ഷേ, ജീവനില്ലാത്തവയ്ക്കോ? കുറച്ചുകാലംകൂടി കഴിഞ്ഞാൽ അസ്സലിനു പകരം സിമന്റിലും കോൺക്രീറ്റിലും ലോഹത്തിലും നിർമ്മിച്ച പ്രതിരൂപങ്ങളാൽ മനുഷ്യൻ തൃപ്തിപ്പെടും. സിമന്റ് മരത്തിന് വാസനയില്ലാത്തതുകൊണ്ട് അതിൽ സെന്റ്കുപ്പികൾ ഒളിച്ചുവെക്കാൻ ചില സുഷിരങ്ങൾ ഉണ്ടാക്കിയാൽ മതിയല്ലോ. ഓടിക്കളിക്കുന്ന കുട്ടികൾ രാത്രിയിൽ ഉണർന്നു കരഞ്ഞേക്കാം. അതുകൊണ്ട് തോൽകൊണ്ടോ അലുമിനിയം കൊണ്ടോ ഒന്നാന്തരം പാവക്കുട്ടികളെ ഉണ്ടാക്കിയാൽ മതിയല്ലോ, ഇടയ്ക്കിടയ്ക്ക് വാത്സല്യം പ്രകടിപ്പിക്കുവാനും ഓമനിക്കുവാനും. നാം എത്രവേഗത്തിൽ പുരോഗമിക്കുന്നു. ഡെറ്റോളിന്‍റെയും സ്പിരിറ്റിന്‍റെയും രോഗാണുനാശിനി കളായ പുഴകളിൽ നീന്തിക്കുളിച്ച് ആരോഗ്യവാന്മാരായി വൃത്തിയുള്ളവരായി സംസ്കാരമുള്ളവരായി നമ്മുടെ അന ന്തരാവകാശികൾ സുഖിക്കട്ടെ. നമുക്ക് പുഴകളുണ്ടായിരുന്നില്ല. മുറ്റത്ത് അവിടവിടെയായി കെട്ടിനില്ക്കുന്ന ചളി വെള്ളംമാത്രം. ഓരോ ചളിക്കുണ്ടിലും നാം കാലിടറി വീണു. ഓരോന്നിനും ഓരോ പേരായിരുന്നു. സസ്നേഹം, കൃതജ്ഞത മുതലായ പല പേരുകളും. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനായ ആൻതാവ് ഇടയ്ക്കിടയ്ക്ക് തന്‍റെ വയോവൃദ്ധനായ പിതാവിനെക്കുറിച്ചു പറയും, മരിച്ചുപോവട്ടെ, പടുവൃദ്ധൻ. എന്തിനുവേണ്ടി ജീവിക്കുന്നു. ആർക്കും വേണ്ടാത്ത ഈ കൂട്ടർ?
അയാളോടു യോജിക്കുന്നില്ല എന്ന് സത്കാരമുറിയിലെ മറ്റാരുംതന്നെ പറയുകയുണ്ടായിട്ടില്ല. എല്ലാവരും ഇത്തര ക്കാരാണോ? വാർദ്ധക്യത്തിലെത്തിയവരെ കലശലായി വെറുക്കുന്നവർ? എന്നാൽ കുറച്ചുകൂടി പ്രായംചെന്നാൽ ഞാനും വെറുക്കപ്പെടുമോ? ഇപ്പോൾത്തന്നെ എന്‍റെ മുതിർന്ന മക്കൾക്ക് എന്നെ ആവശ്യമില്ലാതായിരിക്കുന്നുവല്ലോ. പക്ഷേ, ഭാഗ്യവശാൽ എനിക്ക് 11 വയസ്സായ ഒരു കുട്ടിയുണ്ട്. അവന് ഇപ്പോഴും ഞാൻ ഒരത്യാവശ്യമാണ്. രാത്രിയിൽ എന്‍റെയടുത്ത് ചേർന്നുകിടന്നിട്ടേ അവൻ ഉറങ്ങുകയുള്ളൂ. കുറച്ചു കാലത്തോളം അവനുവേണ്ടി ജീവിക്കേണ്ടിവരും. അതിനു ശേഷം ജീവിതമുണ്ടോ? ആർക്കറിയാം എഴുതുവാൻ കുട്ടിക്കാലത്ത് പഠിച്ചുവെച്ചതുകൊണ്ട് വായനക്കാരോടെങ്കിലും മനസ്സ്തുറന്ന് സംസാരിക്കാം. അവർക്ക് എന്‍റെ ആവലാതികൾ കേൾക്കുവാൻ താത്പര്യമില്ലെങ്കിൽക്കൂടി ഞാൻ കേടു വന്ന ഹോണുള്ള വാഹനത്തെപ്പോലെ ശബ്‌ദിച്ചുകൊണ്ടേയിരിക്കുന്നു. ഒരു പഴയശീലം, നല്ലതെന്ന് ഒരിക്കൽ ധരിച്ചു വെച്ച ദുശ്ശീലം മണ്ണിൽ എന്‍റെ പാദമുദ്രയും പതിക്കണമെന്ന ദുരാഗ്രഹം. മണ്ണിന്‍റെ ധവളിമയിൽ ഏതു പാദമുദ്രയും നിലനില്ക്കുകയില്ല. ഓരോ കാറ്റിലും മാഞ്ഞുപോവുന്ന പാവപ്പെട്ട ചില അടയാളങ്ങൾ അവയ്ക്ക് അല്പായുസ്സേ കാണുകയുള്ളൂ. പക്ഷേ, മണ്ണിന് അന്ത്യമില്ല. അത് വളർന്നു കൊണ്ടേയിരിക്കുന്നു. കീഴടക്കിക്കൊണ്ടു വളരുന്നു. ഭൂമിയുടെ വളർച്ചയിൽ മനുഷ്യൻ അസൂയാലുവായിട്ട് എന്തു പ്രയോജനം:
കഴിഞ്ഞവർഷത്തിൽ ഞങ്ങളുടെ വീട്ടിൽ ഒരു വിദേശീയകവി അതിഥിയായിരുന്നു. യുഗാൻഡക്കാരനായ തിയ്യൊ ലുസൂക്ക. അയാൾക്ക് ഇരുപത്തിയെട്ടു വയസ്സു മാത്രമേ പ്രായമായിരുന്നുള്ളൂ. ആറടിപൊക്കവും സ്പ്രിങ്ങുകൾ പോലെയുള്ള മുടിച്ചുരുളുകളും മഞ്ഞനിറമുള്ള കണ്ണുകളും ആകർഷണീയമായ പുഞ്ചിരിയും വഹിക്കുന്നവൻ. അയാൾ തന്‍റെ വലത്തെ കൈത്തണ്ടയിൽ ആനവാലും ചെമ്പും ഇരുമ്പും ചേർത്തുണ്ടാക്കിയ വളകൾ ധരിച്ചിരുന്നു. ആകാശത്തിന്‍റെയും അഗ്നിയുടെയും കാറ്റിന്‍റെയും ദൈവങ്ങളെ ആകർഷിച്ച് പ്രീതിപ്പെടുത്താനാണ് താൻ അവ ധരിച്ചത് എന്ന് അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു. തിയ്യൊ പരിഷ്കാരിയായിരുന്നു. ഉന്നതവിദ്യാഭ്യാസം ലഭിച്ചവനും. അയാൾ സിങ്കപ്പൂർ യൂനിവേഴ്സിറ്റിയിൽ ഇംഗ്ലിഷ് പഠിപ്പിക്കുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. പക്ഷേ, മന്ത്രവാദവും കാട്ടുമരുന്നും ശീലിച്ചിരുന്ന അമ്മ അയച്ചുകൊടുക്കാറുള്ള അജ്ഞാത വേരുകളും ഭസ്മങ്ങളും പൂർണ്ണവിശ്വാസത്തോടെ താൻ തിന്നാറുണ്ടെന്നും അവ നഷ്‌ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുവാൻ തന്നെ സഹായിക്കാറുമുണ്ടെന്ന് തിയ്യൊ പറഞ്ഞു. ആഫ്രിക്കൻ മരുന്നിലും ശ്രേഷ്ഠമായി മറ്റൊരു മരുന്നും ലോകത്തില്ല എന്ന് അയാൾ വിശ്വസിക്കുന്നു കാരണം ആഫ്രിക്കൻ മരുന്നിന് ആത്മാവുണ്ട്. അതിൽ കുടികൊള്ളുന്ന ദേവതകളാണ് രോഗത്തെ ഉന്മമൂലനാശം വരുത്തുന്നത്. മെഷീനുകൾ അശുദ്ധമാക്കുന്ന ഔഷധങ്ങൾക്കു വീര്യം നിലനില്ക്കുകയില്ല. കൈകൊണ്ടു പറിച്ചെടുത്ത്, കയ്യിൽവെച്ച് ആത്മാർത്ഥതയോടെ ജപിച്ചും പൂജിച്ചും സൂക്ഷിച്ചുവെക്കുന്ന മരുന്നിന്‍റെ ഫലം ഇംഗ്ലീഷുമരുന്നിന് ഒരിക്കലും കൈവരില്ല.
തിയ്യൊ എന്‍റെ ബഹുതന്ത്രീകയോഗത്തിൽവെച്ച് മറ്റൊരു ആഫ്രിക്കൻകവിയുടെ പേരുകേട്ട് ‘ആഫ്രിക്കൻ ചെണ്ട’യെന്ന കവിത ഉറക്കെ വായിച്ചു. ചെണ്ടകൊട്ടുപോലെയൊരു വായന. എല്ലാവർക്കും തിയ്യൊ വേഗത്തിൽ പ്രിയംകരനായിത്തീർന്നു.
തിയ്യൊ ഒരതിഥിയുടെമട്ടിൽ ഒരിക്കലും ഞങ്ങളോടു പെരുമാറിയില്ല. ഞാൻ ആദ്യം അയാൾക്കുവേണ്ടി കത്തിയും മുള്ളും മേശപ്പുറത്ത് ഒരുക്കിവെച്ചിരുന്നു. അതൊക്കെ വേഗത്തിൽ നീക്കിവെച്ചുകൊണ്ട് തിയ്യൊ പറഞ്ഞു. ഞാൻ വെറുമൊരു കാപ്പിരിയാണ്. കൈകൊണ്ട് ഭക്ഷണം കഴിച്ചു വളർന്നവാനാണ്.
തിയ്യൊവിന് കാളനും ചേനയുടെ മെഴുക്കുപുരട്ടിയും വളരെ ഇഷ്‌ടമായി. ചേന വേവിച്ച് ചോറിന് പകരം അവർ ആഫ്രിക്കയിൽ കഴിക്കാറുണ്ടെന്ന് അയാൾ പറഞ്ഞു. ചേനയും കായും വലിയ ഒരു പരന്ന ചെമ്പിൽ വെള്ളം തിളപ്പിക്കുമ്പോൾ അതിന്‍റെ മീതെവെച്ച പലകട്ടിൽ, ഇലകൊണ്ടു പൊതിഞ്ഞുവെച്ച ചേനക്കഷണങ്ങളും കായക്കഷണങ്ങളും ആവിതട്ടി വെന്തുപോവും. എന്നിട്ട് അതെടുത്ത് ഉടച്ച്, മാംസം വറുത്തതിനൊപ്പം ഭക്ഷിക്കും. ഇല്ലെങ്കിൽ പയറുവേവിച്ചതോടൊപ്പം കഴിക്കും. മനോരാജ്യക്കാരിയായ ഒരുത്തിയുടെ കൊച്ചുകുട്ടി അവൾ ഓരോന്ന് ആലോചിച്ചുകൊണ്ടിരിക്കെ ചേനവേവിക്കുന്ന കലത്തിൽവീണു വെന്ത കഥ തിയ്യൊ ഒരു മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിയ്യൊവിന്‍റെ നീണ്ട കഥകളും കവിതകൾ മാത്രമാണ്. കാടും മരങ്ങളും സുഗന്ധങ്ങളും എല്ലാം ചെറിയ വാചകങ്ങൾകൊണ്ട് തിയ്യൊ നമ്മുടെ മുമ്പിൽ അവതരിപ്പിക്കും.
ചില ദിവസങ്ങളിൽ മറ്റു വല്ല അതിഥികളും വീട്ടിൽ വന്നെത്തിയാൽ തിയ്യൊ വരാന്തയിൽ, കയറ്റുകട്ടിൽ നീക്കിയിട്ട് അവിടെക്കിടന്നുറങ്ങും. കയറ്റുകട്ടിൽ ഉണ്ടാക്കുവാൻ ആഫ്രിക്കക്കാരെ പഠിപ്പിക്കുവാൻ താൻ ആഗ്രഹിക്കുന്നു എന്ന് തിയ്യൊ പറഞ്ഞു. എത്രയോ എളുപ്പത്തിൽ നിർമ്മിക്കാവുന്നതാണല്ലോ കയറ്റുകട്ടിൽ. നാലു മരക്കാലുകൾ ചെത്തിയെടുത്ത് ഒരു കൂടമുണ്ടാക്കി കയറുപിരിച്ചു കെട്ടുക, അത്ര തന്നെ. ഒരു ദിവസം ഒരു കട്ടിൽ ഉണ്ടാക്കുകയും ചെയ്യാം. ഒരു കുടിൽവ്യവസായമായി ഇത് ആഫ്രിക്കൻഗ്രാമങ്ങളിൽ വളർത്തിയെടുക്കാമെന്ന് തിയ്യൊ പറഞ്ഞു. അവിടെയെങ്ങും കയറ്റുകട്ടിലുകൾ ഇല്ലത്രേ. തിയ്യൊവിന്ന് നൈജീരിയൻ പ്രേമഗാനം എന്നു പേരുള്ള ഒരു പാട്ടറിയാം. നിലാവുകണ്ട് മോങ്ങുന്ന അനാഥപ്പട്ടിയെ ഓർമ്മിപ്പിക്കുന്ന ഒരു ഗാനം.