പതിനൊന്ന്
26 വർഷങ്ങൾക്കുശേഷം
അതിൽ ഏകാകിയായ മനുഷ്യജീവിയുടെ നിസ്സഹായത തളം കെട്ടിനിൽക്കുന്നു.
തിയ്യൊ തന്‍റെ വലിയ ടേപ്റിക്കോർഡറിൽ ഞങ്ങളുടെ സംഭാഷണം ശേഖരിച്ചുവെച്ചു. മനോഹർ മുൽഗാവുക്കർ, മുൽക്കരാജ് ആനന്ദ് മുതലായ തലമൂത്തവരുടെയും ശബ്‌ദങ്ങൾ തിയ്യൊവിന്‍റെ കൈവശമുണ്ട്. എന്നെക്കൊണ്ട് സംസ്കൃതത്തിൽ ശ്ലോകങ്ങൾ ചൊല്ലിക്കയും ചെയ്തു. ഞാൻ ഭഗവതിക്കുമുമ്പിലിരുന്ന് സ്തോത്രങ്ങൾ ചെല്ലുമ്പോൾ പിന്നിൽ തിയ്യൊ വന്ന് അതെല്ലാം റെക്കോർഡ് ചെയ്യുന്നത് കണ്ടു.
തിയ്യൊവിനെ ഏറ്റവും അധികം സ്നേഹിച്ചത് എന്‍റെ കൊച്ചുമകനാണ്. അവൻ തന്‍റെ കയ്യിലുണ്ടായിരുന്ന വെള്ളി വള അയാൾക്കു കൊടുത്ത് പകരം ഒരു ചെമ്പുവള എടുത്തു. അതോടെ അവർ ജ്യേഷ്ഠാനുജന്മാരായിത്തീർന്നുവെന്ന് തിയ്യൊ പറഞ്ഞു.
തിയ്യൊ ഞങ്ങളെ വിട്ടുപോയതിനുശേഷം സ്നേഹം നിറഞ്ഞ പല കത്തുകളും ഞങ്ങൾക്കയച്ചു. കുളിമുറിയുടെ ഗീസറിന്‍റെ പിന്നിൽ കൂട്ടുകൂടിയ ചവിറ്റിലക്കിളികളെക്കൂടി തനിക്കു മറക്കാൻവയ്യാതായിരിക്കുന്നു എന്ന് അയാൾ എഴുതി.
തിയ്യൊ സിങ്കപ്പൂരിൽ താമസിക്കുന്നത് ചന്ദ്രൻനായർ എന്ന കവിയുടെകൂടെയാണ്. ചന്ദ്രൻ മലയാളിയാണെങ്കിലും ഭാര്യ ചൈനക്കാരിയാണ്. അതുകൊണ്ട് ഭാര്യയായ ഐവിയുമൊത്ത് കേരളത്തിലേക്കുവരാൻ അയാൾക്കു കുറച്ച് ഭയം. ബോംബെയ്ക്കുവരാൻ ഞാൻ ചന്ദ്രനെയും ഭാര്യയെയും ക്ഷണിച്ചു. ചന്ദ്രന്‍റെ കവിതകൾ തിയ്യൊ എനിക്കു സമ്മാനിച്ചിരുന്നു. അസാമാന്യഗുണമുള്ള രചന.
നിങ്ങളുടെ വീട്ടിൽനിന്നു പോരുമ്പോൾ ഞാൻ കരഞ്ഞു. തിയ്യൊ എഴുതി, ഇന്ത്യ ഇങ്ങനെ ദയാലുവാണെങ്കിൽ സിങ്കപ്പൂരിലെത്തുമ്പോഴേക്കും അത് എന്‍റെ ഹൃദയം പാടേ തകർക്കും.
കഴിഞ്ഞ വർഷത്തിൽ ഒരു രാത്രി ഏകദേശം പതിനൊന്നുമണിക്ക് ഞങ്ങളുടെ ഫോൺ ശബ്‌ദിച്ചുതുടങ്ങി. ട്രങ്ക് കോളായിരിക്കുമെന്നു കരുതി ഓടിച്ചെന്ന് അതെടുത്തപ്പോൾ പെട്ടെന്ന് അപരിചിതമെന്നു തോന്നിയ ഒരു പുരുഷസ്വരം എന്നോടു ചോദിച്ചു. കമലയാണോ? ഏറെനാൾ വിദേശത്തു താമസിക്കുമ്പോൾ സമ്പാദിക്കാനിടയുള്ള ഒരുച്ചാരണവിശേഷം ആ സംസാരത്തിനുണ്ടായിരുന്നു. പിന്നീട് എനിക്കു മനസ്സിലായി, എന്‍റെ വിവാഹത്തിന് പിറ്റേദിവസം രാവിലെ ഇച്ഛാഭംഗത്തോടെ യാത്രപറഞ്ഞുപോയ സ്നേഹിതനാണ് ബോംബൈയിൽ വന്നെത്തിയിരിക്കുന്നതെന്ന്. 26 വർഷങ്ങൾക്കുശേഷം ഞാൻ ആ പ്രിയപ്പെട്ടവന്‍റെ സ്വരം കേൾക്കയായിരുന്നു. ഞാൻ മദ്ധ്യവയസ്കയാണെന്നും എന്‍റെ മൂത്ത മക്കൾ യുവാക്കളാണെന്നും ഞാൻ ആ നിമിഷത്തിൽ മറന്നുപോയി. ഞാൻ നിന്നെ കാണാൻ ഇപ്പോൾത്തന്നെ അവിടെ വരട്ടെ. അയാൾ ചോദിച്ചു. എനിക്ക് നാളെ അതിരാവിലെ വിമാനം കയറേണ്ടതുണ്ട്. ഇപ്പോൾ മാത്രമേ നീ ഇവിടെ താമ സിക്കുന്നുവെന്ന വിവരം ഒരു സ്നേഹിതനിൽനിന്ന് എനിക്ക് കിട്ടിയുള്ളൂ. എനിക്ക് കാണുവാൻ വളരെ ആഗ്രഹമുണ്ട്...
ആ നേരത്ത് ഒരാൾ പ്രത്യേകിച്ചും എന്നെ ചെറുപ്പത്തിൽ ഇഷ്‌ടപെട്ടിരുന്ന ഒരു പുരുഷൻ വീട്ടിലേക്ക് ഓടിക്കിതച്ചു വന്നെത്തിയാൽ ദാസേട്ടൻ അയാളെ സംശയദൃഷ്‌ടിയോടയാണ് നോക്കിക്കാണുക എന്നെനിക്കറിയാമായിരുന്നു. അതു കൊണ്ട് ഞാൻ പറഞ്ഞു. ഇപ്പോൾ വരരുത് നാളെ അതിരാവിലെ ഞാൻ വിമാനത്താവളത്തിലേക്കു വരാം. ഞാൻ നിർബന്ധിച്ചാൽ ദാസേട്ടൻ എന്നെ അങ്ങോട്ടു കൊണ്ടുവരാതി രിക്കില്ല, ഇത് സത്യം.
അങ്ങനെ വീണ്ടും ഞാൻ സത്യം ലംഘിച്ചു. പിറ്റേദിവസം രാവിലെ അഞ്ചുമണിക്ക് ഞാനും ദാസേട്ടനും ഉണർന്നുകഴിഞ്ഞിരുന്നു. പക്ഷേ, ധൃതിയിൽ വേഷധാരണംചെയ്യുന്ന ദാസേട്ടനോട് ഞാൻ പറഞ്ഞു. വേണ്ട, ഇത്രദൂരം ഇപ്പോൾ നമുക്ക് ഡ്രൈവ് ചെയ്തു പോവണ്ട, അരമണിക്കൂറ് നേരത്തിനു വേണ്ടി എന്തിന് അവിടെ പോവുന്നുഞാനൊരു കത്തെഴുതി തപാലിലിടാം.
സുന്ദരനും മനസ്സിനിണങ്ങിയവനുമായ ആ ചെറുപ്പക്കാരനെ ഞാൻ മറന്നുകഴിഞ്ഞിരുന്നതാണ്. ഇനി അയാളെക്കണ്ട് എന്‍റെ അടക്കം കിട്ടിയ മനസ്സ് വീണ്ടും ചഞ്ചലമാവുമോ എന്ന് ഞാൻ ശങ്കിച്ചു. അനുരാഗങ്ങളായ തിരകൾ കടന്ന് ശാന്ത സമുദ്രത്തിലെത്തിക്കഴിഞ്ഞ് ഞാനെന്തിന് വീണ്ടും പഴയ കുടുക്കുകളിൽച്ചെന്നു ചാടുന്നു? ഞാൻ പുതപ്പിനടിയിൽ ചുരുണ്ടുകിടന്ന് യാതൊരു കുറ്റബോധവുമില്ലാതെ വീണ്ടും ഉറക്കമാരംഭിച്ചു. യാത്രയാക്കാൻചെന്ന ഒരു ബന്ധുവിന്‍റെ കൈവശം എനിക്കായി ഒരു കുപ്പി വാസനദ്രവ്യം അയാൾ കൊടുത്തയച്ചു. അത് ഞാൻ നാട്ടിൽ പോയപ്പോൾ എന്‍റെ അനുജത്തിക്കുകൊടുത്തു. ഇനിമേലിൽ അയാളുടെ നിർദ്ദോഷവും കളങ്കമറ്റതുമായ സ്നേഹത്തിന് ഞാൻ ഒരിക്കലും അർഹയാവില്ലെന്ന് എന്‍റെ മനസ്സാക്ഷി എന്നോടു പറഞ്ഞു കൊണ്ടിരുന്നു. അയാൾ സ്നേഹിച്ച ആ പെൺകുട്ടി എവിടെപോയി മറഞ്ഞു? നിഷ്കളങ്കതയോടെ പൊട്ടിപൊട്ടിച്ചിരിച്ചിരുന്നവൾ. ജീവിതം വർണ്ണശബളമായ ഒരു മേളയാണെന്ന് വിശ്വസിച്ചിരുന്നവൾ. കൊട്ടാരത്തിനു പുറത്തുകടന്ന സിദ്ധാർത്ഥനെപ്പോലെ അവളും ഒരിക്കലും കാണാത്ത കാഴ്ചകൾ നോക്കിക്കണ്ടു. സ്നേഹിക്കുന്നവർ മരിക്കുന്നതും സ്നേഹം തന്നെ മരിക്കുന്നതും അവൾ കണ്ടു. മടിയിൽ വളർന്ന മക്കൾ വളർന്ന് അപരിചിതരാവുന്നതും അവൾ കണ്ടു. സൗന്ദര്യം മായുന്നതും ആനന്ദം പണ്ടുകണ്ടതായ ഒരു സ്വപ്നം മാത്ര മായി അവശേഷിക്കുന്നതും അവൾ കണ്ടു. ഇനി അവൾക്കുണ്ടോ അയാളുടെ സ്നേഹത്തിനു പാത്രമാവാൻ അർഹത? ഇനി അവർ അന്യോന്യം ഒരിക്കലും ഈ ലോകത്തിൽവെച്ച് കൂട്ടിമുട്ടരുത്. ഇതിലും ഉദാരമായ മറ്റേതെങ്കിലും ലോകത്തിൽവെച്ച് അവർക്കു വീണ്ടും കണ്ടുമുട്ടാം, ഇവിടെവെച്ചു വേണ്ട എന്നുമാത്രം.