സൂചന
ഒന്നാമദ്ധ്യായം
ഡംഡം: കൽക്കത്തയിലെ വിമാനത്താവളം.
പാലം: ദില്ലിയിലെ വിമാനത്താവളം.
ഹിത്സ: ബംഗാളികൾക്ക് പ്രിയപ്പെട്ട ഒരു മത്സ്യം.
രണ്ടാമദ്ധ്യായം
ലുഗ്ഡി: ഹിമാചലത്തിലെ നാടൻ മദ്യം.
നാലാമദ്ധ്യായം
യാൻ മസാരിക്: ചെക്കോസ്ലോവാക്യയുടെ ദേശീയ നേതാവ്, ഭരണാധിപൻ. കമ്യൂണിസ്‌റ്റ് പാർട്ടി അധികാരമേറ്റെടുക്കുന്ന അവസരത്തിൽ യാൻ മസാരിക് സംശയകരമായ ചുറ്റുപാടിൽ മരിച്ചു.
ദിമിത്രോവ്: അന്താരാഷ്‌ട്ര കമ്യൂണിസത്തിന്‍റെ ഇതിഹാസപുരുഷൻ.
പ്രാഗ് വസന്തം: ദൂബ്ചെക്കിന്‍റെ നേതൃത്വത്തിൽ ചെക്കോസ്ലോവാക്യയിൽ നടന്ന കമ്യൂണിസത്തിന്‍റെ ജനായത്തവൽക്കരണം. ഇതിനെതിരെയാണ് സോവിയറ്റ് യൂണിയൻ ചെക്കോസ്ലോവാക്യ ആക്രമിച്ചത്.
അഞ്ചാമദ്ധ്യായം
സുഡറ്റൻ ജർമൻകാർ: അതിർത്തിപ്രവിശ്യയിലെ ജർമൻഭാഷ സംസാരിക്കുന്ന ചെക്ക് ജനവിഭാഗം. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിപ്പടയുടെ ആക്രമണത്തെ ഇക്കൂട്ടർ സ്വാഗതംചെയ്തു.
ബുഡാപെസ്‌റ്റ്: ഹങ്കറിയുടെ തലസ്‌ഥാനം.
പാൽമലീറ്റർ: ഹങ്കേറിയൻ പ്രതിരോധത്തിലെ പ്രമുഖരിലൊരാൾ.
എട്ടാമദ്ധ്യായം
വാഴ്സാസഖ്യം: സോവിയറ്റ് യൂണിയന്‍റെ നേതൃത്വത്തിലുള്ള കിഴക്കൻ യൂറോപ്യൻ കമ്യൂണിസ്റ്റ് രാഷ്‌ട്രങ്ങളുടെ സൈനികസഖ്യം. ഈ സൈനിക സഖ്യമാണ് പ്രാഗ്‌വസന്തത്തിൽ ചെക്കോസ്ലോവാക്യ ആക്രമിച്ചത്.
കൊണോട്ട് പ്ളെയ്സ്: ന്യൂദില്ലിയുടെ നഗരമദ്ധ്യം.
ഒമ്പതാമദ്ധ്യായം
ആർമീനിയ: ഇന്ന് സോവിയറ്റ് യൂണിയന്‍റെ ഭാഗമായ ഒരു ചെറു രാഷ്‌ട്രം, തുർക്കിയുടെയും ഇറാന്‍റെയും അതിരിൽ. ആർമീനിയക്കാർ യാഥാസ്‌ഥിതിക ക്രിസ്ത്യാനികളാണ്. സോവിയറ്റ് യൂണിയനു പുറത്ത് ദുർബലമായ ഒരാർമീനിയൻ ദേശീയപ്രസ്‌ഥാനം നിലനില്ക്കുന്നു.
ചൗരംഗി: കൽക്കത്തയുടെ നഗരമദ്ധ്യം.
പത്താമദ്ധ്യായം
വിഭൂതിഭൂഷണ ബന്ദോപാദ്ധ്യായ: പാഥേർ പാഞ്ചാലിയുടെ കർത്താവ്.
തരുലതാ ദത്ത്: ബംഗാളിന്‍റെ ആംഗലകവയിത്രി. നന്നെ ചെറുപ്പത്തിൽ മരിച്ചുപോയി.
രണദിവേ: 1948-ലെ ഇന്ത്യൻ കമ്യൂണിസ്‌റ്റ് പാർട്ടി നേതാവ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പാർട്ടി സായുധവിപ്ലവത്തിനൊരുമ്പെട്ടു.
പന്ത്രണ്ടാമദ്ധ്യായം
ജോഠേദാർ: നിലമുടമ.
വസന്തത്തിലെ ഇടിമുഴക്കം: സായുധപ്രതിരോധത്തെ മാവോ സേ തൂങ് ഇപ്രകാരം വിശേഷിപ്പിച്ചു.
പതിമൂന്നാമദ്ധ്യായം
ഋശ്യശൃംഗൻ: ഋഷികുമാരനായ ഋശ്യശൃംഗനെ അവന്‍റെ പിതാവ് സ്ത്രീസമ്പർക്കമില്ലാതെ വളർത്തി. ഋശ്യശൃംഗനെ പ്രലോഭിപ്പിക്കാനെത്തിയ കന്യകമാരുടെ സ്തനങ്ങൾ കണ്ട് അമ്പരന്ന ഋശ്യശ്യംഗൻ കന്യകമാർ ബ്രഹ്മചാരികളാണെന്നും സ്തനങ്ങൾ നമസ്കാരകിണങ്ങളാണെന്നും ധരിച്ചു.
പതിനഞ്ചാമദ്ധ്യായം
ഗദാധരൻ: ശ്രീരാമകൃഷ്ണ പരമഹംസന്‍റെ ആദ്യത്തെ പേര്. ഒമ്പതു വയസ്സായിരുന്ന ഗദാധരൻ പൊരി കൊറിച്ചുകൊണ്ട് വയൽവരമ്പിലൂടെ നടക്കുമ്പോൾ ഇരുണ്ട മേഘങ്ങൾക്കെതിരെ വെളുത്ത കൊറ്റികൾ പറന്നു പോകുന്നതു കണ്ട് മോഹാലസ്യപ്പെട്ടു. ഇതായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യത്തെ അതീന്ദ്രിയമായ അനുഭവം.
കുമർപുക്കൂർ: ശ്രീരാമകൃഷ്ണന്‍റെ ജന്മസ്‌ഥലം.
കഥ നടക്കുന്നത് ചിലപ്പോൾ കേരളത്തിലും ചിലപ്പോൾ ദില്ലിയിലും ചിലപ്പോൾ ബംഗാളിലുമാണ്. മലയാളികളായ രണ്ടു കഥാപാത്രങ്ങൾ തമ്മിൽ സംഭാഷണം നടത്തുമ്പോൾ ഉചിതമായ പ്രാദേശികശൈലി പ്രയോഗിക്കാൻ കഴിയും. മലയാളിയും മലയാളിയല്ലാത്തവനും തമ്മിലോ, മലയാളികളല്ലാത്തവർ തമ്മിലോ ഉള്ള സംഭാഷണശകലങ്ങൾക്ക് തർജമയുടെ സ്വഭാവമായിരിക്കും.