രണ്ട്
ദി ല്ലിയുടെ നഗരസീമയ്ക്കപ്പുറം ചരിത്രാവശിഷ്‌ടങ്ങളും വൈരാഗിയായ പ്രകൃതിയുമാണ്, പൊടിയും മുൾച്ചെടിയും മുൾച്ചെടിയുടെ പ്രഭയില്ലാത്ത പൂവും പാറത്തിട്ടും. ഉറഞ്ഞുപോയ കല്ലിന്‍റെ തിരമാലകളെപ്പോലെ കാഴ്ചപ്പാടിന്‍റെ അപ്പുറത്തോളം പാറത്തിട്ടുകൾ കിടന്നു. അവയെ കവച്ചായിരുന്നു പടയോട്ടങ്ങൾ വന്നത്; ആര്യാവർത്തത്തിലെ താവഴികളിൽ പൊൻ നിറമുള്ള വിത്തു വിതച്ചുപോവാൻ വന്ന യവനനും ഹൂണനും നിരാലംബങ്ങളായ ദൈവസങ്കല്‌പങ്ങളെ തച്ചുടയ്ക്കാൻ വന്ന താർത്താരിയും മുഗളനും. പഞ്ചാബിലേയ്ക്കും ഹിമാചലത്തിലേയ്ക്കും നീളുന്ന നിരത്തിലൂടെ ധാന്യവും ക്രയവിക്രയവസ്തുക്കളും കയറ്റിയ ട്രക്കുകൾ ഏതാനും നിമിഷങ്ങളുടെ മാത്രം ഇടവേളകളോടെ അതിവേഗം പൊയ്ക്കൊണ്ടിരുന്നു. പടയോട്ടങ്ങളുടെ ഗോത്രസ്മരണകളിൽനിന്ന് മോചനമില്ലാത്ത അതികായന്മാരായ ജാട്ടുകൾ വാഹനങ്ങളുടെ ചക്രം പിടിച്ചു. ആ ശക്‌തിയിൽ കൗതുകം പൂണ്ട് നിരത്തിന്‍റെ ഓരം പറ്റി കുഞ്ഞുണ്ണി കാറോടിച്ചു. ഉച്ചതിരിയുകയായിരുന്നു. പൊടി ചുവന്നു തിളങ്ങി. നാഴികക്കല്ലിലും പ്രകൃതിദൃശ്യത്തിന്‍റെ വഴിയടയാളത്തിലും ശ്രദ്ധ ചെലുത്തിക്കൊണ്ട് കുഞ്ഞുണ്ണി മനസ്സിൽ കണക്കുകൂട്ടി, നിർമ്മലാനന്ദന്‍റെ ആശ്രമം, മുക്‌തിധാം, അടുക്കാറായി. ഇനി ഏറിയാൽ മൂന്നു കല്ല്. മരുപ്പച്ചയോടടുക്കുന്ന ഒട്ടകത്തെപ്പോലെ കുഞ്ഞുണ്ണി ഒരാർദ്രതയറിഞ്ഞു: നിർമ്മലാനന്ദന്‍റെ പച്ചപ്പുൽപ്പടർപ്പുകളുടെ സാമീപ്യം, നിർമ്മലാനന്ദന്‍റെ തടാകത്തിന്‍റെ നീർക്കാറ്റ്. പത്രപ്രവർത്തകന്‍റെ നിരർത്ഥകമായ തിരക്കിന്‍റെ അഞ്ചു ദിവസങ്ങൾ കഴിഞ്ഞാൽ ചിലപ്പോഴൊക്കെ വാരാന്ത്യത്തിൽ കുറെ മദ്യവും ചുമന്നുകൊണ്ട് ഒരു തീർത്ഥാടനത്തിന്‍റെ ഹാസ്യാനുകരണം നടത്തുക കുഞ്ഞുണ്ണിയുടെ പതിവായിരുന്നു. ബിയറിന്‍റെ കുപ്പികൾ കുഞ്ഞുണ്ണി ആശ്രമഗൃഹത്തിലേയ്ക്കു കയറ്റാറില്ല. നേരേ തടാകത്തിന്‍റെ കരയിലേയ്ക്കാണ് കൊണ്ടുചെല്ലുക. ആശ്രമത്തിലെ സഹായിയായ നിഹാലു അപ്പോഴേയ്ക്കും ഒരു ചാരുകസേലയും മുക്കാലിമേശയും തടാകത്തിന്‍റെ കരയ്ക്കു കൊണ്ടുചെന്നു വെച്ചിരിയ്ക്കും. ആശ്രമപരിസരത്തിൽ മദ്യപിയ്ക്കാൻ സ്വാതന്ത്ര്യമുള്ള ഈ വിരുന്നുകാരനെ അവിടെ പതിവായി വന്നു താമസിയ്ക്കുന്നവർക്കൊക്കെ അറിയാമായിരുന്നു: നിർമ്മലാനന്ദന്‍റെ സഹപാഠി, ബാല്യകാലസുഹൃത്ത്… മണി മൂന്നു കഴിഞ്ഞു. നിർമ്മലാനന്ദന്‍റെ വിശ്രമം കഴിഞ്ഞിരിയ്ക്കുമോ ആവോ?
ആശ്രമത്തിലേയ്ക്കുള്ള മൺപാതയിലേയ്ക്ക് കുഞ്ഞുണ്ണി തിരിഞ്ഞു. ഇടയ്ക്കിടെ കുണ്ടും കുഴിയുമായിരുന്ന മണ്ണിന്‍റെ മൃദുത്വത്തിൽ ചക്രങ്ങളുടെ സ്പർശം ഇപ്പോൾ അയാന്ത്രികമായി, ഇപ്പോൾ ആശ്രമത്തിന്‍റെ മേൽപ്പുരയും പടിയും തെളിഞ്ഞു. നിർമ്മലാനന്ദൻ പുറത്തു നിൽക്കുന്നു. ചെടികളെ ശുശ്രൂഷിയ്ക്കുകയാണെന്നു തോന്നി. ഒരു മരച്ചുവട്ടിൽ കാറു നിറുത്തിയിട്ട് കുഞ്ഞുണ്ണി നിർമ്മലാനന്ദന്‍റെ അരികത്തേയ്ക്കു നടന്നു.
“പ്രതീക്ഷിച്ചില്യ, വോ?”
“ന്ന് ബുധനാഴ്ചയല്ലേ? ശനിയാഴ്ചയല്ലേ ഉണ്ണീടെ പതിവ്?”
“പൊടുന്നനെ നിശ്‌ചയിയ്ക്ക്യേ.”
“നന്നായി.”
ഇഷ്‌ടദേവതകളുടെ ഉപാസനപോലെ നിർമ്മലാനന്ദന്‍റെ തോട്ടം നിബന്ധനകളില്ലാതെ പടർന്നുകിടന്നു: പച്ചക്കറിച്ചെടികളും പൂച്ചെടികളും കാട്ടുചെടികളും തൈമരങ്ങളും വനസന്തതികളായ ചെറുപുല്ലുകളും. ആശ്രമത്തിന്‍റെ നിലങ്ങൾക്ക് അതിരിട്ടു കിടന്ന തടാകത്തിൽ ദേശാടകരായ കൊറ്റികളും താറാവുകളും താവളംപറ്റി. വിസ്തൃതവും വിജനവുമായ ആ നിലങ്ങൾക്കു നടുവിൽ വാർപ്പു കൽച്ചുമരുകളുടെ മൺചുവയും ഉരച്ചു മിനുക്കിയ കാവിത്തറയുടെ കുളിർമയും നിറഞ്ഞ് നിർമ്മലാനന്ദന്‍റെ ആശ്രമഗൃഹം കിടന്നു. കുഞ്ഞുണ്ണിയുടെ തോളത്തു കൈ വെച്ച് നിർമ്മലാനന്ദൻ പറഞ്ഞു, “വരൂ, അകത്തു ചെല്ലാം. നീ വല്ലതും കഴിച്ചോ?”
കുഞ്ഞുണ്ണി അകത്തു ചെന്ന് കുപ്പായമുരിഞ്ഞ് കൈകാലുകൾ കഴുകി മുണ്ടു മാറ്റി മുൻവശത്തെ തളത്തിലേയ്ക്ക് തിരിച്ചു വന്ന് കാവിത്തറയുടെ മിനുപ്പിൽ കാലു നീട്ടി ഇരുന്നു.
“നിഹാലൂ,” നിർമ്മലാനന്ദൻ വിളിച്ചു ചോദിച്ചു, “നിന്‍റെ ചേട്ടന് കൊടുക്കാൻ അടുക്കളയിൽ എന്തുണ്ട്?”
അവരുടെ മുൻപിൽ വന്ന് പരുങ്ങിനിന്ന നിഹാലുവിനെ നോക്കി കുഞ്ഞുണ്ണി ചിരിച്ചു.
“നിനക്ക് സുഖംതന്നെയോ?, നിഹാലൂ?”
“സുഖംതന്നെ, സാബ്.”
“എന്നാൽ, നീ ഇന്നുവരെ എന്നെ സൽക്കരിയ്ക്കാൻ കൂട്ടാക്കാതിരുന്ന ഒരു വിഭവമുണ്ട്. അത് നീ മറന്നോ?”
അവർക്കിടയിലെ ആ ഫലിതം കുഞ്ഞുണ്ണിയ്ക്ക് നേരമ്പോക്കും നിഹാലുവിന് മനോവ്യഥയുമായിരുന്നു, അത് ആവർത്തിയ്ക്കണമെന്നത് കുഞ്ഞുണ്ണിയുടെ ശാഠ്യവും. കുഞ്ഞുണ്ണി തിരക്കി, “എന്താണതിന്‍റെ പേര്?”
“ലുഗ്ഡി,” നിഹാലു പറഞ്ഞു.
“അതെ, അതുതന്നെ. ഋഷികൾക്ക് പഥ്യമാണെന്നല്ലേ നീ പറയുന്നത്?”
“അതെ, സാബ്.”
നിർമ്മലാനന്ദൻ കൗതുകം നിറഞ്ഞ അശ്രദ്ധയിൽ മുഴുകി. കുഞ്ഞുണ്ണി എന്തോ പറയാൻ തുടങ്ങിയത് പെട്ടെന്ന് നിറുത്തി. നിഹാലുവിന്‍റെ മുഖം തുടുക്കുകയും കണ്ണുകൾ നിറയുകയും ചെയ്തിരുന്നു. അവൻ തിരിഞ്ഞ് അകത്തേയ്ക്ക് നടന്നു.
“നീ ഇങ്ങനെ എപ്പഴും അവനെ വ്യസനിപ്പിയ്ക്കരുത്,” നിർമ്മലാനന്ദൻ പറഞ്ഞു.
“അയ്യോ, ബാലാ, ഞാൻ അവനെ ഇത്തിരി ഫലിതം ശീലിപ്പിയ്ക്ക്യായിരുന്നില്ലേ?”
“ആ പരിശീലനം വേണ്ടാന്ന്‌വെയ്ക്ക്യാ നല്ലത്ന്നാ എന്‍റെ പക്ഷം.”
സിപാഹി ബേലിറാമിന്‍റെ മകനായിരുന്നു നിഹാലു. നിഹാലുവിന് ഇപ്പോൾ ഇരുപതു വയസ്സായി: ശിശുരൂപികളായ ഹിമഗിരിവർഗ്ഗക്കാർ അവരുടെ വയസ്സു തോന്നിയ്ക്കാറില്ല. നിഹാലുവിന് ഒമ്പതു വയസ്സായിരുന്നപ്പോഴാണ് ബേലിറാം മരിച്ചത്. ചുഷൂലിലെ സംഘട്ടന രേഖയിലേയ്ക്ക് അന്നു പുലർച്ചയ്ക്കുമുമ്പ് മലഞ്ചെരിവു കയറിനടന്ന മേജർ ബാലകൃഷ്ണന്‍റെ അരികത്തു നടന്നത് സിപാഹി ബേലിറാമായിരുന്നു. അജ്‌ഞേയനായ ഒരു ഗുരുവിനെപ്പോലെ യുദ്ധം മലഞ്ചെരിവിലെ മരങ്ങളെ അവരുടെ മുകളിൽ കാവൽ നിറുത്തി. ചിലപ്പോൾ മാത്രം കൂട്ടം തെറ്റിയ ഒരുവൻ തന്‍റെ മുകളിലെ മരപ്പടർപ്പിന്‍റെ തപസ്യയറിഞ്ഞു, ചിലപ്പോൾ മാത്രം, കാടുകളിലെവിടെയോ, ഒരു മൃഗം അതിന്‍റെ ഇരയിൽ കനിഞ്ഞു; അങ്ങനെ ചിലപ്പോൾമാത്രം അഖണ്ഡത്തിന്‍റെ ദുഃഖത്തിന് ചെറിയ അറുതികളുണ്ടായി. അതൊഴിച്ചാൽ കർമ്മത്തിന്‍റെ പെരുവഴികളിൽ ആ ദുഃഖമറിയാതെ ആളുകൾ നടന്നു. സൈനികരുടെ വേഷമണിഞ്ഞ് മല കയറി അവർ സംഘർഷരേഖയുടെ നേർക്കു നീങ്ങി. അപ്പോൾ പാറയും മണ്ണും കോരിയെടുത്തെറിഞ്ഞ് അവയുടെ ഇരുളിന്മേൽ കനൽ നിറങ്ങൾ തൊടീച്ച് തോട്ടകൾ പൊട്ടിത്തെറിച്ചു. മുറിവേറ്റുവീണ ബേലിറാമിനു മീതെ കുനിഞ്ഞുകൊണ്ട് മേജർ ബാലകൃഷ്ണൻ ഇരുന്നു. ബേലിറാമിന്‍റെ നട്ടെല്ലിൽനിന്ന് തെറിച്ച ചോര മുറിവിലേയ്ക്കിറക്കിയ തുണിച്ചുരുട്ടിലമരാതെ പിന്നെയും പതഞ്ഞൊഴുകി. തന്‍റെ പട്ടാളക്കാർ ചിതറിപ്പോയത് എങ്ങെന്ന് മേജർ ബാലകൃഷ്ണൻ അറിഞ്ഞില്ല; മലഞ്ചെരിവിൽ ധ്യാനിച്ചുനിന്ന മരങ്ങളും നട്ടെല്ലിൽനിന്ന് ശമിയ്ക്കാതെ ഒഴുകിയ ചോരയും പകർന്നുതന്ന അറിവിനെ ഏറ്റുവാങ്ങാൻ അയാൾ ശ്രമപ്പെടുകയായിരുന്നു. മൃദുലമായ യുദ്ധസ്വരങ്ങളിൽ ആ അറിവ് ബാലകൃഷ്ണനിലേയ്ക്ക് സംക്രമിച്ചു; ഇപ്പോൾ കാട്ടുമരങ്ങളുടെ ഇലകൾ ത്രസിച്ചു, ചുറ്റിലും ജഡങ്ങൾ അഴിഞ്ഞു, മഞ്ഞിലും വെയിലിലും അഴിഞ്ഞ് മണ്ണിലേയ്ക്കിറങ്ങി, വേരുകളിലൂടെയും ചില്ലകളിലൂടെയും വീണ്ടും കയറിപ്പടർന്ന് തളിർത്തു പൂത്തു. എങ്ങും മലഞ്ചെരിവിന്‍റെ തണല്, കാവിലെ വൈകുന്നേരങ്ങളിലെന്നപോലെ കുട്ടിക്കാലത്തിന്‍റെ അപ്രാപ്യമായ ദൂരങ്ങളിൽ മുഴങ്ങിയ വെടിക്കെട്ട്. മനസ്സ് വീണ്ടും തെളിഞ്ഞുതുടങ്ങിയപ്പോൾ, പിന്തിരിഞ്ഞു പോകുന്ന സൈന്യത്തിന്‍റെകൂടെ ബാലകൃഷ്ണൻ നടക്കുകയായിരുന്നു.
നിഹാലു തിരിച്ചുവന്ന് വലിയൊരു പാത്രം മധുരനാരങ്ങനീര് കുഞ്ഞുണ്ണിയുടെ മുമ്പിൽ വെച്ചു. പുറത്ത് ആശ്രമത്തിന്‍റെ നിലങ്ങൾ വിസ്തൃതമായിക്കിടന്നു. പഞ്ചാബിലെ ധനികനായ ഒരു കൃഷിക്കാരന്‍റെ മകളെയാണ് ബാലകൃഷ്ണൻ കല്യാണംകഴിച്ചിരുന്നത്. ആ നിലങ്ങളത്രയും പ്രഭയുടെ അച്‌ഛൻ അവൾക്കു കൊടുത്തതായിരുന്നു. പ്രഭയും അവരുടെ ഒറ്റ മകളും വിമാനം തകർന്നു മരിച്ചപ്പോൾ ഇനിയൊരിയ്ക്കലും ആ നിലങ്ങൾ കാണേണ്ടെന്ന് ബാലകൃഷ്ണൻ നിശ്‌ചയിച്ചു. അയാൾ പട്ടാളത്തിൽത്തന്നെ തുടർന്നു. പ്രഭയുടെ അച്‌ഛനും മരിച്ചു കഴിഞ്ഞപ്പോഴാണ് നിലങ്ങൾ ഭാരമായിത്തീർന്നത്. നിലങ്ങൾ വിൽക്കാനായിരുന്നു. ഒരവധിയുടെ അവസാനത്തിൽ, ആ നാട്ടിൻപുറത്ത് ബാലകൃഷ്ണൻ എത്തിയത്. വിൽക്കാൻ കഴിഞ്ഞില്ല. തിരിച്ചു പോയി. മറ്റൊരിയ്ക്കൽ ഒരവധിയ്ക്ക് ബേലിറാമിന്‍റെ വീട് സന്ദർശിയ്ക്കാൻ നിശ്‌ചയിച്ചു. ബേലിറാമിന്‍റെ ഗ്രാമമത്രയും ചേർന്ന് കേണൽ ബാലകൃഷ്ണനെ എതിരേറ്റു. ബാലകൃഷ്ണന്‍റെ പരിചരണമേറ്റാണ് ബേലിറാം മരിച്ചതെന്ന കഥ ആ ദോഗ്രാ ഗ്രാമത്തിൽ പ്രചരിച്ചുകഴിഞ്ഞിരുന്നു. ശുദ്ധരായ ദോഗ്രകൾ ദക്ഷിണഭാരതീയനായ കേണൽസാബിനെക്കുറിച്ച് പിന്നെയും കഥകൾ പറഞ്ഞുണ്ടാക്കുകയും അങ്ങനെ പറഞ്ഞുണ്ടാക്കിയവയിൽ വിശ്വസിയ്ക്കുകയും ചെയ്തു. ദക്ഷിണതീർത്ഥങ്ങളുടെ സീമകളിലെവിടെയോ അവർ അയാളുടെ ജന്മഭൂമിയെ സങ്കല്‌പിച്ചു, അയാൾ ദോഗ്രകളുടെ പരദേവതയായ ജ്വാലാമുഖിയ്ക്ക് പ്രിയങ്കരനായി. ബേലിറാമിന്‍റെ വീട്ടിൽ ചെന്നു കയറുമ്പോൾ, വർഷങ്ങളായെങ്കിലും, അവിടെ കരച്ചിൽ മാറിയിരുന്നില്ല. ബേലിറാമിന്‍റെ മൂത്ത മകൻ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചിരുന്നു. വീട്ടിലൊതുങ്ങാതെ, മണാൽപക്ഷികളുടെ തൂവലുകൾ പെറുക്കിയെടുത്ത് തൊപ്പിയിൽ തിരുകിയും കറുത്ത കാടകളുടെ ചൂളംവിളിയ്ക്കു പുറകെ അലഞ്ഞും നിഹാലു വലുതായിക്കൊണ്ടിരുന്നു. ബേലിറാമിന്‍റെ ഭാര്യ മരിച്ചതിനുശേഷം കേണൽ ബാലകൃഷ്ണൻ നിഹാലുവിനെ ഏറ്റെടുത്തു. സൈനികസേവനമുപേക്ഷിച്ച് മറ്റൊരു രഥ്യയിലൂടെ ബഹുദൂരം സഞ്ചരിച്ചശേഷവും പ്രഭയുടെ നിലങ്ങളുടെ ബന്ധനം ബാക്കിനിന്നു. ഒടുവിൽ ആ ബന്ധനത്തെ ഇനിയും ചെറുക്കാനാവില്ലെന്ന് ബാലകൃഷ്ണൻ നിശ്‌ചയിച്ചു. ഒരുപാടു ജീവന്മാർക്കു ശ്രാദ്ധഭൂമിയായ അവിടത്തിൽ നിർമ്മലാനന്ദൻ വിശ്രമം കണ്ടെത്തി.
അസ്തമയത്തോടെ രണ്ടുപേരും തടാകത്തിന്‍റെ തീരത്തേയ്ക്കു നീങ്ങി, ആ സായാഹ്‌നമത്രയും അവർ അതിനെക്കുറിച്ചു സംസാരിച്ചതായിരുന്നു; കുഞ്ഞുണ്ണി പറഞ്ഞു, “ബാലാ, ഞാനെന്തു ചെയ്യണം? എനിയ്ക്കറിഞ്ഞൂടാ.”
നിർമ്മലാനന്ദൻ പറഞ്ഞു, “നേരു പറഞ്ഞാൽ എന്തുണ്ട് അങ്ങനെ അറിയേണ്ടതായിട്ട്? ഉണ്ണി കൽക്കത്തയ്ക്കു പോവൂ.”
“എന്നിട്ടെന്ത്? ഒന്നും സംഭവിയ്ക്കാൻ പോണില്ല.”
“ന്തെങ്കിലും സംഭവിയ്ക്കണംന്ന് ശഠിയ്ക്കാൻ നമ്മളാരാ?”
“ഏതായാലും ഞാൻ കൽക്കത്തയ്ക്ക് പോവ്വെന്യാ.”
“ശിവാനിയെ കാണൂ.”
കുഞ്ഞുണ്ണി എന്തോ ഓർത്തുകൊണ്ട് ഇരുന്നു. കുഞ്ഞുണ്ണി പറഞ്ഞു, “കാണാം. പക്ഷേ, എന്തെങ്കിലും ഫലംണ്ടാവുംന്ന വിശ്വാസം പണ്ടേ അസ്തമിച്ചു.”
“ഫലത്തിന്‍റെ കാര്യത്തിൽ നമുക്കൊക്കെ ഒരുപാട് മുൻവിധികളാ ഉണ്ണീ,”
നേരം ഇരുളാൻ തുടങ്ങി. അത്താഴം തയ്യാറായതറിയിയ്ക്കാൻ നിഹാലു മുഖം കാണിച്ചു.
“ശരി, ഞങ്ങൾ വരുന്നു, നിഹാലൂ,” നിർമ്മലാനന്ദൻ പറഞ്ഞു. “നീ നടന്നുകൊള്ളൂ.”
കുഞ്ഞുണ്ണി വിരുന്നുവന്നാൽ ഇങ്ങനെയാണ്, അത്താഴത്തിന്‍റെയും പ്രാതലിന്‍റെയുമൊക്കെ സമയം തെറ്റുകയും ആശ്രമത്തിന്‍റെ എല്ലാ ചിട്ടകളും തെറ്റിയ്ക്കാൻ ഗുരു വിരുന്നുകാരനെ അനുവദിയ്ക്കുകയും ചെയ്യും. കുഞ്ഞുണ്ണി സമയം നോക്കി.
“ബാലാ,” കുറ്റബോധത്തോടെ കുഞ്ഞുണ്ണി പറഞ്ഞു. “ഞാൻ നിന്‍റെ ധ്യാനം മുടക്കി.”
നിർമ്മലാനന്ദൻ പ്രസാദവാനായി. പുല്ലിലും തടാകത്തിന്‍റെ വരമ്പിലും അതിനു മീതെ ഉദിച്ചുപൊങ്ങുന്ന ചന്ദ്രനിലും കുഞ്ഞുണ്ണിയുടെ അശാന്തിയിലും നിർമ്മലാനന്ദന്‍റെ പ്രസാദം വ്യാപരിച്ചു.
“എന്‍റെ ധ്യാനം മുടങ്ങീലാ,” നിർമ്മലാനന്ദൻ പറഞ്ഞു.