പതിനൊന്ന്
ദീ ഘയിൽനിന്ന് അവർ തിരിച്ചെത്താൻ ഇനിയും മൂന്നു ദിവസമുണ്ട്, മകൾക്കായുള്ള കാത്തിരിപ്പ് പരമ്പരകളുടെ സ്മൃതിപ്രസരമായി. ആ സുഖവിഷാദത്തിലൂടെ, അച്‌ഛനുമൊത്ത് നടന്ന ചവിട്ടടിത്താരകളുടെ കുട്ടിക്കാലത്തേയ്ക്ക് കുഞ്ഞുണ്ണി മടങ്ങി; യാത്രകളുടെ വിസ്മയങ്ങൾ മനസ്സിൽ തിരിച്ചു വരുന്നു: നഗരത്തിന്‍റെ ഗണിതരേഖകൾക്കു പിടികിട്ടാതെ കൽക്കത്തയുടെ പടർപ്പുകളിലെവിടെയോ ഒളിഞ്ഞു കിടന്ന ബസ്തികളെ കുഞ്ഞുണ്ണി വീണ്ടും ഓർത്തു. പനമ്പും ചാക്കുംകൊണ്ട് മേൽപ്പുരയിട്ട് കൂപ്പിയ കൈകളെപ്പോലെ നിന്ന കുടിലുകളുടെ ഓരംപറ്റി ചിതകൾ എരിഞ്ഞു. കേവ്ടത്തലയിലേയും, നീംതലയിലേയുംപോലുള്ള വിശാലമായ ശ്മശാന ഘട്ടങ്ങളല്ല, ബസ്തിയിലെ മനുഷ്യരുടെ ശുദ്ധമായ ക്ലേശങ്ങളെ ഏറ്റുവാങ്ങാൻ അവരുടെ പുരകളുടെ തൊട്ടുപിന്നിൽ എരിഞ്ഞുനിന്ന സമാപനത്തിന്‍റെ കൊച്ചു നിലങ്ങൾ. ഇവയ്ക്കരികിലൂടെ, തൂതപ്പുഴയുടെ തീരത്തെന്നപോലെ, ചതുപ്പും കല്ലും ചവിട്ടി അച്‌ഛൻ കുഞ്ഞുണ്ണിയെ നടത്തി.
“ഉണ്ണി കണ്ട്വോ,” അച്‌ഛൻ പറഞ്ഞു, “ഇത് സാധുക്കൾടെ ചെതകളാ.”
“അതെന്താ, അച്‌ഛാ?”
“നീംതലവരെയോ കേവ്ടത്തലവരെയോ കൊണ്ടുപൂവ്വാൻ ഇവർക്കു കാശില്ല.”
ദെഹിയ്ക്കാൻ കാശെന്തിനാ, അച്‌ഛാ?”
അച്‌ഛൻ കുഞ്ഞുണ്ണിയുടെ നെറുകയിൽ കൈ വെച്ചു. ഈശ്വരാ, അച്‌ഛൻ നേർന്നു, എന്‍റെ കുട്ടിയുടെ ജിജ്‌ഞാസ നശിയ്ക്കാതിരിക്കണേ. എന്നിട്ട് കുഞ്ഞുണ്ണിയോടു പറഞ്ഞു. “ദെഹിയ്ക്കാൻ കാശു വേണം ഉണ്ണീ, ദെഹിയ്ക്കാൻ മാത്രല്ല, മരിയ്ക്കാനും.”
“അപ്പോ ജീവിയ്ക്കാൻ കാശ് വേണ്ടേ, അച്‌ഛാ?”
“വേണം,” അച്‌ഛൻ പറഞ്ഞു, “പക്ഷേ, കാശില്യാണ്ട് ജീവിയ്ക്കേം മരിയ്ക്കേം ദെഹിയ്ക്കേം ചെയ്യാം.”
“പിന്നെ നമ്മളെന്താ അങ്ങനെ ചെയ്യാത്തത്?”
“കർമ്മത്തിന്‍റെ കെട്ട്പാടോള്.”
ചതുപ്പിലെ കാറ്റിനൊത്ത് ചിതകളിലെ കണലുകൾ തെളിയുകയും പിന്നെയും നീറു മൂടുകയും ചെയ്തു.
“ഈ ചെതകളും കേവ്ടത്തലയിലെ ചെതകളും തമ്മിൽ ന്താ വെത്യാസംന്ന് അറിയ്യോ ഉണ്ണിയ്ക്ക്?”
“ല്യ.”
‘ബോൽ, ഹരിബോൽ’ എന്നു പറഞ്ഞുകൊണ്ട് കേവ്ടത്തലയിലേയ്ക്കും നീംതലയിലേയ്ക്കും ആർഭാടപൂർണ്ണങ്ങളായ ശവഘോഷയാത്രകൾ പോകുന്നു; അവിടെ വൈദികന്മാരും പരികർമ്മികളും ആഘോഷിച്ച മന്ത്രോത്സവങ്ങൾക്കുശേഷം, പിണങ്ങൾ ചന്ദനത്തിന്‍റെ ചിതകളിൽ കത്തിച്ചാമ്പലാകുന്നു. ചതുപ്പിൻതീരത്തെ ചിതകളിൽ ചന്ദനമില്ല, ശവങ്ങൾ ചാണകപ്പിരട്ടിയിലെരിഞ്ഞു.
“രണ്ടെടത്തും ശവങ്ങളെരിയ്ണൂ. അച്‌ഛൻ പറഞ്ഞു. ന്താ വെത്യാസംന്ന് ഉണ്ണിയ്ക്ക് മനസ്സിലായ്യോ?”
“ഒരെടത്ത് ചന്ദനം,” കുഞ്ഞുണ്ണി പറഞ്ഞു, “മറ്റെടത്ത് ചാണകം.”
“അത് മനസ്സിരുത്തിക്കോളൂ. ശരി, ന്താ വായ്ത്താരി?”
“രണ്ടെടത്തും ഒന്നന്നെ. ഹരിബോൽ.”
“ന്താ അതിന്‍റെ അർത്ഥം? ഉണ്ണിയ്ക്ക് നിശ്‌ചണ്ടോ?
“കൃഷ്ണാ, ഭഗവാനേ,ന്ന്.”
“ഏതാ കൃഷ്ണന് പ്രിയം? ചന്ദനമുട്ട്യോ, ചാണകോ?”
കുഞ്ഞുണ്ണി ഇത്തിരി വിഷമിച്ചാലോചിച്ചു, ഭഗവാന്‍റെ നെറ്റിയിൽ ചന്ദനമുണ്ട്. പക്ഷേ, ഭഗവാന് ഏറെ പ്രിയങ്കരങ്ങളാണ് പൈക്കിടാങ്ങൾ. രണ്ടും കല്പിച്ചു മറുപടി പറഞ്ഞു, “ചാണകം.”
അച്‌ഛൻ ചിരിച്ചു.
“ഉണ്ണി പറഞ്ഞത് ശരിയാ. രണ്ടെടത്തും കൃഷ്ണനെ വിളിയ്ക്കണൂന്ന് നമ്മള് പറഞ്ഞല്ലോ—
“അതെ.”
“അപ്പൊ എവെടന്ന് വിളിച്ചതാ ഭഗവാൻ കേക്ക്‍ാ? ചന്ദനത്ത്ന്നോ, ചാണകത്ത്ന്നോ?”
“ചാണകത്ത്ന്ന്.”
“ഭക്‌തിയും വിഭക്‌തിയും,” അച്‌ഛൻ പറഞ്ഞു.
“അതെന്താ, അച്‌ഛാ?”
“ഉണ്ണിയ്ക്ക് പിന്നൊരിയ്ക്കൽ പറഞ്ഞുതരാം.”
അച്‌ഛൻ അതു പറഞ്ഞുതന്നുവോ ആവോ, ഓർമ്മകൾ മങ്ങുന്നു. അരത്തൂൺസിലെ കുളിരിനു വെളിയിൽ സുഖകരമായ വെയിലാണ്. ഗ്രാൻഡ് ഹോട്ടലിൽ ചെല്ലാമെന്ന് കുഞ്ഞുണ്ണി നിശ്‌ചയിച്ചു. ടെലിഫോൺ ചെയ്ത് അന്വേഷിച്ചപ്പോൾ ആന്‍റണും യാനുഷും ഹോട്ടലിൽ ഉണ്ട്. ത്രൂദ് പത്രത്തിന്‍റെ ലേഖകനായ ആന്‍റണുമായി പണ്ട് ദില്ലിയിലെ പ്രസ് ക്ളബ്ബിൽവെച്ച് ബാലിശമായ ഒരു തർക്കം നടത്തിയതായിരുന്നു. രണ്ടുപേരും അസാരം മദ്യപിച്ചിരുന്നു. ചൈന ഇന്ത്യയെ വീണ്ടും ആക്രമിയ്ക്കുമെന്നും ഇന്ത്യൻ പട്ടാളക്കാരെ കശാപ്പുചെയ്യുമെന്നും റഷ്യക്കാരൻ വിരസമായി ആവർത്തിച്ചപ്പോൾ അതു കേട്ടു മടുത്ത കുഞ്ഞുണ്ണി പറഞ്ഞു, “ഞങ്ങൾക്കും സോവിയറ്റുയൂണിയനും ഇടയ്ക്ക് ഒരതിർത്തിയില്ലെന്നതാണ് ഞങ്ങളുടെ സമാധാനം.”
“നിങ്ങൾ എന്താണ് പറഞ്ഞുകൊണ്ടുവരുന്നത്?
“നിങ്ങളുടെ നാട്ടുകാരുമായി സത്യസന്ധമായി ഒരു ചർച്ച നടത്താൻ വയ്യാത്ത വിഷയമാണിത്.
“അങ്ങനെ ഒരു വിഷയമില്ല.
“നോക്കൂ, ചൈനയും ഞങ്ങളുമായുള്ള തർക്കത്തിൽ നിങ്ങൾ ഞങ്ങളെ സഹായിയ്ക്കുന്നതും കിഴക്കൻ പാക്കിസ്‌ഥാനിലെ കലാപത്തെ ഞങ്ങൾ സഹായിയ്ക്കുന്നതും ഏതെങ്കിലും വിശ്വാസപ്രമാണങ്ങൾക്കു വേണ്ടിയല്ല. പ്രത്യയശാസ്ത്രങ്ങൾ ഇന്നു ജീവിയ്ക്കുന്നത് ഭരണകൂടങ്ങൾക്കകത്തല്ല, അവയ്ക്കു പുറത്താണ്.
“ഈ പറയുന്നത് അറിവുകേടാണ്.
“സത്യമാണ് ഞാൻ പറയുന്നത്. നിങ്ങൾക്ക് അതു വിഴുങ്ങാൻ വിഷമമായിരിയ്ക്കും. കമ്മ്യൂണിസമെന്തെന്ന് റഷ്യക്കാരായ നിങ്ങൾക്ക് എന്തറിയാം? നിശ്‌ചയമായും മലയാളികളായ ഞങ്ങളെ പഠിപ്പിയ്ക്കാൻ നിങ്ങൾക്കവകാശമില്ല.
“അസംബന്ധം.
“നിങ്ങളുടെ വിപ്ലവം എന്നോ നടന്ന ഒരു നാടോടിക്കഥയാണ്, ഞങ്ങളുടെ വിപ്ലവമാകട്ടെ ഇന്നു നടക്കുന്ന സഹനമാണ്.
“നിങ്ങൾ ആരാണ് ഇതു പറയാൻ?
“ചിന്നേട്ടന്‍റെ അനുജൻ.
മറ്റു സുഹൃത്തുക്കൾ ഇടപെട്ടു. താനും ആന്‍റണും വീണ്ടും ഗ്ലാസ്സുകൾ മുട്ടി മദ്യപിച്ച് ചിരിച്ചു സന്ധിയായി. പക്ഷേ, റഷ്യക്കാരനെ തൂതപ്പുഴയുടെ തീരത്ത് കിട്ടിയിരുന്നെങ്കിൽ എന്ന് കുഞ്ഞുണ്ണി ആഗ്രഹിച്ചു. എങ്കിൽ പൊതിരെ തല്ലാമായിരുന്നു. വാഴ്സാസഖ്യത്തിന്‍റെ പടനായകന്മാരെ, വടക്കൻ കൊറിയയിൽ കൃമിയുദ്ധം നടത്തിയ കുറ്റവാളികളെ, ആരെ വേണമെങ്കിലും തൂതപ്പുഴയുടെ തീരത്തിട്ട് പൊതിരെ തല്ലാം. പുഴയോരത്തിന്‍റെ ഈ സമരശുദ്ധിയിലായിരുന്നു ചിന്നേട്ടൻ ഒരു ഭരണകൂടത്തെയത്രയും വെല്ലുവിളിച്ചത്. ആദിവിപ്ലവത്തിന്‍റെ നിർദ്ദോഷിത്തം നിറഞ്ഞ മനുഷ്യർ പുഴയോരത്തിന്‍റെ വന്യതയിൽ ജീവിച്ചു. അവരുടെ ശുദ്ധസങ്കല്പങ്ങളെ തഴുകിക്കൊണ്ട് തൂതപ്പുഴ ശാന്തമായൊഴുകി.
ഗ്രാൻഡ് ഹോട്ടലിലെത്തി. ആന്‍റണും യാനൂഷും എങ്ങും പുറത്തിറങ്ങാൻ മിനക്കെട്ടിട്ടില്ല. യുദ്ധലേഖകന്മാരല്ലേ? യുദ്ധലിഖിതങ്ങളുടെ നഗരവും അർണ്ണവവും ശൈലവുമൊക്കെ കൽക്കത്തയുടെ ഹോട്ടൽമുറികളിൽ രൂപം കൊള്ളുകയായിരുന്നു. ന്യൂയോർക്കറിൽ പണ്ടു കണ്ട ഒരു ഹാസ്യചിത്രം ഓർമ്മവന്നു. ഹോങ്കോങ്ങിലെ ഒരു ഹോട്ടൽ മുറി, അവിടെയിരുന്നുകൊണ്ട് യുദ്ധലേഖകൻ വിയറ്റ്നാം യുദ്ധത്തിന്‍റെ ദൃക്സാക്ഷിവിവരണം എഴുതുകയാണ്. ഇട്ടിരിക്കുന്നത് ഒരുറക്കുകുപ്പായം. പശ്‌ചാത്തലത്തിൽ ഒരിരട്ടക്കിടക്ക. ചിത്രത്തിന്‍റെ മുൻതലത്തിൽ അർദ്ധനഗ്നയായ ഒരു ചീനക്കാരി ചുരുക്കെഴുത്തുകാരി. പാതിയൊഴിഞ്ഞ ഗ്ലാസ്സ് കൈയിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് യുദ്ധലേഖകൻ ചുരുക്കെഴുത്തുകാരിയെ കേട്ടെഴുതിയ്ക്കുന്നു: ഞാൻ ഇതെഴുതുമ്പോൾ എനിക്കു ചുററും മെഷീൻ ഗണ്ണുകളുടെ ശബ്‌ദം, അല്ലെങ്കിൽ വേണ്ട, ബസൂക്കളുടെ ശബ്‌ദമാകട്ടെ—”
തടിയനായ പോളണ്ടുകാരൻ ചിരിച്ചുകൊണ്ട് കുഞ്ഞുണ്ണിയെ എതിരേറ്റു, “നിങ്ങൾ ഇന്നലെ വരുമെന്നല്ലേ ഞാൻ കരുതിയത്? ഇവിടെ ഇരുന്നു മടുക്കുന്നു. എവിടെ നിങ്ങളുടെ യുദ്ധം?”
“വെള്ളക്കാരന്‍റെ പരിഹാസം കേട്ടു മടുത്തു.” കുഞ്ഞുണ്ണി പറഞ്ഞു, ഇതുവരെ നിങ്ങൾ ഞങ്ങളുടെ സമാധാനത്തെ പരിഹസിച്ചു. ഇപ്പോഴിതാ ഞങ്ങളുടെ യുദ്ധത്തെയും പരിഹസിയ്ക്കുന്നു.
“ഞാൻ ക്ഷമായാചനം ചെയ്യുന്നു. എന്‍റെ റഷ്യൻ സുഹൃത്ത് അടുത്ത മുറിയിൽ ഉറങ്ങിക്കിടക്കുകയാണ്. അതുകൊണ്ട് റഷ്യക്കാർക്കുവേണ്ടിയും ഞാൻതന്നെ ക്ഷമായാചനം ചെയ്യട്ടെ.
അയാൾ രണ്ടു ഗ്ലാസ്സുകളിൽ പോളിഷ് വോഡ്ക പകർന്നു. ഗ്ലാസ്സുകൾ തമ്മിലിടിച്ചുകൊണ്ട് അയാൾ സൗഹൃദം നേർന്നു, “നിങ്ങളുടെ മഹായുദ്ധത്തിന്!”
“മൂന്നാം ലോകത്തിന്‍റെ യുദ്ധങ്ങൾ ചില്ലറക്കാര്യങ്ങളല്ല,” കുഞ്ഞുണ്ണി പറഞ്ഞു, “ഇരുവശത്തും വായ്പ വാങ്ങിയ ആയുധങ്ങൾ, വായ്പ വാങ്ങിയ പണം. ഈ കടമ്പകളൊക്കെ കടന്നാണ് ഞങ്ങൾ യുദ്ധംചെയ്യുന്നത്!”
വോഡ്ക നുണഞ്ഞുകൊണ്ട് രണ്ടുപേരും തെല്ലിട ഇരുന്നു.
“വായ്പ വാങ്ങിയ ആയുധങ്ങളെപ്പറ്റി നിങ്ങൾ പറഞ്ഞില്ലേ?” യാനൂഷ് പറഞ്ഞു, “ഞങ്ങളുടെ ആയുധങ്ങളും വായ്പയാണ്. പക്ഷേ, വായ്പയല്ലാത്തതായി ഒന്നുണ്ട്, ഞങ്ങൾക്ക് അത് പരിചിതമാണ്.
അതെന്തെന്ന് കുഞ്ഞുണ്ണി ചോദിയ്ക്കായ്കയാൽ യാനൂഷ് പറഞ്ഞു, കുരുതികൊടുക്കപ്പെടുന്ന മനുഷ്യന്‍റെ ജീവൻ.
“അതോർത്ത് ക്ലേശിയ്ക്കാതിരിയ്ക്കൂ, നമുക്ക് ആന്‍റണെ വിളിച്ചുണർത്താം.”
“ഉറക്കമാണ്. ഉറങ്ങട്ടെ.”
“എന്നാൽ, അങ്ങനെതന്നെയാവട്ടെ. ഇപ്പോൾ നിങ്ങൾക്ക് മോസ്കോവിനെ ഭയപ്പെടാതെ സംസാരിയ്ക്കാമല്ലോ.”
സായിപ്പ് ഒരു വലിയ്ക്ക് ഗ്ലാസ്സ് കാലിയാക്കി. “എനിയ്ക്ക് മോസ്കോവിനെ തരിമ്പുപോലും പേടിയില്ല.”
പോളണ്ടുകാരൻ പ്രാതൽതൊട്ട് കുടിയാണെന്നു തോന്നി. അതിന്‍റെയാണ് ധൈര്യം. യാനൂഷ് വീണ്ടും വോഡ്ക നിറച്ച് ഒരിറക്കിനു വലിച്ചു കുടിച്ചു.
“പട്ടിണിയുടെ തടവുകാർക്ക്!” തന്‍റെ ഗ്ലാസ്സുയർത്തി കുഞ്ഞുണ്ണി നേർന്നു. “അവർ പട്ടിണികിടക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്, പോസ്നാനിൽ. അവിടെ അവർ വെടികൊണ്ട് വീണ്ടും വിശന്ന് തടവറയിലേയ്ക്കു മടങ്ങി. നിങ്ങൾ ഒരു കോളനിയാണ്, സ്നേഹിതാ.”
പോളണ്ടുകാരന്‍റെ ലഹരിയിറങ്ങി. മുഖത്തെ തുടുപ്പു മങ്ങി.
“ഈ പഴയ ഫലിതം നമുക്കൊഴിവാക്കാം,” അയാൾ പറഞ്ഞു, “നാമെല്ലാവരും കോളനികളാണ്, സഖാവേ. ഒന്നിന്‍റെയല്ലെങ്കിൽ മറ്റൊന്നിന്‍റെ അടിമകൾ. അന്യോന്യം പരിഹസിച്ച് നമ്മൾ പ്രശ്നത്തിൽനിന്നൊഴിയുന്നു. അതിരിയ്ക്കട്ടെ, നിങ്ങളുടെ യുദ്ധം തുടങ്ങിയിട്ടില്ലല്ലോ. അതിനിടയ്ക്ക് നമുക്കിത്തിരി സംഗീതമാവാം.”
ശ്രദ്ധാലുവായി യാനൂഷ് തന്‍റെ സംഗീതസാമഗ്രിയിലേയ്ക്ക് തിരിഞ്ഞു. പോളണ്ടിന്‍റെ നിരാനന്ദത്തിലൂടെ പതുക്കെപ്പതുക്കെ ചോർന്നുവീണ സംഗീതം ആ മുറി നിറഞ്ഞു. റൂബൻസ്‌റ്റൈൻ. മാക്സിംഗോർക്കിയുടെ വീട്ടിൽ ലെനിൻ വിരുന്നു വന്ന കഥ കുഞ്ഞുണ്ണിയോർത്തു: തന്‍റെ വിശിഷ്‌ടാതിഥിയെ സിംഫണി സംഗീതം കേൾപ്പിക്കാൻ ഗോർക്കി തുടങ്ങിയപ്പോൾ ലെനിൻ തടഞ്ഞു: അരുത്, വിപ്ലവത്തിന്‍റെ മുഹൂർത്തമാണിത്, വിപ്ലവകാരിയ്ക്ക് മറ്റൊന്നിന്‍റെ കനിവിനും സമയമില്ല! വിപ്ലവം വരികയും പോകയുംചെയ്തു. വിപ്ലവത്തിന്‍റെ കനിവുകൾ വറ്റി; എന്നാൽ, സംഗീതം വിപ്ലവത്തെ അതിജീവിച്ചു. വിപ്ലവത്തിന്‍റെ ദുഃഖിതരായ സന്തതികൾക്ക് അതു സാന്ത്വനമായി.
ഗ്രാൻഡ് ഹോട്ടലിൽനിന്നിറങ്ങുമ്പോൾ ഉച്ചതിരിഞ്ഞിരുന്നു. വാർത്താ വിതരണവകുപ്പിന്‍റെ കേന്ദ്രത്തിലേയ്ക്കോ, അരത്തൂൺസിലേയ്ക്കുപോലുമോ പോകാൻ തോന്നിയില്ല. നീംതലയിൽ ചെന്നെങ്കിലോ? നീംതലയ്ക്കപ്പുറം ജാഹ്‌നവിമൃതിയുടെ ഭ്രൂണങ്ങളേയുംപേറി ഹൂഗ്ളിയായി ഒഴുകുന്നു. വേണ്ട പോകേണ്ടത് അങ്ങോട്ടല്ല; കാലുകൾ മറ്റേതോ മാസ്മരാഹ്വാനമറിഞ്ഞു. അച്‌ഛൻ തന്നെ കൊണ്ടുപോയ ആ ചതുപ്പുനിലങ്ങൾ തേടി കണ്ടുപിടിയ്ക്കണം. അവയുടെ പേരുകൾ മറന്നു, വഴികൾ മറന്നു; ഗുരുവായ അച്‌ഛന്‍റെ പ്രസാദമുണ്ടെങ്കിൽ മറവിയിൽത്തന്നെ പാതകൾ തെളിയട്ടെ. വെയിൽമങ്ങലിലൂടെ, പൊടിപടലത്തിലൂടെ, നഗരത്തിന്‍റെ വ്യഥിതസന്തതികളുടെ സഞ്ചാരശാഠ്യങ്ങളിലൂടെ, കുഞ്ഞുണ്ണി നടന്നു. ചുമരിൽ മുദ്രാവാക്യങ്ങൾ, “നാട്ടിൻപുറം നഗരത്തെ വളയും, തോക്കിൻകുഴലിൽനിന്ന് അധികാരം! പിന്നെയും എന്തൊക്കെയോ മുദ്രാവാക്യങ്ങൾ, ശബ്‌ദത്തിന്‍റെ ബധിരതയെ മറികടന്ന് പ്രകാശനം തേടുന്ന നഗരത്തിന്‍റെ ദൃശ്യസ്വരങ്ങൾ. ഒരിടത്ത്, പെണ്ണിനുവേണ്ടി വിശന്ന് മനസ്സിന്‍റെ കുടലുകളിൽ പുണ്ണുപിടിച്ച ഏതോ ഒറ്റയാൻ കരിയിലും മഞ്ഞൾപ്പൊടിയിലും വരച്ചുവെച്ച വികലമായൊരു നഗ്നചിത്രം. കുതിരവണ്ടിയിൽ, റിക്ഷയിൽ യാത്ര തുടർന്നു. പത്തു നാഴിക യാത്ര ചെയ്തിരിക്കണം. പൊടുന്നനെ, കുടിലുകൾ, ചതുപ്പുകൾ.
“ഈ സ്‌ഥലം ഏതാണ്?”
“ഗംഗുലീബഗാൻ,”
ഈശ്വരാ! പഴയ സ്‌ഥലങ്ങൾ!
“ഇവിടെ പണ്ട് പാടേ ചതുപ്പുകളായിരുന്നില്ലേ?”
“അതെ.”
“പിന്നെ ഈ കുടിലുകൾ എപ്പോൾ വന്നു?”
“ബസ്തിയും പടരുകയല്ലേ?”
നഗരം നഗരത്തെ വളയുന്നു.
“എന്നിട്ടും ചിതകൾ സ്‌ഥലം മാറിയിട്ടില്ലല്ലോ.”
“ചിതകളും പെരുകുകയല്ലേ?”
ഗംഗുലീബഗാനിൽ അകലത്ത് അവിടവിടെ എരിഞ്ഞൊടുങ്ങുന്ന കനലുകൾ കണ്ടു. പിന്നെ കുഞ്ഞുണ്ണി തിരിഞ്ഞു നടന്നു. അയാൾ ചെറിയൊരു ധാബയിൽ കയറി. നിറയെ ആളുകൾ. ഒരു മൂലയിൽ ഇരിയ്ക്കാൻ ഇടം കിട്ടി. അത്താഴത്തിനു സമയമായിരുന്നു.
“ചോറ്,” കഞ്ഞുണ്ണി പറഞ്ഞു. “പിന്നെയെന്തുണ്ട്?”
“മീൻകറി.”
“ശരി.”
മഞ്ഞളിച്ച ചോറ്. വക്കിടിഞ്ഞുപോയ കുണ്ടൻപിഞ്ഞാണത്തിൽ കടുകെണ്ണ പാറിക്കിടന്ന മീൻകറി. ധാബയുടെ പിൻപുറത്തു ചീനച്ചട്ടി പൊരിയുന്നു, ഉള്ളിൽ എവിടെയോ രാഷ്‌ട്രീയത്തർക്കം, ഒരു നാടകത്തിന്‍റെ ചർച്ച, വിരാമചിഹ്‌നങ്ങളെപ്പോലെ തെരുവിന്‍റെ സ്വരപ്പകർച്ച. ആ വ്യഗ്രസ്വരങ്ങളുടെ നടുവിൽ മത്സ്യം തൊട്ടുകൂട്ടി കുഞ്ഞുണ്ണി സംതൃപ്തനായി. ധാബയിൽനിന്നിറങ്ങി വീണ്ടും തെരുവുകളിലൂടെ നടന്നു.
“എവിടെപ്പോകുന്നു?”
ഇരുട്ടാണ്; ഇരുട്ടിൽ ആരോ തന്നെ തടഞ്ഞു. കുഞ്ഞുണ്ണി നിന്നു.
“ഞാൻ വെറുതെ നടക്കുകയായിരുന്നു,” കുഞ്ഞുണ്ണി പറഞ്ഞു. തന്നെ നേരിട്ടുകൊണ്ട് കവിളൊട്ടിയ ഒരു ചെറുപ്പക്കാരൻ.
“നിങ്ങൾ എന്തെടുക്കുന്നു?”
പെട്ടെന്നാണ് താനിട്ടത് ഭദ്രലോഗിന്‍റെ ഉടുപ്പുകളാണെന്ന് കുഞ്ഞുണ്ണിയോർത്തത്.
“ഞാനൊരു പത്രലേഖകനാണ്.” കുഞ്ഞുണ്ണി പറഞ്ഞു.
“ചെറുപ്പക്കാരന്‍റെ ശത്രുത ഇപ്പോൾ തെല്ലു ശമിച്ചു.” ഓഹോ.
“എനിയ്ക്കു പരിചയമുള്ള സ്‌ഥലങ്ങളാണ് ഇവയെല്ലാം. എന്‍റെ കുട്ടിക്കാലത്ത് ഇവിടമെല്ലാം വിശാലമായ ചതുപ്പുകളായിരുന്നു. ചതുപ്പിൻതീരത്ത് ചിതകളുണ്ടായിരുന്നു.”
“ഞങ്ങൾ എരിയുന്നതും കാണണം, അല്ലേ?”
ബസ്തി വലിയൊരു ചിലന്തിയെപ്പോലെ ദുഃഖത്തോടെ, ദ്വേഷത്തോടെ, ഇരുട്ടിൽ പതുങ്ങിയിരുന്നു. ചിതയിൽ അതിന്‍റെ അത്താഴത്തീയിന്‍റെ ചുവന്ന കണ്ണുകൾ അവിടവിടെ പീളയും ചാരവും മൂടിയടങ്ങി.
“എന്താണവിടെ?” ഇരുട്ടിൽനിന്ന് ആരോ ഒരയഞ്ഞ ശബ്‌ദത്തിൽ വിളിച്ചു ചോദിച്ചു.
രണ്ടു ചവിട്ടുവണ്ടികൾ അവരുടെ അരികത്തു വന്നുനിന്നു. രണ്ടു പോലീസുകാർ. ചെറുപ്പക്കാരൻ ധൃതിവെച്ച് നടന്നു മറഞ്ഞു.
“നിങ്ങളാരാണ്?” രണ്ടുപേരിൽ തലവൻ, കിഴവനായ പോലീസുകാരൻ, ചോദിച്ചു. മദ്യത്തിന്‍റെ ലഹരിയിൽ അയാൾ വലയുകയായിരുന്നു. ചവിട്ടു വണ്ടിയിൽനിന്നു നിലം തൊട്ടപ്പോൾ അയാൾക്ക് അടി തെറ്റി.
പത്രലേഖകനാണ്,” കുഞ്ഞുണ്ണി പറഞ്ഞു.
പോലീസുകാരൻ കുഞ്ഞുണ്ണിയെ സംശയത്തോടെ നോക്കി.
“ഈ നേരത്ത് ഇവിടെ എന്താ പത്രലേഖനം?”
കിഴവന് പിന്നെയും അടി തെറ്റി, ചവിട്ടുവണ്ടി കൈയിൽനിന്നു തെന്നി വീഴാൻ പോയി; കൂട്ടുകാരനും തുല്യദുഃഖിതനായിരുന്നു. ഒന്നും പറയാതെ അങ്ങനെ നിൽക്കവെ കുഞ്ഞുണ്ണിയുടെ മനസ്സിൽ ഇപ്രകാരം ഒരു സംഭാഷണം രൂപം പൂണ്ടു:
‘ഇവിടെ പണ്ടു തുറസ്സായിരുന്നു,’ താൻ പറയുന്നു.
‘അതെ.’ കിഴവൻ പോലീസുകാരൻ പറയുന്നു, ‘പണ്ട് ഇവിടത്തെ ചതുപ്പുകൾക്ക് ഭംഗിയുണ്ടായിരുന്നു. ചതുപ്പും ഒരു കണക്കിന് ഗംഗയാണ്. ഹൂഗ്ലിയും ചതുപ്പും എന്താണ് വ്യത്യാസം? പക്ഷേ, ഈ ബസ്തിയിലുള്ളവർ ഈ പ്രകൃതിദൃശ്യത്തെ അലങ്കോലപ്പെടുത്തുകയാണ്.’
‘എന്നെ അച്‌ഛൻ എന്നും ഇവിടെ കൂട്ടിക്കൊണ്ടുവരുമായിരുന്നു. അന്ന് ഞാൻ കുട്ടിയായിരുന്നു. അച്‌ഛൻ ഇവിടെ പട്ടാളത്തിൽ മേജറായിരുന്നു. പക്ഷേ, ചന്ദ്രോദയം കാണാനല്ല എന്നെ ഇവിടെ കൊണ്ടുവന്നത്. ചിതകൾ കാണാനായിരുന്നു.’
‘അച്‌ഛന് ചിതകൾ ഇഷ്‌ടമായിരുന്നിരിയ്ക്കണം, അല്ലേ?’
‘ഞാൻ ചിതകൾ കണ്ടു പരിചയപ്പെടണമെന്ന് അച്‌ഛന് നിർബന്ധമായിരുന്നു.’
‘എന്നിട്ട് അമ്മ എന്തു ചെയ്തു? അച്‌ഛനെ ദഹിപ്പിച്ചോ, അടക്കം ചെയേ്താ?’
‘രണ്ടും ചെയ്തില്ല. റൊമേലുമായുള്ള യുദ്ധത്തിൽ ആഫ്രിക്കൻ മരുഭൂമിയിൽ ടോബ്രൂക്കിനു സമീപം അച്‌ഛൻ ചിതറി മണലായി.’
“എന്നിട്ടോ?’ പോലീസുകാരൻ ചോദിയ്ക്കുന്നു.
ഉൾത്തലങ്ങളിൽ മാന്ത്രികമായ ആ സംഭാഷണം നിലച്ചു. വീണ്ടും തന്‍റെ മുന്നിൽ നിന്ന പോലീസുകാരുടെ രൂപങ്ങൾ തെളിഞ്ഞു.
“ഏതു പത്രത്തിൽനിന്നാണ്?” തെന്നിവീഴുന്ന സൈക്കിളിനെ നിലപ്പിച്ചു കൊണ്ട് പോലീസുകാരൻ ചോദിച്ചു.
കുഞ്ഞുണ്ണി കീശയിൽനിന്ന് തന്‍റെ പ്രസ്സ് കാർഡ് എടുത്തു കാണിച്ചു. പോലീസുകാരൻ പ്രസ്സ്കാർഡിനെ ഇത്തിരി സംശയത്തോടെ പരിശോധിച്ചു.
“ഇതാരുടെ മുദ്രയാണ്?” അയാൾ ചോദിച്ചു.
“കേന്ദ്രസർക്കാരിന്‍റെ, ആഭ്യന്തരകാര്യാലയത്തിന്‍റെ. ഞാൻ ദില്ലിയിൽ നിന്നാണ്. ചൗരംഗിയിൽ അരത്തൂൺസിൽ താമസിയ്ക്കുന്നു.”
“ശരി, ശരി, സാബ്,” പ്രസ്സ്കാർഡ് മടക്കിക്കൊടുത്തുകൊണ്ട് പോലീസുകാരൻ കുഞ്ഞുണ്ണിയെ വണങ്ങി. “ഇക്കാലത്ത് കൃത്രിമങ്ങൾക്ക് കൈയും കണക്കുമില്ല. ഇതാ ഈ ബസ്തി കണ്ടില്ലേ, അതൊരു ശത്രുസങ്കേതമാണ്. ചിലപ്പോൾ അവിടെനിന്ന് അക്രമികൾ ഞങ്ങളുടെ വേഷത്തിൽ വരും.”
ആളൊഴിഞ്ഞ വഴിത്താരയിലൂടെ അവർ ഒരുമിച്ചു നടന്നു.
കുഞ്ഞുണ്ണി ചിരിച്ചു. “നിങ്ങൾക്കും അതു ചെയ്യാമല്ലോ?”
“ഞങ്ങളുമതു ചെയ്യുന്നുണ്ട്,” പോലീസുകാരൻ പറഞ്ഞു, “എന്‍റെയൊരു കൂട്ടുകാരനായ പോലീസുകാരന്‍റെ മകൻ ഒരു സബ്ബിൻസ്പെക്ടറാണ്. അവൻ ഇവന്മാരുടെ പുസ്തകങ്ങളൊക്കെയിരുന്നു പഠിയ്ക്കുന്നു. മാവോസേതൂങ്ങിന്‍റെ പുസ്തകങ്ങൾ. പോലീസുധർമ്മമല്ല അതെന്ന് ഞാനവനോടു പറഞ്ഞു. എന്‍റെ മകനെപ്പോലെയാണ് എനിയ്ക്കവൻ. എന്നാൽ, അവൻ പറഞ്ഞു, പോലീസുവകുപ്പിന്‍റെ നിർദേശമനുസരിച്ചാണ് അതൊക്കെ പഠിയ്ക്കുന്നതെന്ന്. പഠിച്ച് പാടവം വന്നുകഴിഞ്ഞാൽ വിപ്ലവകാരികളുടെ സംഘത്തിൽ ചേർന്ന് ഉള്ളിൽനിന്ന് അവർക്കെതിരെ പ്രവർത്തിയ്ക്കാൻ തുടങ്ങുമത്രെ എനിയ്ക്ക് അതോർത്ത് ആധിയാണ്, സാബ്. ഈ കലികാലത്തിലെ പോലീസുധർമ്മം കിഴവനായ എനിയ്ക്ക് എങ്ങനെ മനസ്സിലാകാനാണ്?”
“നിങ്ങൾ കുറെയധികം സംസാരിയ്ക്കുന്നു, തപൻദാ,” മറ്റേ പോലീസുകാരൻ കിഴവനേക്കാൾ കുഴഞ്ഞ സ്വരത്തിൽ പറഞ്ഞു.
“പോടാ, ദീപൂ,” കിഴവൻ പറഞ്ഞു. “നീ കുടിച്ചതുകൊണ്ട് നിനക്കങ്ങനെ തോന്നുകയാണ്.”
കിഴവൻ കുഞ്ഞുണ്ണിയോടടുത്ത്, രഹസ്യങ്ങൾ പങ്കിടുന്ന അടുപ്പത്തോടെ സംസാരിയ്ക്കാൻ തുടങ്ങി.
“അങ്ങ് ഇതൊക്കെ പത്രത്തിൽ എഴുതണം. ഒരു കാര്യം കൂടി. നേരത്തേ കണ്ട ആ ചെറുക്കൻ താങ്കളെ തട്ടിപ്പറിച്ചേനെ, ഞങ്ങൾ തക്കസമയത്തിന് വന്നില്ലായിരുന്നെങ്കിൽ. അല്ലെങ്കിൽ അങ്ങനെ ബസ്തിയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയിരുന്നെന്നുംവരും. അവിടെച്ചെന്നാൽ, എന്‍റെ സാബ്, മരണമാണ്. കിഴക്കൻ ബംഗാളിൽനിന്ന് പാഞ്ഞുപോന്ന കൊടിച്ചികളാണ് അവിടെയത്രയും. ഒരു മഹാരോഗവുംകൊണ്ടാണ് അവർ വന്നിട്ടുള്ളത്. മൂന്നേ മൂന്നു ദിവസംകൊണ്ട് വൃഷണങ്ങൾ അറ്റു നിലത്തു വീഴുമത്രെ. നോക്കണേ, രോഗങ്ങൾക്കുപോലും ധർമ്മമില്ലാതായിക്കഴിഞ്ഞിരിയ്ക്കുന്നു.”
എന്നിട്ട് ആത്‌മഗതമെന്നോണം അയാൾ ഓർമ്മിപ്പിച്ചു, “ഇപ്പോൾ നമ്മുടെ സഹായം വേണം അവർക്ക്. നവാഖാലിയിൽ കൂട്ടക്കൊല നടത്തിയപ്പോൾ അതോർത്തില്ല.”
ഒരു പക്ഷേ, രഹസ്യപ്പോലീസിന്‍റെ പ്രതിവിപ്ലവസംഘടനയിൽ പണിയെടുക്കുന്ന കൂട്ടുകാരന്‍റെ മകനെച്ചൊല്ലി കുണ്ഠിതപ്പെട്ട്, പോലീസുകാരന്‍റെ കഴിഞ്ഞകാലങ്ങൾക്ക് അപരിചിതമായ സംഘർഷാവസ്‌ഥയെച്ചൊല്ലി കുണ്ഠിതപ്പെട്ട്, ലഹരിയുടെ ദൗർബ്ബല്യത്തിൽ വഴിവക്കിൽ കണ്ടുമുട്ടിയ ഒരു ബാബുവിനോട് ആ മനഃപ്രയാസം പറഞ്ഞുതീർക്കാൻ മുതിർന്ന സാത്വികനായ കിഴവനെ അത്രതന്നെ കുണ്ഠിതമനുഭവിയ്ക്കുന്ന മറ്റേതോ കിഴവന്‍റെ മകൻ കൈബോംബെറിഞ്ഞ് കൊന്നെന്നുവരും. ടോബ്രൂക്കിലെ മണലാരണ്യത്തിൽ ചിതറിയ അച്‌ഛനെപ്പോലെ കിഴവനും കിഴവന്‍റെ മകനും കിഴവന്മാരും മക്കളുമത്രയും ചിതറുകയും ലയിയ്ക്കുകയും മറക്കപ്പെടുകയും ചെയ്യും. എന്നിട്ടും അശാന്തമായ കടൽത്തിരയുയരുന്നതുപോലെ കിഴവന്മാരും മക്കളും സ്ഫോടനവും ആവർത്തിയ്ക്കുന്നു.
“അങ്ങ് ഇതൊക്കെ എഴുതണം,” പോലീസുകാരൻ, പിതാമഹൻ, പറഞ്ഞു.
“എഴുതാം.”
“ശരി, നേരം അധികമായല്ലോ. അങ്ങ് തിരിച്ചുപോകൂ.”
“ഇവിടെ ടാക്സി കിട്ടുന്നതെവിടെയാണ്?”
“അതാ അവിടെ, ആ മൂലയിൽനിന്ന് ഇടത്തോട്ട്, അല്ലല്ല വലത്തോട്ട്.”