പതിനേഴ്
ദൈ
വമേ, ദൈവമേ! ആ സങ്കീർത്തനത്തിന്‍റെ വാങ്മയം നനുത്തു ദുർബലമാവുന്നത് കുഞ്ഞുണ്ണിയറിഞ്ഞു. സഹസ്രാബ്‌ദങ്ങളിലൂടെ തന്‍റെ വർഗ്ഗം പണിഞ്ഞെടുത്ത യുക്‌തിയുടെ മഹാഗോപുരത്തിനടിയിൽ അത് അടങ്ങി നിശ്ശബ്‌ദദമായി. കുഞ്ഞുണ്ണി വ്യഗ്രതയോടെ ആരാഞ്ഞു: ശൈശവത്തിന്‍റെ ആകാശങ്ങളെവിടെ, സൃഷ്‌ടിയുടെയും പിറവിയുടെയും പ്രാകൃതസ്‌ഥലികളെവിടെ? പൂർവ്വപാക്കിസ്‌ഥാന്‍റെ അതിരിൽ കിടന്ന പൈറ്റ്റോപോളിലെ അഭയാർത്ഥിത്താവള പരിസരത്തിലെ ചതുപ്പുമണ്ണിലും കാട്ടുചെടിയിലും കൺനട്ടു നിന്ന കുഞ്ഞുണ്ണി പരിണാമധാർഷ്‌ട്യത്തിന്‍റെ മറുപുറത്ത് എല്ലാം നിറവുറ്റതായിത്തന്നെ തുടരുന്നത് കണ്ടു: പുലരി മഞ്ഞിൽ മിന്നാമിനുങ്ങുകളുടെ ദീപാരാധക മങ്ങിയടങ്ങുന്നു, വണ്ടുകൾ പൂക്കളെ തുയിലുണർത്തുന്നു, മണ്ണിലരിച്ചുപോയ ചെറുചാതികൾ ഭൂമിയുടെ മാതൃത്വമറിയുന്നു, ദൈവമേ, ദൈവമേ! അപ്പോൾ അതിരിനപ്പുറത്ത് അധികം അകലത്തല്ലാതെ ഇടിമുഴക്കംപോലെ ഒരു പൊട്ടിത്തെറിയുണ്ടായി. കുഞ്ഞുണ്ണിയും അടുത്തു നിന്ന അതിർത്തി പാറാവുകാരനും നിലത്തു വീണു. അമ്പരപ്പു മാറി എഴുന്നേറ്റുനിന്നപ്പോഴും കാലുകൾക്കടിയിൽ നിലംത്രസിയ്ക്കുന്നതുപോലെ തോന്നി, സ്ഫോടനതരംഗങ്ങൾ ഉടലുകളിലൂടെ മുകളിലേയ്ക്കു പടർന്ന് പളുങ്കു മേലാപ്പുകളായി പന്തലിച്ചു.
“ഒരു ‘സിക്സ് പൗണ്ടറാ’ണ്.” പാറാവുകാരൻ പറഞ്ഞു.
ഒരരനാഴികൂടി കഴിഞ്ഞപ്പോൾ ആ തോട്ട അവിടെ പൊട്ടിയിരുന്നില്ലെന്നു തോന്നി, എല്ലാം വീണ്ടും പരിചിതവും സാധാരണവുമായി.
തങ്ങളുടെ ദീപങ്ങളണച്ച് മിന്നാമിനുങ്ങുകൾ ഇലഞെട്ടുകൾക്കു പിറകിലുള്ള സങ്കേതങ്ങളിലേയ്ക്കു പിൻവലിഞ്ഞു, സൂചീമുഖിപ്പക്ഷികൾ ചെമ്പരത്തിപ്പൂക്കളിൽ ചുറ്റിപ്പറന്ന് തേൻ തേടി, ഭാരങ്ങളും പേറി ഉറുമ്പുകൾ യാത്ര തുടർന്നു, കാക്കകൾ തെളിവെയിലിലേയ്ക്ക് നിലവിളിച്ചു പൊങ്ങി. യുദ്ധത്തിന്‍റെ നൈമിഷികത, പ്രകൃതികഥയുടെ സനാതനമായ തുടർച്ചു. കുഞ്ഞുണ്ണി പൈറ്റ്റോ പോളിലെ അഭയാർത്ഥിത്താവളത്തിന്‍റെ ശബ്‌ദങ്ങൾ ചെവിക്കൊണ്ടു: താറാവുകളുടെയും ആടുകളുടെയും വിളി, കുട്ടികളുടെ പിണക്കം, തകിടുചട്ടികൾ നിലത്തിട്ടു കഴുകുന്ന കലമ്പൽ, തുണി തല്ലി അലക്കുന്നതിന്‍റെ പരിക്ഷീണമായ താളം.
ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ ഒരു പഴയ ബസ് അതിരിൽ വന്നു നിന്നു. അതിന്‍റെ നെറ്റിപ്പട്ടത്തിൽ ‘ഖുൽനാ—ജസ്സോർ’ എന്നെഴുതിയിരുന്നു. ഖുൽനയിൽ നിന്ന് പുറപ്പെട്ട് ജസ്സോറിലേയ്ക്കും പിന്നെ തിരിച്ചും പോകുന്ന നാട്ടിൻപുറത്തിന്‍റെ ബസ്. വഴിയിലെങ്ങാനും കുട കാണിയ്ക്കുന്ന കാരണവർക്കുവേണ്ടി നിർത്തുന്ന ഡ്രൈവറേയും യാത്രാക്ലേശത്തെ പരുക്കൻ ഫലിതത്തിലൂടെ ഇളവുചെയ്യുന്ന കൺഡക്ടറെയും തൊട്ടടുത്തിരിയ്ക്കുന്ന പ്രൗഢയായ വീട്ടമ്മയുടെ കൈത്തണ്ടയിലുരുമ്മുന്ന അപരിചിതന്‍റെ കൈത്തണ്ടയേയുമെല്ലാംതന്നെ കുഞ്ഞുണ്ണിയ്ക്ക് സങ്കല്‌പിക്കാമായിരുന്നു. പട്ടാമ്പി—ശ്രീകൃഷ്ണപുരം, പാലക്കാട്—തിരുവില്വാമല, എന്നാൽ, പൂവ്വ്‌ല്ലേ, ർർ റൈറ്റ് ബസ്സിന്‍റെ തകരത്തകിടുകളിലെ മുദ്രാവാക്യങ്ങളെ കുഞ്ഞുണ്ണി തന്‍റെ ഓർമ്മയിൽ വിവർത്തനം ചെയ്തു: രാധാകൃഷ്ണമേനോന് അമ്പും വില്ലും അടയാളത്തിൽ വോട്ടു ചെയ്യുക, രാമനുണ്ണി മൂത്താൻ ജനശത്രു! ഭാഷയും ലിപിയും മാറിയെന്നു മാത്രം, ഖുൽനാ—ജസ്സോർ ബസ്സിന്‍റെ വാരികളിൽ ഇപ്രകാരം: മുജിബുർ റഹ്‌മാൻ നീണാൾ വാഴട്ടെ, ബംഗ്ലാദേശ് നമ്മുടെ രാഷ്‌ട്രം! കുഞ്ഞുണ്ണി ഓർത്തു, ഇതിനാണോ ആ തോട്ട പൊട്ടി തന്‍റെ ചെകിടടച്ചത്? റാണാഘട്ടിലെ ആശുപത്രിമേശയിൽ രണ്ടു കുട്ടികൾ കൈകോർത്തു പിടിച്ചു മരിച്ചത്? എണ്ണമറ്റ കുലവധുക്കളിൽ ആക്രമണത്തിന്‍റെ ബീജസങ്കലനം നടന്നത്? കുഞ്ഞുണ്ണി ഖേദിച്ചു: ആ വള്ളുവനാടൻ മുദ്രാവാക്യങ്ങൾകൊണ്ട് പരിഹരിക്കാവതായിരുന്ന തുച്‌ഛമായ സംഘർഷം!
ഖുൽനയിൽനിന്ന് ജസ്സോറിലേയ്ക്കു പോകുന്ന ബസ്സ് ‘റൈറ്റ്’ എന്നു പറഞ്ഞുകൊണ്ട് ഞരങ്ങി പുക വിട്ട് പുറപ്പെട്ടു. ബസ് നീങ്ങവേ അതിനകത്തിരുന്ന മെലിഞ്ഞിരുണ്ട ഒരു പൂർവ്വബംഗാളി കുഞ്ഞുണ്ണിയുടെ നേർക്ക് മുഷ്‌ടി ചുരുട്ടി വിളിച്ചുപറഞ്ഞു, “അമാർ ദീദി, തുമാർ ദീദി, ഇന്ദിരാ ദീദി, ഇന്ദിരാ ദീദി!”
ആ ബസ് അതിന്‍റെ പ്രാപ്യസ്‌ഥാനത്ത് എത്തുമോ, മുദ്രാവാക്യം വിളിച്ച ആ മെലിഞ്ഞ മനുഷ്യൻ തന്‍റെ വീടു ചേരുമോ, ഇങ്ങനെയെല്ലാം ഓർത്തുകൊണ്ട് കുഞ്ഞുണ്ണി അവിടെ നിന്നു. ഇളം ചൂടുള്ള വെയില് അതിരിലെ ചതുപ്പിനും കാട്ടുപൊന്തയ്ക്കും മുകളിൽ തെളിഞ്ഞു. അമാർ ദീദി, തുമാർ ദീദി, ഇന്ദിരാ ദീദി, ഇന്ദിരാ ദീദി; തൂതപ്പുഴയുടെ ഭാഷയിൽ, ഇന്ദിരയേട്ടത്തി. മേക്കഴുകി, ഒന്നരയും മുണ്ടുമുടുത്തു നില്ക്കുന്ന ഏട്ടത്തിയമ്മ, അവർക്ക് ആയുധധാരികളായ പന്ത്രണ്ടു ലക്ഷം ചാവേറ്റുകാർ, ആറുറാത്തൽ തൂക്കം വരുന്ന തോട്ടകൾ, തീയെറിയുന്ന വിമാനങ്ങൾ, രഹസ്യപ്പോലീസുകാർ.
“ദീപം! ദീപം!”
മേലേക്കാട്ടു തറവാട്ടിലെ സന്ധ്യ.
ആരാണത്?
വിളക്കു കാണിയ്ക്കുന്ന, ചെമ്പകം മണക്കുന്ന, ഏട്ടത്തിയമ്മ. “ഏട്ടത്തിയമേ, നിങ്ങൾക്ക് ഈ ദീപം മതിയായിരുന്നല്ലോ. നിങ്ങളെന്തിന് ബീഭത്സങ്ങളായ തോട്ടകൾ പൊട്ടിയ്ക്കുന്നു?”
‘ഉണ്ണീ, എന്നെ രക്ഷിയ്ക്കൂ. എനിയ്ക്ക് മറ്റു മാർഗ്ഗമില്ല, എന്‍റെ ഗ്രന്ഥികൾക്കും ദ്രാവകങ്ങൾക്കുമകത്ത് യുദ്ധമാണ്, ഈശ്വരന്‍റെ കൈത്തെറ്റ്.’
തൂതപ്പുഴ അതിന്‍റെ പ്രവാഹം നിർത്തി; ജലരാശിയുടെ നടുവിൽ പാറിക്കിടന്ന ആലിലയിൽ അപരാധിയായ ഈശ്വരൻ കരഞ്ഞുറങ്ങി. ചെമ്മണ്ണു പറത്തിക്കൊണ്ട് ജസ്സോറിലേയ്ക്കുള്ള ബസ് പാഞ്ഞുനീങ്ങി. താടിയും മുടിയും നീട്ടിയ തച്ചൻ തൂതപ്പുഴയുടെ ഓരത്ത് വന്നു നിന്നു. മുക്കുവന്മാർ മീൻ കിട്ടാതെ പിന്നെയും പിന്നെയും വലയെറിഞ്ഞു തളരുന്നു.
‘പത്രോസേ’, തച്ചൻ പറഞ്ഞു, ‘വലതുവശത്തേയ്ക്ക് വലയെറിയുക, അപ്പോൾ നിനക്കു മീൻ കിട്ടും.’
മുക്കുവന്മാർ വലത്തോട്ടേയ്ക്ക് വലയെറിഞ്ഞു. അപ്പോൾ വലിയൊരു മീൻപറ്റം അപ്പാടെ വലയിൽ ചെന്നുപെട്ടു; അമ്മയും കുഞ്ഞും തന്തയും പിതാമഹനും, വെള്ളിമീനുകൾ; തങ്ങളുടെ പ്രവചനങ്ങളിൽ അടയാതെ നിന്ന കണ്ണുകളോടെ വലയിലേയ്ക്കു നീന്തിയ അവർ നിലവിളിച്ചു; പുഴയുടെ അടിച്ചേറിലേയ്ക്ക് ആ നിലവിളി താഴ്ന്നിറങ്ങി. ‘ദൈവമേ, ദൈവമേ!’
തൂതപ്പുഴയുടെ ഇരുട്ടിൽ സമാധികൊണ്ട മത്സ്യങ്ങളുടെ ദൈവം പള്ളിയുണർന്ന് ചേറിൽ പതുക്കെ വാലിട്ടു തല്ലി മേലോട്ടു നോക്കി. ‘എന്‍റെ ഗോത്രങ്ങളെ കുറ്റിയറുക്കുന്ന ഈ മഹാദ്രോഹിയാര്?’ മറ്റൊരു ദൈവത്തിന്‍റെ പുത്രൻ, ആകാശത്തിലെ മേഘങ്ങളിലൂടെ രണ്ടുകാലിൽ നടന്നുപോകുന്ന ഒരു ദൈവത്തിന്‍റെ!
ജസ്സോറിലേയ്ക്കുള്ള ബസ്സ് അകന്നു മറഞ്ഞുകഴിഞ്ഞിരുന്നു. ദൈവമേ, കുഞ്ഞുണ്ണി, ചോദിച്ചു, മത്സ്യമായും കൽക്കിയായും നീ നിന്നെത്തന്നെ നായാടുന്നതെന്തിന്? റാണാഘട്ടിലെ കുട്ടികൾക്കും പെറ്റ്റോപോളിലെ താറാവുകൾക്കുംവേണ്ടി കുഞ്ഞുണ്ണി രോഷംകൊണ്ടു. അയാൾ വീണ്ടും ചോദിച്ചു, നിന്‍റെ ലീലയിൽനിന്ന് എപ്പോഴാണ് എനിയ്ക്ക് മോചനം?
രാത്രി, പെറ്റ്റോപോളിലെ താവളത്തിൽ വിശ്രമിക്കാൻ കുഞ്ഞുണ്ണി തയ്യാറെടുത്തു. രാത്രിയിലിപ്പോൾ തോട്ടകൾ മുഴങ്ങിയത് കിഴക്കൻ ബംഗാളിനകത്തെവിടെയോ അകലത്തായിരുന്നു. തെലുങ്കനായ അതിർത്തിപ്പാറാവുകാരൻ കുഞ്ഞുണ്ണിയുടെ തമ്പിലേയ്ക്ക് കടന്നു വന്നു.
“വരൂ, കിസ്‌റ്റയ്യാ.” കുഞ്ഞുണ്ണി പറഞ്ഞു, “നാമാരുംതന്നെ തിരിച്ചു പോയില്ലെങ്കിലോ? ഇതാ, ഇതു കഴിയ്ക്കൂ.”
പട്ടാളത്താവളത്തിന്‍റെ പരുക്കൻ മദ്യം കുറെ അകത്തു ചെന്നപ്പോൾ കിസ്‌റ്റയ്യയിലുള്ള പാറാവുകാരൻ ഉറങ്ങുകയും രാഷ്‌ട്രീയനിരീക്ഷകൻ വാചാലനാവുകയും ചെയ്തു.
“ഈ യുദ്ധമൊക്കെ ശരിതന്നെ, സർ.” കിസ്‌റ്റയ്യ പറഞ്ഞു, “തിരുത്തണിയുടെ പ്രശ്നം പരിഹരിയ്ക്കപ്പെടാതെ കിടക്കുന്നു.”
“തിരുത്തണി എവിടെയാണ്?”
“സാറിനറിയില്ലേ? അതിർത്തിപ്രദേശം. തിരുത്തണിയിലെ തെലുങ്കർക്ക് സ്വയംനിർണ്ണയാവകാശം അനുവദിച്ചു കൊടുത്തിട്ടില്ല.”
“ശരിയാണ്. ഗൂഡല്ലൂരിന്‍റെ പ്രശ്നവും ഇപ്രകാരംതന്നെ.”
“ഗൂഡല്ലൂരെവിടെയാണ്?”
“അതിർത്തിപ്രദേശം. തമിഴ്നാടിനും കേരളത്തിനുമിടയ്ക്ക്.”
പിന്തുടരപ്പെട്ടവന്‍റെ ബദ്ധപ്പാടോടെ കിസ്‌റ്റയ്യ മദ്യം അകത്താക്കി.
“ഞാനൊരു രഹസ്യം പറഞ്ഞുതരാം, സർ. തമിഴരെ വിശ്വസിയ്ക്കാൻ കൊള്ളില്ല, എന്നാൽ, മലയാളികൾ നല്ലവരാണ്.”
“നമുക്കിടയ്ക്ക് പൊതുവായ അതിർത്തിയില്ലല്ലോ. അതുകൊണ്ടാണ് കിസ്‌റ്റയ്യയ്ക്ക് അങ്ങനെ തോന്നുന്നത്.”
രാഷ്‌ട്രസങ്കീർണ്ണതകളിൽ കിസ്‌റ്റയ്യയുടെ മനസ്സു മങ്ങി.
“കിസ്‌റ്റയ്യാ,” കുഞ്ഞുണ്ണി ചോദിച്ചു, “ഗൂഡല്ലൂരിനും തിരുത്തണിയ്ക്കും വേണ്ടി യുദ്ധമുണ്ടായാൽ കിസ്‌റ്റയ്യ എന്തു ചെയ്യും?”
“അയ്യോ, സർ! അതെങ്ങനെ?”
“ഇങ്ങനെ. അത്തരത്തിലുള്ള ഒരു യുദ്ധമാണ് നാമിവിടെ കാണാനിരിയ്ക്കുന്നത്.”
പൂർവ്വബംഗാളിന്‍റെ ദൂരങ്ങളിലെവിടെയോ കുഞ്ഞുണ്ണിയുടെ ഫലിതത്തെ ഏറ്റുപറഞ്ഞുകൊണ്ട് ഒരു തോട്ട മങ്ങിമുഴങ്ങി.
“എന്നാൽ, തിരുത്തണിയും ഗൂഡല്ലൂരും തൽക്കാലം യുദ്ധം വേണ്ടെന്നു വെച്ചിരിയ്ക്കയാണ്. പകരം മുദ്രാവാക്യംകൊണ്ട് കാര്യം നടത്തുന്നു. ജസ്സോറിലേയ്ക്കു പോയ ആ ബസ്സിലിരുന്നുകൊണ്ട് ആ ചെറുപ്പക്കാരൻ വിളിച്ചത് മുദ്രാവാക്യമായിരുന്നു. കിസ്‌റ്റയ്യ ശ്രദ്ധിച്ചില്ലേ?”
“ഞാനതു കേട്ടു.”
“കിസ്‌റ്റയ്യാ, മുദ്രാവാക്യം ചെന്നെത്തുന്നത് യുദ്ധത്തിലാണ്. യുദ്ധം മുദ്രാവാക്യത്തിലും.”
കിസ്‌റ്റയ്യ ഈ ഏകഭാവത്തിന്‍റെ ലഹരിയിൽ മുഴുകി, സൈന്യങ്ങളുടേയും രാഷ്‌ട്രടസംവിധാനങ്ങളുടേയും മതിഭ്രമത്തിൽ പങ്കുകൊണ്ട്, പട്ടാളക്കാരന്‍റെ പരുക്കൻ മദ്യത്തിൽ ആ സമന്വയം തേടി.
“ഇത്തിരി ഒഴിച്ചുതരൂ, സർ,” കിസ്‌റ്റയ്യ പറഞ്ഞു, “എന്‍റെ ഹനുമമ്മ ഗോദാവരിയിലാണ്. ഞാനിവിടെനിന്ന് ജീവനോടെ തിരിച്ചുപോകുമോ, സർ”
കിസ്‌റ്റയ്യയുടെ കണ്ണുകൾ നിറഞ്ഞു. രാത്രിയിൽ പക്ഷികളുടെ സ്വപ്നം കണ്ട താറാവുകൾ എന്തോ ഉറക്കപ്പിച്ചു പറഞ്ഞു… അന്നു രാത്രി, ഡിസംബർ മൂന്നാംതീയതി, കാര്യകാരണങ്ങളുടെ അസംബന്ധ വ്യാമിശ്രതയിൽ, പാക്കിസ്‌ഥാന്‍റെ വ്യോമസൈന്യം ഉത്തരേന്ത്യൻ സങ്കേതങ്ങളെ ആക്രമിച്ചു. കൽക്കത്തയിൽ ഉത്സവത്തിന്‍റെ മുൻനിരയിൽ നിന്നുകൊണ്ട് ഇന്ദിരയേട്ടത്തി നിലാവെടി പൊട്ടുന്നതു നോക്കിച്ചിരിച്ചു. ഡിസംബർ നാലാം തീയതി അവർ യുദ്ധം പ്രഖ്യാപിച്ചു.