[Pottalile Itavazhikal 01] • പൊറ്റാളിലെ ഇടവഴികൾ

[Pottalile Itavazhikal 01] • പൊറ്റാളിലെ ഇടവഴികൾ
Authors
Melethil, Abhilash
Publisher
self
ISBN
9789383255733
Date
2018-05-01T00:00:00+00:00
Size
2.57 MB
Lang
ml
Downloaded: 16 times

പൊറ്റാളിലെ ഇടവഴികൾ - മലപ്പുറം ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിന്റെ സ്ഥലകാലചരിത്രം അവിടുത്തെ ജീവിതങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന കഥയാണ് ഈ നോവൽ സീരീസിൽ. ദാരിദ്ര്യത്തിന്റെയും സമരങ്ങളുടെയും ഭൂതകാലത്തിൽനിന്നു രാജ്യചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലയളവിലേക്ക് എത്തിച്ചേരുന്ന ഒരു സമൂഹം മാറിമറിയുന്ന ജാതിമതസാമ്പത്തിക സമവാക്യങ്ങളോട് എങ്ങനെ പൊരുതുകയും സമരസപ്പെടുകയും അവയെ അതിജീവിക്കുകയും ചെയ്തു എന്നതിന്റെ ആഖ്യാനമാണിത്.

"നോവൽ ഇന്ന രൂപത്തിലാകണമെന്നുള്ള നിർവ്വചനകളുടെ പ്രസക്തി എന്നേ തീർന്നുകഴിഞ്ഞതാണ്. പത്ര റിപ്പോർട്ടുകൾ, കടുത്ത തത്വചിന്തകളുടെ ലേഖനപരമ്പര, പദപ്രശ്നങ്ങളിലെ വിഷമിപ്പിക്കുന്ന ചതുരക്കള്ളികൾ, കോമാളിയുടെ പേക്കൂത്തും ഭ്രാന്തന്റെ ജല്പനങ്ങളും, സ്ഥലനാമചരിത്രം എന്നീപ്രകാരം ഏതു ഘടനയും നോവലിന് കൈക്കൊള്ളാം. ഈ സ്വാതന്ത്ര്യം തന്നെയാണ് നോവൽ എഴുതുന്നതിലെയും വായിക്കുന്നതിലെയും Novelty. മനുഷ്യൻ അകത്തും പുറത്തും നിരന്തരം വിഭജിക്കപ്പെടുമ്പോൾ യാഥാർത്ഥ്യം എന്തെന്നറിയാനും ഒരു തരം സമഗ്രതക്കുവേണ്ടിയും കൈനീട്ടുന്നതുപോലെയാണ് കലാസൃഷ്ടി. മറ്റുള്ളവരിലൂടെ ജീവിതം നോക്കിക്കാണാനുള്ള ഒരു ശ്രമം. പൊറ്റാൾ എന്നെ ദേശത്തിന്റെ നിഗൂഢമായ കാലങ്ങളും വൈരുദ്ധ്യങ്ങളും ആറു ഭാഗങ്ങളുളള ഈ നോവലിൽ നൂതനമായ ഒരു ഭൂപടവിജ്ഞാനീയമാകുന്നു.”

\- നന്ദകുമാർ മേലേതിൽ

"നെടുംപാതകളിൽ നിന്നേറെ വ്യത്യസ്തമാണ് നാട്ടിടവഴികൾ. വളഞ്ഞുപുളഞ്ഞ ഇടവഴികൾ കടന്നുപോകുന്ന ഓരോ ഇടത്തേയും ശ്രദ്ധയോടെ അടയാളപ്പെടുത്തുന്നു. വീടുകൾ, ആളുകൾ, ഗന്ധങ്ങൾ, ബന്ധങ്ങൾ, വൈരാഗ്യങ്ങൾ, കളികൾ, ബഹളങ്ങൾ, വിചാരങ്ങൾ, വികാരങ്ങൾ എന്നിങ്ങനെ പലരുടെ ചിതറിയ ഓർമ്മകളിലൂടെ ഒരു പ്രദേശത്തിന്റെ രേഖാചിത്രം പൂർണ്ണമാകുന്നതെങ്ങനെയെന്ന് പൊറ്റാളിലെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവിക്കാനാകും. അത്തരമൊരു ഇടവഴി നടത്തത്തിന്റെ തെറ്റലും തെന്നലുമാണ് ഈ നോവലിൽ ഒരുക്കിയിരിക്കുന്നത്.”

\- ദേവദാസ് ‌വി.എം.

“ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെത്തുടർന്നുള്ള വർഷങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു നാട്ടിൻപുറത്തിന്റെ കഥപറയുകയാണ്‌ അഭിലാഷ് ‘പൊറ്റാളി’ലൂടെ. ഒരുപിടി കഥാപാത്രങ്ങളുടെ സ്വഗതാഖ്യാനങ്ങളുടെ പരമ്പരയായിട്ടാണ്‌ നോവൽ ഉരുത്തിരിയുന്നത്. ‘നാനാത്വത്തിൽ ഏകത്വം’ എന്ന സ്വാതന്ത്ര്യാനന്തര മുദ്രാവാക്യത്തിന്റെ തകർച്ച അനുഭവിക്കുന്ന രാജ്യത്തിന്റെ ചെറു പതിപ്പായി മാറുന്നു ഗ്രാമം ഇവിടെ. ഒപ്പം ശിഥിലീഭവിക്കുന്ന പലതുകളിലൊന്ന്‌ ഏകശിലാരൂപമായ ആഖ്യാനവുമാണ്‌. ആ ശൈഥില്യത്തിനുള്ളിൽനിന്ന് ഇണങ്ങിയും പിണങ്ങിയും മുന്നേറുന്ന അസംഖ്യം സ്വതന്ത്രാഖ്യാനങ്ങൾ ഉടലെടുക്കുന്നു. ഓരോന്നും ഓരോ നാട്ടുരാജ്യമാകുന്നു. സ്വന്തം കൊടിയും നാണയവും ചരിത്രവും ഭൂമിശാസ്ത്രവും ഭരണഘടനയും നീതിന്യായവ്യവസ്ഥവുമുള്ള പരമാധികാരറിപ്പബ്ലിക്കുകൾ. ആധികാരികതയുള്ള ദേശഭാഷയുടെയും സൂക്ഷ്മമായ വിശദാംശങ്ങളുടെയും ഉപയോഗംകൊണ്ട് സമ്പന്നമായ ഈ നോവൽ അങ്ങനെ ദേശമെഴുത്തിന്റെ ഉദാത്തമാതൃകകൾ നിലവിലുള്ള മലയാളത്തിനുപോലും പുതുമയായിമാറുന്നു.”

\- രാജേഷ് വർമ്മ

"ഓരോ വ്യക്തികളും ഒരുപാടു കഥകൾ പേറുന്നു. വ്യക്തികൾ കൂടിച്ചേരുമ്പോൾ സമൂഹമാകുന്നു. സമൂഹത്തിന്റെ കഥ ഒരു പ്രദേശത്തിന്റെ കഥകൂടിയാണ്. പൊറ്റാളിലെ ഒരുകൂട്ടം ആളുകളിലൂടെ, അവരുടെ ആലങ്കാരികതയില്ലാത്ത പച്ചയായ ജീവിതങ്ങളിലൂടെ, അവർ കടന്നുപോകുന്ന ഭൂപ്രദേശങ്ങളിലൂടെയെല്ലാം വായനക്കാരേയും കടത്തിവിടുന്നു അഭിലാഷ്. ഉത്തരേന്ത്യയിലെ ബാബ്‌റി മസ്ജിദ് പൊളിച്ചുമാറ്റപ്പെടുന്നതോടുകൂടി ഒരു കൊച്ചു ഗ്രാമത്തിലുണ്ടാകുന്ന രാഷ്ട്രീയപരമായ, സാമൂഹ്യപരമായ മാറ്റം കൂടി അടയാളപ്പെടുത്തുന്നുണ്ട് പൊറ്റാളിലെ ഇടവഴികൾ."

\- ജുനൈദ് അബൂബക്കർ.