കാര്മെന്
അ
ലര്‍ച്ച ഒടുക്കി ചുവന്ന താടി വെനീസിലെ തോടുകളിലെ വള്ളക്കാരുടെ മറുകൂക്കുകള്‍ക്കായി ചെവികൂര്‍പ്പിച്ചു നിന്നു. ദൂരെ, അഡ്രിയാറ്റിക്കിൽ നങ്കൂരമിട്ട ഒരു കപ്പൽ സൈറൺ മുഴക്കിയതല്ലാതെ മറ്റൊരു മറുപടിയും രാഘവനു കിട്ടിയില്ല.
ആശാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു കഥയാണ് ഗോഗ്വാകളിലൂടെ സ്ഥലപുരാണങ്ങളിലേക്ക് സന്നിവേശിപ്പിക്കുവാന്‍ രാഘവനെ പ്രേരിപ്പിച്ചിരുന്നത്.
കുട്ടനാട്ടിൽ എവിടെയോ കളിയരങ്ങ്. കഥ ബാലിവധം. ചമ്പക്കുളത്തിന്‍റെ ബാലി. ആശാന്‍റെ സുഗ്രീവന്‍. ഉരലിന്മേൽ ഉപ്പൂറ്റി ഉയര്‍ത്തിനിന്ന്, വെള്ളി നഖങ്ങളിട്ട വിരലുകള്‍കൊണ്ട് തിരതാഴ്ത്തി, മരച്ചില്ലകൾ കുലുക്കി, ചമ്പക്കുളം പാളിനോക്കി. കൂടെ പാല് തിളച്ചുമറിയുന്നപോലെ പിടിച്ചുനിര്‍ത്താനാകാത്ത അലര്‍ച്ച. കാണികള്‍ക്കു പിറകിൽ ഉടപ്പിറന്നവനെ തൊഴുതുനിന്നിരുന്ന സുഗ്രീവന്‍റെ അടുത്തേക്ക് ബാലി ഇറങ്ങിച്ചെന്ന്, ആട്ടിപ്പായിച്ചും കൂക്കിവിളിച്ചും സുഗ്രീവനെ അരങ്ങിൽ കയറ്റി. പകുതി മടക്കിപ്പിടിച്ച തിരശ്ശീലയുടെ അപ്പുറത്തും ഇപ്പുറത്തും പീഠങ്ങളിൽ ഇരുന്ന് മര്‍ക്കടങ്ങൾ ഒളിച്ചുകളിക്കുവാന്‍ തുടങ്ങി. ആദ്യം തല പുറത്തേക്കു കാട്ടിയ ബാലി ചെറുതായൊന്നു കൂകി. സുഗ്രീവനും അതേ ഈണത്തിൽ മറുപടി കൊടുത്തു. പക്ഷേ, അടുത്തതവണ തല പുറത്തേക്കു കാണിച്ച ബാലി ചന്ദ്രോദയത്തിന് വശംവദയായ കടലിന്‍റെ ഭീകരശബ്ദത്തിലാണ് അലറിയത്. അതിനും ആശാന്‍റെ മറുപടി. പ്രശ്‌നോത്തരികളിലൂടെ പടിപടിയായി അലര്‍ച്ചകൾ ഉയരുമ്പോഴാണ് കായലില്‍നിന്നൊരു വള്ളക്കൂക്ക് കേട്ടത്. അതിനു മറു കൂക്കായി മറ്റൊരു വള്ളക്കാരന്‍. തുരുത്തുകളിലൂടെ നടപ്പുദീനംപോലെ കൂകലുകൾ പോളപൊട്ടി പടര്‍ന്നപ്പോൾ ആട്ടം കാണാനെത്തിയവർ എഴുന്നേറ്റുനിന്ന് ബലേഭേഷ് എന്നാര്‍ത്തു.
ഉള്ളിന്‍റെ ഉള്ളില്‍നിന്ന്, ജഠരദ്രാവകങ്ങൾ മണക്കുന്ന, മറ്റൊരു അലര്‍ച്ച വെനീസിനു രാഘവന്‍ എറിഞ്ഞുകൊടുത്തു. ഇത്തവണയും തോടുകൾ മൗനം പാലിച്ചു. ഒന്നുകൂടി പരാജയപ്പെട്ട രാഘവന്‍ തിരശ്ശീലക്കാർ വരുവാന്‍ കാത്തുനില്‍ക്കാതെ അകത്തേക്കുപോയി.
അണിയറയിലെ സോഫയിൽ മിനറല്‍ജലം നുണഞ്ഞ് കാര്‍മെന്‍ ഇരിക്കുന്നുണ്ടായിരുന്നു.
കാര്‍മെനെ കണ്ട ഉടന്‍ ദുശ്ശാസനന്‍റെ വേഷമെടുത്തിരുന്ന രാഘവന്‍ അഞ്ജലി ബന്ധിച്ചുനിന്നു. അപ്പോഴേക്കും രൗദ്രഭീമനായ രാമന്‍കുട്ടി ആശാന്‍റെ കാലുതൊട്ടുവന്ദിച്ച് അരങ്ങിലേക്കു നീങ്ങി. അടുത്ത രംഗത്തിന്‍റെ കഥാസാരം മൈക്കിലൂടെ ആരോ ഇറ്റാലിയനിൽ വായിച്ചു.
ഇന്ന് നിങ്ങൾ ആരായിട്ടാണ്? കാര്‍മെന്‍ നേത്രംകൊണ്ടു ചോദിച്ചു.
ഇത്തവണ നിങ്ങൾ ആരാണ്? കാര്‍മെന്‍റെ കൈകളും അഭിനയത്തിൽ പങ്കുചേര്‍ന്നു. ഈ വന്‍കിരീടവും താടിയും എല്ലാംവച്ച് നിങ്ങൾ ആരായിട്ടാണ്?
ഞാന്‍, ഞാന്‍.... രാഘവന്‍റെ അഭിനയം വിക്കി.
ഈ വേഷം എന്താണെന്നു പറയൂ. കാര്‍മെന്‍ ഉടലിന്‍റെ മേല്‍പ്പാതി മുഴുവനെടുത്ത് അഭിനയിച്ചുകൊണ്ടു ചോദിച്ചു.
ഞാന്‍, ഞാന്‍—സഭാകമ്പം മാറി മുദ്രകൾ പ്രവഹിക്കുവാന്‍ തുടങ്ങി: ഇന്ന് ഞാന്‍.....
"പോ," പിറകില്‍നിന്ന് ആശാന്‍ പൊട്ടിത്തെറിച്ചു. "പോയി ആട്. മദാമ്മയുടെ മുമ്പില്‍നിന്ന് വിഡ്ഢിത്തം കാട്ടാതെ പോയി ആട്. ഞാന്‍ ഇവൾക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാം നീ ആരാണെന്ന്."
രാഘവന്‍ അരങ്ങിലേക്കു പോകുന്നതിനു മുമ്പുതന്നെ കാര്‍മെന്‍റെ മുമ്പിൽ ഒരു പീഠത്തിലിരുന്ന് ആശാന്‍ മലയാളത്തിൽ കൂസലില്ലാതെ അയാൾ ആരാണെന്നു വിവരിക്കുവാന്‍ തുടങ്ങി: "നല്ലൂരു ഉണ്ണീരി മേനവന്‍, വലിയ നീലകണ്ഠപ്പിള്ള, ഹംസം കുഞ്ഞന്‍ പണിക്കർ, കവളപ്പാറ നാരായണന്‍ നായർ, കടത്തനാട് കുങ്കന്‍നമ്പ്യാർ എന്നിവർ ആടി പേരും പെരുമയും നേടിയ തോരണയുദ്ധത്തിലെ ഹനുമാനെ ജനീവാ എന്നു പറഞ്ഞൊരു ദേശത്തിൽ വെറും കുരങ്ങനാക്കി മാറ്റിയവനാണ് ഈ രാഘോന്‍."
"അതുകൊണ്ടാണ്." ആശാന്‍റെ പരുക്കന്‍ശബ്ദം പതുക്കെ ഇടറി, "ഇവന് ആദ്യവസാനം കൊടുക്കുവാന്‍ എനിക്കു മടി. ആട്ടക്കാരിൽ ഏറ്റവും വേഷഭംഗിയുള്ള ഇവന്. കാവുങ്കൽ സാക്ഷാൽ ശങ്കരപ്പണിക്കർ കഴിഞ്ഞാൽ ഇവനാണ് മലയാളം കണ്ടിട്ടുള്ളതില്‍വച്ചേറ്റവും വേഷഗുണം എന്ന് തിരുവരുളിയത് മറ്റാരുമല്ല, കൊച്ചിരാജാവ് പരീക്ഷിത്ത് തമ്പുരാന്‍ തിരുമനസ്സുകൊണ്ടു തന്നെ."
ആട്ടം അവസാനിക്കാറായി. ദുശ്ശാസനനെ മടിയിൽ കിടത്തി വയറും മാറും പിളര്‍ന്ന്, കുടല്‍മാല വാരി പുറത്തേക്കിട്ട് രൗദ്രഭീമന്‍ രക്തം കുടിക്കുവാന്‍ തുടങ്ങി.
ഈ കുടല്‍മാലയിൽ എവിടെയോ ഇന്നലെ അത്താഴത്തിനു കഴിച്ച ഉപ്പിലിട്ട വടുകപ്പുളിനാരങ്ങയുടെ ഗന്ധം കുരുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന് രാഘവനു തോന്നിയപ്പോൾ ചിരി അടക്കുവാന്‍ കഴിഞ്ഞില്ല. മൃതപ്രായനായ ദുശ്ശാസനന്‍ ചിരിക്കുന്നത് ശരിയല്ലാത്തതുകൊണ്ട് ഒന്ന് കൂകി. അസമയത്തെ രാഘവന്‍റെ കൂകല്‍കേട്ട് പരിഭ്രമിച്ച രാമന്‍കുട്ടി പുരികംകൊണ്ട് കാര്യം എന്താണെന്ന് അന്വേഷിച്ചു.
തലേന്നാൾ കളിയില്ലായിരുന്നു. പകരം ആശാന്‍ അവരെ സന്താനഗോപാലം ചൊല്ലിയാടിച്ചു. ആശാന്‍തന്നെയായിരുന്നു ബ്രാഹ്മണന്‍. രാഘവന്‍ അര്‍ജ്ജുനനും. ചൊല്ലിയാട്ടത്തിനിടയ്ക്കാണ് മിക്കയല ഒരു കൂട്ടുകാരിയുടെ കൂടെ വന്നുകയറിയത്. ബ്രാഹ്മണസ്ത്രീയുടെ അവസാനത്തെ കുട്ടിയെ മരണത്തില്‍നിന്നു രക്ഷിക്കുവാന്‍ ശരംകൊണ്ടുണ്ടാക്കിയ സൂതികാഗൃഹത്തിനു മുമ്പിൽ അമ്പും വില്ലും പിടിച്ച് രാഘവന്‍ കാവല്‍ക്കാരനായി വളരെനേരം നിന്നു. ഷര്‍ട്ടിടാത്ത അയാളുടെ നെഞ്ചിൽ ഒരു പൂവ് വന്നു വീണപ്പോൾ മാത്രമാണ് രാഘവനു ജീവന്‍ വച്ചത്. ചുറ്റും നോക്കിയപ്പോൾ എല്ലാവരും ചിരിക്കുന്നു. ആട്ടക്കാർ മിക്കയലയുടെയും കൂട്ടുകാരിയുടെയും ചുറ്റും വട്ടംകൂടി സംസാരിച്ചുകൊണ്ടു നില്‍ക്കുന്നത് അയാൾ കണ്ടു.
മിക്കയല മലയാളത്തിൽ പറഞ്ഞു: " പിന്നെ ഞാനല്ല, ഇവൾ, ഇവളാണ് നിങ്ങളുടെ ബോഡിയിൽ പൂവിട്ടത്."
"എന്നു വന്നു?" രാഘവന്‍ ചോദിച്ചു.
"മൂന്നുനാലു ദിവസം മുമ്പ് റോമിൽ. പിന്നെ ഉടന്‍ ട്രെയിനിൽ ഇവിടെ. വെനീസാണ് എന്‍റെ നാട്."
"ഇതാരാണ്, പൂവിട്ട ഈ കുട്ടി?"
"ഇതോ, ഇത് കാര്‍മെന്‍. എന്‍റെകൂടെ വര്‍ക്കുചെയ്യുന്നു. പിന്നെ അമ്മ നിങ്ങള്‍ക്കു വേണ്ടി പിക്കിള്‍സും പപ്പടവും അയച്ചിട്ടുണ്ട്." മിക്കയല ബാഗിന്‍റെ ഉള്ളില്‍നിന്ന് ഒരു പൊതിയെടുത്ത് രാഘവനു കൊടുത്തു.
"രമണി?" രാഘവന്‍ ചോദിച്ചു.
"നിങ്ങളുടെ മിസിസ്? നന്നായി ഇരിക്കുന്നു. പിന്നെ, മോൾ സുമതി ഒരു ടിന്‍ യാഡ്‌ലി പൗഡർ കൊണ്ടുവരണം എന്നു പറഞ്ഞു. പിന്നെ, മോന്‍ അച്യുതന്‍ ഒരു റേമ്പാന്‍ഗ്‌ളാസ് വാങ്ങുവാന്‍ ഡാഡിയോടു പറയണമെന്ന്..." ആ വാക്യം അവസാനിപ്പിക്കുവാന്‍ സാധിക്കാതെ മിക്കയല കുഴഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിൽ യൂണിവേഴ്‌സ്റ്റിയിലെ സാമൂഹ്യശാസ്ത്ര വകുപ്പിലെ ഒരു സംഘത്തിന്‍റെകൂടെ, പാര്‍ട്ട്‌ടൈം സഹായിയായി, മിക്കയല കേരളത്തിൽ താമസിച്ചിരുന്നു. നായന്മാരെക്കുറിച്ച് പഠിക്കുവാന്‍ പ്രത്യേകിച്ചും അവരുടെ സ്ത്രീകളുടെ ഇടയിൽ ഉണ്ടായിരുന്ന സംബന്ധത്തെക്കുറിച്ച്. അച്ഛന്‍ നമ്പൂതിരിയുടെ സംബന്ധക്കാരിയായിരുന്ന അമ്മയെ അവർ പലതവണ കണ്ടിരുന്നു.
ഇറ്റലിയിലേക്കു മടങ്ങുന്നതിനുമുമ്പ് അമ്മയോടു യാത്ര ചോദിക്കുവാന്‍ ചെന്നപ്പോഴാണ് രാഘവനു കൊടുക്കുവാന്‍വേണ്ടി ഉപ്പിലിട്ട വടുകപ്പുളി നാരങ്ങയും, പപ്പടക്കാരന്‍ കൊങ്ങിണിയോട് പ്രത്യേകം പറഞ്ഞുണ്ടാക്കിയ കുരുമുളകുപപ്പടവും അമ്മ മിക്കയലയെ ഏല്പിച്ചത്.
അന്നുതന്നെ ഉപ്പിലിട്ടതും പപ്പടവും കൂട്ടി ഊണുകഴിക്കണമെന്ന് രാമന്‍കുട്ടിക്കു വാശിയായി. വിദേശത്തു വന്നമുതൽ വിശപ്പ് വിട്ടുമാറാത്ത ഒരു കഴലായി രാഘവന്‍റെ വയറ്റിലും പരന്നുകിടന്നിരുന്നു. തേങ്ങ ചുട്ട ചമ്മന്തി യും ഘുമുഘുമായെന്നു മണക്കുന്ന കാച്ചിയ നെയ്യും ചേര്‍ത്ത കഞ്ഞിവെള്ളം സ്വപ്നങ്ങളിലൂടെ ഒഴുകുന്നുവെന്ന് തലേന്നാൾ മാത്രമാണ് ആട്ടക്കാരിൽ ആരോ പറഞ്ഞത്.
യാത്രാക്ഷീണം പൂര്‍ണ്ണമായി മാറിയിട്ടില്ലായിരുന്നുവെങ്കിലും മിക്കയല രാമന്‍കുട്ടിയെയും രാഘവനെയും അവളുടെ വീട്ടിലേക്കു ക്ഷണിച്ചു. വിദേശത്തു വച്ച് അനുഭവിക്കുന്ന ഭക്ഷണദുഃഖത്തെപ്പറ്റി അവള്‍ക്കു നന്നായിട്ടറിയാമായിരുന്നു.
മിക്കയല ടിന്നിൽ കിട്ടുന്ന ഉണങ്ങിയ നാളികേരപ്പൊടി ഇളംചൂടുവെള്ളത്തിൽ കലക്കി, തുണിയിലരിച്ച് പാലെടുത്തു. പച്ചമുളകും, വളരെ ബുദ്ധിമുട്ടി കണ്ടെത്തിയ ചെറിയ ഉള്ളിയും രാമന്‍കുട്ടി ചെറുതായി അരിഞ്ഞുകൊടുത്തു. ഇതെല്ലാം ചേര്‍ത്ത് ദൂരെയുള്ള ഒരു തടാകത്തില്‍നിന്ന് പിടിച്ച ട്രൗട്ട് മത്സ്യംകൊണ്ടം മിക്കയല, കോട്ടയത്തുനിന്നു പഠിച്ച, ഫിഷ്‌മോളി ഉണ്ടാക്കി. കറിവേപ്പില ഇടാനില്ലാതെ അവൾ വിഷമിച്ചപ്പോൾ മേമ്പൊടിയായി ഉണങ്ങിയ ഒറിഗാനൊ ഇല തൂകുവാന്‍ അവള്‍ക്കു ധൈര്യം കൊടുത്തത് കാര്‍മെനായിരുന്നു. ഫിഷ്‌മോളിയുടെ കൂടെ സൂര്യകാന്തിയെണ്ണയിൽ കാച്ചിയ കുരുമുളകുപപ്പടം, പ്‌ളാസ്റ്റിക് കപ്പുകളിൽ കടയില്‍നിന്നു കിട്ടുന്ന കട്ടിത്തൈര്, വടുകപ്പുളിനാരങ്ങ ഇതെല്ലാംകൂട്ടി എത്ര വേവിച്ചാലും വേവുപിടിക്കാത്ത ഇറ്റാലിയന്‍ അരിയുടെ ചോറ് രാമന്‍കുട്ടിയും രാഘവനും വാരിവാരിത്തിന്നുന്നത് കാര്‍മെനും മിക്കയലയും കൗതുകത്തോടെ വീക്ഷിച്ചു—മിക്കയലാഞ്ചലൊയുടെ ‘പിയത്ത’യിലെ മേരിയുടെ അമലമായ മുഖം അവർ ഒരുമിച്ച് പല കോണുകളില്‍നിന്നു നോക്കിക്കാണാറുള്ളതു പോലെ.
തിരിച്ച് അവരെ ഹോട്ടലിൽ എത്തിക്കുവാന്‍ കാര്‍മെനും, മിക്കയലയും ബോട്ടിൽ കയറി. ബോട്ടുയാത്രയ്ക്കിടയിൽ കാര്‍മെന്‍ മിക്കയലയോട് ഇറ്റാലിയനിൽ സംസാരിച്ചുകൊണ്ടേയിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ മിക്കയല രാമന്‍കുട്ടിയെയും രാഘവനെയും നോക്കി പറഞ്ഞു:"പിന്നെ, ഇവൾക്ക് നാളെ ഗ്രീന്റൂമിൽ വരണമെന്ന്."
"ഓഹോ. അതിനെന്താ?" രാമന്‍കുട്ടി ചോദിച്ചു.
ഹോട്ടലിന് അടുത്തുള്ള ബോട്ടുജെട്ടിയിൽ രാഘവനെയും രാമന്‍കുട്ടിയെയും ഇറക്കിയതിനുശേഷം ജെട്ടിയിൽ കിടന്നിരുന്ന എതിര്‍വശത്തേക്കുള്ള ബോട്ടിൽ മിക്കയലയും കാര്‍മെനും കയറി. ബോട്ട് അകന്നപ്പോൾ അവർ രാഘവനെയും രാമന്‍കുട്ടിയെയും നോക്കി കൈവീശി. രാമന്‍കുട്ടി കൈവീശിക്കൊണ്ട് വിളിച്ചുപറഞ്ഞു: "പിന്നെ!"
രാഘവനും ചിരിച്ചുകൊണ്ട് ഉറക്കെ കൂകി: "പിന്നെ."
"പിന്നെ," അകലുന്ന ബോട്ടില്‍നിന്ന് മിക്കയല മറുപടി പറഞ്ഞു. ബോട്ടിന്‍റെ അകത്ത് ഉറക്കംതൂങ്ങിയിരുന്ന കഷണ്ടിത്തലയുള്ള ഒരു വൃദ്ധന്‍ തറയിൽ ഊന്നുവടികൊണ്ട് മുട്ടി ശബ്ദമുണ്ടാക്കരുതെന്ന് അറിയിച്ചു.
കുറച്ചുനേരംമുമ്പ് നിലത്ത് പുറംതല്ലി ചത്ത ദുശ്ശാസനന്‍ തലയുയര്‍ത്തി വന്ന ചിരി കൂകിത്തീര്‍ത്ത് പിന്നെയും മരിച്ചുവീണു. ‘പിന്നെ’ എന്ന ഈണത്തിൽ കൂകല്‍കേട്ട രൗദ്രഭീമന്‍ അന്ധാളിച്ച് ചുറ്റും നോക്കിയപ്പോൾ പിറകിൽ തിരശ്ശീലമാറ്റി പാഞ്ചാലി അഴിച്ചിട്ട മുടിയുമായി വരുന്നതുകണ്ടു. ദുശ്ശാസനന്‍ ഒരിക്കല്‍ക്കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനുമുമ്പ് രൗദ്രഭീമന്‍ പാഞ്ചാലിയുടെ മുടിയിൽ ധൃതിപിടിച്ച് ചോരപുരട്ടി. അപ്പോൾ കാണികള്‍ക്കിടയിൽ കൊള്ളിമീനുകൾ വീഴുന്നപോലെ ക്യാമറയുടെ ഫ്‌ളാഷുകൾ മിന്നി.
ഹോട്ടലിലേക്കു മടങ്ങുവാന്‍ വലിയ സ്യൂട്ട്‌കേസുകളിൽ കളിക്കോപ്പ് നിറച്ച്, ട്രോളിയുന്തി, കളിയോഗം ബോട്ടുജെട്ടിയിലേക്കു നടന്നു. ആശാനെ തൊഴുതു പിരിയുവാന്‍ നേരത്ത് കാര്‍മെന്‍ കൂടെ നടക്കുവാന്‍ രാഘവനെ ക്ഷണിച്ചു. രാഘവന്‍ ആശാന്‍റെ മുഖത്തേക്കു നോക്കി. ഹോട്ടലിൽ രാഘവനെ ഭദ്രമായി തിരിച്ചെത്തിക്കുന്നകാര്യം താനേറ്റുവെന്ന് കാര്‍മെന്‍ അഭിനയിച്ചു കാണിച്ചു. ആശാന്‍ ആകാശത്തിലെ ഇരുട്ടിനെ ഒന്നു നോക്കിയിട്ട് അര്‍ദ്ധസമ്മതത്തിൽ മൂളി. തുണിമൂടിക്കെട്ടിയ ചെണ്ടപ്പുറത്ത് ഉള്ളം കൈകൊണ്ട് ചെണ്ടക്കാരന്‍ നമ്പീശന്‍ പതിഞ്ഞൊന്നു കൊട്ടി.
സാന്മാര്‍ക്കോ ചതുരത്തിൽ ജാപ്പനീസ് ടൂറിസ്റ്റുകൾ കൊഴിച്ച ധാന്യമണികൾ തികട്ടിയെടുത്ത് പ്രാവുകൾ അര്‍ദ്ധസുഷുപ്തിയിൽ കുറുങ്ങി. ചതുരത്തിലെ പ്രസിദ്ധമായ നാഴികമണിയുടെ ഉള്ളില്‍നിന്ന്, മണിക്കൂറുകൾ തികയുമ്പോൾ പുറത്തിറങ്ങിവന്ന് നൃത്തം ചവിട്ടുന്ന കാപ്പിരിബൊമ്മകളെ കാത്ത്, അര്‍ദ്ധരാത്രിയിലും ടൂറിസ്റ്റുകൾ കൂട്ടമായി നില്‍ക്കുന്നുണ്ടായിരുന്നു. കാര്‍മെന്‍ രാഘവനോടൊത്ത് തോട്ടിന്‍കരയിൽ ചെന്നിരുന്നു.
ദൂരെ ഒരു ഡിസ്‌ക്കോയില്‍നിന്ന് വാതിൽ തുറന്നടയുന്ന വേളകളിൽ മാത്രം വാദ്യഗാനം കേള്‍ക്കാമായിരുന്നു. കപ്പലിലേക്കു മടങ്ങുന്ന ഒരുപറ്റം നാവികർ കാര്‍മെനെ നോക്കി കൈീശി. അവർ തരിച്ചും. പുണ്യാഹച്ചുണ്ടയിട്ടു ചുവപ്പിച്ച കണ്ണുകളിൽ കടല്‍ക്കാറ്റ് പിടിച്ചപ്പോൾ രാഘവന് വേദനിച്ചു. കാര്‍മെനോട് കണ്ണു തുടയ്ക്കുവാന്‍ ഒരു ടിഷ്യുപേപ്പർ ചോദിക്കണം എന്ന് അയാള്‍ക്കു തോന്നി. പക്ഷേ, ഭാഷ അറിയാത്തതുകൊണ്ട് ഒന്നും മിണ്ടിയില്ല.
മൗനം രാഘവന് സഹജമായ ഭാവമായിരുന്നു. അന്തിക്ക് അച്ഛന്‍ നമ്പൂതിരി വീട്ടിൽ വരുമ്പോൾ പാനീസ് വിളക്കിന്‍റെ വെളിച്ചത്തിൽ രാഘവന്‍ പഠിക്കുകയായിരിക്കും. അച്ഛനെ കാണുമ്പോൾ ചിരിച്ചുകൊണ്ട് എന്തോ പറയുവാന്‍ കുട്ടി ചുണ്ടനക്കുമ്പോൾ അച്ഛന്‍ നമ്പൂതിരി പറയും: ശ്ശ് മിണ്ടരുത്. കഥകളിക്കാരനാകാന്‍ പോകുന്ന നീ മിണ്ടരുത്.
അച്ഛന്‍ നമ്പൂതിരിയില്‍നിന്നു കേട്ട ആദിശങ്കരന്‍ വിദ്യ അഭ്യസിച്ച കഥ രാഘവന്‍ പെട്ടെന്നോര്‍ത്തു. അത് കാര്‍മെനോടു പറയുവാന്‍ അയാൾ വെമ്പി.
"ആദിശങ്കരന്‍." രാഘവന്‍ പറഞ്ഞു.
"ആദി?"
"ആദിശങ്കരന്‍ ഒരു ഇന്ത്യന്‍ മഹര്‍ഷിയായിരുന്നു. പരമശിവനായിരുന്നു അദ്ദേഹത്തിന്‍റെ മാഷ്." തേഡ്ഫാറംവരെ പഠിച്ച ഇംഗ്ലീഷുമായി രാഘവനു മുന്നോട്ടു പോകുവാന്‍ കഴിഞ്ഞില്ല. ആദിശങ്കരന്‍റെ വിദ്യാഭ്യാസത്തിന്‍റെ കഥ കാര്‍മെന്‍റെ മുഖത്തുനോക്കി മനസ്സിലാടുവാന്‍ രാഘവന്‍ തീരുമാനിച്ചു.
കൈലാസം വിട്ട് തെക്കോട്ടെത്തിയ ദക്ഷിണമൂര്‍ത്തിയായ ശിവനായിരുന്നു ആദിശങ്കരന്‍റെ ഗുരു. ഒരു നല്ല നാളിൽ ഹരിശ്രീ കുറിച്ച് ഗുരുവും ശിഷ്യനും മുഖത്തോടുമുഖം നോക്കി പത്മാസനത്തിൽ ഇരുന്നു. നിശ്ശബ്ദരായി. ഇമകൾ പൂട്ടുന്ന ശബ്ദംപോലും കേള്‍പ്പിക്കാതെ. മണ്ഡലങ്ങൾ കുറെ പിന്നിട്ടപ്പോൾ ശങ്കരന് അറിവ് പൂര്‍ണ്ണമായി.
എന്തോ മനസ്സിലായ മട്ടിൽ കാര്‍മെന്‍ പുഞ്ചിരിച്ചു. അവൾ മനസ്സിൽ രാഘവനോടു ചോദിച്ചു: നീ ജാതിയിൽ കഥകളിക്കാരനാണോ?
അവളുടെ ചിരിയിലെ കുറുമ്പ് രാഘവനെ രസിപ്പിച്ചു. അയാൾ മനസ്സിൽത്തന്നെ മറുപടി പറഞ്ഞു: ഇല്ല, അച്ഛന്‍ നമ്പൂതിരി ഞങ്ങളുടെ വീട്ടിൽ താമസിച്ചിരുന്നില്ല. ഇടയ്ക്കിടെ രാത്രി വരും. കാലത്തെഴുന്നേറ്റു പോകും. അപ്പോൾ മിക്കവാറും ഞാനും അനിയനും ഉറക്കമായിരിക്കും.
കാര്‍മെന്‍ അതിനു മറുപടി പറഞ്ഞില്ല. അവൾ മുഖംതിരിച്ച് രാഘവന്‍റെ ആറരയടി മുഴുവന്‍ കണ്ണോടിച്ചു. ഫ്‌ളാനൽ ഷര്‍ട്ടിന്‍റെ അകത്ത് പിച്ചകമൊട്ടു പോലെ ജൃംഭിച്ച് നില്‍ക്കുന്ന അയാളുടെ മുലകൾ. മാംസനിഷ്ഠമായ കൈകളിൽ നിന്ന്, നദികൾ വഴിപിരിഞ്ഞു ഉപശാഖകളാകുന്ന ഭംഗിയോടെ വളരുന്ന വിരലുകൾ. തലമുടിയിൽ അങ്ങിങ്ങു പറ്റിപ്പിടിച്ചുകിടക്കുന്ന മഞ്ഞിന്‍റെ പരലുകളെപ്പോലെ തിളങ്ങുന്ന നര. അവൾ ഏറ്റവും ഇഷ്ടപ്പെട്ടത് അയാളുടെ മൂക്ക്തന്നെയായിരുന്നു. അതിന്‍റെ പേടിപ്പിക്കുന്ന മൂര്‍ച്ചയിൽ വിരലോടിക്കുമ്പോൾ ഉള്‍വയറ്റിൽ അനുഭവപ്പെടാവുന്ന സുഖകരമായ നടുക്കത്തിനായി അവൾ കൊതിച്ചു. മാംസസംസ്‌കരണശാലയിൽ ജോലി ചെയ്യുന്നതുകൊണ്ട് ആളുകളെ തനിക്ക് അവയവങ്ങൾ മാത്രമായേ കാണുവാന്‍ പറ്റുന്നുള്ളൂ എന്ന് കാര്‍മെന് തോന്നി.
സാന്മാര്‍ക്കൊ ചതുരത്തിലെ ഗോപുരമണി രണ്ടെന്നറിയിച്ചു. ഇത്തവണ കാപ്പിരി ബൊമ്മകളുടെ നൃത്തം കാണുവാന്‍ ആരും ഇല്ലായിരുന്നു. അവസാനത്തെ ബോട്ട് പോയതുകൊണ്ട് രാഘവനും കാര്‍മെനും തോട്ടിന്‍കരയിലൂടെ ഹോട്ടലിലേക്ക് നടന്നു. നിരനിരയായി കെട്ടിയിരുന്ന ഓടങ്ങൾ തമ്മിൽ ഉരസുന്ന ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കുവാനില്ലായിരുന്നു. റിയാല്‍റ്റൊ പാലത്തിന്‍റെ മുമ്പിലെ മൂന്നുംകൂടിയ വഴിയില്‍നിന്ന് കാര്‍മെന്‍ രാഘവന് അയാളുടെ ഹോട്ടൽ ചൂണ്ടിക്കാണിച്ചുകൊടുത്തു. കെട്ടിടങ്ങളുടെ മുമ്പിലെ കോലായകളും, കുറിയ പാലങ്ങളും താണ്ടി കാര്‍മെനും അവളുടെ ഫ്‌ളാറ്റിലേക്ക് മടങ്ങി.
രാഘവന്‍ മുറിയിൽ തിരിച്ചെത്തിയപ്പോഴേക്കും ആശാന്‍ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് കണ്ണുസാധകം തുടങ്ങിയിരുന്നു.
"വയസ്സ് പത്ത് നാല്‍പത്തിയഞ്ച് ആയപ്പോഴാ കോടമഞ്ഞിൽ ചുറ്റിക്കറങ്ങൽ. മുത്തച്ഛനാകുവാന്‍ ഇനി അധികം സമയം വേണ്ടാ എന്ന് ഓര്‍ത്തോ."
"അച്ഛന്‍ എന്താണീ പറയുന്നത്?" രാഘവന്‍ ചോദിച്ചു.
അച്ഛന്‍ നമ്പൂതിരിയുടെ മനയ്ക്കൽ കളിയോഗം ഉണ്ടായിരുന്നപ്പോൾ കളിയച്ഛന്‍ ആശാനായിരുന്നു. അച്ഛന്‍ നമ്പൂതിരിയുടെ മരണശേഷം ആശാന്‍ രാഘവനെ കൂടെ താമസിപ്പിച്ച് ആട്ടം പഠിപ്പിക്കുന്നതിനിടയിൽ ഒരുനാൾ കളിയച്ഛന്‍ അച്ഛനായി.
രാഘവന്‍ ഷര്‍ട്ടും പാന്‍റും ഊരിവച്ച് ലുങ്കിയും കൈയില്ലാത്ത വലബനിയനുമിട്ട് കിടക്കയിൽ കിടന്ന് കമ്പിളി തലയ്ക്കുമേൽ വലിച്ചിട്ട ഉടനെ ഉറക്കം തുടങ്ങി.
കണ്ണുസാധകത്തിനിടയിൽ ഒളികണ്ണിട്ട് ആശാന്‍ രാഘവനെ നോക്കി: നമ്പൂതിരിയില്‍നിന്ന് കിട്ടിയ വെളുപ്പും പൊക്കവും അതിനൊത്ത വണ്ണവും. താന്‍ ചവിട്ടി പതംവരുത്തിയ മാംസപേശികൾ.
കച്ചകെട്ടിയ കുട്ടി തിരുമ്മുപായയിൽ എണ്ണ തേച്ചു കിടന്നു. കച്ച തൊട്ട് വന്ദിച്ച്, മുകളിൽ കെട്ടിയ മുളയിൽ കൈപിടിച്ച് ആശാന്‍ ഉഴിച്ചിൽ തുടങ്ങി. പതിനേഴു കാലടികള്‍കൊണ്ട് അവനെ അളന്ന് ഉഴിഞ്ഞു. ആശാന്‍റെ മടമ്പിലെ വിള്ളലുകൾ രാഘവന്‍റെ കശേരുകള്‍ക്കിടയിൽ മുറുകിനിന്ന ഇളംതൊലിയിൽ പോറലേല്‍പിച്ചുവെങ്കിലും കുട്ടി അനങ്ങാതെ കിടന്നു. പൂവ്വരക്കും ആവണക്കെണ്ണയും മണക്കുന്ന കുഴമ്പിൽ ചിലപ്പോൾ കാല് തെന്നി കച്ചയിൽ തട്ടി കുഴിനഖം നൊന്തിട്ടും താഴെ കിടക്കുന്ന ഉറയ്ക്കാത്ത മെയ്യിനെ ആട്ടക്കാരനാക്കുവാനുള്ള ആശാന്‍റെ പ്രയാണങ്ങൾ തുടര്‍ന്നു.
ശബ്ദം കനക്കുന്നതിന് മുമ്പുതന്നെ ആശാന്‍ രാഘവനെ കൂട്ടി അമ്പലക്കുളത്തിലേക്ക് പോകുമായിരുന്നു. കഴുത്തറ്റം വെള്ളത്തിൽ നിന്ന് ആശാന്‍ അവന് അലര്‍ച്ചകൾ പറഞ്ഞുകൊടുത്തു. മുരുക്കുമരങ്ങളില്‍നിന്ന് പാതിരാപ്പുള്ളുകളെ പറപ്പിക്കുന്ന താടിയുടെ അലര്‍ച്ച. ശൃംഗരിക്കുന്ന കത്തിയുടെ രാഗഛായയിലുള്ള ഗോഗ്വാ. ഹനുമാന്‍റെ സന്തോഷത്തിലുള്ള ഗ്ഗൂയി. അതെ ഹനുമാന്‍തന്നെ. അശോകവനത്തിലെ സീതയെ കണ്ട് സങ്കടപ്പെടുന്ന ആയ്ഹി. കിരാതന്‍റെ പുച്ഛത്തിലുള്ള പുപ്പൂയി.
"അലര്‍ച്ച മാത്രമേ ഉള്ളൂ നമുക്ക് നാദബ്രഹ്മത്തെ ഉപാസിക്കുവാന്‍." കുളത്തില്‍നിന്ന് തിരിച്ചുനടക്കുമ്പോൾ ആശാന്‍ പറഞ്ഞു. രാഘവനത് മനസ്സിലായ മട്ടില്ലായിരുന്നു.
പലതും രാഘവന് മനസ്സിലാകുന്നില്ലെന്ന് ആശാന് തോന്നിത്തുടങ്ങിയപ്പോഴാണ് അവനെയും കൂട്ടി കോട്ടയ്ക്കലിൽ പി. എസ്. വാര്യരുടെ കളി യോഗത്തിൽ ചെന്ന് പട്ടിക്കാംതൊടി രാവുണ്ണിമേനോനെ കണ്ടത്.
"ഇവനിവിടെ നിന്നോട്ടെ മേന്‍നെ," ആശാന്‍ പറഞ്ഞു. പി. എസ്. വാര്യരോട് ഞാന്‍ പറഞ്ഞ് സമ്മതം വാങ്ങിക്കൊള്ളാം. ചിട്ട തെറ്റിക്കാതെ ആട്ടം പഠിപ്പിക്കുവാന്‍ മേനന് അല്ലാതെ ആര്‍ക്കാ പറ്റുക?"
"നല്ല മെയ്യ്. ഏതാ ഈ കുട്ടി?" പട്ടിക്കാംതൊടി ചോദിച്ചു.
"നമ്മുടെ മരിച്ചുപോയ വിരൂപാക്ഷന്‍ നമ്പൂതിരിയുടെ മകനാണ്. നായർ സ്ത്രീയിൽ."
"മേളക്കാരന്‍ തീരുമേനി, അല്ലെ?"
"അതെ," ആശാന്‍ പറഞ്ഞു, "മെയ്യ് മാത്രമല്ല നല്ല മനയോലപ്പറ്റും തൊലിക്കനവും ഉള്ള മുഖവുമാണ്. വലുതാകുമ്പോൾ ഇവന്‍റെ വേഷഭംഗി ഗംഭീരമായിരിക്കും."
പട്ടിക്കാംതൊടിയുടെ കൂടെ അധികംനാൾ കോട്ടയ്ക്കലിൽ തങ്ങുവാന്‍ രാഘവന് കഴിഞ്ഞില്ല. ആരോഗ്യം ക്ഷയിച്ച് കോട്ടയ്ക്കലില്‍നിന്ന് ഭാര്യ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ്, രാഘവനെ തിരിച്ചു കൊണ്ടുപോകുവാനെത്തിയ ആശാനോട്, പട്ടിക്കാംതൊടി പറഞ്ഞു: "അച്യുതന്‍ ഞാന്‍ പറയുന്നത് കേട്ട് വിഷമിക്കരുത്. വിത്തുഗുണവും മെയ്യഴകും ധാരാളം ഉണ്ടെങ്കിലും എന്‍റെ ചിട്ട അനുസരിച്ച് ഇവന്‍ രണ്ടാംതരമേ ആവുള്ളൂ."
രാഘവനെ കൂട്ടി തിരിച്ചെത്തിയ ഉടന്‍ ആശാന്‍ കളരി പിരിച്ചുവിട്ടു. എന്നിട്ട് ആശാന്‍ രാഘവനെ മാത്രം പഠിപ്പിക്കുവാന്‍ തുടങ്ങി. മുദ്രതോന്നിക്കലും രസപ്രകടനങ്ങളും മണിക്കൂറുകൾ നീണ്ടു. കണ്ണീര്‍ഗ്രന്ഥി വറ്റുന്നതുവരെ കണ്ണുസാധകം ചെയ്യിച്ചു. കൃഷ്ണമണികൊണ്ട് അവന്‍ എഴുതിയ എട്ടുകൾക്ക് കണക്കില്ലായിരുന്നു. പുരികം ഇളക്കി ബാലനെ ശൃംഗരിക്കുവാന്‍ പഠിപ്പിച്ചു. ചുണ്ടിന്‍റെ കടകൾ ഇളക്കി ദുഃഖിക്കുവാനും. കൊല്ലത്തെ ഒരു പ്രസ്സുകാർ ആയിടെ ഇറക്കിയ ‘64 ആട്ടക്കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന് കഥകൾ ഓരോന്നായി എടുത്ത് രാഘവനെക്കൊണ്ട് ചൊല്ലിയാടിച്ചു. മനോധർമ്മം നന്നായി തോന്നിക്കുവാന്‍ കലാമണ്ഡലത്തിൽ ചെന്ന് വള്ളത്തോളിന്‍റെയും കുട്ടിക്കൃഷ്ണമാരാരുടെയും ഒഴിവുസമയം തേടി രാഘവനെ സാഹിത്യം മനസ്സിലാക്കിച്ചു.
"ഇട്ടിരാരിച്ചമേനോനോട് പട്ടിക്കാംതൊടിയും, മാത്തൂർ കളരിക്ക് തെക്കരിൽ കേമനായ കുഞ്ഞുപിള്ളപ്പണിക്കരും പെരുമ നേടിക്കൊടുത്തപോലെ ഇവന്‍ ഈ അച്യുതന്‍റെ പേര് നിലനിര്‍ത്തും." കളരി പിരിച്ചുവിട്ടതിന്‍റെ പരിഭവം മാറാത്ത ഭാര്യയോട് ആശാന്‍ പറഞ്ഞു.
"ഒരു കിണറ് കുഴിക്കുന്നതിലും നല്ലത് പല കിണറുകൾ കുഴിക്കുന്നതല്ലേ?" നീരസത്തിൽ ഭവാനിയമ്മ പറഞ്ഞത് ഓർമ്മയിൽ കയറി വന്നപ്പോൾ ആശാന്‍ ഓർമ്മിക്കുന്നതുതന്നെ നിര്‍ത്തി.
മഞ്ഞുകാലമായതുകൊണ്ട് ജനലിനപ്പുറത്ത് പ്രഭാതം വൈകിയേ തുടങ്ങിയുള്ളു. രാത്രി മുഴുവന്‍ ചാരനിറത്തിൽ ദ്വിമാനമായി നിലകൊണ്ട സാന്മാര്‍ക്കൊ ബസിലിക്കയുടെ കുംഭഗോപുരങ്ങൾക്ക് നിറങ്ങളും മജ്ജയും വച്ചുതുടങ്ങി. തിരിച്ചുവീശുന്ന കടല്‍ക്കാറ്റ് പുറത്ത് തണുപ്പു കൂട്ടിയപ്പോൾ രാഘവന്‍ പതുക്കെ കുളിരുന്നതു കണ്ട ആശാന്‍ അയാളുടെ മേൽ തന്‍റെ കട്ടിലിൽ കിടന്ന കമ്പിളികൂടി ഇട്ടു.
റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള ഒന്നാംനമ്പർ ബോട്ട് പിടിക്കുവാന്‍ കാര്‍മെന്‍ പതിവുപോലെ നേരത്തേ എഴുന്നേറ്റു. കുളിക്കാത്തതിന് പ്രായശ്ചിത്തമായി അവൾ കഴുത്തിലും കൈത്തണ്ടകളിലും അത്തറുപുരട്ടി കെട്ടിടത്തിന്‍റെ പുറത്തേക്കിറങ്ങി. പോകുന്നവഴി കാപ്പികുടിക്കുവാന്‍ പതിവുകടയിൽ കയറിയപ്പോൾ അവിടെയും പുതുറൊട്ടിയുടെയും അപ്പോൾ വറുത്തു പൊടിച്ച ബ്രസീലിയന്‍ കാപ്പിപ്പൊടിയുടെയും മണങ്ങളിൽ ഇഴപിരിഞ്ഞ് കുളിക്കാത്തവർ അണിഞ്ഞ അത്തറിന്‍റെ ഗന്ധം കിടന്നിരുന്നു. ബോട്ടിലും അതേ ഗന്ധം അവളെ പിന്തുടര്‍ന്നു. തീവണ്ടിയിലെത്തിയപ്പോൾ അതൊരു മഹാഫലിതമായി വളര്‍ന്നുകഴിഞ്ഞിരുന്നു. മലര്‍ക്കെ ചിരിച്ചുകൊണ്ടാണ് കാര്‍മെന്‍ മാംസസംസ്‌കരണശാലയിലെത്തിയത്.
"എന്താണിത്ര സന്തോഷം?" മിക്കയല ചോദിച്ചു.
"ങും എന്തുണ്ടായി?" സിസിലിയ ചോദിച്ചു.
"പുതിയ ആണ്‍തുണ?" ഡാനിയല ഊഹിച്ചു.
"വാ. അടുത്തേക്ക് വാ." കാര്‍മെന്‍ അവരെ ക്ഷണിച്ചു. അവൾ അവരുടെ ദേഹമാസകലം ഒരു പട്ടിക്കുട്ടിയെപ്പോലെ മണത്തു.
"കരിങ്കാലികൾ. നിങ്ങൾ കുളിച്ചിരിക്കുന്നു." വെനീസ് മുഴുവന്‍ അന്ന് കുളിക്കാതെ അത്തറ് പുരട്ടി കള്ളത്തരം കാണിച്ച കഥ കാര്‍മെന്‍ വിവരിച്ചു.
ഇരുമ്പുപൈപ്പുകളിൽ ഘടിപ്പിച്ച വലിയ കൊളുത്തുകളിൽ തൂക്കിയിട്ട കബന്ധങ്ങള്‍ക്കിടയിലൂടെ കാര്‍മെനും കൂട്ടുകാരും നീങ്ങി. തുടക്കഷണങ്ങളും കാലുകളും വാരിയെല്ലുകളുമായി വെവ്വേറെയാക്കുവാന്‍ അവർ കൊളുത്തുകളില്‍നിന്ന് കബന്ധങ്ങളെ ഊരി ട്രോളികളിൽ വച്ചു.
"പിന്നെ, വിമാനങ്ങൾ സൂക്ഷിക്കുന്ന ഹാങ്ങറുകളെക്കാൾ വലിയ ഒരു ഫ്രിഡ്ജിന്‍റെ അകത്താണ് ഞാനും കാര്‍മെനും വര്‍ക്ക് ചെയ്യുന്നത്." അത്താഴത്തിന് വന്ന രാഘവനോടും രാമന്‍കുട്ടിയോടും താന്‍ പറഞ്ഞത് മിക്കയല ഓര്‍ത്തു. "ഫാക്ടറിയിൽ എപ്പോഴും തണുപ്പാണ്."
"ഏത് സമയവും ഇറച്ചി തൊട്ടും കണ്ടുംകൊണ്ടിരുന്നാൽ മടുപ്പ് തോന്നുകയില്ലേ?" രാമന്‍കുട്ടി ചോദിച്ചു.
"ങും. പിന്നെ, മടുപ്പ് മാറ്റുവാന്‍ ഞങ്ങൾക്ക് പല കളികളും ഉണ്ട്."
മാംസസംസ്‌കരണശാലയിൽ കളികൾ തുടങ്ങിവച്ചത് മിക്കയലയായിരുന്നു. ഒരുദിവസം ഉച്ചഭക്ഷണസമയത്ത് അവൾ എല്ലാവരേയും നോക്കി പറഞ്ഞു: "ഒറ്റയ്ക്കുള്ള ജനസമൂഹങ്ങൾ—എസ്‌കിമോകൾ, സഹാറയിലെ നാടോടി അറബികൾ തുടങ്ങിയവർ—സമയം കളയുവാന്‍ അവരുടേതായ കളികൾ കണ്ടുപിടിക്കുമെന്ന് സാമൂഹ്യശാസ്ത്രജ്ഞന്മാർ പറയുന്നു. എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന കളികൾ. ആരും കാണികളാകാത്ത കളികൾ." മിക്കയല കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി തണുപ്പുകാലം മുഴുവന്‍ ഒഴിവെടുത്ത് യൂണിവേഴ്‌സിറ്റിയിലെ സാമൂഹ്യശാസ്ത്രവകുപ്പിന്‍റെ കീഴിലുള്ള സംഘങ്ങളിൽ പാര്‍ട്ട് ടൈം സഹായിയായി ഇന്ത്യയിലേക്കും, മെലനെസ്യന്‍ ദ്വീപുകളിലേക്കും പോയിരുന്നു.
"നമുക്കും വേണം അത്തരത്തിൽ ഒരു കളി," കാപ്പിക്ക് വേണ്ടി വെന്‍ഡിങ് മെഷ്യനിൽ തുട്ടുകൾ ഇടുന്നതിന്‍റെ ഇടയ്ക്ക് തലയുയര്‍ത്തി സിസിലിയ പറഞ്ഞു.
"ഒരു കളിയല്ല, പല കളികൾ." കാര്‍മെന്‍ പറഞ്ഞു. അങ്ങനെയാണ് മാംസസംസ്‌കരണശാലയിൽ ഉച്ചഭക്ഷണസമയത്ത് കളികൾ ഉണ്ടായത്.
അന്നവർ തിരഞ്ഞെടുത്ത കളിയുടെ പേര് റോമാചക്രവര്‍ത്തി കളി എന്നായിരുന്നു. ബലിമൃഗങ്ങളുടെ ആന്തരാവയവങ്ങൾ പരിശോധിച്ച് റോമാചക്രവര്‍ത്തികൾക്ക് ഭാവി പറഞ്ഞുകൊടുത്തിരുന്ന പ്രവാചകന്മാരെക്കുറിച്ച് ഇവര്‍ക്ക് അറിയാമായിരുന്നു.
"ഇന്നത്തെ സീസർ കളിക്ക് നമുക്കൊരു ചെറിയ ആടിനെ തേടാം." മിക്കയല പറഞ്ഞു. ഫ്രീസറില്‍നിന്ന് തോല്‍മാത്രം ഉരിഞ്ഞ ഒരു ആടിനെ സ്റ്റീൽ മേശപ്പുറത്ത് കിടത്തി മിക്കയല ഇലക്ട്രിക് അറക്കവാളുകൊണ്ട് അതിന്‍റെ മാറ് തുറന്നു.
"ഇന്ന് ഞാന്‍ നിന്‍റെ ഭാവി പറയാം." മിക്കയല കാര്‍മെനോട് പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച എന്തോ ദുരുദ്ദേശ്യം അതിലുണ്ടെന്ന് കാര്‍മെന് തോന്നിയെങ്കിലും അവൾ ഒന്നും മിണ്ടിയില്ല.
"ഞാന്‍ കാണുന്നു. ഞാന്‍ കാണുന്നു. ഞാന്‍ തത്തകളെ കാണുന്നു." മിക്കയല പറഞ്ഞു. ഉറയുന്ന ശബ്ദത്തിൽ നാടകീയമായി ഭാവി പറയുവാന്‍ മിക്കയലയ്ക്ക് മാത്രമേ കഴിഞ്ഞിരുന്നുള്ളു. മലബാറിലെ വെളിച്ചപ്പാടുകൾ മഞ്ഞളും അരിയും ചേര്‍ത്ത് വാക്കുകൾ വലിച്ചെറിയുന്നത് അവൾ കണ്ടിട്ടുണ്ടായിരുന്നു.
"ഞാന്‍ പലതരം തത്തകളെ കാണുന്നു. പലനിറത്തിലുള്ള തത്തകൾ. തത്തകൾ, ദാ, മനുഷ്യരാകുന്നതും ഞാന്‍ കാണുന്നു. പല നിറത്തിലുള്ള മനുഷ്യർ." മിക്കയല ഒന്ന് നിര്‍ത്തിയെങ്കിലും അവൾ കാര്‍മെന്‍റെ മുഖത്ത് നോക്കിയതേയില്ല.
"കറുപ്പും, ചുവപ്പും നിറമുള്ള ഒരുവന്‍. പച്ചയണിഞ്ഞ മറ്റൊരുവന്‍. നെറ്റിയിൽ കോഴിപ്പൂവുപോലെ കിരീടം വളര്‍ത്തുന്ന മൂന്നാമതൊരുവന്‍. ഈ മാരിവില്ല് മനുഷ്യരുടെ ഇടയില്‍നിന്ന് ഒരാൾ ഇറങ്ങിവന്ന് കാര്‍മെനെ കാമിക്കും. അല്‍പം പ്രായമുള്ള ഒരാൾ." പ്രവചനം നിര്‍ത്തിയതിനുശേഷവും മിക്കയല കാര്‍മെന്‍റെ മുഖത്ത് നോക്കിയില്ല.
"പറ, കാര്‍മെന്‍ ഏതാണ് നിന്‍റെ പുതിയ കൂട്ടുകാരന്‍? ദേഹം മുഴുവന്‍ വ്യാളികളെ പച്ചകുത്തിയ വല്ല ആസ്‌ട്രേലിയക്കാരന്‍ നാവികനുമാണോ?" ഡാനിയല ചോദിച്ചു.
"വരാന്‍പോകുന്ന കാര്യങ്ങളല്ലെ മിക്കയല പറഞ്ഞത്. അത് ശരിയാകുകയാണെങ്കിൽ ഞാന്‍ നിങ്ങളെ വിവരം അറിയിക്കാം. പക്ഷേ ആരുമായി ഞാന്‍ അയാളെ പങ്ക് വയ്ക്കില്ല." കാര്‍മെന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
മിക്കയല ചിരിക്കാതിരിക്കുന്നത് കാര്‍മെന്‍ ശ്രദ്ധിച്ചു. വൈകുന്നേരം പണിതീര്‍ന്ന് ഫാക്ടറി ഗേറ്റിൽ കാര്‍ഡ് പഞ്ച് ചെയ്യുവാന്‍ വരിയിൽ നില്‍ക്കുമ്പോൾ കാര്‍മെന്‍ മിക്കയലയോട് പറഞ്ഞു: "ഇന്നത്തെ പ്രവചനം ഗംഭീരമായി."
"വിവരം ഞാനറിഞ്ഞു എന്ന് നിന്നെ അറിയിച്ചതാണ്."
"അതിരിക്കട്ടെ. എന്തിനാണ് നമ്മുടെ പിഞ്ചുകളികളിൽ നീ വിഷം ചേര്‍ക്കുന്നത്?" കാര്‍മെന്‍റെ ശബ്ദം ഉയര്‍ന്നു: "പറയൂ, എന്തു വിവരമാണ് നീ അറിഞ്ഞതെന്ന്?"
"നീയും രാഘവനുമായുള്ള ബന്ധം."
"ഞങ്ങൾ തമ്മിൽ ചങ്ങാത്തത്തിൽ കൂടുതൽ ഒരു ബന്ധവും ഇല്ല."
"എന്നിട്ടാണോ ഇന്നലെ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് അയാളുടെ കൂടെ നടന്നത്?"
"അതാണോ കാര്യം? എനിക്ക് അയാളുടെ കൂടെ നടക്കുന്നത് ഇഷ്ടമാണ്. അയാൾ ഒന്നും മിണ്ടുന്നവനല്ല. ഞങ്ങളുടെ ഇടയിൽ ഭാഷയില്ല. പുരുഷന്മാർ ഭാഷവരെ അവരുടേതാക്കിക്കഴിഞ്ഞ സ്ഥിതിക്ക് ഈ മൂകന്‍ എനിക്ക് വിലപ്പെട്ടവനാണ്."
കുറച്ചുനേരം അവർ ഒന്നും സംസാരിച്ചില്ല.
"കാര്‍മെന്‍," മിക്കയല ശബ്ദം താഴ്ത്തി പറഞ്ഞു: "മെലനേസ്യന്‍ ദ്വീപുകളിൽ വച്ച് ഞാന്‍ പ്രാപിച്ച ആ പുരുഷനും ഭാഷയില്ലായിരുന്നു. പക്ഷേ അയാൾ എന്‍റെ മനസ്സിൽ വടുകെട്ടി കിടക്കുന്നു."
"എന്‍റെ മനസ്സ് ടെഫ്‌ലൊണ്‍കൊണ്ടുണ്ടാക്കിയതാണ്. അതിൽ ഒന്നും പറ്റിപ്പിടിക്കില്ല." കാര്‍മെന്‍ പറഞ്ഞു. മിക്കയല അവളെ അസൂയയോടെ നോക്കി: ഹിമയുഗം തൊട്ടുള്ള ഓര്‍കൾ തന്‍റെ മനസ്സിൽ അയിരുപോലെ അട്ടിയായി കിടക്കുന്നു.
ഒരുദിവസം രാഘവന്‍റെ അമ്മയോട് അച്ചന്‍ നമ്പൂതിരിയെക്കുറിച്ച് മിക്കയല സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അച്യുതന്‍ അകത്തേക്ക് ഓടിയെത്തി കിതച്ചുകൊണ്ട് പറഞ്ഞു: "അമ്മൂമ്മേ പാമ്പ്! പാമ്പ്!" ആരോ മരിച്ചതിന്‍റെ പുല ആയിരുന്നതുകൊണ്ട് രാഘവന്‍ കളിക്കുപോകാതെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.
വേര്‍തിരിച്ച് അരമതിൽ കെട്ടിയ പടിഞ്ഞാറെ തൊടിയിൽ അച്യുതന്‍ ചൂണ്ടിക്കാണിച്ച സ്ഥലം അയാളും മിക്കയലയും ചെന്നുനോക്കി. തെങ്ങിന്‍തടങ്ങള്‍ക്കും മണ്‍കൂനകള്‍ക്കും ഇടയിൽ രണ്ടു ചേരകൾ തൊട്ടുരുമ്മി കിടക്കുന്നുണ്ടായിരുന്നു.
"പോടാ അകത്തേക്ക്." രാഘവന്‍ അച്യുതനോടു പറഞ്ഞു. തിരിഞ്ഞു നോക്കുവാനുള്ള ത്വര അമര്‍ത്തിക്കൊണ്ട് അച്യുതന്‍ വീട്ടിന്‍റെ ഉള്ളിൽ കയറി. മിക്കയല മന്ദഹസിച്ചു.
പാമ്പുകൾ തലമുടി പിന്നിയിടുന്നതുപോലെ കെട്ടിപ്പുളയുവാന്‍ തുടങ്ങി. എന്നിട്ട് കുത്തനെ മുകളിലേക്ക് കുതിച്ചു. കുറച്ചുനേരം ലംബമായിനിന്ന് അവർ ചെറിയ ശബ്ദത്തോടെ താഴോട്ടുവീണു. ഇതു തുടരുമ്പോൾ മൺകൂനകള്‍ക്കിടയില്‍നിന്ന് മറ്റൊരിണകൂടി മേലോട്ടു കുതിച്ചു.
പെട്ടെന്ന് ചെറിയൊരു ചാറ്റല്‍മഴ പെയ്തു. ആദ്യത്തെ മഴത്തുള്ളികൾ അരമതിലിൽ വീണ് ആവിയായി പൊങ്ങി. ജലസേചിതമായ ഭൂമിയിൽ പാമ്പുകൾ സമൃദ്ധമായി. ഒന്നിനുപിറകെ ഒന്നായി ആറ് പാമ്പിണകൾ തല ഉയര്‍ത്തി. തൊടിയുടെ നെഞ്ചുപോലെ അവ ഉയര്‍ന്നും താണുംകൊണ്ടിരുന്നു.
"ആറിണകളെ ഇത് ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്." രാഘവന്‍ പറഞ്ഞു.
മിക്കയല ആ കാഴ്ച സ്തബ്ധയായി നോക്കിനിന്നു. രണ്ടാമത്തെ തവണ ഇന്ത്യയിൽ വന്നപ്പോൾ മിക്കയലയും കൂട്ടരും ദില്ലിയിലാണ് വിമാനം ഇറങ്ങിയത്. പിറ്റേന്ന് ആഗ്രയിലേക്ക് പോകുന്ന വഴി അവർ മഥുരയിൽ തങ്ങി. വൃന്ദാവനത്തിലെ ഊടുവഴികളിൽ ചുണ്ടുകോടി, തുപ്പൽ ഒഴുക്കി ഇരുന്നിരുന്ന അനേകം ഭ്രാന്തന്മാരെ കണ്ടത് ഓര്‍ത്തു. ഇംഗ്ലീഷ് പറഞ്ഞിരുന്ന ഒരു ഗോസായിയാണ് മിക്കയലയ്ക്ക് ഭ്രാന്തന്മാരുടെ രഹസ്യം പറഞ്ഞുകൊടുത്തത്. എല്ലാ കൊല്ലവും, രാത്രികളിൽ വച്ചേറ്റവും സുന്ദരമായ ഒരു പൗര്‍ണ്ണമി രാത്രിയിൽ ശ്രീകൃഷ്ണനും ഗോപികമാരും യമുനാതീരത്ത് ഒത്തുചേരും. അത് ഒളിച്ചുനിന്ന് നോക്കുന്നത് നിഷിദ്ധമാണ്. അഥവാ, ആരെങ്കിലും അതിന് മുതിര്‍ന്നാൽ ഭ്രാന്തായിരിക്കും ഫലമെന്ന് ഗോസായി തറപ്പിച്ചു പറഞ്ഞു.
പാമ്പുകളുടെ രാസക്രീഡ തുടരുമ്പോൾ മഴത്തുള്ളികൾ വിയര്‍പ്പുപോലെ പറ്റിപ്പിടിച്ച രാഘവന്‍റെ കൈ മിക്കയലയുടെ അരക്കെട്ടിൽ ഉരസിയതായി അവള്‍ക്കു തോന്നി. ബുദ്ധിഭ്രമത്തില്‍നിന്ന് രക്ഷപ്പെടുവാന്‍ അവൾ തിരക്കിട്ടു തിരിച്ചുനടന്നു. വീട്ടിൽ കാത്തുനിന്നിരുന്ന അച്യുതന്‍റെ മുഖംനോക്കാതെ രാഘവന്‍ തലതാഴ്ത്തി പിറകിൽ നടന്നു.
കഥകളിക്കാർ താമസിച്ചിരുന്ന ഹോട്ടലിന്‍റെ അടുത്തുള്ള ജെട്ടിയിൽ മിക്കയല ബോട്ടിറങ്ങി. റിസപ്ഷനിൽ ഇരുന്ന പെണ്‍കുട്ടി അവർ ഫ്‌ളോറന്‍സിൽ പോയി എന്ന് അറിയിച്ചു. വെനീസിൽ നടക്കുവാന്‍ പോകുന്ന ഒരു ഫെസ്റ്റിവലിൽ പങ്കെടുക്കുവാന്‍ കഥകളിക്കാർ വീണ്ടും വരുന്നുണ്ടെന്ന് അവൾ പറഞ്ഞു.
കളിയോഗം വെനീസിൽ തിരിച്ചെത്തിയ ദിവസത്തെ കഥ കംസവധമായിരുന്നു. ആനക്കാരന്‍റെ വേഷമാണ് ആശാന്‍ രാഘവനുവേണ്ടി നിശ്ചയിച്ചിരുന്നത്.
"ആനക്കാരന് ഒറ്റ രംഗമല്ലേ ഉള്ളൂ," രാഘവന്‍ ചോദിച്ചു.
"അതു മതി."
"അതിന് ചെറുപ്പക്കാരല്ലേ കൂടുതൽ നല്ലത്?"
"എന്താ നിനക്ക് ആനക്കാരനെ കെട്ടുന്നതിന് വല്ല പോരായ്മയുമുണ്ടോ?"
"അല്‍പം വിഷമം ഉണ്ട്." രാഘവന്‍ തുറന്നു പറഞ്ഞു. ഇരുപതു വയസ്സു പോലും തികയാത്ത സദാശിവനായിരുന്നു ശ്രീകൃഷ്ണന്‍. രണ്ടുകൊല്ലം മുമ്പുമാത്രം അരങ്ങേറിയ മുരളി അക്രൂരനും. ഇതെല്ലാം തന്നെ ചെറുതാക്കുവാന്‍വേണ്ടി ആശാന്‍ മനഃപൂർവ്വം ചെയ്യുന്നതാണെന്ന് രാഘവനു തോന്നി.
"എടാ, ആനക്കാരനായാലെന്താ, ചേനക്കാരനായാലെന്താ? വേഷത്തിലൊന്നും ഒരു കാര്യവും ഇല്ല. നീ കവളപ്പാറ നാരായണന്‍ നായരെ കേട്ടിട്ടുണ്ടോ? ആനക്കാരിൽ പെരുംപാപ്പാനായിരുന്നു അദ്ദേഹം. കുറിച്ചി കുഞ്ഞന്‍പണിക്കരുടെ കഥ പറയുകയും വേണ്ട. മൂപ്പര് നന്നായി അഭിനയിക്കും എന്നു മാത്രമല്ല ഇടയ്ക്കിടെ തെക്കന്‍ മലയാളത്തിൽ ഓരോന്ന് അടിച്ചുവിടുകയും ചെയ്യും."
അപ്പോഴാണ് രാഘവന്‍ ആനക്കാരന് വാചികവും ആകാമെന്ന് ഓര്‍ത്തത്. ആശാനും അതുതന്നെ തോന്നി. രാഘവന്‍ മടിച്ചു നില്‍ക്കുന്നതു കണ്ടപ്പോൾ ആശാന്‍ ദേഷ്യത്തിൽ പറഞ്ഞു: "ആടി ഫലിപ്പിക്കുവാന്‍ പറ്റാത്ത നീ വല്ലതും പറഞ്ഞു ഫലിപ്പിക്കാമോ എന്നു നോക്ക്." ഈയിടെയായി ആശാന്‍ വാക്കുകള്‍ക്കിടയിൽ വെടിയുപ്പ് നിറയ്ക്കുന്നതായി രാഘവനു തോന്നി.
കാര്‍മെന്‍റെകൂടെ പുറത്തേക്കിറങ്ങുവാന്‍ രാഘവന്‍ കളികഴിയുന്നതുവരെ കാത്തിരുന്നില്ല. ആശാനോട് അയാൾ യാത്ര ചോദിച്ചതും ഇല്ല. അവർ സാന്മാര്‍ക്കോ ചതുരം താണ്ടി തോട്ടിന്‍കരയിലെ അരമതിലിൽ ചെന്നിരുന്നു. അല്‍പം ദൂരെ വയലിന്‍ വായിച്ചിരുന്ന ഒരാളെ രാഘവന്‍ നോക്കിയിരുന്നു. പാട്ടു കേള്‍ക്കുന്നവർ അയാളുടെ മുമ്പിൽ മലര്‍ത്തിവച്ചിരുന്ന തൊപ്പിയിലേക്ക് നാണയത്തുട്ടുകളിട്ടു. കാര്‍മെന്‍ രാഘവനെ പുറത്തുതട്ടി തോട്ടിലേക്ക് തിരിഞ്ഞുനോക്കുവാന്‍ ആംഗ്യം കാണിച്ചു.
പിച്ചളയിൽ കൊത്തുപണികൾ പിടിപ്പിച്ച ഒരു ശവപ്പെട്ടിയുമായി, അണിയത്തിൽ കറുത്ത റിബണുകൾ കെട്ടിയ ഒരു ഗൊണ്ടൊല വഞ്ചി അയാൾ കണ്ടു. കാറ്റുപിടിച്ച ളോഹയുമായി ഫെല്‍റ്റ്ഹാറ്റിട്ട ഒരച്ചന്‍ ശവപ്പെട്ടിക്കു മുമ്പിൽ നിന്ന് പ്രാര്‍ത്ഥനകൾ മുറുമുറുത്തു. അപ്പോഴേക്കും ആകാശം കടല്‍ക്കാക്കകളെ പെയ്യുവാന്‍ തുടങ്ങി. റീത്തുകളിലെ പൂക്കൾ ലാക്കാക്കി അവ താഴ്ന്നു പറന്നപ്പോൾ ഗൊണ്ടൊലക്കാരന്‍ തുഴ വീശി. പിറകിൽ മറ്റൊരു ഗൊണ്ടൊലയിൽ കറുത്ത വസ്ത്രമിട്ട ബന്ധുക്കൾ. അതിന്‍റെ പടിയിൽ മുഖമമര്‍ത്തി കരഞ്ഞിരുന്ന കുട്ടിക്ക് പന്ത്രണ്ടോ പതിമ്മൂന്നോ വയസ്സേകാണുകയുള്ളു. അച്ചന്‍ നമ്പൂതിരി മരിച്ചപ്പോൾ തന്‍റെ പ്രായവും അത്രയേ ആയിരുന്നുള്ളുവെന്ന് രാഘവന്‍ ഓര്‍ത്തു.
നിന്‍റെ അച്ഛന്‍ എന്തുചെയ്യുന്നു? രാഘവന്‍ കാര്‍മെനോട് മുദ്രകളിലൂടെ ചോദിച്ചു. കാര്‍മെന് ചോദ്യം മനസ്സിലായില്ല. രാഘവന്‍ ചോദ്യം ആവർത്തിച്ചു. അപ്പോൾ തോട്ടിലൂടെ കടന്നുപോയ ഒരു ബോട്ടിലെ യാത്രക്കാർ ഈ ബധിരാഭിനയം കണ്ട് വിസ്മയിക്കുന്നത് കാര്‍മെന്‍ ശ്രദ്ധിച്ചു. നിര്‍ത്തി,
നിര്‍ത്തി, സ്പഷ്ടമായി രാഘവന്‍ മുദ്രകൾ പിന്നെയും കാണിച്ചു. അവയിലെ നാനാര്‍ത്ഥങ്ങൾ കാര്‍മെനെ കുഴക്കുന്നതായി രാഘവനു തോന്നി. നീ എന്ന് അഭിസംബോധന ചെയ്യുവാന്‍ ഉപയോഗിച്ച ത്രിപാതകത്തിന് അസ്തമയം മുതൽ പിച്ചതെണ്ടല്‍വരെ എത്ര അര്‍ത്ഥങ്ങൾ! അങ്ങനെ മുദ്രകളുടെ ശ്‌ളേഷത്തിൽ കാര്‍മെന്‍ നട്ടംചുറ്റുമ്പോൾ രാഘവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. ദക്ഷിണാമൂര്‍ത്തിയായ ശിവനായി സ്വയം സങ്കല്പിച്ച് അയാൾ അച്ഛന്‍നമ്പൂതിരിയുടെ മരണത്തെക്കുറിച്ച് കാര്‍മെന് പറഞ്ഞു കൊടുത്തു:
ചെണ്ടയും തിമിലയും ഭേസി മാരാന്മാർ പൂരപ്പറമ്പില്‍നിന്ന് പൂരപ്പറമ്പിലേക്കു ചേക്കേറുന്ന ഒരു വേനലിലാണ് അച്ചന്‍നമ്പൂതിരി മരിച്ചത്.
ചേട്ടന്‍ നമ്പൂതിരിയുടെ മരണത്തെത്തുടര്‍ന്ന് മനയ്ക്കലെ കാരണവർ സ്ഥാനം അച്ഛന്‍ നമ്പൂതിരിക്കായി. സ്വജാതിയിൽ വേളികഴിക്കുവാന്‍ അമ്മയുമായുള്ള ബന്ധവും വേര്‍പെടുത്തേണ്ടതായി വന്നു.
സംബന്ധം ഒഴിഞ്ഞദിവസം രാഘവനെയും അനിയനെയും അച്ചന്‍ നമ്പൂതിരി അടുത്തേക്കു വിളിച്ചു. നായരുകുട്ടികൾ അസ്പൃശ്യരായതു കൊണ്ട് അച്ഛന്‍നമ്പൂതിരി അവരുടെ മുമ്പിലേക്കു ഓരോരോ ഓട്ടക്കാലണയിട്ട് വീടുവിട്ടിറങ്ങി.
മനയ്ക്കലെ കാരണവരായിട്ടും നമ്പൂതിരി ഉത്സവപ്പറമ്പുകൾ വിട്ടില്ല. കൊട്ടുകാരുടെ മുമ്പിൽ കച്ചവീശി നമ്പൂതിരി മേളം കൊഴുപ്പിക്കുമായിരുന്നു. മേളക്കാരന്‍ തിരുമേനി എന്ന പേരിലായിരുന്നു അച്ഛന്‍നമ്പൂതിരി അറിഞ്ഞിരുന്നത്. മനയ്ക്കലെ ആശ്രിതനും കളിയച്ഛനും ആയിരുന്ന ആശാന്‍ ഇപ്പോഴും ഇടയ്ക്കിടെ പറയും: "തിരുമേനിയെ കണ്ടാൽ മതി മേളക്കാര്‍ക്ക് അരവാശി കൂടുവാന്‍."
ദേശാടനത്തിനിടയിൽ ആ വഴി പോയിരുന്ന മാരാന്മാർ മനയ്ക്കലെ പടിപ്പുരയിൽ ഭാണ്ഡം ഇറക്കിവച്ചിരുന്നു. മനയ്ക്കലെ ഭൃത്യകൾ ഇലക്കുമ്പിളിൽ ഒഴിച്ചുകൊടുത്ത സംഭാരം കരിവേപ്പില തുപ്പിക്കളഞ്ഞ്, കഴുത്തിലെ മുഴ താഴോട്ടും മേലോട്ടും സഞ്ചരിപ്പിച്ച്, ആര്‍ത്തിയോടെ അവർ കുടിക്കുമായിരുന്നു. എന്നിട്ട് അച്ഛന്‍നമ്പൂതിരിയെ മാരാന്മാർ കാത്തിരിക്കും: ഒരുമുറ കൊട്ട് കേള്‍പ്പിക്കുവാന്‍.
അച്ഛന്‍ നമ്പൂതിരി മരിച്ച മേടമാസത്തിലും രോഗിയായ അദ്ദേഹത്തിനെ മനയ്ക്കലെ ആശ്രിതന്മാർ കസേരയിൽ താങ്ങിയെടുത്ത് പടിപ്പുരയിൽ മാരാന്മാരുടെ മുമ്പിൽ കൊണ്ടുചെന്നിരുത്തി.
മാരാന്മാർ നിരന്നു നിന്ന് തിമിലയിൽ ഒരേ താളത്തിൽ കൊട്ടുവാന്‍ തുടങ്ങി. മലര്‍ത്തിയ കൈപ്പത്തികൾ ഒരുമിച്ച് തിമിലകളിൽ വീണു. പിന്നെ എന്തോ ഓര്‍ത്തു നില്‍ക്കുന്നതുപോലെ ഒരു നിമിഷത്തെ നിശ്ശബ്ദത. പിന്നെ ഒരു കൊട്ട്. അങ്ങനെ പടിപടിയായി മേളം മുറുകി. കൊമ്പുവിളിക്കാർ വളഞ്ഞു നിന്ന് സുഷുമ്‌നയിൽ നിന്ന് പാമ്പുകളെ പുറത്തിറക്കുമ്പോഴേക്കും അച്ഛന്‍ നമ്പൂതിരിക്ക് ഇരിപ്പുറച്ചില്ല. രണ്ട് ഉണ്ണിനമ്പൂതിരികളെ താങ്ങിപ്പിടിച്ച് എഴുന്നേറ്റു നിന്ന അദ്ദേഹം വലംകാലിലെ മെതിയടികൊണ്ട് താളം പിടിച്ചു.
അച്ഛന്‍ നമ്പൂതിരിക്ക് അസുഖം കലശലായി ഇറക്കിക്കിടത്തിയ ദിവസം മനയ്ക്കലെ കയ്യാലപ്പുറത്തിരുന്ന് അമ്മ കരഞ്ഞു. വേനലവധിയായിരുന്നതു കൊണ്ട് അനിയനും രാഘവനും അമ്മയുടെ കൂടെ ഉണ്ടായിരുന്നു. പച്ചപ്പുളിയിട്ട് തിരുമ്മിത്തിരുമ്മി ജ്വലിപ്പിച്ച ഓട്ടക്കാലണ നോക്കി അനിയനും കരഞ്ഞു. ചില രാത്രികളിൽ, ഉറക്കച്ചടവിന്‍റെ അര്‍ദ്ധതാര്യതയിൽ, വീട്ടിന്‍റെ ഉള്ളിലേക്കു വലിയുന്ന പുളിയിലക്കരയന്‍ മുണ്ടിന്‍റെ കോന്തല മാത്രമായി കാണപ്പെടുന്ന ഒരച്ഛനുവേണ്ടി കരയുവാന്‍ രാഘവന്‍ വിസമ്മതിച്ചു.
അടുത്ത ദിവസം അതിരാവിലെ അച്ചന്‍ നമ്പൂതിരി മരിച്ച വിവരവുമായി ആശാന്‍ വീട്ടിലെത്തി: "ഊര്‍ദ്ധ്വന്‍ വലിച്ചു നിലത്തു കിടക്കുമ്പോൾ ആ മുഖത്തിന് മഹാ തേജസ്സായിരുന്നു എന്നാണ് അനിയന്‍ നമ്പൂതിരി പറഞ്ഞത്. ഒരു വെപ്രാളവും കാണിക്കാതെ തിരുമേനി അന്ത്യശ്വാസം വലിച്ചു. ഇടയ്ക്കു വച്ച് ശ്വാസത്തിന്‍റെ ഗതിയൊന്ന് മാറിയോ എന്നൊരു ശങ്ക. കണ്ടു നിന്ന നമ്പൂര്യാര്‍ക്കെല്ലാം അദ്ഭുതം. ഊര്‍ദ്ധ്വന്‍ നിന്ന് ശ്വാസം നേരാംവണ്ണമായി. എല്ലും തൊലിയുമായിത്തീര്‍ന്ന വെളുവെളുന്നാന്നുള്ള കൈയെടുത്ത് തിരുമേനി മൊട്ടത്തലയിൽ നന്നായിട്ടൊന്ന് തലോടി. എന്നിട്ട് ചെവിക്കു മേലെ കൈവച്ച് നമ്പൂരിശ്ശന്‍ തലയിൽ താളം പിടിക്കുവാന്‍ തുടങ്ങി."
വെള്ളിപോലെ തിളങ്ങുന്ന കുറ്റിരോമങ്ങൾ നിറഞ്ഞ തലയിൽ വൃദ്ധന്‍ ചുവന്ന അരിമ്പാറകൾ ചിതറിക്കിടന്നിരുന്ന കൈകൊണ്ട് പഞ്ചവാദ്യം തുടങ്ങി. ആജാനുബാഹുവായിരുന്ന നമ്പൂതിരി തീവെട്ടികളുടെ മുമ്പിൽ നിന്ന് തന്‍റെ ചൂണ്ടുവിരൽ വായുവിൽ പതാകപോലെ പാറിച്ച് മേളക്കാര്‍ക്ക് ഉഷാർ നല്‍കി.
ഉത്സവമുള്ള കാവുകളിലെല്ലാം മാരാന്മാര്‍ക്ക് മുന്നോടിയായി നടന്ന നമ്പൂതിരി ഒടുവിൽ എത്തിയത് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ‘മഠത്തിൽ നിന്നുള്ള വരവിലെ പഞ്ചവാദ്യക്കാരുടെ മുമ്പിലായിരുന്നു. തിരുവില്വാമല വെങ്കിച്ചന്‍ സ്വാമിയും, സുബ്രഹ്മണ്യം പട്ടരും മദ്ദളത്തിൽ പുതിയ മുറ കൊട്ടിത്തുടങ്ങി. അന്നമനടയിലെയും പല്ലശ്ശനയിലെയും ചെറുപ്പക്കാരായ മാരാന്മാർ മേളം കൊഴുപ്പിച്ചപ്പോൾ നമ്പൂതിരിയുടെ തലയിലും കൊട്ടു മുറുകി. കഴുത്തിലെ സ്വര്‍ണ്ണം കെട്ടിയ തുളസിമാല വിയര്‍പ്പിൽ കുളിച്ചു. എല്ലിച്ച വിരലിൽ നിന്ന് നവരത്‌നമോതിരം തെറിച്ചുവീണു. മൊട്ടത്തലയിൽ കലാശക്കൊട്ട് തുടങ്ങി. അവസാനം ഉത്സവപ്പറമ്പ് ഒഴിയുന്നതുപോലെ അച്ഛന്‍ നമ്പൂതിരി മരിച്ചു.
വാതിലിന്‍റെ പിറകില്‍നിന്ന് അമ്മ വച്ചു നീട്ടിയ ഒരു ലോട്ട കാപ്പി പാട നീക്കി കുടിക്കുമ്പോഴാണ് എന്തോ ഓര്‍ത്തപോലെ ആശാന്‍ പറഞ്ഞു: "തിരുമേനി പോയിക്കഴിഞ്ഞപ്പോഴാണ് ഒരുകാര്യം അനിയന്‍ നമ്പൂതിരി പറഞ്ഞു ഞാനറിയുന്നതുതന്നെ. ഗുരുവായൂരിൽ പത്തുപറ നിലം രാഘവനെ ആട്ടം തുടര്‍ന്നു പഠിപ്പിക്കുവാന്‍ വേണ്ടി എനിക്ക് എഴുതിവച്ചിട്ടുണ്ടുപോലും." തലേന്നാൾ അച്ഛന്‍നമ്പൂതിരിയെ കരയാതെ നിഷേധിച്ച കുരുത്തക്കേടിന്‍റെ പാപത്തിൽ നിര്‍ജ്ജലമായ കണ്ണുകളോടെ രാഘവന്‍ തേങ്ങി.
തന്‍റെ തുറന്ന കണ്ണുകള്‍ക്കുമുമ്പിൽ ഇരിക്കുന്ന കാര്‍മെനെ വളരെ നേരത്തിനുശേഷം രാഘവന്‍ കണ്ടു. എല്ലാം മനസ്സിലായ മട്ടിൽ കാര്‍മെന്‍ രാഘവന്‍റെ ചുമലിൽ കൈവച്ച് മൃദുവായി ചിരിച്ചു. അവർ എഴുന്നേറ്റ് നടക്കുവാന്‍ തുടങ്ങി.
തിരിച്ചെത്തി ഹോട്ടല്‍മുറിയുടെ വാതിൽ മുട്ടിയപ്പോള്‍ത്തന്നെ അതുതുറന്നു. ആശാന്‍ രാഘവനെ അകത്തേക്കു കയറുന്നത് തടഞ്ഞുകൊണ്ട് മുമ്പിൽ നിന്നു: "ഇന്നുമുതൽ രാഘവന്‍ രാമന്‍കുട്ടിയുടെ മുറിയിൽ കിടന്നാൽ മതി. ബുദ്ധിമുട്ടാകാതിരിക്കുവാന്‍ സാധനങ്ങൾ ഞാന്‍തന്നെ അങ്ങോട്ട് മാറ്റിയിട്ടുമുണ്ട്." മുറിക്കകത്ത്, രാഘവന്‍റെ കട്ടിലിൽ ഇരുന്ന് സദാശിവന്‍ കണ്ണുസാധകം ചെയ്യുന്നുണ്ടായിരുന്നു. സദാശിവന്, പതിനെട്ടോ പത്തൊമ്പതോ വയസ്സേആയിട്ടുള്ളു. ആശാനിനി എത്ര വയസ്സ് നീക്കിയിരിപ്പുണ്ട്? ആദ്യമായിട്ടാണ് ആശാനെപ്പറ്റി താന്‍ ക്രൂരമായിട്ട് ചിന്തിക്കുന്നതെന്ന് രാഘവന്‍ പെട്ടെന്നോര്‍ത്തു.
യുഗോസ്ലാവ്യയിലേക്ക് ഒരു വലിയ ഓര്‍ഡർ നടപ്പിലാക്കുവാന്‍ അന്ന് തൊഴിലാളികൾ മാംസസംസ്‌കരണശാലയിൽ തിരക്കിട്ടു പണിയെടുക്കുകയായിരുന്നു. ഉച്ചഭക്ഷണസമയത്തു മാത്രമാണ് കാര്‍മെന്‍ മിക്കയലയെ കണ്ടത്. മിക്കയല കാര്‍മെനെ നോക്കി സ്‌നേഹമില്ലാതെ ചിരിച്ചതല്ലാതെ സംസാരിക്കുവാന്‍ അടുത്തേക്കു ചെന്നില്ല.
"ഞാന്‍," കാര്‍മെന്‍ മിക്കയലയെ പിടിച്ചു നിര്‍ത്തിക്കൊണ്ട് പറഞ്ഞു, "ഇന്ത്യയിലേക്ക് ഭാഷയില്ലാത്ത നാട്ടിലേക്ക് വിസ എടുക്കുവാന്‍ പോകുന്നു."
"ഇപ്പോൾ നീ എന്നും രാഘവന്‍റെകൂടെയാണെന്നു കേട്ടു?"
"മിക്കവാറും അതെ. അതിന്?"
"ക്ഷമിക്കണം. ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല."
"പോട്ടെ. കുറച്ചുനാള്‍മുമ്പ് രാഘവന്‍ എന്നോട് കഥകളിഭാഷയിൽ എന്തോ കൈകൊണ്ട് ചോദിച്ചു. എനിക്കത് മനസ്സിലായില്ല. ഒന്നുരണ്ടു തവണകൂടി ചോദ്യം ആവര്‍ത്തിച്ചു. പിന്നെ കുറെനേരം എന്‍റെ മുഖത്ത് കണ്ണുംനട്ട് മിണ്ടാതെ ഇരുന്നു. ഇടയ്ക്കിടെ അരമതിലിൽ അയാൾ വിരലുകള്‍കൊണ്ട് ചെണ്ടകൊട്ടുന്നുണ്ടായിരുന്നു. ഇത് തുടര്‍ന്നുകൊണ്ടിരിക്കുമ്പോൾ തോട്ടിൽക്കൂടി പോകുന്ന മോട്ടോർ ബോട്ടുകളുടെ ഹെഡ്‌ലൈറ്റുകൾ അയാളുടെ കണ്ണുകൾ കൂടുതൽ ജ്വലിപ്പിക്കുവാന്‍ തുടങ്ങി. അയാളുടെ കണ്ണുകൾ ചില്ലുകഷണങ്ങളിൽ വെളിച്ചം ചിതറുന്നതുപോലെ തിളങ്ങി. അതെ, അയാൾ കരയുകയായിരുന്നു."
"ങും." മിക്കയല മൂളി.
"എനിക്കറിയാം. അയാൾ എന്തിനെപ്പറ്റിയാണ് ചിന്തിച്ചതെന്ന്."
"ങും?"
"മരണത്തെപ്പറ്റി." കാര്‍മെന്‍ പറഞ്ഞു.
"നിശ്ശബ്ദതയിലൂടെ നമ്മൾ സംസാരിക്കുമ്പോൾ ആദ്യം പറയുന്ന കുഞ്ഞക്ഷരങ്ങൾ മരണം എന്നാണ്." മിക്കയല ഒന്നും പറയാന്‍ നില്‍ക്കാതെ കണ്‍വെയർ ബെല്‍റ്റിന്‍റെ മുമ്പിൽ കബന്ധങ്ങളെ കാത്തുനിന്നു.
അന്നു വൈകിട്ട് കഥകളി ഇല്ലായിരുന്നു. യൂണിവേഴ്‌സിറ്റിയിലെ തിയേറ്റർ വിദ്യാര്‍ത്ഥികളോട് മിലാനിലെ ഒരു പ്രൊഫസർ കഥകളിയെക്കുറിച്ചു
നടത്തിയ പ്രസംഗത്തിന്‍റെ ഇടയ്ക്ക് ആട്ടക്കാർ കഥകളിയിലെ ചില രംഗങ്ങൾ അവതരിപ്പിച്ചു. വേഷമിടാതെ ആശാന്‍ നവരസങ്ങൾ കാണിച്ചു. രാമന്‍കുട്ടിയും രാഘവനും ഭീമസേനന്‍റെയും ഹനുമാന്‍റെയും വേഷമിട്ട് ‘കല്യാണസൗഗന്ധിക’ത്തിൽ ഹനുമാന്‍ അനിയന്‍റെ വഴിമുടക്കുന്ന രംഗം അവതരിപ്പിച്ചു.
കാര്‍മെന്‍ പ്രസംഗം കഴിയുവാന്‍ കാത്തുനില്‍ക്കാതെ യൂണിവേഴ്‌സിറ്റിയുടെ നടുമുറ്റത്തുള്ള സിമന്‍റ് ബെഞ്ചുകളിലൊന്നിൽ ചെന്നിരുന്നു. വേഷം അഴിച്ചയുടന്‍ രാഘവന്‍ കാര്‍മെന്‍റെ അടുത്തെത്തി. അവർ ബോട്ടുജെട്ടിയിലേക്കു നടന്നു. ഗ്രാന്‍ഡ് കനാലിലൂടെ പ്രദക്ഷിണം വയ്ക്കുവാന്‍ കാര്‍മെന്‍ ടിക്കറ്റ് വാങ്ങി. ബോട്ടിൽ കാര്‍മെന്‍ രാഘവനോടു ചേര്‍ന്നിരുന്നു. അരക്കയ്യന്‍ ഷര്‍ട്ടിട്ടിരുന്ന രാഘവന്‍റെ രോമംനിറഞ്ഞ കൈയിന്‍റെ സുഖകരമായ ഘര്‍ഷണത്തിൽ അവൾ ഒന്നും സംസാരിക്കാതെ ഇരുന്നു.
കാര്‍മെന്‍റെ ഫ്‌ളാറ്റിന് അടുത്തുള്ള ജെട്ടിയിൽ അവർ ബോട്ടിറങ്ങി. രാഘവന്‍റെ വിരലുപിടിച്ചുകൊണ്ട് കാര്‍മെന്‍ അയാളെ ഫ്‌ളാറ്റിലേക്കുനയിച്ചു.
രതി തുടങ്ങിയത് പതിഞ്ഞ ചെമ്പടയിലായിരുന്നു. ചായം അഴിക്കാന്‍ രാഘവന്‍ പുരട്ടിയ മെഴുക്ക് അവര്‍ക്കിടയിൽ ഒരു വെണ്ണക്കടലാസുപോലെ കിടക്കുന്നത് കാര്‍മെനെ അലോസരപ്പെടുത്തിയെങ്കിലും അവളുടെ ഈറനിലെ ചുറ്റുഗോവണിയുടെ അരഞ്ഞാണങ്ങൾ തള്ളിത്താഴ്ത്തി അയാൾ മുന്നേറിയപ്പോൾ കാര്‍മെന് പതുക്കെ മുരളാതിരിക്കുവാന്‍ കഴിഞ്ഞില്ല. അവൾ പറഞ്ഞു: "ഗ്വോ ഗ്വാ."
"പുപ്പ് യീ," രാഘവന്‍ അടക്കിയ സ്വരത്തിൽ അവള്‍ക്കു മറുപടി കൊടുത്തു.
കാര്‍മെന്‍ അയാളുടെ ചെവി കടിച്ചുകൊണ്ട് പതുക്കെ മന്ത്രിച്ചു: "ഗ് ഗൂയി."
ഇത്തവണ രാഘവന്‍റെ മനസ്സിൽ ചെണ്ടയും ചേങ്ങലയും പാട്ടുകാരന്‍ കുട്ടന്‍മേനോനും നിരന്നു. തലവെട്ടിച്ച്, വിയര്‍പ്പുമണികൾ ചീറ്റിച്ച് കുട്ടന്‍ മേനോന്‍ ആവേശത്തോടെ പാടി: ഈരേഴ് പാരിന്നീശനായുള്ള ഞാന്‍... പാട്ടുകാരനില്‍നിന്ന് കഥകളിയിലെ ഏറ്റവും വലിയ അട്ടഹാസത്തിനുള്ള അടയാളം കിട്ടിയ രാഘവന്‍ അതിഭയങ്കരമായി, സിംഹനാദത്തിൽ തരിയിട്ട് അലറി.
അടുത്ത ഫ്‌ളാറ്റുകളിലെ വാതിലുകൾ തുറന്നു. താഴെ തോട്ടിൽ മോട്ടോർ ബോട്ടുകൾ ഹോറൺ മുഴക്കി. അമേരിക്കന്‍ ടൂറിസ്റ്റുകളെ വഹിച്ചു നീങ്ങിയിരുന്ന ഒരു ഗൊണ്ടൊലയിലെ വഞ്ചിക്കാരന്‍ "യാ യാ" എന്നാര്‍ത്തു. വിനോദസഞ്ചാരികൾ കൈയടിച്ചു. കാല്‍വിരലുകളിൽ കുരുക്കി പുതപ്പ് വലിച്ചെടുത്ത് കാര്‍മെന്‍ അവർ രണ്ടുപേരെയും തലയടക്കം മൂടി. എന്നിട്ട് രാഘവനെ അള്ളിപ്പിടിച്ച് അവൾ കുറെനേരം ഉറക്കെ ചിരിച്ചു.
കഥകളിക്കാർ വെനീസ് വിടുന്ന ദിവസം മിക്കയല ഹോട്ടലിൽ ചെന്നു. അവർ ആശാന്‍റെ കാലുതൊട്ടു വന്ദിച്ച് യാത്രപറഞ്ഞു. ആശാന്‍ മിക്കയലയുടെ തലയിൽ കൈവച്ചനുഗ്രഹിച്ചു.
രാമന്‍കുട്ടിയുടെയും രാഘവന്‍റെയും മുറിയിൽ രാഘവന്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. അയാൾ നിലത്തിരുന്ന് സ്യൂട്ട്‌കേസ്സിൽ സാധനങ്ങൾ അടുക്കിവയ്ക്കുകയായിരുന്നു. മിക്കയല മുറിയുടെ അകത്ത് കയറിയപ്പോൾ രാഘവന്‍ ചാടി എഴുന്നേറ്റ് കുളിമുറിയിൽ പോയി ഷര്‍ട്ടിട്ടു. അയാൾ തിരിച്ചെത്തി വീണ്ടും നിലത്തിരുന്നു. മിക്കയല അയാൾക്ക് രണ്ടു ചെറിയ പൊതികൾ കൊടുത്തു.
"ഇത് സുമതിക്ക് യാര്‍ഡ്‌ലി പൗഡർ. ഇത് പിന്നെ അച്യുതന് സൺ ഗ്‌ളാസ്സും."
"വേണ്ടായിരുന്നു."
"പിന്നെ, സുമതിയെയും അച്യുതനെയും രാഘവന് ഓര്‍മ്മയുണ്ടോ?"
"എന്നെ അവരെപ്പറ്റി ഓർമ്മിപ്പിക്കുവാനാണോ ഇതെല്ലാം കൊണ്ടു വന്നത്?" രാഘവന്‍ ദേഷ്യത്തിൽ ചോദിച്ചു.
"അല്ല." മിക്കയല സ്വരം താഴ്ത്തി പറഞ്ഞു.
രാഘവന്‍ സൂട്ട്‌കേസ്സിൽ റബ്ബർ ചെരിപ്പുകൾ ഒരു ഇറ്റാലിയന്‍ ന്യൂസ് പേപ്പറിൽ പൊതിഞ്ഞുവച്ചു. മിക്കയല കൊണ്ടുവന്ന പൊതികളും പെട്ടിയിൽ അടുക്കിവച്ചു. അവൾ രാഘവനെതിരെ സോഫയിൽ ഇതെല്ലാം നോക്കിയിരുന്നു.
"രാഘവന്‍." മിക്കയല വിളിച്ചു.
"എന്താ?"
"പിന്നെ നമ്മൾ വീട്ടിൽ കുറെ പാമ്പുകളെ കണ്ടതോര്‍ക്കുന്നുണ്ടോ?"
"കിന്നാരം പറയുവാന്‍ എനിക്കിപ്പോൾ സമയമില്ല. ബോട്ട് പോകും."
മിക്കയല എഴുന്നേറ്റ് നിന്നു. രാഘവന്‍ അവളെ ശ്രദ്ധിക്കാതെ പെട്ടിയിൽ സാധനങ്ങൾ അടുക്കി. ഒരു ടിഷ്യു പേപ്പറിലേക്ക് മൂക്ക് ചീറ്റി, കരഞ്ഞുകൊണ്ട് മിക്കയല ഇറങ്ങിപ്പോയി.
ആട്ടക്കാർ റോമിൽ പോയതിന്‍റെ പിറ്റെന്നാൾ കാര്‍മെന്‍ ജോലിക്ക് പോയില്ല. അവൾ സിസിലിയയോട് ഫോണിൽ പറഞ്ഞു: "രാഘവന്‍ കുറച്ചുദിവസംകൂടി ഇറ്റലിയിൽ തങ്ങും. ഞാന്‍ അയാളെ കാണാന്‍ റോമിലേക്ക് പോകുന്നു. പിന്നെ എനിക്ക് വിസയും എടുക്കണം. രണ്ടു ദിവസം കഴിഞ്ഞിട്ടേ തിരിച്ചുവരികയുള്ളു."
ഇറ്റലിയിലെ അവസാനത്തെ കളി ദുര്യോധനവധമായിരുന്നു. ആശാന്‍ അതിൽ രാഘവന് വേഷം നിശ്ചയിച്ചില്ല. പിറ്റേന്ന് ആട്ടക്കാരെ കയറ്റി അയയ്ക്കുവാന്‍ രാഘവനും കാര്‍മെനും വിമാനത്താവളത്തിൽ പോയി. കാര്‍മെന്‍ ആട്ടക്കാർ കാണാതിരിക്കുവാന്‍ ഒരു പുസ്തകക്കടയിൽ കയറി മാസികകളുടെ താളുകൾ മറിച്ചു.
രാഘവനെ കണ്ടപ്പോൾ രാമന്‍കുട്ടി മാത്രം മുന്നോട്ടുവന്ന് കൈപിടിച്ചു കുലുക്കി. രാഘവന്‍ അടുത്തുചെന്നപ്പോൾ ആശാന്‍ മുഖംതിരിച്ച് നിന്നു. തൊട്ടുതൊഴുവാന്‍ രാഘവന് ആശാന്‍റെ മടമ്പേ കിട്ടിയുള്ളൂ. അയാൾ കുനിഞ്ഞപ്പോൾ ആശാന്‍ ഫലിതമില്ലാതെ ഉറക്കെ ചിരിച്ചുകൊണ്ട് മറ്റു കളിക്കാരെ നോക്കി പറഞ്ഞു: "അറംപറ്റി. പരീക്ഷിത്ത് തമ്പുരാന് അറംപറ്റി."
"മനസ്സിലായില്ല, അല്ലേ?" ആശാന്‍ ചോദിച്ചു: "കാവുങ്കൽ ശങ്കരപ്പണിക്കരാകും ഇവന്‍ എന്ന് കൊച്ചിത്തമ്പുരാന്‍ പറഞ്ഞത് ഇപ്പോഴാണ് ഫലിച്ചത്."
കുട്ടിത്തരങ്ങൾ ഒന്നും മിണ്ടാതെ ആശാന്‍റെയും രാഘവന്‍റെയും മുഖത്തേക്ക് മാറി മാറി നോക്കി.
"തിച്ചൂർ അയ്യപ്പന്‍കാവിന്‍റെ കുളപ്പുരയിൽ വച്ച് കീചകന്‍റെ വേഷത്തിൽ തന്നെ വന്ന് കാണണമെന്ന് കുറിയേടത്ത് താത്രി പറഞ്ഞയച്ചപടി ഉടുത്തുകെട്ടി ചിലങ്കയിടാതെ ശങ്കരപ്പണിക്കർ അന്തര്‍ജ്ജനത്തെ കാണാന്‍ പോയിട്ട് എന്തുണ്ടായി? തമ്പുരാന്‍റെ വക ഭ്രഷ്ടും, കാവുങ്കൽ പടിപ്പുര കൊട്ടിയടച്ച് ഇരിക്കപ്പിണ്ഡവും."
ആശാന്‍ വെട്ടിത്തിരിഞ്ഞ് രാഘവന്‍റെ മുഖത്തേക്ക് ആദ്യമായി നോക്കി. "ആ പണിക്കരുടെ മനോധർമ്മത്തിന്‍റെ പാതിയെങ്കിലും നിനക്ക് കിട്ടിയിരുന്നെങ്കിൽ എന്‍റെ ഈ ജന്മം പാഴാവുകയില്ലാരുന്നെടാ."
വിമാനം പുറപ്പെടാറായി എന്ന അറിയിപ്പ് മൈക്കിലൂടെ വന്നു. ആശാന്‍ തിരിഞ്ഞുനടന്ന ആ നിമിഷംതന്നെ ആശാന്‍റെ മുഖത്തുനിന്ന് ഈര്‍ഷ്യ ഒഴിഞ്ഞു. അപ്പോൾ ആശാന്‍ വീണ്ടും വയസ്സനായി.
വിമാനത്താവളത്തില്‍നിന്ന് കാര്‍മെനും രാഘവനും ടാക്‌സിയിൽ നിശ്ശബ്ദരായി, വിയാനാപോളിയിലുള്ള, അവരുടെ ലോഡ്ജിലേക്ക് മടങ്ങി. അന്ന് വൈകുന്നേരം ടൈബർ നദിയുടെ തീരത്ത്, ട്രസ്റ്റവെറെയിൽ ഒരു ചെറിയ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന അമ്മൂമ്മയെ കാണാന്‍ കാര്‍മെന്‍ പോയി.
അമ്മൂമ്മയുടെ ഫ്‌ളാറ്റിന്‍റെ അടുത്തെത്തിയപ്പോള്‍ത്തന്നെ അമ്മൂമ്മ അവള്‍ക്കുവേണ്ടി ചുടുന്ന കേക്കിന്‍റെ ഗന്ധം കാര്‍മെനെ സ്വീകരിച്ചു. കണ്ട ഉടന്‍ അമ്മൂമ്മ കാര്‍മെനെ ഇരുകവിളുകളിലും ഉമ്മവച്ചു. അവളെ ഇരിപ്പുമുറിയിൽ ഒറ്റയ്ക്കാക്കി അമ്മൂമ്മ തിരക്കിട്ട് അകത്തേക്ക് പോയി. തിരിച്ചെത്തിയത് ആകാശനീലിമയുടെ നിറമുള്ള ഒരു കാര്‍ഡിഗനുമായിട്ടാണ്.
"നിനക്കുവേണ്ടി ഞാന്‍ തുന്നിയതാണ്." സ്പാനിഷ് പടികൾക്ക് മുമ്പിലുള്ള മൂന്നും കൂടിയ വഴിയിലെ പ്രസിദ്ധമായ ഒരു തുന്നല്‍ക്കടയിൽ മുപ്പതുവര്‍ഷം അമ്മൂമ്മ പണിയെടുത്തിരുന്നു. സന്തോഷത്തോടെ കാര്‍മെന്‍ അമ്മൂമ്മയുടെ അരയ്ക്കു ചുറ്റിപ്പിടിച്ച് മുകളിലോട്ട് ഉയര്‍ത്തി. അമ്മൂമ്മ കാലിട്ടടിച്ച് ഉറക്കെ ചിരിച്ചു.
"അമ്മൂമ്മ എന്താ ഈ കുട്ടികളെപ്പോലെ ഉറക്കെ ചിരിക്കുന്നത്?"
"എനിക്ക് ഇക്കിളി ഇനിയും മാറിയിട്ടില്ല." അമ്മൂമ്മ തെല്ല് നാണത്തിൽ പറഞ്ഞു. കാര്‍മെന്‍ അമ്മൂമ്മയെ നിലത്തുവച്ച് വയറുപൊത്തി ചിരിച്ചു.
കേക്ക് തിന്നുകൊണ്ടിരിക്കുന്നതിനിടയ്ക്ക് അമ്മൂമ്മ ചോദിച്ചു: "നീ ഒപ്പേറക്കാരന്‍റെ കൂടെ ഇന്ത്യയിലേക്ക് പോകുവാന്‍ തീരുമാനിച്ചു, അല്ലേ?"
"ങും."
"നിനക്ക് പേടി തോന്നുന്നില്ലേ?"
"ഇതിൽ പേടിക്കുവാന്‍ എന്തിരിക്കുന്നു?"
"നീയും ആ ഇന്ത്യാക്കാരനും തമ്മിൽ എന്ത് ചേര്‍ച്ചയാണ് ഉള്ളത്?"
"എന്താണ് ചേര്‍ച്ചക്കുറവെന്ന് അമ്മൂമ്മ പറ."
"ഒന്ന്," അമ്മൂമ്മ ചെറുവിരൽ മടക്കിക്കൊണ്ട് പറഞ്ഞു, "അയാളുടെ നിറം."
"അയ്യെ ‘ലൂണിത്താ’
1
ദിവസവും വായിക്കുന്ന അമ്മൂമ്മയാണോ ഇത് പറയുന്നത്?"
"എന്നാൽ അതുപോട്ടെ. രണ്ട്, ഭാഷ."
"പരിചയപ്പെടുമ്പോൾ ഞങ്ങൾക്ക് സംസാരിക്കുവാന്‍ ഭാഷയില്ലായിരുന്നു. ഇപ്പോൾ അയാൾ ഇംഗ്ലീഷിൽ പതുക്കെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ക്കിടയിലെ മൗനം തകര്‍ന്നു തുടങ്ങിയപ്പോൾ ആദ്യം ഞാന്‍ പേടിച്ചു. എന്നാൽ ഇപ്പോൾ തോന്നുന്നു മിണ്ടാതിരിക്കുന്നത് പരാജയമാണെന്ന്."
"മൂന്ന്, അയാളുടെ ജോലി."
"ജോലി?" കാര്‍മെന്‍ അത്ഭുതത്തോടെ ചോദിച്ചു: "ജോലിക്ക് ഇവിടെ എന്തു കാര്യം?"
"നമ്മൾ, അതായത് നീ, നിന്‍റെ അമ്മ, ഞാന്‍, നമ്മളെല്ലാം കൈകൊണ്ട് ജോലി ചെയ്ത് ജീവിക്കുന്ന തൊഴിലാളികളാണ്. ഈ ഇന്ത്യന്‍ ഒപ്പേറക്കാരെ പുലര്‍ത്തുന്നത് അവിടത്തെ പഴയ ജന്മികളാണെന്ന് ഞാന്‍ ‘ലൂണിത്താ’യിൽ വായിച്ചു. നമ്മുടെ കാഴ്ചപ്പാടുകൾ ഒരിക്കലും അവരുമായി ഇണങ്ങില്ല."
"അതൊക്കെ പഴയ കഥ. ഇപ്പോൾ കാലം മാറി."
"നാല്..."
"മതി, മതി." കാര്‍മെന്‍ ദേഷ്യത്തിൽ പറഞ്ഞു.
അമ്മൂമ്മ പിന്നെ കാര്‍മെനെ എതിര്‍ക്കുവാന്‍ പോയില്ല. കുറച്ചുനേരം മിണ്ടാതെ ഇരുന്നതിനുശേഷം അമ്മൂമ്മ അത്താഴത്തിനായി പ്‌ളേറ്റുകൾ നിരത്തി. കാര്‍മെനുവേണ്ടി പ്രസിദ്ധമായ ഒരു വര്‍ഷത്തിൽ നുരപ്പിച്ച വീഞ്ഞിന്‍റെ കുപ്പി അമ്മൂമ്മ തുറന്നു.
കാശിയിലെത്തി കുറച്ചു ദിവസം കഴിഞ്ഞതിനുശേഷമാണ് കാര്‍മെന് ഗംഗയുടെ കടവുകളിലെ ജീവിതചര്യ ശരിക്കും മനസ്സിലായിത്തുടങ്ങിയത്. എന്നും കാര്‍മെന്‍ രാവിലെ കടവുകളിൽ ചെന്നിരിക്കുമായിരുന്നു. കാതങ്ങൾ പരന്നുകിടക്കുന്ന ഗംഗയിൽ ഒഴുക്ക് പ്രകടമല്ലെങ്കിലും താന്‍ അനുഭവിക്കാത്ത ഭൂമിയുടെ ഭ്രമണംപോലെ ഗംഗ എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണെന്ന് കാര്‍മെന്‍ അറിഞ്ഞിരുന്നു.
"നീയും ഒപ്പേറക്കാരനുംകൂടി ഇന്ത്യയിൽ എവിടെയാണ് ആദ്യം താമസിക്കുവാന്‍ പോകുന്നത്?" അത്താഴത്തിനിടയിൽ അമ്മൂമ്മ ചോദിച്ചത് കാര്‍മെന്‍ പടവുകളിലിരുന്ന് ഓര്‍ത്തു.
"ബനാറസിൽ. ബനാറസുമായി ഞാന്‍ ശരിക്കും ഇഴുകിച്ചേരും. വെനിസ് പോലെ."
"വെനിസും ബനാറസും തമ്മിൽ എന്ത് ബന്ധം?"
"അമ്മൂമ്മയ്ക്ക് ഓർമ്മയില്ലേ എന്‍റെ രാശി മീനമാണെന്ന്? ജലമാണ് എന്‍റെ മൂലകം. എപ്പോഴും ചലിക്കുന്ന ജലം."
"എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജലം." അമ്മൂമ്മ കാര്‍മെനെ ചൊടിപ്പിക്കുവാന്‍ പറഞ്ഞു.
കാര്‍മെന്‍ അത് ശ്രദ്ധിക്കാതെ തുടര്‍ന്നു: "ബനാറസിൽ ഗംഗയുണ്ട്. പിന്നെ വഞ്ചികളും, വഞ്ചിക്കാരും."
കാര്‍മെന്‍ തീന്‍മേശയില്‍നിന്ന് എഴുന്നേറ്റുനടന്ന് ജനാലയിൽ ചെന്നുനിന്ന് ടൈബർ നദിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു:
"ഈ കൊച്ചു ടൈബറിന്‍റെ നൂറിരട്ടി വലിപ്പമുണ്ട് ഗംഗയ്ക്ക്. ഞാന്‍ അതിന്‍റെ തീരത്ത് ഒരു നദീതടസംസ്‌കാരംപോലെ നിലകൊള്ളും." അപ്പോഴേക്കും വീഞ്ഞ് അവളുടെ വാക്കുകളെ തീണ്ടിയിരുന്നു: "ഞാനെന്ന മെസപ്പൊറ്റമിയ."
എന്നും രാവിലത്തെപ്പോലെ അന്നും മഞ്ഞുമാറാന്‍ കാത്തുനില്‍ക്കാതെ രാഘവനും കാര്‍മെനും ഗംഗയുടെ കടവുകളിലേക്ക് നടന്നു. ഘാട്ടിലേക്കുള്ള വഴിയുടെ ഇരുവശത്തും പിച്ചക്കാർ നിരന്നുകഴിഞ്ഞിരുന്നു.
കാര്‍മെന്‍ ദശാശ്വമേധഘാട്ട് വരെ വളഞ്ഞു കിടക്കുന്ന ഗംഗാതീരത്തിലെ കെട്ടിടങ്ങൾ നോക്കിനിന്നു. ദര്‍ഭംഗ മഹാരാജാവിന്‍റെ കാശിയിലെ കൊട്ടാരത്തിലെ ഒരു മുറിയിൽ അപ്പോഴും രാത്രിയിലിട്ട ബള്‍ബ് കത്തിനിന്നിരുന്നു.
"നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ? ഈ കെട്ടിടങ്ങൾ നോക്കൂ."
"വലിയ കെട്ടിടങ്ങൾ അല്ലേ?"
"അതെ, വേറെ വല്ലതും നിങ്ങൾ ശ്രദ്ധിച്ചോ?"
"കെട്ടിടങ്ങള്‍ക്കിടയിൽ വലിയ ക്ഷേത്രഗോപുരങ്ങൾ, അല്ലേ?" കാര്‍മെന്‍ പ്രതീക്ഷിക്കുന്ന ഉത്തരം നല്‍കുവാനുള്ള വ്യഗ്രതയിൽ രാഘവന്‍ പറഞ്ഞു.
"അതും അല്ല. ഈ കെട്ടിടങ്ങളുടെ പുറകുവശം മാത്രമാണ് നാം കാണുന്നത്."
"അത് റോഡ് മുന്‍വശത്തായതുകൊണ്ടല്ലേ?"
"ബനാറസ് ഗംഗയ്ക്ക് മുഖം തിരിച്ചാണ് നില്‍ക്കുന്നത്." കാര്‍മെന്‍ പറഞ്ഞു. "അതിന്?"
"നിങ്ങള്‍ക്കിതൊന്നും മനസ്സിലാവുകയില്ല." കാര്‍മെന്‍ എഴുന്നേറ്റ് ഒരുപടി താഴേ ദേഷ്യത്തിൽ ചെന്നിരുന്നു.
ഗംഗയിലേക്കുള്ള പ്രവാഹം തുടങ്ങി. ആദ്യം നദിയിലെത്തുന്നത് പാണ്ഡകളാണ്. തീവണ്ടിയിൽ കാലത്തേ എത്തിയവരെ പിതൃക്രിയ ചെയ്യിക്കുവാന്‍ അവർ അരയറ്റം വെള്ളത്തിൽ ഇറങ്ങിനില്‍ക്കുമ്പോൾ പാളത്താറുകളിൽ വലിയ കുമിളകൾ ഉണ്ടാക്കി ഗംഗ ഒഴുകി.
കടവുകളിൽ അടുത്തതായി എത്തുന്നത് വിധവകളാണ്. വെളുത്ത വസ്ത്രം ധരിച്ച്, തല മൂടി, മുഖംതാഴ്ത്തി അവർ കുളിക്കുവാനെത്തി. ചിലരുടെ കൈവിരലുകൾ പിടിച്ചുകൊണ്ട് കുട്ടികളും ഉണ്ടായിരുന്നു.
കടവുകൾ ഉണരുവാന്‍ തുടങ്ങി. മടക്കുപായ കക്ഷത്തില്‍വച്ച്, ചരടിൽ കെട്ടിത്തൂക്കിയ എണ്ണക്കുപ്പികളുമായി സുറുമ എഴുതിയ മുസ്ലിം തിരുമ്മുകാർ. ചെവി വൃത്തിയാക്കുവാനുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ലാടന്മാർ, മുമ്പിൽ ഇഷ്ടികയുടെ പീഠങ്ങൾ ഒരുക്കി മുടിവെട്ടിക്കുവാന്‍ വരുന്നവരേയും കാത്ത് അമ്പട്ടന്മാർ...
കടവുകൾക്ക് ഇനിയും ജീവന്‍ വയ്ക്കുവാനുണ്ട്. രാഘവന്‍ ചമ്രം പടിഞ്ഞിരുന്ന് കണ്ണുസാധകം ചെയ്യുവാന്‍ ശ്രമിച്ചു. ഘാട്ടിലെ ശബ്ദം കൂടിയപ്പോൾ അയാൾ എഴുന്നേറ്റു പറഞ്ഞു: "നമുക്ക് പോകാം."
"നിങ്ങൾ പൊയ്‌ക്കോളൂ. എനിക്ക് ഇവിടെ കുറച്ചുനേരംകൂടി ഇരിക്കണം."
അവളെ ഒറ്റയ്ക്കാക്കി പോകുവാന്‍ മടിച്ചുകൊണ്ട് രാഘവന്‍ അവിടെത്തന്നെ പിന്നെയും ഇരുന്നു. അസ്ഥിയൊഴുക്കുവാന്‍ വന്നവരെ കയറ്റുവാന്‍ വേണ്ടി ആദ്യത്തെ കടത്തുവഞ്ചി കരയ്ക്കടുത്തു.
ഗംഗയിലെ പ്രഭാതം മുറുകുമ്പോഴാണ് സന്ന്യാസിമാർ അവിടെ എത്തുക. ആലിന്‍തോലിന്‍റെ കറപിടിച്ച് ജടയാക്കിയ മുടിക്കെട്ടോടുകൂടി മൂന്നുനാല് സന്ന്യാസികൾ വെള്ളത്തിലിറങ്ങി. അവരെ കണ്ടപ്പോൾ വിധവകൾ ഒരു വശത്തേക്ക് ഒതുങ്ങിനിന്നു. ‘ജയ് ഭോലാനാഥ്’ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് മറ്റൊരു സംഘം സന്ന്യാസിമാർ പടവുകൾ വേഗത്തിൽ ഇറങ്ങി ഗംഗയിലേക്ക് കുതിച്ചു.
ഗുസ്തിക്കാരാണ് കടവുകളിൽ ഏറ്റവും അവസാനം എത്തുക. അപ്പോഴേക്കും സന്ന്യാസിമാർ നനഞ്ഞ കാവിത്തുണികൾ ശൂലത്തിന്‍റെ പിരിവുകളിൽ തൂക്കിയിട്ട് കടവുകളില്‍നിന്ന് പിന്‍വാങ്ങിയിരിക്കും.
"ചൂട് തുടങ്ങി. നമുക്കു പോകാം." രാഘവന്‍ പറഞ്ഞു.
"ഞാനില്ല. നിങ്ങൾ പൊയ്‌ക്കോ." കാര്‍മെന്‍ നീരസത്തിൽ പറഞ്ഞു. രാഘവന്‍ പടികൾ കയറി തിരിച്ചുനടന്നു.
ഗുസ്തിക്കാർ കടവുകൾക്ക് മുമ്പിലുള്ള മുറ്റത്തും, മേല്‍പ്പടവുകളിലും നിരന്നുകഴിഞ്ഞു. ചിലർ ലങ്കോട്ടി മുറുക്കി തിരുമ്മുകാരുടെ മുമ്പിൽ കിടന്നുകൊടുത്തു. മറ്റു ചിലർ കടവുകളുടെ പല ഭാഗത്തുനിന്ന് കസര്‍ത്തു തുടങ്ങി. കറുത്ത ചരടിൽ കോര്‍ത്ത ഏലസ് കൈയിൽ ചുറ്റി, പശതേച്ച്, അറ്റം കൂര്‍പ്പിച്ച കൊമ്പന്‍മീശക്കാരായ ചില പഹല്‍വാന്മാർ മരഗദകൾ ചുഴറ്റി വ്യായാമം ചെയ്തു. പുരുഷത്വത്തിന്‍റെ ഈ ആഘോഷം കണ്ടിരിക്കുമ്പോൾ സമയം പോകുന്നത് കാര്‍മെന്‍ അറിഞ്ഞിരുന്നില്ല.
വെയിൽ കനത്തുതുടങ്ങിയെങ്കിലും മഞ്ഞുകാലം തീരാത്തതുകൊണ്ട് കാറ്റിന് തണുപ്പ് ഉണ്ടായിരുന്നു. കാര്‍മെന്‍ എഴുന്നേറ്റ് പ്രാതൽ കഴിക്കുവാന്‍ പതിവുപോലെ വിശ്വനാഥ് മിഷ്ടാന്നഭണ്ഡാറിലേക്ക് നടന്നു. അവിടെ രാഘവന്‍ ഭക്ഷണം കഴിക്കാതെ കാര്‍മെനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അതു കണ്ടപ്പോൾ കാലത്തു മുതൽ രാഘവനോട് തോന്നിയ അസഹിഷ്ണുത അവളുടെ മനസ്സില്‍നിന്ന് വിട്ടുമാറി. അവൾ രാഘവന്‍റെ തൊട്ടടുത്ത് ഇരുന്നു.
ഒരു ഗുസ്തിക്കാരനും അയാളുടെ ശിഷ്യന്മാരും അവര്‍ക്കെതിരെയുള്ള ബെഞ്ചിൽ വന്നിരുന്നു. വിശ്വനാഥ് മിഷ്ടാന്നഭണ്ഡാറിലെ പ്രസിദ്ധമായ ചൂടു ജിലേബി കാൽ കിലോ തൂക്കി വാങ്ങി, അര ലിറ്ററോളം കൊള്ളുന്ന ഗ്ലാസ്സിലെ പാലിൽ പൊടിച്ചിട്ട് ഗുസ്തിക്കാരന്‍ അത് കഴിക്കുവാന്‍ തുടങ്ങി. മേൽ ചുണ്ടിൽ പരന്ന പാലിന്‍റെ വര നാക്കുകൊണ്ട് വടിച്ചെടുത്ത് അയാൾ തലതാഴ്ത്തി ഇരുന്ന് പൂരിയും ഉരുളന്‍കിഴങ്ങ് ഉപ്പേരിയും കഴിച്ചു.
കാര്‍മെന്‍ അയാളെ കണ്ണെടുക്കാതെ നോക്കി. സാധാരണ ഗുസ്തിക്കാരില്‍നിന്ന് വ്യത്യസ്തമായി അയാൾക്ക് മീശ ഉണ്ടായിരുന്നില്ല. ചെമ്പന്‍ കണ്ണുകൾക്ക് മേൽ സമൃദ്ധമായ കണ്‍പീലികളും, മുഖത്ത് തെളിഞ്ഞു നില്‍ക്കുന്ന നുണക്കുഴികളും അയാൾക്ക് ശിശുകൗതുകം നല്‍കി. ഗുസ്തിക്കാർ പൊതുവെ കുടവയറന്മാർ ആയിരുന്നെങ്കിലും ഇയാളുടെ വയർ ഉള്ളിലോട്ട് വലിഞ്ഞു ബലിഷ്ഠമായിരുന്നു.
കാര്‍മെന്‍ ബാഗ് തുറന്ന് പൗഡറിന്‍റെ ചെറിയ വട്ടച്ചെപ്പെടുത്ത് അതിന്‍റെ മൂടിയുടെ ഉള്‍വശത്ത് പിടിപ്പിച്ചിരുന്ന കണ്ണാടി അവരുടെ ബെഞ്ചിൽ വീണ സൂര്യപ്രകാശത്തിൽ കാണിച്ച്, ഗുസ്തിക്കാരന്‍റെ കണ്ണുകളിലേക്കടിച്ചു. പെട്ടെന്ന് രാഘവന്‍ അവളുടെ കൈകയറിപ്പിടിച്ച് ചെപ്പ് അടപ്പിച്ചു. പൂരിതിന്നുന്നത് നിര്‍ത്തി പഹല്‍വാന്‍ തലപൊക്കി അവരെ നോക്കി. രാഘവന്‍ മാപ്പ് പറയുവാന്‍ തുടങ്ങുമ്പോഴേക്കും അയാൾ കാര്‍മെനെയും രാഘവനെയും മാറിമാറി നോക്കി പുഞ്ചിരിച്ചു.
"പേര്?" രാഘവന്‍ ഹിന്ദിയിൽ ചോദിച്ചു.
"മുന്നാഷാഹി."
"മുന്നാഷാഹി എന്നാണ് പേര്." രാഘവന്‍ കാര്‍മെന് ഇംഗ്ലീഷിൽ പറഞ്ഞുകൊടുത്തു.
"അതെനിക്ക് മനസ്സിലായി." കാര്‍മെന്‍ പറഞ്ഞു.
"മൂന്നാഷാഹിയുടെ വീടെവിടെയാണ്?" രാഘവന്‍ ചോദിച്ചു.
"ബക്‌സറിൽ... ബീഹാറിൽ ബക്‌സറിലാണെന്‍റെ വീട്." മുന്നാഷാഹി ഇംഗ്ലീഷിൽ മറുപടി പറഞ്ഞപ്പോൾ കാര്‍മെനും രാഘവനും അദ്ഭുതപ്പെട്ടു.
"ഇവിടെ എവിടെ താമസിക്കുന്നു?"
"ഇവിടെ ഗുരു ബസിഷ്ഠസിങ്ങിന്‍റെ അഖാഡ
2
യില്‍. നിങ്ങൾ താമസിക്കുന്ന സ്മഗ്‌ളർ ബാബയുടെ ഹോട്ടലിന്‍റെ അടുത്ത്."
കാര്‍മെനും രാഘവനും നിശ്ശബ്ദരായി മുഖമില്ലായ്മ തകര്‍ന്നതിന്‍റെ വേവലാതി. ഇന്ത്യക്കാരന്‍റെ കൂടെ ഒരു മദാമ്മ താമസിക്കുന്നത് നാട്ടുകാർ ശ്രദ്ധിക്കുന്നത് അവരെ ബുദ്ധിമുട്ടിച്ചു.
ബനാറസിൽ തീവണ്ടി ഇറങ്ങിയപ്പോൾ നരച്ച തല മൈലാഞ്ചിയിട്ട് ചുമപ്പിച്ച്, കട്ടിയുള്ള ടസ്സര്‍പട്ടിന്‍റെ കുര്‍ത്തയും നേരിയ മല്‍മലിന്‍റെ പാളത്താറും കസവ് പിടിപ്പിച്ച അറ്റം വളഞ്ഞ നാഗ്ഡ ചെരിപ്പുകളും ധരിച്ച്, ബാബ സ്‌റ്റേഷന്‍റെ മുമ്പിൽ നില്‍ക്കുന്നത് കാര്‍മെനും രാഘവനും കണ്ടു. അയാൾ കാര്‍മെന് തന്‍റെ ഹോട്ടലിന്‍റെ മേല്‍വിലാസം അച്ചടിച്ച കാര്‍ഡ് കൊടുത്തു. ഒറ്റനോട്ടത്തില്‍തന്നെ കാര്‍മെന് ബാബയെ ഇഷ്ടമായി – വിശേഷിച്ചും അയാൾ സ്ഫുരിപ്പിച്ചിരുന്ന സുരക്ഷിതത്വം കലര്‍ന്ന പിതൃഭാവം. ഒന്നും ആലോചിക്കുവാന്‍ നില്‍ക്കാതെ കാര്‍മെന്‍ ബാബ ഏര്‍പ്പാട് ചെയ്ത സൈക്കിള്‍റിക്ഷായിൽ രാഘവനെ കൂട്ടി ബാബയുടെ ‘അമൃതാ’ ഹോട്ടലിലേക്ക് നീങ്ങി.
വലിയ ഒരു അത്തിമരമുള്ള മൈതാനത്തിന്‍റെ ഇടതുവശത്തായിരുന്നു ബാബയുടെ ഹോട്ടൽ. അത്തിമരത്തിന്‍റെ വേരുകള്‍ക്കിടയിൽ കുങ്കുമച്ചായമടിച്ച ഹനുമാന്‍റെ ഒരു വിഗ്രഹമുണ്ടായിരുന്നു. അതിനുമുമ്പിൽ ചതുരാകൃതിയിൽ ഭൂമി കിളച്ചിട്ടിരുന്നു—ഗോദാ.
മൈതാനത്തിന്‍റെ മറുവശത്തുള്ള അഖാഡകളില്‍നിന്ന് പരിശീലനത്തിനായി ഗുസ്തിക്കാർ ഇണയിണയായി ഗോദായിലേക്ക് നീങ്ങുന്നത് രാഘവനും കാര്‍മെനും ഹോട്ടല്‍മുറിയിലെ അഴികളില്ലാത്ത ജനലിൽ ചെന്ന് നോക്കിനിന്നിരുന്നു.
ഗോദായിൽ എത്തുമ്പോൾ ഇണകൾ വേര്‍പിരിയും. വിരഹത്തിന്‍റെ ആക്കത്തിൽ പിന്നെയും സന്ധിക്കുവാന്‍ അവർ മുന്നോട്ടായും. കുറെനേരം കൈകോര്‍ത്തുപിടിച്ച് അവർ ബലം പരീക്ഷിക്കും. പിന്നെ, പിടിവിട്ട്, തുട മലര്‍ത്തി, അതിൽ കൈകൊണ്ടൊന്നടിച്ച് അവർ ഇമവെട്ടാതെ പരസ്പരം നോക്കി നില്‍ക്കും. സ്പര്‍ശിക്കാതിരിക്കുവാന്‍ നിവൃത്തിയില്ലാതെയാകുമ്പോൾ അവർ ഇണകളെ കെട്ടിപ്പുണര്‍ന്ന് നിലത്തേക്ക് വീഴ്ത്തുന്നു. തുടര്‍ന്ന് ചുമല് മണ്ണിനോട് ചേര്‍ക്കുവാനുള്ള ഗാഢമായ ആലിംഗനങ്ങൾ. നാഡിമിടിപ്പും ചങ്കിടിപ്പും അന്യോന്യം കേള്‍പ്പിച്ചുകൊണ്ട് ഗുസ്തിക്കാരുടെ ശരീരങ്ങൾ തമ്മിലുള്ള അടുപ്പം തുടരുമ്പോൾ കാര്‍മെന് രാഘവന്‍റെ മേൽ പടര്‍ന്ന് കയറാതിരിക്കുവാന്‍ കഴിഞ്ഞില്ല.
മത്സരങ്ങൾ നടക്കുമ്പോൾ മാത്രമേ ബാബ അത്തിമരത്തിന്‍റെ ചുവട്ടിൽ ഒരു ചെറിയ ആള്‍ക്കൂട്ടത്തിന്‍റെ കൂടെ എത്തിയിരുന്നുള്ളു. ഏതെങ്കിലും ഒരു ഗുസ്തിക്കാരന്‍ നല്ലൊരു പൂട്ടിട്ട് എതിരാളിയെ വീഴ്ത്തിയാൽ ബാബയുടെകൈ കുര്‍ത്തയിലേക്ക് നീളും.റഫറിക്ക് ഒരു നോട്ട് കൈമാറി ബാബ അയാളുടെ ചെവിയിൽ എന്തോ മന്ത്രിക്കും. അടുത്ത ഇടവേളയിൽ റഫറി ഒരു പഹല്‍വാന്‍റെ കൈപിടിച്ച് പൊന്തിച്ച് എല്ലാവരും കേള്‍ക്കെ വിളിച്ചുപറയും: "പഹല്‍വാന്‍ ഇഖ്ബാല്‍സിങ്ങിന് വെണ്ണ വാങ്ങിക്കുവാന്‍ അമൃതാ ഹോട്ടലിന്‍റെ ഉടമസ്ഥന്‍ ബാബ വക രൂപാ പത്ത്!" ഇഖ്ബാൽ സിങ് രൂപ വാങ്ങി ലങ്കോട്ടിയിൽ തിരുകിവയ്ക്കും. മുഴുവന്‍ കിളിര്‍ക്കാത്ത പീലികള്‍പോലെ അരയ്ക്കു ചുറ്റും നോട്ടുകൾ കുത്തിനിര്‍ത്തിയ പഹല്‍വാന്മാർ പിന്നെയും ഏറ്റുമുട്ടുന്നു. ഇതെല്ലാം ദൂരെ ഹോട്ടലിന്‍റെ ഒന്നാംനിലയിൽ നിന്ന് നോക്കുമ്പോൾ കാര്‍മെന് തമാശയായി തോന്നിയിരുന്നു.താഴെ പന്തയക്കാരുടെ മുഖങ്ങളിലെ പിരിമുറുക്കവും, പഹല്‍വാന്മാരുടെ തോല്‍വിയെക്കുറിച്ചുള്ള പരിഭ്രമവും അവള്‍ക്ക് അറിവുള്ളതായിരുന്നെങ്കിലും ലോംഗ്‌ഷോട്ടിന്‍റെ നിസ്സംഗതയിൽ കാര്‍മെന് ചിരിയടക്കുവാന്‍ കഴിഞ്ഞില്ല.
മുന്നാഷാഹിയോട് യാത്ര പറഞ്ഞ് കാര്‍മെനും രാഘവനും വിശ്വനാഥ് മിഷ്ടാന്നഭണ്ഡാറില്‍നിന്ന് പുറത്തിറങ്ങിയപ്പോൾ ഹേമന്താന്ത്യത്തിലെ വെയിൽ തീ കായുന്ന സുഖം നല്‍കി. ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ ബാബ കൗണ്ടറിൽ നില്‍ക്കുന്നത് കണ്ടപ്പോൾ കാര്‍മെന്‍ പറഞ്ഞു: "ഇന്നൊരാളെ പരിചയപ്പെട്ടു. ഒരു ഗുസ്തിക്കാരന്‍."
ഗുസ്തിയുടെ കാര്യം കേട്ടപ്പോൾ ബാബയ്ക്ക് ഉത്സാഹം വര്‍ദ്ധിച്ചു. കൗണ്ടർ വിട്ടു പുറത്തേക്കിറങ്ങി ബാബ ചോദിച്ചു: "പേര്?"
"മുന്നാഷാഹി." കാര്‍മെന്‍ പറഞ്ഞു.
ബാബയുടെ മുഖം ഇരുണ്ടു. അയാൾ മുറുമുറുത്തു: "പുറമെനിന്ന് വന്നവന്‍. ബീഹാറി."
"അതുപോട്ടെ." കാര്‍മെന്‍ കുസൃതിയോടെ പറഞ്ഞു: "അയാൾ ബാബയെ കള്ളക്കടത്തുകാരന്‍ എന്നു വിളിച്ചു."
ബാബ കുറച്ചുനേരം ഒന്നും മിണ്ടിയില്ല. പിന്നെ എന്തോ തീരുമാനിച്ചുറച്ചപോലെ പറഞ്ഞു: "വാ. നിങ്ങള്‍ക്ക് ഞാന്‍ വിദേശസാധനങ്ങൾ സൂക്ഷിക്കുന്ന എന്‍റെ ഗോഡൗണ്‍ കാണിച്ചുതരാം."
കാര്‍മെനും രാഘവനും ബാബയുടെ മോറിസ് മൈനർ കാറിൽ കയറി. കാശിയിലെ ഊടുവഴികളിലൂടെ കുറച്ചുനേരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ബാബ ഇംഗ്ലീഷിലും ഹിന്ദിയിലുമായി പറഞ്ഞു: "പറ്റ്‌നാ യൂണിവേഴ്‌സിറ്റി കണ്ട ഏറ്റവും വലിയ ഭൂമിഹാർ ഗുണ്ടയായിരുന്നു മുന്നാഷാഹി. അയാളും അയാളുടെ ജാതിക്കാരും ഇടവഴികളിലും ചായക്കടകളിലും വച്ച് രാജ്പുത്കളെ വേട്ടയാടി. ഭൂമിഹാര്‍മാരുടെ ഹോസ്റ്റലിൽ അവർ രാജ്പുത്കളെ ആക്രമിക്കുവാന്‍ ലാത്തികളും കുന്തങ്ങളും ശേഖരച്ചു വച്ചിരുന്നു. മുന്നാഷാഹിക്കും അടികിട്ടാതിരുന്നിട്ടില്ല. ഠാക്കൂര്‍മാർ
3
വെറുതെ ഇരിക്കുമോ? തുകലുകൊണ്ട് ഉറയിട്ട സൈക്കിള്‍ചെയിന്‍കൊണ്ട് കിട്ടിയ അടിയുടെ പാടുകൾ ഇപ്പോഴും അയാളുടെ പുറത്തുകാണാം."
"ബാബാ, ഈ ഭൂമിഹാർ എന്ന് പറഞ്ഞാൽ എന്താണ്?" കാര്‍മെന്‍ ചോദിച്ചു.
"വിഷം—പത്തരമാറ്റുള്ള വിഷം. അതാണ് ഭൂമിഹാർ. ബീഹാറിലും കിഴക്കന്‍ യു.പി.യിലും മാത്രമെ ഈ ജാതിയെ കാണുകയുള്ളു. അവരും രാജ്പുത്കളും—എന്‍റെ ജാതി—നൂറ്റാണ്ടുകളായി വഴക്കിലാണ്."
കാർ ഊടുവഴിവിട്ട് അസിനദി
4
ക്ക് സമാന്തരമായ റോഡിലൂടെ നീങ്ങുവാന്‍ തുടങ്ങി. ബാബ തുടര്‍ന്നു: "കാശിയിലെ രാജാവ് ഭൂമിഹാറാണെങ്കിലും ഇവിടത്തെ പേരെടുത്ത ഗുസ്തിക്കാരെല്ലാം രാജ്പുത്കളാണ്. ഈ നാണക്കേട് തീര്‍ക്കുവാനാണ് ഗുരു ബസിഷ്ഠസിങ് രാജാവിന്‍റെ സഹായത്തോടെ ഭൂമി ഹാറുകള്‍ക്ക് മാത്രമായി ഒരു അഖാഡ തുടങ്ങിയത്. എന്നിട്ടും, രാമനവമിയുടെ തലേന്നാൾ, നമ്മുടെ ഹോട്ടലിന്‍റെ അടുത്തുള്ള മൈതാനത്തിൽ നടക്കാറുള്ള കാശിയിലെ നമ്പര്‍വൺ ഗുസ്തിക്കാരന്‍ ആരാണെന്ന് തീരുമാനിക്കുന്ന ഗുസ്തിമത്സരത്തിൽ രാജ്പുത്കൾ ജയിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് റിട്ടയാര്‍ഡ് എസ്. പി. രാംവല്ലഭ് സിങ്ജി—ജോലിചെയ്തിരുന്ന കാലത്ത് കുപ്രസിദ്ധ ഭൂമിഹാർ പക്ഷപാതി—കഴിഞ്ഞകൊല്ലം ബക്‌സറില്‍നിന്ന് മുന്നാഷാഹിയെ ഇങ്ങോട്ട് കൊണ്ടുവന്നതും ബസിഷ്ഠസിങ്ങിന്‍റെ അഖാഡയിൽ താമസിപ്പിച്ചതും."
ഒരു വലിയ കാര്‍ഷെഡ്ഡിന്‍റെ മുമ്പിൽ ബാബ കാർ നിര്‍ത്തി. ടെലിവിഷന്‍ സെറ്റുകളും, വി. സി. ആറുകളും മറ്റുംകൊണ്ട് ഷെഡ് നിറഞ്ഞിരിക്കുകയായിരുന്നു. ദേശങ്ങളുടെ അതിര്‍ത്തികൾ ലംഘിച്ച്, ചരക്കുകൾ, ഇരണ്ടകളെപ്പോലെ ബാബയുടെ ഗുദാമിൽ കൂടുകെട്ടുന്ന ദൃശ്യം മനസ്സിലെത്തിയപ്പോൾ കാര്‍മെന്‍ പുഞ്ചിരിച്ചു.
കാര്‍മെന്‍റെ ചിരി സ്വീകരിച്ചുകൊണ്ട് ബാബ പറഞ്ഞു: "പത്താം വയസ്സിൽ, കുംഭമേളയിലെ തിരക്കില്‍പ്പെട്ട് അലഹബാദിൽ വച്ച് അച്ഛനും അമ്മയും ചേട്ടന്മാരും മരിച്ചു. കള്ളവണ്ടി കയറുവാന്‍ ധൈര്യമില്ലാത്തതുകൊണ്ട് തീവണ്ടിപ്പാളങ്ങളുടെ ഓരംപറ്റി നടന്നുനടന്ന് ഇവിടെ ഞാനെത്തി. ഹോട്ടലിൽ മേശ തുടപ്പായിരുന്നു അദ്യത്തെ പണി. ഇന്ന് റക്‌സോൾ തൊട്ട് ഗോരഖ്പൂർ വരെയുള്ള നേപ്പാളതിര്‍ത്തിയിലെ ഏറ്റവും വലിയ സ്മഗ്‌ളറാണ് ഞാന്‍." ബാബ അഭിമാനത്തോടെ നെഞ്ചിൽ കൈകൊണ്ടു തട്ടി.
തിരിച്ചുപോകുന്ന വഴിക്ക് ഒരു വലിയ മതില്‍ക്കെട്ടിന്‍റെ മുമ്പിൽ ബാബ കാർ നിര്‍ത്തി. "ഇതാണ് ഗുരു ഹനുമാന്‍സിങ്ങിന്‍റെ അഖാഡ", ബാബ പറഞ്ഞു. "ഭൂമിഹാറുകള്‍ക്ക് ഗുരു ബസിഷ്ഠസിങ്ങ് പോലെയാണ് രാജ്പുത്കള്‍ക്ക് ഹനുമാന്‍സിങ്ങ്. ഞങ്ങളുടെ ഗുസ്തിമാസ്റ്റർ."
ഹനുമാന്‍സിങ്ങിന്‍റെ കളരിയിൽ പിണഞ്ഞുകിടന്നിരുന്ന ശരീരങ്ങൾ കെട്ടഴിഞ്ഞ് എഴുന്നേറ്റുനിന്ന് ബാബയെ വന്ദിച്ചു. കറുത്ത് കഷണ്ടിയുള്ള ഒരു പഹല്‍വാന്‍ ബാബയുടെ അടുത്തുവന്ന് കാല് തൊട്ടുവന്ദിച്ചു.
ബാബ കാര്‍മെനെ നോക്കി പറഞ്ഞു: "ഇതാണ് ഞങ്ങളുടെ കാളിസിങ്ങ്. കഴിഞ്ഞ മൂന്നുവര്‍ഷമായി രാമനവമിക്ക് മുമ്പുള്ള ഗുസ്തിമത്സരത്തിൽ ജയിച്ച രാജ്പുത് പഹല്‍വാന്‍. ഇത്തവണ ഇയാൾ മുന്നാഷാഹിയെ മലർത്തിയടിക്കും."
"എല്ലാം അങ്ങയുടെ ദയ," കാളിസിങ്ങ് പറഞ്ഞു.
"ഇവർ രണ്ടു പേരും എന്‍റെ ഹോട്ടലിൽ താമസിക്കുന്നു. മുന്നാഷാഹിയെ അറിയും" ബാബ പറഞ്ഞു: കാളിസിങ്ങ് ഒന്നുംമിണ്ടാതെ ബാബയെ മാത്രം നോക്കി തലകുലുക്കി മരഗദകൾ ഇരിക്കുന്ന മൂലയിലേക്ക് നീണ്ടി.
പിറ്റേന്ന് കാലത്ത് കാര്‍മെന്‍ ഒറ്റയ്ക്കാണ് കടവുകളിലേക്ക് പോയത്. ബാബ പറഞ്ഞു. വിധവകള്‍ക്ക് പിന്നാലെ പതിവിലും നേരത്തെ മുന്നാഷാഹിയും കൂട്ടരും കടവുകളിൽ എത്തി ബസ്‌കിയെടുക്കുവാന്‍ തുടങ്ങി. രാമനവമി അടുത്തിരിക്കുന്നു. പരസ്പരം കൈകുരുക്കി, തലമുട്ടിച്ച് ഗുസ്തിക്കാർ മുട്ടനാടുകളെപ്പോലെ അന്യോന്യം മുന്നോട്ടും പുറകോട്ടും തള്ളി. ചിലർ പുറകുവശം പ്രകോപിക്കുന്നരീതിയിൽ പൊന്തിച്ചുകൊണ്ട് നിലത്തുകിടന്ന് തങ്ങളെ അരക്കെട്ടുപിടിച്ച് മലര്‍ത്തിയടിക്കുവാന്‍ എതിരാളികളെ വെല്ലുവിളിച്ചു. രോമപ്പാളികൾ അറ്റ്‌ലസ് വരച്ച, എണ്ണപുരട്ടിയ മൂന്നാംലോക ശരീരങ്ങൾ തുറിച്ചുനോക്കിക്കൊണ്ട് കാര്‍മെന്‍ കുറെനേരം ഇരുന്നു.
കടവിൽ നിന്ന് തിരിച്ചുപോകുമ്പോൾ കാര്‍മെന്‍ മുന്നാഷാഹിയെ അടുത്തേക്ക് വിളിച്ചു: "ഞാന്‍ ഭൂമിഹാറുകള്‍ക്ക് വേണ്ടി ആര്‍പ്പ് വിളിക്കും."
മുന്നാഷാഹി കാര്‍മെനെ അദ്ഭുതത്തോടെ നോക്കി. എന്നിട്ട് ഇംഗ്ലീഷിൽ പറഞ്ഞു: "ബാബ എല്ലാം പറഞ്ഞുതന്നു അല്ലേ?"
പതിവുപോലെ അന്നു വൈകുന്നേരവും കാര്‍മെനും രാഘവനും രാഘവന് മുറുക്കാന്‍ വാങ്ങിക്കുവാന്‍ വേണ്ടി കാശി വിശ്വനാഥ് മന്ദിറിന്‍റെ സമീപത്തുള്ള പളശിറ്റ്ജിയുടെ പ്രസിദ്ധമായ പാന്‍ ഭണ്ഡാറിലേക്ക് പോകുവാന്‍ തയ്യാറെടുത്തു. ദിവസം മുഴുവന്‍ രാഘവന്‍ ഈ യാത്രയ്ക്കായി മാത്രമാണ് ജീവിച്ചിരിക്കുന്നതെന്ന് കാര്‍മെന് തോന്നിയിരുന്നു. നേരിയ പരുത്തിത്തുണിയുടെ ജുബ്ബയിട്ട്, കൈനാഡികളിലും കഴുത്തിലും ചെവിയുടെ പുറകിലുള്ള മര്‍മ്മങ്ങളിലും പനീറിന്‍റെ അത്തർ കൈവിരല്‍കൊണ്ട് തൊടുവിച്ച് രാഘവന്‍ സന്തോഷത്തോടെ റിക്ഷയിൽ ചെന്നിരുന്നു. നര്‍ത്തകിമാരുടെ തെരുവിലൂടെ റിക്ഷ കടന്നുപോയപ്പോൾ രാഘവന്‍ വണ്ടിനിര്‍ത്തി ഒരു മുഴം മുല്ലപ്പൂമാല വാങ്ങി കൈത്തണ്ടയിൽ ചുറ്റി.
"ചീയുന്ന സംസ്‌കാരങ്ങളുടെ ഇത്തരം ചിഹ്‌നങ്ങൾ നിങ്ങൾ എത്ര പെട്ടെന്ന് പിടിച്ചെടുക്കുന്നു." കാര്‍മെന്‍ ദേഷ്യം മറച്ചുവയ്ക്കാതെ പറഞ്ഞു.
"ഞാനൊരു പഴഞ്ചനാണ്," രാഘവന്‍ സംതൃപ്തിയോടെ മറുപടി പറഞ്ഞു.
"എന്നാൽ ഞാനോ, ഞാന്‍ കൈകൊണ്ട് ജോലിചെയ്തു ശീലിച്ചവളും." അവളുടെ ശബ്ദം വഴിവാണിഭക്കാരുടെ ചിലമ്പലുകള്‍ക്കുമീതെ ഉയര്‍ന്നു.
പണ്ഡിറ്റ്ജിയുടെ പാന്‍ഭണ്ഡാറിന്‍റെ മുമ്പിൽ റിക്ഷാ നിന്നു. അവർ അതിൽ തന്നെ ഇരുന്നു. പണ്ഡിറ്റ്ജി സ്റ്റീല്‍ത്താലത്തിൽ രാഘവന്‍റെ പതിവു മുറുക്കാന്‍ ഒരു കുട്ടിയുടെ കൈയിൽ കൊടുത്തയച്ചു. താലത്തിൽ നിരത്തിയ സാമഗ്രികളെപ്പറ്റി രാഘവന്‍ ഉന്മേഷത്തോടെ കാര്‍മെന് വിവരിച്ചുകൊടുത്തു:
"ഇത് അജംഗഡിലെ കത്തയും, പാലിൽ കുറുക്കി കടിമാറ്റിയ ചുണ്ണാമ്പും സമാസമം തേച്ച ഗയയിലെ മഗഹിവെറ്റില. ഇത് തൈരിലിട്ട് ചൊരുക്ക് മാറ്റിയ അടയ്ക്ക. ഇതോ, ലക്‌നോവിലെ അഹമ്മദ്ഹുസൈന്‍ ദില്‍ദാർ ഹുസൈന്‍ കമ്പനിക്കാർ മാത്രം ഉണ്ടാക്കിവില്‍ക്കുന്ന കറുത്ത പുകയിലത്തരികൾ. ഇത് വെള്ളിക്കടലാസ്സും കുങ്കുമപ്പൂവും ചേര്‍ത്ത നൂറ്റിയറുപതാം നമ്പറ് ജര്‍ദ്ദ പുകല..."
വിവരണം നീണ്ടപ്പോൾ കാര്‍മെന് സഹികെട്ടു. അമ്മൂമ്മ എണ്ണമിട്ടു പറഞ്ഞ അവരുടെ ചേര്‍ച്ചയില്ലായ്മയുടെ കുരുക്കുകൾ മുറുകുന്നു. പിന്നെ, ബനാറസിനെ വെനിസാകുവാന്‍ അനുവദിക്കാത്ത, ദിവസംതോറും വളരുന്ന രാഘവന്‍റെ മൗനമില്ലായ്മയും. അവൾ റിക്ഷയില്‍നിന്ന് ദേഷ്യത്തിൽ ചാടിയിറങ്ങി. രാഘവന്‍ അവളോട് നില്‍ക്കുവാന്‍ പറയുന്നതിന് വായ തുറക്കുന്നതിന് മുമ്പുതന്നെ കാര്‍മെന് തിരികെ പോകുവാന്‍ മറ്റൊരു റിക്ഷാ കിട്ടി. എന്തിനാണ് കാര്‍മെന് ഇത്ര ദേഷ്യംപിടിച്ചതെന്ന് രാഘവന് മനസ്സിലായില്ല.
ഹോട്ടലിൽ തിരിച്ചെത്തി മുറിയിൽ ഒറ്റയ്ക്കായപ്പോൾ കാര്‍മെനും തോന്നി: തനിക്ക് ദേഷ്യംപിടിച്ചതെന്തിനാണെന്ന് രാഘവന് മനസ്സിലായിക്കാണുകയില്ലെന്ന്. കുറ്റം അറിയിക്കാതെ ശിക്ഷിച്ചതിന്‍റെ പശ്ചാത്താപത്തിൽ രാഘവന്‍ തിരിച്ചു മുറിയിലെത്തിയപ്പോൾ കാര്‍മെന്‍ മാപ്പ് ചോദിക്കുന്നമട്ടിൽ ചിരിച്ചു. രാഘവന്‍റെ തിരിച്ചുള്ള ചിരി കഥകളിക്കാർ ഹാസ്യരസം ചിട്ടയൊപ്പിച്ച് കാണിക്കുന്നതുപോലെ യാന്ത്രികമായിട്ടാണ് കാര്‍മെന് തോന്നിയത്. അവൾ ഒന്നും മിണ്ടാതെ തപാല്‍പ്പെട്ടിയിലിടുവാന്‍ ഒരുപറ്റം എഴുത്തുകൾ രാഘവന് കൊടുത്തു. പത്തൊമ്പതാം നൂറ്റാണ്ടിലെ ബനാറസിലെ ഘാട്ടുകളുടെ ജലച്ഛായചിത്രങ്ങളുള്ള പിക്ച്ചർ പോസ്റ്റ് കാര്‍ഡുകള്‍ക്ക് പുറകിലെ എഴുതുവാനുള്ള സ്ഥലത്തിൽ ഇറ്റാലിയനിൽ കുനുകുനാ എന്ന് എഴുതിയിരുന്നു. അര്‍ത്ഥം അറിയാത്ത വാക്കുകള്‍ക്കിടയിൽ ഒന്നുരണ്ട് കത്തുകളിൽ രാഘവന്‍ മുന്നാഷാഹി എന്നെഴുതിയിരിക്കുന്നത് കണ്ടു.
പിറ്റേന്ന് വൈകുന്നേരം രാഘവന്‍ മുറുക്കാന്‍ വാങ്ങുവാന്‍ ഒറ്റയ്ക്കു പോയി. കാര്‍മെന്‍ കടവുകളിലേക്കും നടന്നു. രാമനവമി അടുത്തതു കൊണ്ട് ഗുസ്തിക്കാർ സന്ധ്യയ്ക്കും കടവുകളിലെത്തിയിരുന്നു. മുന്നാഷാഹിയും കൂട്ടരും കാര്‍മെന്‍ ഇരുന്നിരുന്ന പടവുകള്‍ക്കുമേലുള്ള മൈതാനത്തിൽ തിരക്കിട്ട് കസര്‍ത്തുകൾ എടുത്തു. അടുത്ത കടവിൽ കാളിസിങ്ങും കൂട്ടരും വ്യായാമം ചെയ്യുന്നുണ്ടായിരുന്നു. ദുരെയുള്ള ഘാട്ടുകളിൽ ചിതകളുടെ നക്ഷത്രങ്ങൾ കൂടുതൽ ജ്വലിപ്പിച്ചുകൊണ്ട് സാന്ധ്യപ്രകാശം മങ്ങിയപ്പോൾ കാര്‍മെന്‍ തിരിച്ചുപോകുവാന്‍ വേണ്ടി എഴുന്നേറ്റു. മുന്നാഷാഹിയെ നോക്കി ചിരിച്ചുകൊണ്ട് അവൾ പടവുകൾ കയറി.
"മിസ്സ്, ഒന്നു നില്‍ക്കൂ," മുന്നാഷാഹി അവളെ വിളിച്ചു. കാര്‍മെന്‍ അയാളുടെ അടുത്തേക്ക് ചെന്നു.
"നിങ്ങള്‍ക്ക് എന്നോട് ഗുസ്തിപിടിക്കാമോ?" മുന്നാഷാഹി ശബ്ദംതാഴ്ത്തി ചോദിച്ചു.
"ആവാമല്ലൊ," കാര്‍മെന്‍ പറഞ്ഞു.
"എപ്പോൾ?"
"നിങ്ങൾ കാളീസിങ്ങിനെ തോല്‍പ്പിക്കുന്ന ദിവസം"
"വാക്കാണല്ലോ?"
"അതെ, വാക്ക്," കാര്‍മെന്‍ ഉറപ്പിച്ചു പറഞ്ഞു.
മുന്നാഷാഹി ഒന്നുരണ്ടു തവണ നെഞ്ചുവിടര്‍ത്തി ആഴത്തിൽ ശ്വസിച്ചു. അപ്പോൾ അയാൾ ഇടംകണ്ണിൽ അടുത്തകടവിൽ കാളീസിങ്ങ് കസര്‍ത്ത് നിര്‍ത്തി തന്നെയും കാര്‍മെനെയും മാറിമാറി നോക്കുന്നത് കണ്ടു. മത്സരത്തിന് മുമ്പ് താന്‍ ഈ മദാമ്മയുമായി രമിക്കുമെന്നും അതുവഴി വീര്യം ചോര്‍ന്നുപോയ തന്നെ ഒന്നാംറൗണ്ടിൽ തന്നെ മലര്‍ത്തിയടിക്കാം എന്നുമാണ് കാളീസിങ്ങിന്‍റെ മനസ്സിലിരിപ്പെന്ന് മുന്നാഷാഹിക്ക് തോന്നി.
"ഇനി ഗുസ്തി കഴിഞ്ഞാൽ ഉടന്‍ നമുക്ക് കാണാം," മുന്നാഷാഹി കണ്ണുകൊണ്ട് കാളീസിങ്ങിനെ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: "അവനെ മലര്‍ത്തിയടിച്ചതിനുശേഷം നിന്നെ കാണാന്‍ ഞാന്‍ വരും."
അപ്പോഴേക്കും ഗുരു ബസിഷ്ഠസിങ്ങിന്‍റെ ശബ്ദം മുന്നാഷാഹിയുടെ മനസ്സിൽ മുഴങ്ങി: "ആയിരംതുള്ളി ചോരയ്ക്ക് സമമാണ് ഒരു തുള്ളി വീര്യം. അത് നഷ്ടപ്പെടുത്തരുതേ."
ഭൂമിഹാർ ജാതിക്ക് വേണ്ടി തന്‍റെ വീര്യം കാത്തുസൂക്ഷിക്കുവാന്‍ ബാദ്ധ്യസ്ഥനായ മുന്നാഷാഹി കാര്‍മെനോട് വേഗത്തിൽ അവിടുന്ന് തിരിച്ചു പോകുവാന്‍ ആംഗ്യം കാണിച്ചുകൊണ്ട് മരഗദകൾ വച്ചിരുന്ന ഇടത്തിലേക്ക് തിരക്കിട്ട് നടന്നു.
തിരിച്ചു മുറിയിലെത്തിയ കാര്‍മെന്‍ തലമുടി രണ്ടായി പിന്നിയിട്ട്, റിബണ്‍കൊണ്ട് കെട്ടി, ഉറങ്ങാന്‍നേരത്ത് ധരിക്കാറുള്ള മുട്ടറ്റംമാത്രം എത്തുന്ന കറുത്ത ഷിമ്മീസിട്ട് കണ്ണാടിയുടെ മുമ്പിൽ ചെന്നുനിന്നു. കണ്ണാടിയുടെ പുറകിലെ രസപ്പരപ്പിൽ പുസ്തകപ്പുഴുക്കൾ അരിച്ചപോലെയുള്ള പാടുകൾ അതിന്‍റെ കുറേഭാഗങ്ങൾ വെറും ചില്ലാക്കിമാറ്റിയിരുന്നു. അങ്ങനെ മുറിഞ്ഞും തെളിഞ്ഞും കിടക്കുന്ന തന്‍റെ പ്രതിബിംബത്തിനെ അവൾ കുറെ നേരം നോക്കിനിന്നു: ഈ മൂന്നാമതൊരാൾ ആരാണ്?
"രാഘവ്," കാര്‍മെന്‍ പറഞ്ഞു. "ഞാനിന്ന് മുന്നാഷാഹിയെ കണ്ടു."
"എവിടെവച്ച്?"
"കടവുകളിൽ. അയാൾ എന്നോട് ഗുസ്തി പിടിക്കുവാന്‍ വരുമോ എന്നു ചോദിച്ചു."
"നീ എന്തു പറഞ്ഞു?"
"ഞാന്‍ സമ്മതിച്ചു. പക്ഷേ കാളീസിങ്ങിനെ തോല്‍പിച്ചാൽ മാത്രം."
"കാളീസിങ്ങ് തോറ്റില്ലെങ്കിലോ?"
"എങ്കിൽ ഗുസ്തിയില്ല." കാര്‍മെന്‍ ശാന്തമായി പറഞ്ഞു. രാഘവന്‍ ഒന്നുംമിണ്ടാതെ കണ്ണടച്ചു കിടന്നു.
രാമനവമിയുടെ തലേന്നാൾ—ഗുസ്തിമത്സരത്തിന്‍റെ ദിവസം—അത്തിമരത്തിന്‍റെ താഴെയുള്ള ഗോദായ്ക്ക് ചുറ്റും ആളുകൾ കാലത്ത് മുതൽ കൂട്ടമായി വന്നുകൊണ്ടിരുന്നു. ബനാറസ് സര്‍കലാശാലയിലെ ഭൂമിഹാറുകൾ, പൊലീസ് ലൈനുകളിലെ രാജ്പുത്കൾ, ട്രാക്റ്റിന്‍റെ ട്രെയലറുകളിൽ കയറി എത്തിയ കര്‍ഷകർ, ഗംഗയിലെ മണല്‍ത്തിട്ടകളിൽ താമസിക്കുന്ന മീന്‍പിടുത്തക്കാർ തുടങ്ങിയ എല്ലാവരും ഒന്നുകിൽ മുന്നാഷാഹിക്കോ അല്ലെങ്കിൽ കാളീസിങ്ങിനോ ജയ് വിളിച്ചുകൊണ്ടിരുന്നു. കാളീസിങ്ങ് ഹനുമാന്‍ വിഗ്രഹത്തിന് മുമ്പിൽ നിലത്തുവീണ് നമസ്‌കരിച്ചപ്പോൾ എണ്ണപുരട്ടിയ അയാളുടെ ദേഹത്ത് മണല്‍ത്തരികൾ ചുണങ്ങുപോലെ പറ്റിപ്പടര്‍ന്നു. ബാബ അതു തൂത്തുമാറ്റി, കാളീസിങ്ങിന്‍റെ കഷണ്ടിയിൽ കുങ്കുമപ്പൊടിയിട്ടു. ഗുരുഹനുമാന്‍സിങ്ങ് അയാളുടെ ചെവിയിൽ തന്ത്രങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ട് ഗോദായിലേക്ക് നയിച്ചു.
കാര്‍മെന്‍ നേരത്തെതന്നെ ജനലിന്‍റെ മുമ്പിൽ കസേരയിട്ടിരുന്നു. രാഘവന്‍ മൈതാനത്തിലും അത്തിമരത്തിന്‍റെ ചുവട്ടിലും കുറച്ചുനേരം ചുറ്റിനടന്ന് ഒടുവിൽ ഹോട്ടൽ മുറിയിലെത്തി.
"കാര്‍മെന്‍!" അയാൾ വാതിൽ തുറന്ന ഉടനെ തിടുക്കത്തോടെ വിളിച്ചു. "ഒന്നിവിടെ വരൂ."
"നിങ്ങൾ ഇങ്ങോട്ടുവരൂ. ഇപ്പോൾ ഗുസ്തി തുടങ്ങും," കാര്‍മെന്‍ പറഞ്ഞു. രാഘവന്‍ കാര്‍മെന്‍റെ പുറകിൽ നിന്ന് അവളുടെ ചുമലുകളിൽ കൈവച്ചു. ഗുസ്തിക്കളത്തില്‍നിന്ന് കണ്ണെടുക്കാതെ കാര്‍മെന്‍ എഴുന്നേറ്റ് രാഘവനോട് ചേര്‍ന്നു നിന്നു. ഗോദായിൽ മണിയടി മുഴങ്ങിയപ്പോൾ ആരവം നിലച്ചു.
"കാര്‍മെന്‍, നമുക്ക് കല്യാണം കഴിക്കാം." രാഘവന്‍ പറഞ്ഞു.
"വേണ്ട, രാഘവ്." കാര്‍മെന്‍ വഴുതി മാറാതെ പറഞ്ഞു.
"കാര്‍മെന്‍, നീ എന്നെ കല്യാണം കഴിക്കുമോ?" രാഘവന്‍ ചോദിച്ചു.
ആദ്യത്തെ റൗണ്ട് പൂര്‍ത്തിയായപ്പോൾ താഴെ പിന്നെയും ബഹളം തുടങ്ങി. ഗുരു ബസിഷ്ഠസിങ്ങ് മുന്നാഷാഹിയുടെ ചെവിയിൽ എന്തോ പറയുന്നുണ്ടായിരുന്നെങ്കിലും അയാളത് ശ്രദ്ധിക്കാതെ അമൃതാഹോട്ടലിലെ ഒന്നാം നിലയിലെ ജനലുകൾ ഒന്നൊന്നായി പരതിനോക്കി.
"ആദ്യറൗണ്ടിൽ രണ്ടുപേരും ഒന്നുപോലെ," കാര്‍മെന്‍ പറഞ്ഞു.
"അതുപോട്ടെ. നീ എന്നെ കല്യാണം കഴിക്കുമോ?"
"ഇല്ല, രാഘവ്."
"എന്തുകൊണ്ട്?"
"ഒന്നുമില്ല, രാഘവ്."
"കാര്‍മെന്‍ പറയൂ, എന്തുകൊണ്ട്?"
"എല്ലാറ്റിനും എന്ത് എന്തുകൊണ്ട്? ഗംഗയ്ക്കുണ്ടോ എന്തുകൊണ്ട്? അതൊഴുകുന്നു. അതുകൊണ്ട് അതൊഴുകുന്നു." ദേഷ്യത്തിൽ കാര്‍മെന്‍ ഇറ്റാലിയനിൽ പിറുപിറുത്തുകൊണ്ട് കസേരയിൽ ചെന്നിരുന്നു.
"മൂന്നാ", "കാളി". ആളുകൾ ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു. മറ്റൊരിടവേള. റഫറി എന്തോ വിളിച്ചുപറഞ്ഞു. കാളീസിങ്ങിന് വെണ്ണ വാങ്ങുവാന്‍ ബാബ രൂപ കൊടുത്തതായിരിക്കാം.
രാഘവന്‍ അഴയിൽ നിന്ന് തന്‍റെ തുണികൾ ഓരോന്നായിയെടുത്ത് മടക്കിവച്ചു. അയാൾ പെട്ടിതുറന്ന് നിലത്തിരുന്നു. തുണികൾ പെട്ടിക്കുള്ളിൽ സശ്രദ്ധം അടുക്കിവച്ചു. അയാൾ പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോൾ ജനലിൽ പാതിമറഞ്ഞുനിന്നുകൊണ്ട് കാര്‍മെന്‍ മുന്നാഷാഹിയെ നോക്കി കൈവീശുന്നത് കണ്ടു.
രാഘവന്‍ പെട്ടിയടച്ച് ചാടിയെഴുന്നേറ്റു. മനസ്സിൽ കലിദ്വാപരന്മാർ ഒരുമിച്ച് തിരനോക്കി. കാര്‍മെനെ ജനലില്‍നിന്ന് വലിച്ചിഴച്ച് കട്ടില്‍വരെ എത്തിച്ചു. അവളെ വാരിയെടുത്ത്, കാലുകൾ വിടര്‍ത്തി കട്ടിലിലിരുന്ന്, തുടയിന്മേൽ കിടത്തി. നേരിയ ലുങ്കിത്തുണി കൊണ്ടുണ്ടാക്കിയ കാര്‍മെന്‍റെ കുര്‍ത്ത വലിച്ചുകീറി. ലേസ് വച്ച ബോഡീസിന്‍റെ കുണുക്കുകൾ പൊട്ടിച്ചെറിഞ്ഞു. പരന്ന വട്ടക്കണ്ണുകളുമായി തബലജോഡിയെപ്പോലെ കിടന്നിരുന്ന മുലകൾ പകുത്തുമാറ്റി, അതിന്‍റെ നടുവിലെ മാംസത്തിന്‍റെ അടരുകൾ ഖനനം ചെയ്തു. നെഞ്ചിന്‍കൂട് തകര്‍ത്ത്, രുധിരപാനം ചെയ്യുവാന്‍ രാഘവന്‍ മുന്നോട്ടാഞ്ഞു. സംഭവങ്ങളുടെ തുടര്‍ച്ചയിൽ അന്ധാളിച്ച കാര്‍മെന്‍ കുടഞ്ഞെഴുന്നേല്‍ക്കുവാന്‍ ശ്രമിച്ചു. അവളുടെ കഴുത്ത് ബലമായി താഴ്ത്തിപ്പിടിച്ചുകൊണ്ട് രാഘവന്‍ മലയാളത്തിൽ പറഞ്ഞു: "നിന്‍റെ ഹന്താവാണെടീ, ഞാന്‍."
മുലപ്പാലിൽ ചെന്നിനായകത്തിന്‍റെ കയ്പ് ചേര്‍ത്ത് അമ്മയാണ് ആദ്യം ത്യജിച്ചത്. പിടിച്ചുനിര്‍ത്തുവാനാകാതെ അയാളുടെ വായ കാര്‍മെന്‍റെ മുലയിലേക്ക് നീണ്ടു. രാഘവന്‍ മുലചപ്പുവാന്‍ തുടങ്ങിയപ്പോൾ കാര്‍മെന്‍ സ്വതന്ത്രമായ അവളുടെ ഇടംകൈകൊണ്ട് അയാളുടെ കഴുത്തിന്‍റെ പുറകുവശം തലോടി: അമ്പാടിക്കണ്ണാ, വയറുനിറയെ കുടി. പൈദാഹമുണ്ടെങ്കിൽ പ്രീതിയോടെ ഈ ലളിതയുടെ മുലകൾ വീണ്ടും വീണ്ടും പാനം ചെയ്യ്.
രാഘവന്‍ വിഷനീലിമ വട്ടംവരച്ച കാര്‍മെന്‍റെ മുലയിൽ പല്ലമര്‍ത്തി. മുലപ്പാലിന്‍റെ ഇളംമധുരത്തിൽ ചോരയുടെ ചവര്‍പ്പ് കലരുന്നത് അയാൾ അറിഞ്ഞു. അവളുടെ ഞരമ്പുകളിലൂടെ ഈനാംപേച്ചിയെപ്പോലെ പലായനം ചെയ്യുന്ന പ്രാണനെ ലാക്കാക്കി അയാൾ ആഞ്ഞുകുടിച്ചു.
കാല്‍വിരലുകളിൽ നിന്നാണ് കലാമണ്ഡലം കൃഷ്ണന്‍നായരുടെ ലളിതവേഷത്തിന്‍റെ മരണഗോഷ്ടികൾ തുടങ്ങാറുള്ളതെന്ന് രാഘവന്‍ ഓര്‍ത്തു. തലയുയര്‍ത്താതെ രാഘവന്‍ കാര്‍മെന്‍റെ കാലുകൾ നോക്കിയപ്പോൾ അത് നിലംതല്ലുന്നതായി കണ്ടു.
അത്തിമരത്തിന്‍റെ താഴേനിന്ന് ആരവങ്ങളും, റൗണ്ടുകൾ മുറിച്ചിടുന്ന മണിയടികളും, അതിനെത്തുടര്‍ന്നുള്ള നിശ്ശബ്ദതയും താളവട്ടത്തിന്‍റെ ചിട്ടയോടെ കടന്നുപോയിക്കൊണ്ടിരുന്നു.
കണ്ണനെ മാറില്‍നിന്ന് വലിച്ചകറ്റുവാന്‍ ലളിത ആവതും ശ്രമിച്ചു. അല്‍പനേരം ഇങ്ങനെ തുടരുമ്പോൾ കൃഷ്ണന്‍നായരുടെ ലളിത പതുക്കെ മയങ്ങും. ചെണ്ടക്കാരന്‍ ഒന്നു കൊട്ടി ലളിതയെ ഉണര്‍ത്തുമ്പോൾ അവൾ കുഞ്ഞിനെ നോക്കി ഞൊടിക്കും. പിന്നെ കാലുകൾ കൊളുത്തിവലിക്കുന്നതായി അഭിനയിക്കും. അമ്പാടിക്കുട്ടനെ മുലഞെട്ടിൽ നിന്ന് പിഴുതെറിയുവാന്‍ ശ്രമിക്കും.
കാര്‍മെന്‍റെ പ്രാണന്‍റെ ഉപ്പുരസം രാഘവന്‍ അറിഞ്ഞുതുടങ്ങി. അവളുടെ കൈനഖങ്ങൾ രാഘവന്‍റെ കഴുത്തിന് പുറകിൽ അമര്‍ന്നു. അവൾ കുതറുവാന്‍ ശ്രമിച്ചു. പ്രാണനെ വായിലിട്ട് ശരിക്കും നുണച്ചിറക്കുവാന്‍ രാഘവന്‍ മുല ഊറ്റിക്കുടിച്ചു. കൃഷ്ണന്‍ നായർ അഞ്ജനപർവ്വതംപോലെ പുറകോട്ടുമലച്ചു. പിന്നെ കാണുന്നത് ദംഷ്ട്രവും മുഖത്ത് കരിപ്പാടുകളും ഉള്ള പൂതനയായിട്ടാണ്.
രാഘവന്‍ കാര്‍മെന്‍റെ നെഞ്ചിൽ നിന്ന് മുഖം എടുത്തു. അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു. മുലയിലെ ചൂടുള്ള തുപ്പലിന്‍റെ വട്ടത്തിൽ കാറ്റടിച്ചപ്പോൾ കാര്‍മെന് കുളിര്‍ന്നു. അവൾ എഴുന്നേറ്റിരുന്ന് ബോഡീസിന്‍റെ പൊട്ടിപ്പോകാത്ത കുണുക്കുകളിട്ട്, അഴയിൽ നിന്ന് മറ്റൊരു കുര്‍ത്ത എടുത്ത് ധരിച്ച്, രാഘവനെ നോക്കി അക്രൂരമായി ചിരിച്ചുകൊണ്ട് ജനലിലേക്ക് നടന്നു.
പുറത്ത് ആരവം ഉച്ചസ്ഥായിയിലായി. ഗുസ്തി തീര്‍ന്നിരിക്കുന്നു. ‘ഷാഹി, ഷാഹി’ എന്ന് ഭൂമിഹാറുകൾ അലറി. ഹോളി കളിക്കുവാന്‍ ഉപയോഗിക്കുന്ന ചായങ്ങളിൽ മുങ്ങിയിരുന്ന മുന്നാഷാഹിയെ കൂട്ടുകാർ എടുത്തുപൊക്കി. അത്തിമരത്തിന്‍റെ തറയിൽ ബാബ തലതാഴ്ത്തിയിരുന്നു. മുന്നാഷാഹി ഹോട്ടലിന്‍റെ ഒന്നാം നിലയിലേക്ക് കണ്ണോടിച്ചപ്പോൾ കാര്‍മെന്‍ ആവേശത്തോടെ രണ്ടു കൈകളും വീശി.
ഇന്ത്യയ്ക്ക് കുറുകെ തീവണ്ടി താഴോട്ടിറങ്ങിയപ്പോൾ രാഘവന്‍ രമണിയെയും കുട്ടികളെയുംപറ്റി മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. പക്ഷേ, വാളയാർ ചുരം കഴിഞ്ഞ് പച്ചപ്പ് മുഖത്തടിച്ചപ്പോൾ അയാളുടെ തലച്ചോറിൽ കേളികൊട്ട് തുടങ്ങി.
ആല്‍വേരുകളിലും കരിങ്കല്ലത്താണികളിലും ആട്ടപ്പെട്ടി ഇറക്കിവച്ചതിന്‍റെ തഴമ്പ് അന്വേഷിച്ച് രാഘവന്‍ നടന്നു. പൂരങ്ങൾ താണ്ടിനടക്കുന്ന മാരാന്മാരോട് അയാൾ അച്യുതനാശാനെ കണ്ടോ എന്ന് ചോദിച്ചു. തെങ്ങിന്‍ പട്ട ചുമന്ന്, ചങ്ങലകിലുക്കി നടക്കുന്ന ആനകളെ തടഞ്ഞുനിര്‍ത്തി, കള്ളുമണക്കുന്ന പാപ്പാന്മാരോട് ഏതെങ്കിലും അമ്പലത്തിൽ ആശാന്‍റെ കളിയുണ്ടോ എന്ന് അന്വേഷിച്ചു. എടവെട്ടിക്കാട്, കോട്ടായി, വെട്ടിക്കാട്ടിരി, ചിങ്ങണംകുന്ന്, കൊങ്ങാട് എന്നിങ്ങനെ ഖരസ്ഥലനാമങ്ങളിലൂടെ രാഘവന്‍ ആശാന്‍റെ അടയാളം തേടിനടന്നു.
യാത്രതീര്‍ന്നത് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രേശക്ഷേത്രത്തിന്‍റെ ഊട്ടുപുരയിലായിരുന്നു. മുളയഴയിൽ തൂക്കിയിരുന്ന ആലവട്ടങ്ങളുടെയും വെഞ്ചാമരങ്ങളുടെയും നിഴലുകൾ നിലത്ത് വിരിപ്പിച്ചുകൊണ്ട് മറയില്ലാത്ത ഒരു നാല്‍പ്പത് വാട്ട് ബള്‍ബിന്‍റെ താഴെ ആശാന്‍ ചുട്ടികുത്തുവാന്‍ കിടന്നിരുന്നു. രാഘവന്‍ സാഷ്ടാംഗം വീണ് ആശാന്‍റെ കാല്‍വിരലുകളിൽ നിന്ന് കാൽ വിരലുകളിലേക്ക് പടരുന്ന കുഴിനഖം തൊട്ടുവന്ദിച്ചു.
"അച്ഛാ, ഞാന്‍ അച്ഛന്‍റെ കൂടെ നിന്നോട്ടെ?" രാഘവന്‍ ചോദിച്ചു.
ആശാന്‍ മിണ്ടാതെ കിടന്നു. തൃപ്പൂണിത്തുറക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വളരെക്കാലത്തിനുശേഷം ആശാന്‍ പച്ചവേഷം കെട്ടുകയായിരുന്നു. നെറ്റിയിൽ വിഷ്ണുനാമം വരച്ച്, കണ്ണുനീട്ടിയെഴുതി, ചുട്ടിക്കാരന്‍റെ ചിത്രപ്പടമാകുവാന്‍ ആശാന്‍ കിടന്നതേ ഉള്ളൂ. അരിമാവ് ചുട്ടിക്കോലുകൊണ്ട് മര്‍ദ്ദിക്കുന്ന ശബ്ദത്തെ ഭേദിച്ചുകൊണ്ട് രാഘവന്‍ ചോദിച്ചു.:"അച്ഛാ, ഞാനും ചേരട്ടെ യോഗത്തിൽ?"
പുറപ്പാടിന് കൃഷ്ണന്‍റെ വേഷംകെട്ടിയ കുട്ടിത്തരങ്ങൾ ധൈര്യം അവലംബിച്ചുകൊണ്ട് പറഞ്ഞു: "രാഘവേട്ടന്‍ നമ്മുടെ കൂടെ കൂടിക്കോട്ടെ."
"അച്ഛാ." രാഘവന്‍ പറഞ്ഞു. "ഞാനിപ്പോൾ നന്നായി ആടും. എന്‍റെ ഉള്ള് തുറന്നു. മനോധർമ്മം അസ്സലായി തോന്നും. കഴിഞ്ഞ ഒരുമാസംകൊണ്ട് ഉറയൊഴിഞ്ഞ പാമ്പിനെപ്പോലെയായി എന്‍റെ മനസ്സ്."
ചുട്ടിക്കാരന്‍, ആശാന്‍റെ മുഖത്തെ മനയോലയുടെ വൃത്തത്തിന് ചുറ്റും പശതേച്ച് അതിന്മേൽ അരിമാവുകൊണ്ട് അതിര്‍ത്തി വരച്ചു.
"അച്ഛന് വിശ്വാസമാകുന്നില്ലെങ്കിൽ കണ്ടോളൂ എന്‍റെ അഷ്ടകലാശം തന്നെ."
രാഘവന്‍ ഒരു ആട്ടപ്പെട്ടിയുടെ മുകളിൽ കിടന്നിരുന്ന ചിലങ്കകളെടുത്ത് അണിഞ്ഞു. ചെണ്ടയും ചേങ്ങലയും അടുത്തെത്തി. കുട്ടിത്തരങ്ങൾ ആശാന്‍റെ തലയ്ക്ക് ചുറ്റും വീര്‍പ്പടക്കിയിരുന്നു. രാഘവന്‍ ചെണ്ടക്കാരനെയും ചേങ്ങലക്കാരനെയും തൊട്ടുവന്ദിച്ചു. പാട്ടുകാരന്‍ കുട്ടന്‍മേനോന്‍ വായ്ത്താരി എടുത്തിട്ടു. തത കിട തകിട. ചെണ്ട അത് ഏറ്റുവാങ്ങി. മാസങ്ങളോളം വെട്ടിക്കാത്ത മുടി കാറ്റിൽ പറപ്പിച്ച് രാഘവന്‍ താണ്ഡവം തുടങ്ങി. കഥകളി കാണുവാന്‍ എത്തിയവർ അരങ്ങുവിട്ട് ഊട്ടുപുരയിലെ നീളന്‍ മരയഴികളിൽ മുഖം അമര്‍ത്തിനിന്നു. ചെണ്ടകേട്ട് ബഹളം എന്താണെന്ന് അന്വേഷിക്കുവാന്‍ എത്തിയ, വെള്ളികെട്ടിയ ചൂരലും പിടിച്ച് ചുവന്ന കട്ട്യാവുകൊണ്ട് മുണ്ട് ബന്ധിച്ചു. ദേവസ്വം കാര്യക്കാരന്‍ മൂന്നാംകലാശം കണ്ട് സ്തംഭിച്ചു നിന്നു. രാഘവന്‍ വെട്ടിത്തിരിഞ്ഞ് തക്കിട കിടതകി. കലാശം ആറായപ്പോഴേക്കും കുട്ടിത്തരങ്ങൾ കരയുവാന്‍ തുടങ്ങി.
കലാശം എട്ടും തീര്‍ത്ത് പിന്നെയും ജനിച്ച പുതുമയിൽ രാഘവന്‍ വലിയ കലാശം ചവിട്ടി. ചെണ്ടയും ചേങ്ങലയും പിന്‍വാങ്ങി. രാഘവന്‍ കിതപ്പടക്കി ആശാന്‍റെ കാല്‍ക്കൽ തലകുനിച്ചുനിന്നു. ചുട്ടിക്കാരന്‍ ആകാംക്ഷയോടെ ആശാന്‍റെ മുഖത്ത് നോക്കിയിരുന്നു.
ആശാന്‍ കണ്ണുകളടച്ചു. വെള്ളിനഖം അണിഞ്ഞ വിരലുകൊണ്ട് കൺപോളകൾ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: "നോക്കി നിക്കാതെ തേയ്ക്കടാ ചായം. പുറപ്പാട് തുടങ്ങാറായി."
വാദ്യക്കാരും പൊന്നാനിയും ശിങ്കിടിയും തിരശ്ശീലക്കാരും വരിവരിയായി അരങ്ങിലേക്ക് നീങ്ങുവാന്‍ തുടങ്ങി.
1
L’UNITA ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രം.